ലണ്ടന്‍: മൂവായിരത്തിലേറെ മനുഷ്യര്‍. അവര്‍ ഒന്നിച്ചുവന്നു. വസ്ത്രങ്ങള്‍ അഴിച്ചു നഗ്‌നരായി. ശേഷം ശരീരത്തില്‍, നീലയുടെ വിവിധ ഷേഡുകളിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞു. എല്ലാ നാണവും മാറ്റി വെച്ച് അവര്‍ ഒന്നിച്ച് ക്യാമറയ്ക്ക് പോസ് ചെയ്തു. നീല നിറത്തിലുള്ള മനുഷ്യരൂപങ്ങള്‍ കടലുപോലെ ക്യാമറയ്ക്ക് വിരുന്നായി. പല പാറ്റേണുകളില്‍ നഗരത്തിലെ പ്രധാനപ്പെട്ട പലയിടങ്ങളിലുമായി പല ആകാരങ്ങള്‍ കൈക്കൊണ്ടു. 

ബ്രിട്ടനിലെ ഹള്‍ നഗരത്തിലാണ് അതിരാവിലെ മൂന്നു മണിക്ക് സീ ഓഫ് ഹള്‍ എന്ന പേരില്‍ നഗ്‌ന മനുഷ്യരുടെ ഈ ഇന്‍സ്റ്റലേഷന്‍ നടന്നത്. ഈ നഗരത്തിന് കടലുമായുള്ള പുരാതന ബന്ധം പകര്‍ത്താനാണ് നീലയുടെ ഷേഡുകള്‍ ഉപയോഗിച്ചത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പെന്‍സര്‍ ട്യൂനിക്ക് എന്ന ഫോട്ടോഗ്രാഫറാണ് വിചിത്രമായ ഈ ഫോട്ടോ ഷൂട്ടിന് പിന്നില്‍. മൂന്ന് മണിക്കൂര്‍ നീണ്ടു നിന്നു ഫോട്ടോ ഷൂട്ട്. 

നഗ്‌ന ഫോട്ടോ ഷൂട്ടുകളിലൂടെ പ്രശസ്തനായ സ്‌പെന്‍സര്‍ ട്യൂനിക്ക് ഈയിടെ കൊളംബിയയിലും സമാനമായ കലാരൂപം തീര്‍ത്തരുന്നു. 
റവല്യൂഷനറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ എന്ന ഇടത് തീവ്രവാദി സംഘടനയുമായി അമ്പത് വര്‍ഷത്തിലേറെയായി യുദ്ധം ചെയ്യുന്ന കൊളംബിയ ഇപ്പോള്‍ ഒരു സമാധാന ഉടമ്പടിയുടെ വക്കിലാണ്. എല്ലാ വിദ്വേഷവും മാറ്റി വെച്ച് കൊളംബിയ സമാധാനത്തിലേക്ക് നടക്കുമ്പോള്‍ അതിനു വ്യത്യസ്തമായ രീതിയില്‍ പിന്തുണ നല്‍കുകയാണ് ഈ ഫോട്ടോ ഷൂട്ടിലൂടെ ഉദ്ദേശിക്കുന്നതെന്നായിരുന്നു അന്ന് സ്‌പെന്‍സര്‍ പറഞ്ഞത്.