പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അയാള്‍ ജയിലിലാകുന്നത് അവള്‍ പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കി അതിനും കാരണമുണ്ട്

ടബാറ്റയ്ക്ക് വെറും ഒമ്പത് വയസ് മാത്രമുള്ളപ്പോഴാണ് അവളാദ്യമായി അയാളെ കാണുന്നത്. അന്നയാള്‍ക്ക് 39 വയസായിരുന്നു. അവരുടെ കുടുംബ സുഹൃത്ത് കൂടിയായിരുന്ന ആ മനുഷ്യന്‍ രണ്ടര വര്‍ഷത്തോളമാണ് അവളെ പീഡീപ്പിച്ചത്. പക്ഷെ, 12 വര്‍ഷങ്ങള്‍ക്ക് ശേഷം അവളയാളെ ജയിലിലാക്കി.

ഫാബ്രിക്കോ ഒരു ഫോട്ടോഗ്രാഫറായിരുന്നു. ആരോടും പെട്ടെന്ന് സൗഹൃദത്തിലാവും, നന്നായി സംസാരിക്കും. അയാളുടെ ചുറ്റുമുള്ളവരെയെല്ലാം യാത്രയുടെ കഥകള്‍ പറഞ്ഞ് രസിപ്പിക്കും. ടബാറ്റയുടെ കുടുംബവുമായും അയാള്‍ പെട്ടെന്ന് അടുത്തു. ടബാറ്റയുടെ അച്ഛന്‍ അയാളുടെ കൂടെ എല്ലാ വൈകുന്നേരങ്ങളിലും ഫുട്ബോള്‍ കളിക്കും. അയാളും ഭാര്യയും അവളുടെ വീട് സന്ദര്‍ശിക്കാനും അവര്‍ താമസിക്കുന്ന ബ്രസീലിലെ ആ ഗ്രാമത്തിനടുത്തുള്ള സ്ഥലങ്ങളിലെല്ലാം ഒരുമിച്ച് യാത്ര പോകാനും ട്രക്കിങ്ങ് നടത്താനുമെല്ലാം തുടങ്ങി. 

പക്ഷെ, അധികം കഴിയുന്നതിന് മുമ്പ് തന്നെ ഫാബ്രികോ അവളെ ഉപദ്രവിച്ചു തുടങ്ങി. അവള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. അവളെയത് അസ്വസ്ഥയാക്കുന്നുണ്ടായിരുന്നുവെങ്കിലും സംഭവിക്കുന്നതിനെ കുറിച്ച് പൂര്‍ണമായ ധാരണയുണ്ടായിരുന്നില്ല. മരത്തിനടിയില്‍ വിശ്രമിക്കുമ്പോഴും, പുഴയില്‍ കുളിക്കുമ്പോഴുമെല്ലാം മറ്റാരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പു വരുത്തി അയാളവളെ ഉപദ്രവിച്ചുകൊണ്ടിരുന്നു. ഒരു ദിവസം യാത്രക്കിടയില്‍ വെള്ളം ശേഖരിക്കുന്നതിനായി അവളും അയാളുമാണ് നിയോഗിക്കപ്പെട്ടത്. വെള്ളം കൊണ്ടുവരാന്‍ പോയപ്പോള്‍ അയാളവളെ പീഡിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍, അവളോടി രക്ഷപ്പെട്ടു. വീട്ടിലാരും എന്തുകൊണ്ടാണ് അവള്‍ ആദ്യം എത്തിയതെന്ന് ചോദിച്ചില്ല. 

ഓരോ തവണയും വീട്ടുകാരോട് പറയണമെന്ന് കരുതിയെങ്കിലും അസുഖമുള്ള അമ്മയേയും, ദേഷ്യക്കാരനായ അച്ഛനേയും ഭയന്ന് അവള്‍ ഒന്നും പറഞ്ഞില്ല. മാത്രമല്ല കുഞ്ഞായ താന്‍ അത് പറഞ്ഞാല്‍ വീട്ടുകാര്‍ വിശ്വസിക്കുമോ എന്ന ഭയവും അവള്‍ക്കുണ്ടായിരുന്നു. 

രണ്ടരവര്‍ഷത്തോളം അയാളുടെ പീഡനം തുടര്‍ന്നു. അവള്‍ക്കാവും പോലെയെല്ലാം അവള്‍ ചെറുത്തു. വര്‍ഷം കഴിയുന്തോറും അയാള്‍ അവളുടെ വീട്ടുകാരെ കുറിച്ച് അറിയാവുന്ന വിവരങ്ങള്‍ മുതലെടുത്തു തുടങ്ങി. അച്ഛന്‍ ഫുട്ബോള്‍ കളിക്കാന്‍ പോകുന്ന സമയവും, ചേച്ചി ക്ലാസിനു പോകുന്ന സമയവും, അമ്മ പുറത്തുപോകുന്ന സമയവുമെല്ലാം അയാള്‍ക്കറിയാം. അങ്ങനെ ആരുമില്ലാത്ത സമയം നോക്കി അയാള്‍ അവളുടെ അടുത്തെത്തി. അയാളവളെ രക്ഷപ്പെടാന്‍ പറ്റാത്തവണ്ണം മുറുക്കെ പിടിച്ചു. പതിനൊന്ന് വയസായപ്പോഴേക്കും ടബാറ്റ തന്‍റെ ചെറുത്ത് നില്‍പ്പ് കൂടുതല്‍ ശക്തമാക്കി. ശബ്ദമെടുത്തു, അയാളെ കഴിയും പോലെ ഉപദ്രവിച്ചു, ഓടി രക്ഷപ്പെട്ടു. 

അതേ സമയത്താണ് ടബാറ്റയുടെ അച്ഛനും, ഫാബ്രിക്കോയുടെ ഭാര്യയും തമ്മിലുള്ള ബന്ധം പിടിക്കപ്പെടുന്നത്. അതോടെ രണ്ട് വീടും തമ്മിലുള്ള ബന്ധം തകര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തനിക്കേറ്റ പീഡനം അവള്‍ മറക്കാന്‍ ശ്രമിച്ചു. പക്ഷെ, കഴിയുമായിരുന്നില്ല. ഓര്‍മ്മകള്‍ അവളെ പിന്തുടര്‍ന്ന് വേദനിപ്പിച്ചു. വേദന സഹിക്കാന്‍ കഴിയാതായപ്പോള്‍ അവള്‍ ചില സുഹൃത്തുക്കളോടെല്ലാം ഇക്കാര്യം പറഞ്ഞു. ടബാറ്റയ്ക്ക് പതിനാറ് വയസാകുമ്പോഴേക്കും ഈ സുഹൃത്തുക്കള്‍‍, അവളുടെ അമ്മയോടും. പക്ഷെ, അപ്പോഴേക്കും അവളുടെ അച്ഛനും അമ്മയും അക്കാര്യം അറിഞ്ഞിരുന്നു, ഫാബ്രിക്കോ പീഡോഫൈലാണ്. 

അന്നുവരെ അവള്‍ കരുതിയിരുന്നത് അവളെ മാത്രമാണ് അയാള്‍ ഇരയാക്കിയതെന്നാണ്. പക്ഷെ, വേറെയും നിരവധി പെണ്‍കുട്ടികളെ ഇയാളെ ഉപദ്രവിച്ചിട്ടുണ്ടെന്നറിഞ്ഞ ടബാറ്റയ്ക്ക് ദേഷ്യം സഹിക്കാനായില്ല. തന്നെ ആദ്യമായി പീഡിപ്പിച്ച് ഏഴ് വര്‍ഷം കഴിഞ്ഞപ്പോള്‍ അവളയാള്‍ക്കെതിരെ കേസ് കൊടുത്തു. പക്ഷെ, അന്വേഷണമൊന്നും നടന്നില്ല. അത് കഴിഞ്ഞ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ നിയമത്തില്‍ ഡിഗ്രി എടുത്തു. പോലീസില്‍ ആ കേസിനെ കുറിച്ച് സംസാരിച്ചു. അവരെല്ലാം അവളോട് പറഞ്ഞത്, അത്രയും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആ സംഭവത്തിന് തെളിവുകളില്ല എന്നാണ്. 

അച്ഛന്‍ പറഞ്ഞതനുസരിച്ച്, അവള്‍, തന്നെപ്പോലെ അയാളുപദ്രവിച്ച മറ്റ് പെണ്‍കുട്ടികളെ കണ്ടുപിടിച്ചു. അവസാനം അയാളെ നിയമത്തിനു മുന്നിലെത്തിച്ചു. അയാള്‍ പറഞ്ഞത് അവളുടെ അച്ഛന് അയാളോടുള്ള ദേഷ്യം കാരണം മനപ്പൂര്‍വം ടബാറ്റ കെട്ടിച്ചമച്ച കഥയാണിതെന്നാണ്. പക്ഷെ, സംഭവം തെളിഞ്ഞതോടെ അയാളെ ഏഴരവര്‍ഷത്തെ തടവിന് വിധിച്ചു. 

ടബാറ്റയ്ക്കിപ്പോള്‍ 24 വയസുണ്ട്. അവള്‍ പോലീസ് അക്കാദമിയില്‍ തന്‍റെ ട്രെയിനിങ് പൂര്‍ത്തിയാക്കി. അവള്‍ പറയുന്നത് ചെറുപ്പകാലത്തെ തന്‍റെ അനുഭവമാണ് ഈ ജോലി തന്നെ തിരഞ്ഞെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ്. പീഡിപ്പിക്കുന്നവരെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാണ് അവളുടെ ആഗ്രഹം. പക്ഷെ, അത്തരം കേസുകളില്‍ നിന്ന് അവള്‍ അകലം പാലിക്കാറാണ് ചിലപ്പോള്‍. താന്‍ പെട്ടെന്ന് വികാരാധീനയാവും എന്നാണവള്‍ പറയുന്നത്. ലൈംഗികബന്ധം എന്നതുപോലും തന്നില്‍ പേടിയും അറപ്പുമുണ്ടാക്കുന്ന ഒന്നായിരുന്നുവെന്നാണ് അവള്‍ പറയുന്നത്. അതെല്ലാം ആ കുഞ്ഞുനാളിലെ പീഡനത്തിന്‍റെ ബാക്കിപത്രമായിരുന്നു.

കൂടാതെ എല്ലാ മാതാപിതാക്കളോടും ടബാറ്റയ്ക്ക് പറയാനുണ്ട്. കുഞ്ഞുങ്ങളോട് എപ്പോഴും സംസാരിക്കണം. അവരെ മനസിലാക്കണം. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും വേണം.

(പേരുകള്‍ മാത്രം സാങ്കല്‍പികം. കടപ്പാട് ബിബിസി)