
'ഛെ. ഇവളെയൊക്കെ ഇനി എന്തും പറഞ്ഞു പഠിപ്പിക്കാനാണ്. വേദനിച്ചു കഴിഞ്ഞാല്‍ ഇങ്ങനെ നിലവിളിക്കാന്‍ പാടില്ല. നമ്മള്‍ ഇതൊന്നും വേണ്ടാന്ന് വെച്ചാല്‍ ഈ ലോകമേ ഉണ്ടാകത്തില്ല. സഹിക്കണം..അടങ്ങിക്കിടക്ക്. !'
പെണ്‍കുട്ടി 'സ്ത്രീ' ആയപ്പോ കേള്‍ക്കാന്‍ തുടങ്ങിയ ഉപദേശമാണ്.
അതിന്റെ പേരില്‍ മാസത്തില്‍ രണ്ടോ മൂന്നോ ദിവസം അവധി പറയേണ്ടി വരുമ്പോ ഛര്‍ദ്ദിയാണ്, പനിയാണ് എന്നൊക്കെ പറഞ്ഞു മാഷിന്റെ മുന്നില്‍ ചൂളി നിക്കുകയും ചെയ്തിട്ടുണ്ട്. ഫീമെയില്‍ സ്റ്റാഫിനോട് കാരണം പറയുമ്പോഴും ഇതു തന്നെയായിരിക്കും മറുപടി.
'പ്രെഗ്‌നന്‍സി ലീവ് പോലെ ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് മെന്‍സ്ട്രല്‍ ലീവ് പരിഗണിക്കുന്നത് ഒന്നാലോചിച്ചു കൂടെ ?'
'ആര്‍ത്തവമൊക്കെ ഭൂമി ഉണ്ടായേടം മുതലുള്ള സ്ത്രീകള്‍ക്കുള്ളതല്ലേ.ഇതിലെന്താ പ്പോ ത്ര വിപ്ലവം പറയാന്‍ !'
അതേ. ഈ മനുഷ്യ വര്‍ഗം തന്നെ ഇങ്ങനെ പടര്‍ന്നു പന്തലിച്ചു നിക്കാന്‍ കാരണം ആ ഒരു പ്രക്രിയ തന്നെയാണ്.
ആര്‍ത്തവ വേദനയും പ്രസവ വേദനയും സഹിക്കുന്നതിന്റെ കണക്കൊന്നും പറഞ്ഞു പ്രതിഫലം വാങ്ങിച്ച സ്ത്രീകളൊന്നും അന്നും ഇന്നും ഇല്ല. അത് കൊണ്ട് തന്നെ ഈ ചോദ്യത്തിന്റെ അര്‍ത്ഥം എന്താണെന്നു മനസിലാകുന്നില്ല.
ഒരു പ്രായം കഴിഞ്ഞാല്‍ പല്ലു തേക്കുക കുളിക്കുക എന്നു പറയും കണക്കെയുള്ള പ്രക്രിയകള്‍ ആയി പീരിയഡ്‌സും സെക്‌സും മാസ്റ്റര്‍ബേഷനും എല്ലാം മാറുമ്പോള്‍ ആര്‍ത്തവം ഒഴിച്ചുള്ള ബയോളജിക്കല്‍ പ്രോസസ്സുകള്‍ മാത്രം എങ്ങനെ സെലിബ്രേറ്റ് ചെയ്യപ്പെടുന്നു എന്നു ചിന്തിച്ചിട്ട് ഇന്നേവരെ ഒരെത്തും പിടിയും കിട്ടിയിട്ടില്ല .സെക്‌സിനെക്കുറിച്ചും വികാരങ്ങളെക്കുറിച്ചും കവിതയും ഫീച്ചറുമൊക്കെ എഴുതുന്നവര്‍ ഇതിനു നേരെ മുഖം തിരിക്കുന്നത് എന്തു കൊണ്ടായിരിക്കും ?
മറ്റു രണ്ടിനുമുള്ള ജനറല്‍ പരിവേഷം ആര്‍ത്തവത്തിനു ഇല്ലാത്തതു കൊണ്ട് തന്നെ. അതേ, ഇതൊരു ഗേള്‍സ് ഒണ്‍ലി കാറ്റഗറിയാണ്.
Pre sexual preparturition എന്നു പറയാവുന്ന ഒരു മുന്നൊരുക്കം മാത്രമാണിത്.
Post sexual എന്നു പറയാവുന്ന പ്രെഗ്‌നന്‍സിയും പ്രസവവും എല്ലാം ഗേള്‍സ് ഒണ്‍ലി കാറ്റഗറി തന്നെയാണ്.
അതേ, ഇതൊരു ഗേള്‍സ് ഒണ്‍ലി കാറ്റഗറിയാണ്.
പ്രസവം അശ്ലീലമല്ലാത്ത സമൂഹത്തില്‍ ആര്‍ത്തവം വീട്ടിലെ പുരുഷന്‍ അറിയുന്നത് മാനക്കേടും കുറച്ചിലുമായി മാറുന്ന വിരോധാഭാസത്തിന്റെ പേരെന്താണ് ?
പ്ലസ് ടു ബയോളജി ക്ലാസ്സില്‍ റീപ്രൊഡക്ടീവ് സിസ്റ്റം ക്ലാസ്സില്‍ mentsrual cycle ടോപ്പിക്ക് എടുക്കുമ്പോഴാണ് എന്റെ ക്ലാസ്സിലെ ബുദ്ധി ജീവികളായ പല ആണ്‍കുട്ടികളും സത്യത്തില്‍ ഇതെന്താണ് സംഭവം എന്ന് അറിയുന്നത് തന്നെ.
'ഇത്ര ഡീറ്റയില്‍ ആയിട്ടൊന്നും പഠിപ്പിക്കേണ്ട കാര്യം ഇല്ലാരുന്നു.ആമ്പിള്ളാരെന്തു കരുതും. അയ്യേ..' എന്ന് പറഞ്ഞ കൂട്ടുകാരിയോട്, 'അവരറിയട്ടെടീ. അവരു തന്നെയാണ് അറിയേണ്ടത് ' എന്നു തിരിച്ചു പറയുകയാണ് ചെയ്തത്.
കേരളീയ സമൂഹത്തിലെ എത്ര വിപ്ലവകാരികള്‍ക്ക് സ്വന്തം വീട്ടിലെ സ്ത്രീയുടെ ശുദ്ധി കാലത്തെക്കുറിച്ചറിയാം ? ഭാര്യയുടെ, അമ്മയുടെ, സഹോദരിയുടെ. ?
കന്നി ആര്‍ത്തവക്കാരി സമൂഹത്തില്‍ രാജ്ഞിയുടെ പരിവേഷമുള്ള ഒരു സെലബ്രിറ്റി കണക്കെ ട്രീറ്റ് ചെയ്യപ്പെടുന്നു. തുടര്‍ന്നങ്ങോട്ടുള്ള റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സ് ക്ലാസ്സ് ശ്രദ്ധിച്ചു കേള്‍ക്കാനും ചെയ്യാനും നിര്‍ബന്ധിതയാകുന്നു. ഒരു പരിധിവരെ അതൊക്കെ ആരോഗ്യത്തിനു നല്ലതായിരിക്കാം. അതിനപ്പുറം ഋതുമതിയായവള്‍ ഇങ്ങനെ മാര്‍ജിനലൈസ് ചെയ്യപ്പെടുന്നതിന് എന്തിനാണ് ? മറ്റു പ്രോസസുകള്‍ പോലെ ചര്‍ച്ചയാക്കപ്പെടുന്നവ, സെക്‌സിനെകുറിച്ചും വികാരങ്ങളെ കുറിച്ചും വാചാലരാകുന്നവര്‍ ഇതിന്റെ കാര്യത്തില്‍ നിശ്ശബ്ദരാകുന്നത് എന്തിനാണ് ?
സ്ത്രീയുടെ പീരിയഡ്‌സില്‍ പോലും കൈ കടത്തുന്ന ഒരു ഭരണകൂടമുണ്ടിവിടെ.
'ഓ.. ഇതൊന്നും ആരും പഠിപ്പിക്കേണ്ട. ഇതൊക്കെ ഞങ്ങള്‍ക്ക് നിങ്ങളെക്കാളും നന്നായി അറിയാം' എന്നു പറയുന്നവരോട് ഒന്നു ചോദിക്കട്ടെ.
നിങ്ങള്‍ പറയുമ്പോലെ മനുഷ്യ വര്‍ഗമുണ്ടായ നാള്‍ മുതലുള്ള സ്ത്രീകള്‍ക്ക് ബോധ്യമുള്ള കാര്യം തന്നെയാണിത്. ഈ വിഷയത്തില്‍ അവബോധം ഉണ്ടാകേണ്ടിയിരുന്നത് സ്ത്രീകളെക്കാളും പുരുഷന്മാര്‍ക്കല്ലേ. മീഡിയയും ലിബറലിസവും ഒന്നും അറിഞ്ഞു കൂടാത്ത നാട്ടുമ്പുറത്തുകാരികളുണ്ട്. പുറമ്പോക്കുകളില്‍ ജീവിക്കുന്നവര്‍. അടിവയറ്റില്‍ മഞ്ഞു വീഴുന്ന സുഖമൊന്നും ഇല്ലാത്ത ഈ കാലയളവില്‍ സിരകളിലേക്കു പടരുന്ന, കൈ കാലുകള്‍ മരവിക്കുന്ന പ്രാണ വേദന കടിച്ചമര്‍ത്തുകയും സാനിറ്ററി നാപ്കിന്‍ വാങ്ങാന്‍ സഹോദരന്റെയോ അച്ഛന്റെയോ മുന്നില്‍ ലജ്ജിച്ചു നില്‍ക്കേണ്ടി വരികയും നോമ്പുകാലങ്ങളില്‍ നോമ്പ് മുറിച്ച് ഭക്ഷണം കഴിക്കാന്‍ നിങ്ങള്‍ക്കു മുന്നില്‍ പതുങ്ങുകയും ഒളിക്കുകയും പേടിക്കുകയും ചെയ്യുന്നവര്‍. അവര്‍ പേടിക്കുന്നത് നിങ്ങളെയാണ് . സ്വന്തം ഭര്‍ത്താവിനെ, അച്ഛനെ, സഹോദരനെ. മുന്‍പ് മാനസിയുടെ പോസ്റ്റില്‍, പൊതിയാതെ നാപ്കിന്‍ കൊണ്ടു വന്നതിന് തെറി വിളി കേട്ട ഒരു പെണ്‍കുട്ടിയെ പറ്റി വായിച്ചതോര്‍ക്കുന്നു.
സെക്‌സും പ്രെഗ്‌നന്‍സിയും തുടങ്ങി സ്ത്രീയുടെ പീരിയഡ്‌സില്‍ പോലും കൈ കടത്തുന്ന ഒരു ഭരണകൂടമുണ്ടിവിടെ. നേരത്തെ ഗര്‍ഭിണിയുമായുള്ള സെക്‌സ് നിയന്ത്രിക്കാന്‍ ഉത്തരവ് വന്നപ്പോള്‍ ആക്രോശിച്ച വലിയൊരു വിഭാഗത്തെയും ഗര്‍ഭ നിരോധന ഉറയെ ബാധിക്കാത്ത, നാപ്കിനെ മാത്രം ബാധിക്കുന്ന വിലക്കയറ്റം നിശ്ശബ്ദരാക്കിയത് എന്തു കൊണ്ടാവും ?
ചോദ്യങ്ങള്‍ മാത്രം ബാക്കി.
ഉത്തരങ്ങള്‍ സ്ത്രീയും പുരുഷനുമടങ്ങുന്ന സമൂഹത്തിന്റെ കയ്യിലാണ്.
