Asianet News MalayalamAsianet News Malayalam

അതെ, കറുപ്പ് തന്നെയാണ് പ്രശ്‌നം

Shereef Chungathara column on Indian racism
Author
Thiruvananthapuram, First Published Feb 6, 2018, 10:11 PM IST

കറുപ്പ് ഇത്രമാത്രം അരോചകം ആവുന്നത് എന്തുകൊണ്ടാണ്? കറുപ്പാണ് ആദിമമനുഷ്യന്റെ നിറം. ഞാനും നിങ്ങളും അടങ്ങുന്ന ഒരു ജീവിവര്‍ഗ്ഗത്തിന്റെ പൂര്‍വികര്‍ കറുപ്പായിരുന്നു. കറുപ്പിനെ മറയാക്കിയുള്ള വംശീയവെറിയില്‍ ആരും പിന്നിലല്ല. മലയാളികള്‍ പോലും. നമ്മള്‍ ഹിന്ദിക്കാരെ എങ്ങനെയാണ് കാണുന്നത്? ഈ അടുത്തല്ലേ ഒരു ജോലിചെയ്യാന്‍ ഇവിടെ വന്ന ഒരു യുവാവിനെ മോഷണക്കുറ്റം ആരോപിച്ചു അടിച്ചുകൊന്നത്, ജിഷാ വധകേസില്‍ ആദ്യം തന്നെ ഹിന്ദിക്കാരെ പ്രതിചേര്‍ത്തത് എന്ത് മുന്‍വിധി വെച്ചാണ്? ഒരു പൊതുയിടത്തില്‍ മോഷണം നടന്നാല്‍ ആദ്യം കറുത്തവന്റെ മേല്‍ സംശയ ദൃഷ്ടിപായിക്കുന്നത് എന്തുകൊണ്ടാണ്?

Shereef Chungathara column on Indian racism

ഡല്‍ഹിയിലെ ഒരു റമദാന്‍ കാലത്താണ് അഹമ്മദ് അബ്ദുള്ളയെ കാണുന്നത്. വലിയ ഒരു ഭക്ഷണ തളികക്ക് മുന്‍പില്‍ ഒരാള്‍ മാത്രമുള്ളത് കൊണ്ടാണ് അവിടെ ഇരുന്നത്. നോമ്പ് എടുക്കാറില്ലെങ്കിലും നോമ്പ് കാലത്ത് പള്ളികളെ ആശ്രയിക്കുന്നത് കൊണ്ട് ഭക്ഷണത്തിനുള്ള ചിലവ് കുറവാണ്. യൂസഫ് സാറായിലെ ഹനഫി പള്ളിയില്‍ റമദാനില്‍ സുഭിക്ഷമായ ഭക്ഷണം ഉണ്ടാകും. അതുകൊണ്ട് തന്നെ അതുകഴിഞ്ഞുള്ള മാസങ്ങളില്‍ യാത്രയും കൂടുതലാവും.

തൊട്ടടുത്ത തളികളില്‍ കൂടുതല്‍ ആളുകള്‍ ഇരിക്കുമ്പോഴും എന്റെ മുന്‍പിലുള്ള തളികയില്‍ ഞാനും മറ്റൊരാളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈകി വന്ന ഒരാള്‍ ആദ്യം എന്റെ അടുത്തിരിക്കാന്‍ ശ്രമിക്കുകയും പെട്ടെന്ന് തന്നെ എണീറ്റ്് മറ്റൊരു തളികയില്‍ ഇടം കണ്ടെത്തുകയും ചെയ്തു. രണ്ടുപേര്‍ക്ക് ഇത്രേം ഭക്ഷണം അധികമാണ്. മാത്രമല്ല ഞങ്ങള്‍ കഴിച്ചു കഴിഞ്ഞാല്‍ ഇത് എച്ചിലാവുകയും ചെയ്യും. എന്റെ കൂടെ ഭക്ഷണം കഴിക്കുന്നയാള്‍ക്ക് ഇത്തരം ആലോചനകള്‍ ഒന്നും ഇല്ലെന്നു തോന്നുന്നു, സാവധാനമാണ് കഴിക്കുന്നത്. നന്നായി വെന്ത ആടിറച്ചി ആസ്വദിച്ചു തന്നെ കഴിക്കുന്നുണ്ട്. കഴിച്ചു കഴിഞ്ഞതിനു ശേഷം ആകാശത്തേക്ക് നോക്കി പ്രാര്‍ഥിച്ചതിന് ശേഷം എനിക്ക് ഒരു പുഞ്ചിരിയും തന്നു എഴുന്നേറ്റു പോയി. 

ചുരുണ്ട മുടിയും കൈകളിലെ എണ്ണക്കറുപ്പും കാരണം സിദ്ധി വംശജരില്‍പെട്ട ആരെങ്കിലും ആവുമെന്നാണ് കരുതിയത്. ജുനഗഡ് രാജാവിനു പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ സമ്മാനിച്ച ആഫ്രിക്കന്‍ അടിമകളാണ് സിദ്ധികള്‍. ഇവരുടെ വംശം ഇന്ത്യയില്‍ ഇന്നുമുണ്ട്. ഇന്ത്യന്‍ പൗരന്മാരായ, കാഴ്ചയില്‍ ആഫ്രിക്കക്കാര്‍ എന്ന് തോന്നുന്ന ഈ സിദ്ധികള്‍ ഏകദേശം അമ്പതിനായിരത്തോളം പേര്‍ ഇന്ന് ഇന്ത്യയില്‍ ഉണ്ട്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ ആ കറുത്ത മനുഷ്യന്റെ തളികക്ക് ചുറ്റും അദേഹം ഏകനായോ അല്ലെങ്കില്‍ പരദേശികളോ ആയിരിക്കും ഉണ്ടാവുക എന്ന് മനസ്സിലായി. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ്, അദേഹത്തിന്റെ കൂടെ ഭക്ഷണം കഴിക്കാനുള്ള മറ്റുള്ളവരുടെ മടിയാണ് ആ തളികക്ക് മുന്‍പില്‍ ഏകനായി ഇരിക്കേണ്ടിവരുന്നതിന്റെ കാരണം എന്നു മനസ്സിലായത്. പിന്നീടു ഞാന്‍ മന:പൂര്‍വം വൈകി വന്നു, ആ തളികക്ക് മുന്‍പില്‍ ഇരിക്കാന്‍ തുടങ്ങി. ഒരു പക്ഷേ അദ്ദേഹം അത് മനസിലാക്കി ക്കാണണം, അത് കൊണ്ടാവാം ഭക്ഷണത്തിനു ശേഷം കുറച്ചു സമയം എന്നോട് സംസാരിക്കാന്‍ അദേഹം സമയം കണ്ടെത്തിയത്. 

അഹമ്മദ് അബ്ദുള്ള എത്യോപ്യയില്‍ നിന്നും ഗവേഷക വിദ്യാര്‍ഥിയായാണ് ഇവിടെ എത്തിയത്. ആഫ്രിക്കയിലെ ഇന്ത്യക്കാര്‍ എല്ലാം അവരുടെ കണ്ണില്‍ സമ്പന്നരും മാന്യരുമാണ്. എന്നാല്‍ ഇന്ത്യയില്‍ എത്തിയ നിമിഷം മുതല്‍ ഇന്ത്യക്കാരുടെ വംശവെറിയും പരിഹാസവും അവര്‍ അനുഭവിക്കുന്നു. ജാതീയത ഇല്ലാത്ത ഇസ്ലാമിക വിശ്വാസത്തില്‍ പോലും അവര്‍ മാറ്റിനിര്‍ത്തപ്പെടുന്നു. താമസിക്കുന്ന റൂമില്‍ മാംസം പാകപ്പെടുത്തരുതെന്ന വീട്ടുടമയുടെ കര്‍ശന നിര്‍ദേശം ഉള്ളതുകൊണ്ടാണ് പത്തു കിലോമീറ്റര്‍ സഞ്ചരിച്ചു ദിവസവും ഇവിടെ വരുന്നത്.

ശക്തിയില്‍ വാതിലടക്കുന്നതിനു മുമ്പ്് വീട്ടുടമസ്ഥന്‍ പിറുപിറുത്തത് മദ്രാസി എന്നാണെന്ന് എനിക്ക് ഉറപ്പായിരുന്നു.

ദിവസങ്ങള്‍ കടന്നുപോയി, റമദാന്‍ അവസാനിക്കുന്നതിന്റെ അടുത്ത ദിവസങ്ങളിലാണ് അഹമ്മദ് എനിക്ക് മുന്‍പില്‍ ഒരു അപേക്ഷ വെച്ചു. ഞാന്‍ അഹമ്മദിന്റെ കൂടെ ചത്താര്‍പൂരിലെ താമസസ്ഥലത്ത് ചെല്ലണം. അഹമ്മദ് അടുത്തു തന്നെ നാട്ടില്‍ പോകും, അപ്പോള്‍ വീട്ടുടമസ്ഥനു കൊടുത്ത അഡ്വാന്‍സ് തുക തിരിച്ചു മേടിച്ചുകൊടുക്കാന്‍ സഹായിക്കണം. അഹമ്മദിന് അതിനു സാധിക്കുന്നില്ലത്രെ. 

എന്ത് ചെയ്യും? 

എനിക്കാണെങ്കില്‍ എന്റെ ഹിന്ദിയില്‍ അത്ര വിശ്വാസമില്ല. എങ്കിലും അടുത്ത ദിവസം പോവാം എന്നേറ്റു. രാത്രിയാണ് അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ഓര്‍ത്തത്. പൊതുവേ ആഫ്രിക്കക്കാര്‍ മയക്കുമരുന്നും മറ്റും ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ ആണെന്നുള്ള ഒരു പൊതുബോധം നിലവിലുണ്ട്. എനിക്ക് ഒരു ലാഭവും ഇല്ലാത്ത ഈ പ്രശ്‌നത്തില്‍ ഇടപെട്ട് പുലിവാല്‍ പിടിക്കണോ ? പക്ഷേ ഭക്ഷണതളികക്ക് മുന്‍പില്‍ തനിച്ചിരിക്കുന്ന ആ രൂപം ഓര്‍ത്തപ്പോള്‍ പോകാന്‍ തന്നെ തീരുമാനിച്ചു.

അഹമ്മദിന്റെ താമസസ്ഥലത്ത് എത്തുമ്പോള്‍ ഒരു പ്രദേശവാസിയും ഒരു ആഫ്രിക്കനും തമ്മില്‍ വാഗ്വാദം നടക്കുന്നുണ്ടായിരുന്നു. ചെറിയ റോഡില്‍ ആഫ്രിക്കന്‍ വംശജന്‍ വന്ന ടാക്‌സിയും പ്രദേശവാസിയുടെ കാറും വന്നതാണ് പ്രശ്‌നം. അഹമ്മദിന്റെ അഭിപ്രായത്തില്‍ ഇത് ദിവസവും നടക്കുന്നതാണ്. ആ വാഗ്വാദം ഒരു വലിയ പ്രശ്‌നമാകാന്‍ അധികം സമയം എടുക്കില്ല്.

ഒരു കട്ടിലും ചെറിയ ടോയിലറ്റും ഉള്ള ഒരു കുഞ്ഞു മുറിയാണ് അഹമ്മദിന്റെ താമസസ്ഥലം. പക്ഷേ അതിനും ഭീമയായ തുക നല്‍കണം. ആഫ്രിക്കക്കാരെ ചൂഷണം ചെയ്താണ് ഇവിടുത്തെ ഒട്ടുമിക്ക പേരും ജീവിക്കുന്നത്.

രാവിലെ വീട്ടുടമസ്ഥനെ കാണാന്‍ പോയി. മാന്യമെന്നു തോന്നുന്ന വസ്ത്രം ധരിച്ച എന്നെ കണ്ട അദേഹത്തിന്റെ മുഖമൊന്നു തെളിഞ്ഞെങ്കിലും അഹമ്മദിനെ കണ്ടതോടെ ഭീകരമായ രീതിയില്‍ ആ മുഖം ഇരുണ്ടു. മഴയ്ക്കു തൊട്ടുമുമ്പ് ആകാശം കറുത്തിരുളുന്നതുപോലെ. എന്നെ അയാള്‍ അകത്തേക്ക് വിളിച്ചു, ഒരു തരത്തിലും മുന്‍കൂര്‍ തുക തിരിച്ചു നല്‍കില്ല എന്ന് ആക്രോശിച്ചു. ആ വീടിന്റെ ചുമരിലുള്ള ഗാന്ധിയുടെ ചിത്രം എന്നെ നോക്കി പരിഹസിക്കുന്നതായി എനിക്ക് തോന്നി. ശക്തിയില്‍ വാതിലടക്കുന്നതിനു മുമ്പ്് വീട്ടുടമസ്ഥന്‍ പിറുപിറുത്തത് മദ്രാസി എന്നാണെന്ന് എനിക്ക് ഉറപ്പായിരുന്നു.

എനിക്ക് കിട്ടിയ സ്വീകരണം കണ്ട അഹമ്മദ് കൂടുതല്‍ ഒന്നും ചോദിച്ചില്ല. എന്റെ കയ്യിലുണ്ടായിരുന്ന കുറച്ചു ആയിരങ്ങളുടെ നോട്ടു വീട്ടുടമസ്ഥന്‍ തന്നതാണെന്ന് പറഞ്ഞു കൊടുക്കുമ്പോള്‍ ഗാന്ധിത്തല കാണാത്ത രീതിയിലാണ് കൊടുത്തത്. റമദാനില്‍ ലാഭിച്ച തുക അഹമ്മദിനാണു എത്തിച്ചേര്‍ന്നത്.

ഓരോ തവണ ആഫ്രിക്കക്കാര്‍ ആക്രമിക്കപ്പെടുമ്പോഴും ചൂട് പറക്കുന്ന ഒരു തളികയും അതിന്റെ മുമ്പില്‍ തനിച്ചിരിക്കുന്ന ഒരാളും ഒരു ചിത്രമെന്നോണം ഓര്‍മ്മയില്‍ വരും.

കറുപ്പ് ഇത്രമാത്രം അരോചകം ആവുന്നത് എന്തുകൊണ്ടാണ്?

കറുപ്പ് നിറം തന്നെയാണ് പ്രശനം. ആഫ്രിക്കന്‍സ് മദ്യപിക്കുന്നു, മോശമായ വസ്ത്രധാരണം ചെയ്യുന്നു, ഉറക്കെ ശബ്ദം ഉണ്ടക്കുന്നു, പുലര്‍ച്ച വരെ ഉണര്‍ന്നിരിക്കുന്നു എന്നൊക്കെയാണ് പ്രദേശവാസികളുടെ ആക്ഷേപം എങ്കിലും അവരുടെ ശരീരത്തിന്റെ കറുപ്പ് തന്നെയാണ് ആഫ്രിക്കന്‍സ് ആക്രമിക്കപ്പെടുന്നതിനുള്ള പ്രധാനകാരണമായി എനിക്ക് തോന്നിയത്. അല്ലെങ്കില്‍ പിന്നെ, വെളുത്ത നിറമുള്ള സായിപ്പിനും ഇതേ ദുരനുഭവം ഉണ്ടാവാത്തത് എന്ത് കൊണ്ടാണ് ? ആംആദ്മി മന്ത്രി സഭയിലെ ഒരു മന്ത്രി തന്നെ ഒരിക്കല്‍ ആഫ്രിക്കന്‍സിന് എതിരെ ജനരോഷം ഇളക്കിവിട്ടിരുന്നു എന്നതും ഓര്‍ക്കണം.

കറുപ്പ് ഇത്രമാത്രം അരോചകം ആവുന്നത് എന്തുകൊണ്ടാണ്? കറുപ്പാണ് ആദിമമനുഷ്യന്റെ നിറം. ഞാനും നിങ്ങളും അടങ്ങുന്ന ഒരു ജീവിവര്‍ഗ്ഗത്തിന്റെ പൂര്‍വികര്‍ കറുപ്പായിരുന്നു. കറുപ്പിനെ മറയാക്കിയുള്ള വംശീയവെറിയില്‍ ആരും പിന്നിലല്ല. മലയാളികള്‍ പോലും. നമ്മള്‍ ഹിന്ദിക്കാരെ എങ്ങനെയാണ് കാണുന്നത്? ഈ അടുത്തല്ലേ ഒരു ജോലിചെയ്യാന്‍ ഇവിടെ വന്ന ഒരു യുവാവിനെ മോഷണക്കുറ്റം ആരോപിച്ചു അടിച്ചുകൊന്നത്, ജിഷാ വധകേസില്‍ ആദ്യം തന്നെ ഹിന്ദിക്കാരെ പ്രതിചേര്‍ത്തത് എന്ത് മുന്‍വിധി വെച്ചാണ്? ഒരു പൊതുയിടത്തില്‍ മോഷണം നടന്നാല്‍ ആദ്യം കറുത്തവന്റെ മേല്‍ സംശയ ദൃഷ്ടിപായിക്കുന്നത് എന്തുകൊണ്ടാണ്?

തീര്‍ച്ചയായും ഇന്ത്യയിലെ ആഫ്രിക്കക്കാരില്‍ പ്രശ്‌നക്കാരും ഉണ്ട്. ഇന്ത്യക്കാരിലുള്ളത് പോലെ തന്നെ. അല്ലെങ്കില്‍ അതിലും കുറവ്. എന്ന് കരുതി ഓരോ ആഫ്രിക്കനും മയക്കുമരുന്ന് കച്ചവടക്കാരന്‍ ആകുന്നത് എങ്ങനെയാണ്?

Follow Us:
Download App:
  • android
  • ios