ഇന്ന് എണ്ണിയാലൊടുങ്ങാത്ത രോഗങ്ങളുടെ നാടുവിലാണ് മനുഷ്യർ ജീവിക്കുന്നത്. കൊച്ചുകുട്ടികൾ മുതൽ  പ്രായമായവർ വരെ രോഗങ്ങളുടെ പിടിയിലാണ്. കേട്ടുകേൾവി പോലുമില്ലാത്ത അനവധി വൈറസുകളും രോഗങ്ങളുമാണ് പുതുതായി ഓരോ വർഷവും ഉണ്ടാകുന്നത്. ഗവേഷകർ ഈ അടുത്തകാലത്തായി 33 പുതിയ ഇനം രോഗാണുക്കളെയാണ് കണ്ടെത്തിയത്. ടിബറ്റൻ പീഠഭൂമിയിലെ ഹിമാനിയിലാണ് ഈ 15,000 വർഷം പഴക്കമുള്ള അജ്ഞാത വൈറസുകൾ പതിയിരുന്നത്.   

ഒരു ഹിമാനിയിൽ നിന്ന് വേർതിരിച്ചെടുത്ത രണ്ട് ഐസ് കട്ടകളിൽ ഏകദേശം 33 രോഗകാരികളായ വൈറസുകൾ ഉറഞ്ഞിരിക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി. മനുഷ്യർ മുമ്പ് കണ്ടിട്ടില്ലാത്തതാണ് അതിൽ 28 എണ്ണവും. ഇനിയും ഇതുപോലെ ഹിമാനികളിൽ മനുഷ്യന് അജ്ഞാതമായ പലതരം വൈറസുകൾ  മറഞ്ഞിരിക്കുന്നുണ്ടാകാം എന്ന് ഗവേഷകർ അനുമാനിക്കുന്നു. ആഗോളതാപനം ലോകത്തിലെ ഹിമാനികളെ ഉരുക്കുമെന്നും, അങ്ങനെ അപകടകാരികളായ വൈറസുകൾ പുറത്തുവരുമെന്നും ഗവേഷകർ ഭയപ്പെടുന്നു. കുതിച്ചുയരുന്ന താപനിലയ്ക്ക് വൈറസുകളെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളാനുള്ള കഴിവുണ്ട്. ഏറ്റവും ഭയാനകമായ കാര്യം ആ വൈറസുകളെ ചെറുക്കാനുള്ള പ്രതിരോധശേഷി നമുക്കില്ല എന്നതാണ്. 

ഗവേഷകർക്ക് ഈ വൈറസുകളുടെ ശക്തിയും, പ്രവർത്തനവും തീരെ അജ്ഞാതമാണ്. അതുകൊണ്ട് തന്നെ അവ എത്രത്തോളം അപകടം ഉണ്ടാക്കും എന്ന് ഇപ്പോൾ പ്രവചിക്കാൻ സാധിക്കില്ല. ചിലത് വളരെ മാരകമായതും, മറ്റു ചിലത് ദോഷകരമല്ലാത്തതുമാണ്.

യുഎസിൽ നിന്നും, ചൈനയിൽ നിന്നുമുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് പുരാതന വൈറസുകൾ കണ്ടുപിടിക്കാൻ ടിബറ്റൻ പീഠഭൂമിയിലെ വർഷങ്ങൾ പഴക്കമുള്ള ഹിമാനിയെ 165 അടി (50 മീറ്റർ) താഴേക്ക് തുരന്നത്. തുരക്കുന്ന സമയത്ത് വെളിയിൽനിന്നുള്ള വൈറസുകൾ അതിനകത്ത് കയറാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. ഈ പദ്ധതി പൂർത്തിയാക്കാൻ അവർ അഞ്ചു വർഷമാണെടുത്തത്. ജനിതക, മൈക്രോബയോളജി സാങ്കേതിക വിദ്യ ഉപയോഗിച്ച് സംഘം ആ രണ്ട് ഐസ് കട്ടകളിലും ഉണ്ടായിരുന്ന എല്ലാ ഡിഎൻ‌എയും ശേഖരിച്ചു. “ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഗവേഷണത്തിൻ്റെ ആവേശകരമായ ഒരു പുതിയ മേഖലയാണ്” ഗവേഷകനായ ലോന്നി തോംസൺ പറഞ്ഞു

'bioRxiv' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച അവരുടെ പ്രബന്ധത്തിൽ ഗവേഷകർ എഴുത്തിയത് ഇങ്ങനെയാണ്: ഹിമാനികൾ വൈവിധ്യമാർന്ന സൂക്ഷ്മാണുക്കളുടെ കേന്ദ്രമാണ്. എന്നിട്ടും അവയെ കുറിച്ച് ഇതുവരെ കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല.'  ഗവേഷണത്തെക്കുറിച്ച് കൂടുതലായി പ്രതികരിക്കാൻ അവർ വിസമ്മതിച്ചെങ്കിലും, ഹിമാനികളിൽ അടങ്ങിയിരിക്കുന്ന വംശനാശം സംഭവിച്ച വൈറസുകളെക്കുറിച്ച് പഠിക്കാൻ വളരെയധികം താൽപ്പര്യമുണ്ടെന്ന് അവർ പറയുകയുണ്ടായി. 

ലോകമെമ്പാടുമുള്ള താപ വർദ്ധനവ് ഹിമാനികളെ വേഗത്തിൽ ഉരുക്കാനും, അവയിലുള്ള സൂക്ഷ്മാണുക്കളെ  അന്തരീക്ഷത്തിലേക്ക് പുറന്തള്ളാനും സാധ്യതയുണ്ട്. ഇങ്ങനെ കാലാവസ്ഥാ വ്യതിയാനം കാരണം തണുത്ത പ്രദേശങ്ങളിൽ മഞ്ഞുരുകുന്നത് ശാസ്ത്രജ്ഞരെ ആശങ്കപ്പെടുത്തുന്നു. അതിവേഗത്തിലുള്ള മഞ്ഞുരുക്കം വൈറസുകളെ കുറിച്ചും, മുൻകാല കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ചും പഠിക്കാനുള്ള അവസരം ഇല്ലാതാക്കും. പക്ഷേ, ഏറ്റവും അപകടം ഇതൊന്നുമല്ല. ഹിമാനികളിൽ പതിയിരിക്കുന്ന മാരകമായ വൈറസുകളെ അന്തരീക്ഷത്തിലേക്ക് കടത്തിവിടാൻ ഇത് കാരണമാകും.  

ബൗളിംഗ് ഗ്രീൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ സ്കോട്ട് റോജേഴ്സ് ഹിമാനികളിലെ സജീവമല്ലാത്ത സൂക്ഷ്മാണുക്കളുടെ സാധ്യതകളെക്കുറിച്ച് ഒരു പുസ്തകം എഴുതിയിരുന്നു. ഒരിക്കലും ഭേദമാക്കാൻ കഴിയാത്ത ഒരു തരം പ്ലേഗ്ഗ് ലോകമെമ്പാടും വ്യാപിക്കാൻ ഇത് കാരണമാകുമെന്ന് അദ്ദേഹം അതിൽ എഴുതി. അത് മാത്രവുമല്ല, മനുഷ്യരെ ഒന്നടങ്കം ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ ഇത് ഒരു വലിയ വിപത്തായി മാറാം. "ഹിമത്തിൽ വലിയ അപകടങ്ങളാണ് പതിയിരിക്കുന്നത്. ലോകമെമ്പാടും ഐസ് ഉരുകുന്നത് വർദ്ധിക്കുമ്പോൾ, അന്തരീക്ഷത്തിൽ രോഗകാരികളായ സൂക്ഷ്മാണുക്കളുടെ വർദ്ധനവും ഉണ്ടാകും" സ്കോട്ട് റോജേഴ്സ് Defrosting Ancient Microbes: Emerging Genomes in a Warmer World എന്ന പുസ്തകത്തിൽ എഴുതി. 

വളരെക്കാലം പ്രവർത്തനരഹിതമായ ഒരു സൂക്ഷ്മാണു ഇതുപോലെ മഞ്ഞുരുക്കത്തിൽ വെളിയിൽ വരികയും, 2016 -ൽ സെർബിയയിൽ ആന്ത്രാക്സ് പൊട്ടിപ്പുറപ്പെടാൻ കാരണമാവുകയും ചെയ്തു. ഇതേത്തുർടന്ന് സൈബീരിയയിലെ യമലോ-നെനെറ്റ്സ് എന്ന പ്രദേശത്ത് 2,300 ൽ അധികം റെയിൻ‌ഡിയറുകൾ ചാവുകയും, അവിടെയുള്ള കുടുംബങ്ങളെ ഒഴിപ്പിക്കുകയും, 96 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഉണ്ടായി.