ക്രൊയേഷ്യയിൽ നിന്നുള്ള ഫ്രെയിൻ സെലക് ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാരിൽ ഒരാളാണെന്ന് പറയാം. കാരണം ഏഴ് പ്രാവശ്യമാണ് അദ്ദേഹം മരണത്തെ തോല്പിച്ചത്. 1929 -ൽ ക്രൊയേഷ്യയിലാണ് സെലാക്ക് ജനിച്ചത്. ഒരു സംഗീത അദ്ധ്യാപകനെന്ന നിലയിൽ നല്ലൊരു ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. 1962 -ൽ നിർഭാഗ്യകരമായ ഒരു ട്രെയിൻ യാത്രയോടെ അവിശ്വസനീയമായ സംഭവങ്ങളുടെ ഒരു പരമ്പര തന്നെ പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്നു. മരണം പല രൂപത്തിൽ അദ്ദേഹത്തിന്റെ ജീവൻ കവർന്നെടുക്കാൻ ശ്രമിച്ചപ്പോഴും, അദ്ദേഹം അതിൽ നിന്നെല്ലാം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.  

അദ്ദേഹത്തിന്‍റെ ഈ സാഹസികയാത്ര ആരംഭിക്കുന്നത് സരജാവോയിൽ നിന്ന് ഡുബ്രോവ്‌നിക്കിലേക്കുള്ള ട്രെയിൻ യാത്രയോടെയാണ്. അന്ന് അദ്ദേഹം സഞ്ചരിച്ച ട്രെയിൻ ഒരു നദിയിലേക്ക്‌ മറിഞ്ഞുവീഴുകയുണ്ടായി. ആ ദുരന്തത്തിൽ പതിനേഴ് യാത്രക്കാർ കൊല്ലപ്പെട്ടുവെങ്കിലും, അദ്ദേഹം രക്ഷപ്പെട്ടു. തന്‍റെ കൈ ഒടിഞ്ഞെങ്കിലും, ജീവൻ തിരിച്ചു കിട്ടിയല്ലോ എന്നദ്ദേഹം ആശ്വസിച്ചു. എന്നാൽ, ഈ വേദനാജനകമായ സംഭവം ഒരു തുടക്കം മാത്രമായിരുന്നു.  

പിന്നത്തെ വർഷം അദ്ദേഹം തന്റെ ആദ്യ വിമാനയാത്ര നത്തിയ സന്ദർഭത്തിലാണ് അപകടമുണ്ടാകുന്നത്. യാത്രക്കിടെ വിമാനം തകർന്നു 19 പേർ മരണമടഞ്ഞു. എന്നിരുന്നാലും, വിമാനത്തിന്റെ വാതിലിൽ നിന്ന് പുറത്തെക്ക് തെറിച്ച അദ്ദേഹം ചെന്ന് വീണത് ഒരു വൈക്കോൽ കൂനയിലാണ്. ഇത്ര വലിയ അപകടം നടന്നിട്ടും, വലിയ പരിക്കുകളൊന്നും ഇല്ലാതെ തന്നെ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തിന് ശേഷം അദ്ദേഹം ഒരിക്കലും വിമാനത്തിൽ കയറിയിട്ടില്ല. എന്നാൽ, അപ്പോഴും മരണം അദ്ദേഹത്തെ പിന്തുടർന്ന് കൊണ്ടേയിരുന്നു. 1966 -ൽ അദ്ദേഹം മറ്റൊരു അപകടത്തിൽപ്പെട്ടു. അദ്ദേഹം സഞ്ചരിച്ചിരുന്ന ബസ് വീണ്ടും നദിയിലേക്ക്‌ വീണു. നാല് മരണങ്ങൾ ഉണ്ടായി. പക്ഷേ, അദ്ദേഹം രക്ഷപ്പെട്ടു.  

രണ്ട് വർഷം വലിയ അപകടങ്ങളൊന്നുമില്ലാതെ കടന്നുപോയി. രണ്ട് വർഷത്തിന് ശേഷം ഒരുദിവസം അദ്ദേഹം തന്‍റെ കാറിൽ യാത്രചെയ്യുന്ന സമയത്ത് ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് അപകടമുണ്ടായി. ഓടുന്ന വണ്ടിയിൽ നിന്ന് അദ്ദേഹം എടുത്ത് ചാടുകയായിരുന്നു. ഏതാനും നിമിഷത്തിനുള്ളിൽ വണ്ടി പൊട്ടിത്തെറിക്കുകയും ചെയ്‌തു. അതിൽനിന്ന് രക്ഷപ്പെട്ട അദ്ദേഹം, 1972 -ൽ മറ്റൊരു അപകടത്തിൽ പെട്ടു. അദ്ദേഹത്തിന്റെ കാറിന്റെ എഞ്ചിൻ തകരാറിലായതിനാൽ എയർ വെന്‍റുകളിൽ നിന്ന് തീ പടർന്നു. തലമുടി പൂർണമായും കത്തിയെങ്കിലും, മാരകമായ ഈ അപകടത്തിൽ നിന്നും സെലക് രക്ഷപ്പെടുക തന്നെ ചെയ്തു.   

 

1995 -ൽ ഒരു ബസ് തട്ടി അദ്ദേഹം വീണ്ടും വാർത്തകളിൽ നിറഞ്ഞു. അതിന്‍റെയും അടുത്ത വർഷം ആ മനുഷ്യന്‍റെ ഏഴാമത്തേതും അവസാനത്തേതുമായ ദുരന്തമായിരുന്നു. ഒരു പർവതപാതയിലൂടെ സഞ്ചരിക്കുമ്പോൾ ഒരു ട്രക്ക് വന്നിടിച്ച് അദ്ദേഹത്തിന്റെ കാർ 300 അടി താഴേക്ക് വീണു. എന്നാൽ, എപ്പോഴത്തെയും പോലെ അന്നും അദ്ദേഹം രക്ഷപ്പെട്ടു. ഒരു മരത്തിൽ തൂങ്ങിക്കിടന്ന് അദ്ദേഹത്തിന് രക്ഷപ്പെടാനായി. അദ്ദേഹത്തിന്റെ ഈ ജീവിതം പത്രവാർത്തകളിൽ നിറഞ്ഞു നിന്നു. സുഹൃത്തുക്കൾ തന്നോടൊപ്പം ഒരു വാഹനത്തിൽ യാത്ര ചെയ്യാൻ ഭയക്കുന്നുവെന്ന് ഒരിക്കൽ സെലക് ടെലഗ്രാഫിന് നൽകിയ ഒരഭിമുഖത്തിൽ പറയുകയുണ്ടായി. “ഞാൻ ഒരു നിർഭാഗ്യവാനാണ് എന്ന് പലരും പറയാൻ തുടങ്ങി" അദ്ദേഹം പറഞ്ഞു. സെലകിന്റെ ഒരു അയൽക്കാരൻ ഒരിക്കൽ പറഞ്ഞു, “സെലക് ഒരു ഫ്ലൈറ്റ് അല്ലെങ്കിൽ ട്രെയിൻ ബുക്ക് ചെയ്തിട്ടുണ്ടെന്ന് കേട്ടാൽ, ഞാൻ അതിലുള്ള യാത്ര റദ്ദാക്കും.”  

എന്നാൽ, ഇതൊന്നും അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ കെടുത്തിയില്ല. അദ്ദേഹത്തിന്‍റെ ഈ നല്ല മനസ്സുകൊണ്ടായിരിക്കാം 2003 -ൽ അദ്ദേഹത്തിന് ബമ്പർ ലോട്ടറി അടിച്ചു. അതും എട്ടു കോടി 17 ലക്ഷം രൂപ! അദ്ദേഹത്തിന്റെ 73 -ാം ജന്മദിനത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇത് സംഭവിച്ചത്. സെലക് അത് കൊണ്ട് രണ്ട് വീടുകളും ഒരു ബോട്ടും വാങ്ങി. മരണത്തിനെ തോൽപ്പിക്കാൻ എത്ര തവണ അദ്ദേഹത്തിനായി എന്ന് കണക്കിലെടുത്താൽ ഇത് അദ്ദേഹം അർഹിക്കുന്നതാണ് എന്ന് തന്നെ പറയാം. “നിങ്ങൾക്ക് രണ്ട് കാഴ്ചപ്പാടിലൂടെ എന്റെ ജീവിതത്തെ നോക്കിക്കാണാം. ഒന്നുകിൽ ഞാൻ ലോകത്തിലെ ഏറ്റവും നിർഭാഗ്യവാനാണ്. അല്ലെങ്കിൽ ഭാഗ്യവാൻ. രണ്ടാമത്തേത് വിശ്വസിക്കാനാണ് എനിക്കിഷ്ടം ” അദ്ദേഹം ഒരിക്കൽ പറഞ്ഞു.