Asianet News MalayalamAsianet News Malayalam

ഇവിടെ പശുക്കളുടെ പിന്‍ഭാഗത്ത് വലിയ കണ്ണുകള്‍ വരച്ചുവയ്ക്കുന്നതെന്തിന്?

കണ്ണുകൾ പെയിന്‍റ് ചെയ്യുന്നതിന്, പ്രധാനമായും കറുപ്പ്, വെള്ള, മഞ്ഞ തുടങ്ങിയ ചായങ്ങളാണ് ഉപയോഗിച്ചാണ്.

Scientists paint large eyes at the back of the cows
Author
Botswana, First Published Sep 14, 2020, 3:01 PM IST

വൈവിധ്യമാർന്ന വന്യമൃഗങ്ങൾ വസിക്കുന്ന ഒരിടമാണ് ദക്ഷിണാഫ്രിക്കയിലെ ബോട്സ്വാന. അതുകൊണ്ട് തന്നെ ഇവിടെയുള്ള കന്നുകാലികൾ നിരന്തരം കാട്ടുമൃഗങ്ങളുടെ അക്രമണത്തിന് ഇരയാകാറുണ്ട്. ഒരു ഘട്ടത്തിൽ സിംഹങ്ങളുടെയും മറ്റ് വന്യമൃഗങ്ങളുടെയും ഉപദ്രവത്തെ തുടർന്ന് ഈ പ്രദേശത്തെ കന്നുകാലികളുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള കുറവുണ്ടാകാൻ തുടങ്ങി. ഒടുവിൽ മറ്റ് നിവൃത്തിയില്ലാതെ കർഷകർ അവരുടെ മൃഗങ്ങളെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ, വന്യമൃഗങ്ങളെ കൊല്ലുന്നത് പോലുള്ള കാര്യങ്ങളിലേയ്ക്ക് കടക്കാൻ തുടങ്ങി. അങ്ങനെ വന്യമൃഗങ്ങളും, കന്നുകാലികളും ഒരുപോലെ ചത്തൊടുങ്ങാൻ ഇത് കാരണമായി. ഒടുവിൽ കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന് ഭയന്ന് ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്‌സിറ്റിയിലെ കൺസർവേഷൻ ബയോളജിസ്റ്റായ നീൽ ജോർദാൻ ഇതിനൊരു പരിഹാരം കണ്ടെത്തി.  

ഇലക്കും മുള്ളിനും കേടുകൂടാത്ത രീതിയിൽ ഒരു പുതിയ ആശയം അവർ അവതരിപ്പിച്ചു. നീൽ ജോർദാനും കൂട്ടരും ചേർന്ന് പത്ത് ആഴ്ച നീണ്ടുനിൽക്കുന്ന 'ഐ-കൗ പ്രോജക്ട്' എന്ന ഒരു പദ്ധതിക്ക് തുടക്കം കുറിച്ചു. അതിന്റെ ഭാഗമായി, 62 കന്നുകാലികളിൽ മൂന്നിലൊന്നിന്‍റെ പുറകുവശത്ത് ചായം ഉപയോഗിച്ചു വലിയ രണ്ട് കണ്ണുകൾ വരച്ചു. തുടർന്ന് രാത്രിയിൽ ആകെയുള്ള മൃഗങ്ങളുടെ എണ്ണം കണക്കാക്കി. എത്ര എണ്ണം രക്ഷപ്പെട്ടു എന്നു മനസ്സിലാക്കാൻ പിറ്റേദിവസം കാലത്ത് വീണ്ടും എണ്ണമെടുത്തു. പരീക്ഷണത്തിനൊടുവിൽ, മൂന്ന് പശുക്കൾ മാത്രമേ കൊല്ലപ്പെട്ടുള്ളൂവെന്നവർ കണ്ടെത്തി. അതും പുറകുവശത്ത് കണ്ണുകൾ വരക്കാതിരുന്ന പശുക്കളായിരുന്നു അത്. കണ്ണുകൾ പെയിന്‍റ് ചെയ്ത പശുക്കൾ ആക്രമണത്തെ അതിജീവിച്ചതായും അവർ കണ്ടു. 
 

Scientists paint large eyes at the back of the cows

കണ്ണുകൾ പെയിന്‍റ് ചെയ്യുന്നതിന്, പ്രധാനമായും കറുപ്പ്, വെള്ള, മഞ്ഞ തുടങ്ങിയ ചായങ്ങളാണ് ഉപയോഗിച്ചാണ്. അക്രിലിക് പെയിന്റ് ഉപയോഗിച്ച് അകം കണ്ണും, പുറം കണ്ണും അവർ കട്ടിക്ക് വരച്ചെടുക്കുന്നു. ഈ വ്യത്യസ്‍തമായ നിറങ്ങൾ അപായസൂചന നൽകി കാട്ടുമൃഗങ്ങളെ കബളിപ്പിക്കുകയും, ഇരയെ ആക്രമിക്കുന്നതിൽ നിന്ന് അവയെ പിന്തിരിപ്പിക്കുകയും ചെയ്യും. ഇതിനെ ജീവശാസ്ത്രത്തിൽ അപ്പോസ്മാറ്റിസം എന്ന് വിളിക്കുന്നു.

കണ്ണിന് സമാനമായ പാറ്റേണുകളുള്ള ചിത്രശലഭ ചിറകുകൾ ഇരപിടിക്കുന്ന പക്ഷികളുടെ ശ്രദ്ധ തിരിക്കാൻ സഹായിക്കുന്നുവെന്നത് മുൻപ് തന്നെ കണ്ടെത്തിയ വസ്തുതയാണ്. ചില മത്സ്യങ്ങൾക്കും, ഉഭയജീവികൾക്കും, പക്ഷികൾക്കും ഇങ്ങനെയുണ്ടെന്ന് കണ്ടെത്തിയ സംഘം ഇത് പശുക്കളിലും പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനോടൊപ്പം തന്നെ, ഇന്ത്യൻ വനങ്ങളിൽ ജോലി ചെയ്യുന്ന മരംവെട്ടുകാർ തലയുടെ പുറകിൽ മുഖംമൂടി ധരിച്ച് കടുവകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയും അവരുടെ ശ്രദ്ധയിൽപ്പെട്ടു. അങ്ങനെയാണ് ഇത്തരമൊരു ആശയം നീലിന്റെ മനസ്സിൽ ഉദിച്ചത്.  

മാംസഭോജികൾ കന്നുകാലികളെ ആക്രമിക്കാതിരിക്കാനുള്ള നിരവധി മാർഗ്ഗങ്ങളിൽ ഒന്ന് മാത്രമാണ് ഇത്. "ലളിതവും, ചെലവ്  കുറഞ്ഞതും, മാരകമല്ലാത്തതുമായ ഈ സമീപനം കർഷകരുടെ പ്രശ്‌നത്തിന് ഒരു പരിഹാരമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” നീൽ ജോർദാൻ പറഞ്ഞു. ഈ പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ, മാരകമല്ലാത്തതും ചെലവ് കുറഞ്ഞതുമായ ഈ സമീപനത്തിലൂടെ വന്യജീവി ആക്രമണത്തിൽ നിന്ന് വളർത്തുമൃഗങ്ങളെ രക്ഷപ്പെടുത്താനാകുമെന്ന് കർഷകർ  പ്രതീക്ഷിക്കുന്നു.  

Follow Us:
Download App:
  • android
  • ios