മിടുക്കനായ ഡ്രൈവര്‍ സംയമനത്തോടെ ബസ് പുറകോട്ടെടുത്ത് എങ്ങനെയൊക്കെയോ ഓടിച്ച് 'പണിക്കര്‍ കടവ്' പാലത്തിന് മുകളില്‍ എത്തിച്ചു. എങ്ങും കാതടപ്പിക്കുന്ന നിലവിളികള്‍.
ബസ്സിനുള്ളിലേയ്ക്കും വെള്ളം കയറി വന്നു. അതോടെ സ്ത്രീ പുരുഷ ഭേദമന്യേ നിലവിളികള്‍ ഉയര്‍ന്നു. മുന്നില്‍ ഇപ്പോള്‍ ഒഴുക്ക് ശക്തമാണ്. ബസ് മുന്നോട്ട് എടുക്കരുത്. ആരൊക്കെയോ വിളിച്ചു കൂവുന്നു.

ജീവിതത്തിലേയ്ക്ക് പുതുമകള്‍ പകരാന്‍ ജനുവരി കാത്തു നില്‍ക്കുകയാണ്. നിമിഷങ്ങള്‍ മാത്രം ബാക്കിയാക്കി അടരാന്‍ നില്‍ക്കുന്ന ഡിസംബറിന് പറയാന്‍ ഏറെയുണ്ടാകും. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകതീരങ്ങളെ കണ്ണീരിലാഴ്ത്തിയ ഒരു ദിനമുണ്ട്. 'സുനാമി ദിനം' എന്ന പേരു ചാര്‍ത്തി കിട്ടിയ ഡിസംബര്‍ 26. ഒരു ജനതയുടെ ജീവിതത്തിനു മേല്‍ ഉപ്പു കലര്‍ന്ന ദിനം. നോക്കി നില്‍ക്കേ പ്രിയപ്പെട്ടവര്‍ വിരല്‍ തുമ്പില്‍ നിന്നും ഊര്‍ന്നു പോയ ദിനം.
അനന്തിരവളുടെ ജന്മദിനാഘോഷത്തിന് കേക്കുമായി വീട്ടിലേയ്ക്ക് വന്നതായിരുന്നു ഞാനും മോനും. സാധാരണ പോലെ നല്ല തെളിഞ്ഞ പ്രകൃതി. വീട്ടിലേയ്ക്കുള്ള പ്രൈവറ്റ് ബസ്സിലാണ് ഞങ്ങള്‍.
പെട്ടെന്ന് വല്ലാത്തൊരു കുലുക്കത്തോടെ ബസ്സ് നിന്നു.
യാത്രക്കാര്‍ പരിഭ്രാന്തരായി. എവിടുന്നൊക്കെയോ നിലവിളികള്‍ ഉയര്‍ന്നു. ബസ്സിനുള്ളില്‍ ആര്‍ക്കും ഒന്നും മനസ്സിലായില്ലങ്കിലും എന്തോ ഒരു ഭയം കാലുകളിലൂടെ അരിച്ചു കയറാന്‍ തുടങ്ങി. അന്നുവരെ കേള്‍ക്കാത്ത ഒരു പ്രത്യേക ശബ്ദം. ഒരു മുഴക്കം കാതുകളിലേയ്ക്ക് വന്ന് പതിക്കുകയാണ്.
ഓര്‍മ്മവെച്ച നാള്‍ മുതല്‍ കാണുന്നതാണ് കടല്‍. അതിന്റെ ഇരമ്പം. അതിന്റെ കരയിലാണ് ജീവിതം മുഴുവനുമ തളിര്‍ത്തത്. ഇതിപ്പോള്‍ മറ്റൊന്നാണ്. മുന്നില്‍, കടലിന്റെ, ഒരിക്കല്‍ പോലും കാണാത്ത മുഖം. അസാധാരണമാം വിധം ഉയര്‍ന്ന് തിരകളില്ലാതെ അതിശക്തമായ വേഗതയില്‍ കരയിലേയ്ക്ക് ഇരച്ച് ഒഴുകുകയാണ്.
ബസ്സിനുള്ളിലേയ്ക്കും കടല്‍ കയറി വന്നു. അതോടെ സ്ത്രീ പുരുഷ ഭേദമന്യേ നിലവിളികള്‍ ഉയര്‍ന്നു. മുന്നില്‍ ഇപ്പോള്‍ ഒഴുക്ക് ശക്തമാണ്. ബസ് മുന്നോട്ട് എടുക്കരുത്. ആരൊക്കെയോ വിളിച്ചു കൂവുന്നു.
മിടുക്കനായ ഡ്രൈവര്‍ സംയമനത്തോടെ ബസ് പുറകോട്ടെടുത്ത് എങ്ങനെയൊക്കെയോ ഓടിച്ച് 'പണിക്കര്‍ കടവ്' പാലത്തിന് മുകളില്‍ എത്തിച്ചു. എങ്ങും കാതടപ്പിക്കുന്ന നിലവിളികള്‍.
അന്നുവരെ കേള്‍ക്കാത്ത ഒരു പ്രത്യേക ശബ്ദം. ഒരു മുഴക്കം കാതുകളിലേയ്ക്ക് വന്ന് പതിക്കുകയാണ്.
ഉടുവസ്ത്രങ്ങള്‍ പോലും ഉരിഞ്ഞു പോയിട്ടും തന്റെ പ്രാണനായവരെ കോരിയെടുത്ത് ഓടുകയാണ് പല പുരുഷന്മാരും. ഒടുവില്‍ ബസ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് എല്ലാവരെയും ഇറക്കി. നനഞ്ഞു കുതിര്‍ന്ന് നിലവിളിയോടെ എത്തിയവരെ കണ്ട് നിയമപാലകരും അന്തം വിട്ടു.
വിശദീകരിച്ചു നില്‍ക്കാന്‍ തോന്നാതിരുന്നതിനാല്‍ മോനെയും എടുത്ത് ആ നനഞ്ഞ വേഷത്തില്‍ തന്നെ ഒരു ഓട്ടോ പിടിച്ച് കിഴക്ക് വഴിയേ ഞാന്‍ കായലിന് അരികിലെത്തി. നിറഞ്ഞു കവിഞ്ഞ് ഇന്നുവരെ കാണാത്ത വേഗതയില്‍ കായല്‍ അതിശക്തമായി തെക്കോട്ട് ഒഴുകുകയാണ്. ജീവജാലങ്ങളും കിടപ്പാടവുമെല്ലാം ആ പ്രളയജലത്തില്‍ പാഞ്ഞു പോവുന്നു.
പ്രിയപ്പെട്ടവരെ അന്വേഷിച്ച് പല തവണ ഫോണ്‍ വിളിച്ചെങ്കിലും എങ്ങു നിന്നും ഒരു പ്രതികരണവുമില്ല. എന്‍ജിന്‍ ഘടിപ്പിച്ച വലിയ വള്ളങ്ങളില്‍ ആരൊക്കയോ പ്രാണരക്ഷാര്‍ത്ഥം ഇങ്ങേക്കരയിലേയ്ക്ക് എത്തുന്നു.
ഒരിക്കല്‍ പോലും ദീപം അണയാത്ത കൊല്ലം ജില്ലയിലെ 'ആലപ്പാട്' എന്ന എന്റെ നാട്, തകര്‍ന്ന ജീവിതം പോലെ ഇടനെഞ്ചു പൊട്ടി കൂരിരുട്ടില്‍ മുഖമമര്‍ത്തി കിടന്നു.
കായല്‍ക്കരയില്‍ കരഞ്ഞു കലങ്ങി നിന്ന ഞങ്ങളെ ആരൊക്കെയോ അടുത്തൊരു കേന്ദ്രത്തിലേയ്ക്ക് മാറ്റി. എന്നെ പോലെ തന്നെ ഉറ്റവരെ കാണാതെ ഇടനെഞ്ചു തകര്‍ന്ന് കരയുന്ന ഒരു പാടു പേര്‍ അവിടെ ഉണ്ടായിരുന്നു.
ഭര്‍ത്താവിനെ വിളിച്ചപ്പോള്‍ ,അന്നത്തെ എംപി ആയിരുന്ന കെ.എസ് മനോജ് സാറിന് ഒപ്പം ദുരിതബാധിതരുടെ ഇടയിലാണന്നും, ഏറ്റവും സുരക്ഷിതമായ സ്ഥലത്തേയ്ക്ക് കുഞ്ഞിനെയും കൊണ്ട് മാറാനും നിര്‍ദ്ദേശം കിട്ടി.
എണ്ണിയാല്‍ ഒടുങ്ങാത്ത മരണങ്ങള്‍. അതിനേക്കാള്‍ ഒടുങ്ങിപ്പോയ സ്വപ്‌നങ്ങള്‍.
പിന്നീടാണ് അറിഞ്ഞത് സുനാമി എന്ന ഭീകരതയുടെ വിവരങ്ങള്‍. കടലിനടിയില്‍ ഭൂകമ്പം ഉണ്ടായെന്നും, കടല്‍ത്തീരപ്രദേശങ്ങള്‍ പലതും നശിച്ച് നാമാവശേഷം ആയന്നും അറിഞ്ഞു.
എണ്ണിയാല്‍ ഒടുങ്ങാത്ത മരണങ്ങള്‍. അതിനേക്കാള്‍ ഒടുങ്ങിപ്പോയ സ്വപ്‌നങ്ങള്‍. ജീവിതം ഉപ്പില്‍ ഉറഞ്ഞു പോയ ദിനം.
നനഞ്ഞ വസ്ത്രത്തോടെ തന്നെ ഞങ്ങള്‍ നേരം വെളുപ്പിച്ചു. എവിടെ നിന്നോ പ്രിയപ്പെട്ടവരുടെ സുരക്ഷിത ശബ്ദം കാതില്‍ എത്തിയതോടെ എന്റെ ആധി അല്‍പ്പമൊന്ന് അയഞ്ഞു. കടല്‍ക്കലി ആവര്‍ത്തിക്കപ്പെടാം എന്ന മുന്നറിയിപ്പില്‍ എല്ലാവരും കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറി.
അപ്പോഴേയ്ക്കും സ്വജനങ്ങളും പ്രിയപ്പെട്ടവരുമായ പലരും ഞങ്ങളെ വിട്ടകന്നു കഴിഞ്ഞിരുന്നു. എപ്പോഴും ഓടി വീട്ടിലെത്താറുള്ള എന്റെ കൂട്ടുകാരിയെ ചേറില്‍ കുഴഞ്ഞു പോയ അവസ്ഥയില്‍ കണ്ടെടുത്തു എന്നത് ആദ്യത്തെ ഷോക്കായിരുന്നു. പിന്നീട് കേട്ടതെല്ലാം ഹൃദയം തകര്‍ക്കുന്ന വാര്‍ത്തകള്‍ മാത്രം. ടെലിവിഷനില്‍ കണ്ടു, ആരെന്നോ എന്തെന്നോ അറിയാത്ത ശവശരീരങ്ങള്‍ വലിയ കുഴിയെടുത്ത് ഒന്നിച്ച് മൂടുന്നത്. മനുഷ്യര്‍ ഒന്നുമല്ല എന്ന പ്രകൃതിയുടെ വെളിപ്പെടുത്തല്‍.

കോടിക്കണക്കിന് രൂപയുടെ ധനസഹായമാണ് ലോക രാഷ്ട്രങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയത്. കേരളത്തില്‍ മാത്രം എത്തിയ കോടികള്‍ എത്രയെന്ന് അന്നത്തെ ഭരണാധികാരികള്‍ക്ക് കൃത്യമായി അറിയാം .എല്ലാം അര്‍ഹരായവരുടെ കൈകളില്‍ എത്തിയോ എന്നത് പ്രഹേളിക മാത്രം. സന്നദ്ധ സംഘടനകളുടെ ഉണര്‍ന്നു പ്രവര്‍ത്തനങ്ങള്‍ ഒഴിച്ചാല്‍ അന്നത്തെ സര്‍ക്കാര്‍ വളരെ തണുത്ത സമീപനമാണ് സ്വീകരിച്ചിരുന്നതെന്ന് വേദനയോടെ പറയേണ്ടി വരുന്നു. സുനാമിയും കടലും ടിവിയില്‍ മാത്രം കണ്ട പല സ്ഥലങ്ങളിലേയ്ക്കും ആ ഫണ്ട് വകമാറ്റം ചെയ്യപ്പെട്ടു. തല ചായ്ക്കാന്‍ ഒരിടത്തിനു വേണ്ടി അലഞ്ഞവരുടെ മുന്നിലേയ്ക്ക് സ്‌നേഹത്തിന്റെ കരങ്ങളുമായി എത്തിയ പലരുമുണ്ട്. മാധ്യമങ്ങള്‍, സന്നദ്ധ സംഘടനകള്‍, ജീവകാരുണ്യ ്രെപാജക്ടുകള്‍.
അന്നും സര്‍ക്കാര്‍ ആരുടെ ഭാഗത്ത് എന്ന് മനസ്സിലാക്കാന്‍ പറ്റാത്ത അവസ്ഥയിലായി.ദുരിതബാധിതരുടെ കൂടെയാണോ? ഫണ്ട് വകമാറ്റുന്നവരുടെ കൂടെയാണോ?
പിന്നീട് എത്രയെത്ര വര്‍ഷങ്ങള്‍! സര്‍ക്കാര്‍ ഔദാര്യം കാത്ത് വെറും തകര ഷെഡ്ഡിനുള്ളില്‍ ജീവിക്കേണ്ട വന്ന നിസ്സഹായരായ മനുഷ്യര്‍.
ഒരു പാട് പ്രതിഷേധങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും ശേഷമാണ് എന്തെങ്കിലുമൊക്കെ ജനങ്ങള്‍ നേടിയെടുത്തത് തന്നെ. എന്തിനധികം ,നല്ലൊരു റോഡു പോലും ഈ പ്രദേശത്ത് എത്തിയത് 2017 തീരാറായപ്പോള്‍ മാത്രമാണ്.
നഷ്ടപ്പെടുന്നവന് എന്നും നഷ്ടം, അര്‍ഹതയില്ലാത്തവന്റെ കയ്യില്‍ ആനുകൂല്യം എത്തിപ്പെടുന്ന വ്യവസ്ഥിതി ഇല്ലാതാകണം. തകര്‍ന്ന ജീവിതങ്ങള്‍ക്ക് കൈതാങ്ങ് ആകുന്ന സര്‍ക്കാര്‍ സംവിധാനമാണ് നമുക്ക് വേണ്ടത്.

ആലപ്പാട് പഞ്ചായത്തില്‍ അഴീക്കല്‍ എന്ന സ്ഥലത്ത് 'സുനാമി സ്മൃതിമണ്ഡപം' ഉയര്‍ന്നു. മരിച്ചവരോടുള്ള ആദരസൂചകമായി ഓരോ വര്‍ഷവും സുനാമി വാര്‍ഷികം നടത്തുന്നു. പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഒരു പിടി കണ്ണീര്‍പൂക്കള്‍.
പക്ഷെ, ഞാന്‍ ശിരസ്സു നമിക്കുന്നത് മരണത്തിനു മുന്നിലല്ല. ഹൃദയം പറിക്കുന്നതു പോലെ പ്രിയപ്പെട്ടതെല്ലാം തട്ടിപ്പറിച്ചു കൊണ്ടു പോയിട്ടും, വേദനകളെ ഉള്ളിലൊതുക്കി ആത്മധൈര്യവും അധ്വാനവും അര്‍പ്പണബോധവും കൊണ്ട് ജീവിതത്തില്‍ പരന്ന ഉപ്പുരസത്തെ കഴുകി കളഞ്ഞ ഒരു ജനതയുണ്ടിവിടെ. ഉപ്പു മണലുകളില്‍ ജീവിതത്തിന്റെ പൂക്കള്‍ വിരിയിക്കുന്ന ആ ഉറച്ച മനസ്സുകള്‍ക്കു മുന്നില്‍ എന്നും ഞാന്‍ ശിരസ്സു നമിക്കുന്നു.
