ഈ വർഷം മെയ് മാസത്തിൽ കൊതുകുകൾ കടിക്കുന്ന തന്റെ കൈയുടെ ഒരു ചിത്രം അദ്ദേഹം ട്വിറ്ററില്‍ പങ്കുവയ്ക്കുകയുണ്ടായി. അത് വൈറലായിരുന്നു.

രോഗങ്ങളും വൈറസുകളും പരത്തുന്ന കൊതുകുകളെ ഭൂമിയിലെ മാരകജീവികളായിട്ടാണ് നാം കണക്കാക്കുന്നത്. പ്രതിവർഷം ദശലക്ഷക്കണക്കിന് ആളുകളാണ് കൊതുക് പരത്തുന്ന രോഗം മൂലം കൊല്ലപ്പെടുന്നത്. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ കൊതുക് പരത്തുന്ന രോഗങ്ങളെ നേരിടാൻ പഠനങ്ങൾ നടത്തി വരികയാണ്. അത്തരത്തിലുള്ള ഒരു പരീക്ഷണത്തിൽ ധീരനായ ഒരു ശാസ്ത്രജ്ഞൻ കൊതുകുകളുടെ ഒരു കൂട്ടത്തിന് സ്വയം ആഹാരമാവുകയാണ്. ഡെങ്കി കൊതുകുകളെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയിലാണ് അദ്ദേഹം.

മെൽബൺ സർവകലാശാലയിലെ എൻ‌ടമോളജിസ്റ്റ് ഡോ. പെറാൻ സ്റ്റോട്ട്-റോസാണ്, ഒരുകൂട്ടം കൊതുകുകളെ തന്റെ കൈയിൽ കടിക്കാൻ അനുവദിച്ചത്. അദ്ദേഹം വർഷങ്ങളായി ഈ ഗവേഷണം നടത്തുന്നുണ്ടെങ്കിലും, അടുത്തകാലത്തായി ഒരഭിമുഖത്തിൽ തന്റെ ജോലിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചപ്പോഴാണ് എല്ലാവരും ഇതേക്കുറിച്ച് അറിയുന്നത്. ഡോ. പെറാൻ സ്റ്റോട്ട്-റോസ് വർഷങ്ങളായി ഡെങ്കിപ്പനി ബാധിക്കുന്നത് തടയുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഡെങ്കിപ്പനി പടരുന്നതിനെ സ്വാഭാവികമായും തടയുന്ന വോൾബാച്ചിയ എന്ന ബാക്ടീരിയയെ ഒരുകൂട്ടം കൊതുകുകളിൽ കുത്തിവയ്ക്കുന്നതാണ് അതിലൊരു മാർഗം. ഗവേഷണത്തിന്റെ ഭാഗമായി, ഡോ. സ്റ്റോട്ട്-റോസിന് രക്തം കുടിക്കുന്ന അനേകം കൊതുകുകളെ നിരീക്ഷിക്കേണ്ടതായിട്ടുണ്ട്. അതിന് വേണ്ടിയാണ് അദ്ദേഹം ഈ അപകടകരമായ പരീക്ഷണത്തിന് മുതിർന്നത്. ആയിരക്കണക്കിന് കൊതുകുകളെയാണ് അദ്ദേഹം സ്ഥിരമായി തന്റെ കൈയിൽ കടിക്കാൻ അനുവദിക്കുന്നത്. 

ഈ വർഷം മെയ് മാസത്തിൽ കൊതുകുകൾ കടിക്കുന്ന തന്റെ കൈയുടെ ഒരു ചിത്രം അദ്ദേഹം ട്വിറ്ററില്‍ പങ്കുവയ്ക്കുകയുണ്ടായി. അത് വൈറലായിരുന്നു. തനിക്ക് 16 മില്ലി രക്തം നഷ്ടപ്പെട്ടുവെന്നും അതിൽ അദ്ദേഹം എഴുതി. അന്ന് അയ്യായിരത്തോളം പെൺകൊതുകുകളാണ് അദ്ദേഹത്തെ കടിച്ചത്. കടിയേറ്റാൽ ചിലപ്പോൾ വേദനയുണ്ടാകുമെന്നും, ചൊറിച്ചിൽ അസഹ്യമാണെന്നും അദ്ദേഹം സമ്മതിക്കുന്നു. ഡെങ്കിപ്പനി കൊതുക് പരത്തുന്ന വൈറൽ അണുബാധയാണ്. ഉയർന്ന പനി, തിണർപ്പ്, പേശി, സന്ധിവേദന തുടങ്ങിയ ലക്ഷണങ്ങളാണ് ഇതിനുണ്ടാകുന്നത്. ഇത് പ്രതിവർഷം 25,000 ആളുകളെയാണ് കൊല്ലുന്നത്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഡെങ്കിപ്പനി ഹൃദയത്തിനും ശ്വാസകോശത്തിനും കേടുപാടുകൾ വരുത്തുന്നു. ഇത് നിങ്ങളുടെ രക്തസമ്മർദ്ദം അപകടകരമായ അളവിൽ താഴാനും, ഒടുവിൽ മരണം വരെ സംഭവിക്കാനും ഇടയാക്കുന്നു.