ആദ്യ ഭാഗം: നോര്‍ത്ത് ഈസ്റ്റിലേക്ക്  ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റ്!
രണ്ടാം ഭാഗം: ഗാന്ധിയിലേക്കുള്ള ദൂരം
മൂന്നാം ഭാഗം: നാഗ്പൂരിലെ ചുവന്ന തെരുവ്!​

നാലാം ഭാഗം:  നിലമ്പൂര്‍ രാജ്യത്തുനിന്നും അക്ബറിന്റെ രാജധാനിയിലേക്ക് ഒരു സഞ്ചാരി!​

നോട്ടുപുസ്തകത്തിന്റെ ചട്ടയില്‍ തിളങ്ങി നില്‍ക്കുന്ന ഒരു മുസ്ലിം പള്ളി.  അതായിരുന്നു ഞാന്‍ കണ്ട ആദ്യത്തെ താജ്മഹല്‍. ഉയര്‍ന്നു നില്‍ക്കുന്ന മിനാരങ്ങള്‍ എന്റെ വിശ്വാസത്തെ ബലപ്പെടുത്തി. നാലിലോ അഞ്ചിലോ പഠിക്കുന്ന സമയത്താണ് ലോകത്തിലെ എഴ് അത്ഭുതങ്ങളില്‍ ഒന്നാണ് താജ്മഹല്‍ എന്നും അതിന്റെ പിന്നിലെ ചരിത്രവും മനസ്സിലായത്. പ്രണയം നാമ്പിടുന്ന ഹൈസ്‌കൂള്‍ കാലത്തിലാണ് ഒരു ഹിന്ദി സിനിമയില്‍ താജ്മഹല്‍ കാണുന്നത്. അതി മനോഹരമായ ഒരു കാഴ്ച്ച.

ഷാജഹാന്‍ തന്റെ ഭാര്യയുടെ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് താജ്മഹല്‍ പണിയിപ്പിക്കുന്നത്. യമുനയുടെ തീരത്തുള്ള ഈ പ്രണയകാവ്യം പണിതീരാന്‍ വര്‍ഷങ്ങള്‍ എടുത്തു. കോടികണക്കിന് രൂപയും ആയിരങ്ങളുടെ പ്രയത്‌നവും ഇതിന്റെ പിന്നിലുണ്ട്. ഇറാനിലെ ശില്പി ലഹോറിയാണ് ഇതിന്റെ മുഖ്യശില്പി എന്നും അതല്ല ഉസ്താദ് ഈസയാണ് എന്നും രണ്ടുപക്ഷമുണ്ട്.

കവാടം കഴിഞ്ഞു മുന്നോട്ടു പോവുമ്പോള്‍ ഇരുവശവും അലങ്കാരച്ചെടികള്‍ കാണാം, അതിനു നടുവിലൂടെ ചെറിയ ഒരു വെള്ളക്കെട്ടും. മുന്നോട്ട് ചെല്ലുന്തോറും പച്ചപ്പ് നിറഞ്ഞ മൈതാനവും. ചെരിപ്പഴിച്ച് വേണം താജ്മഹലില്‍ കയറാന്‍. പുറത്തു നിന്ന് രണ്ടു കവര്‍ മേടിച്ചിട്ടാണ് ഞങ്ങള്‍ ഇങ്ങോട്ട് വന്നത്. ചെരിപ്പിന്റെ പുറത്തു കവര്‍ ഇട്ടാല്‍ കാല്‍പാദം പൊള്ളില്ല. കത്തുന്ന സൂര്യന്റെ കീഴിലെ മാര്‍ബിള്‍ ഫലകങ്ങള്‍ കടുത്ത ചൂടായിരിക്കും. ആ സമയത്ത് ചിലപ്പോള്‍ താജിന്റെ ഒരു ഭംഗിയും ആസ്വദിക്കാന്‍ കഴിയില്ല. സുന്ദരിയായ ഒരു പെണ്‍കുട്ടി ചൂട് കാരണം ചാടി ചാടി നടക്കുന്നത് കണ്ടു. മനോഹരമായ ആ കാലുകള്‍ മിക്കവാറും കരിവാളിക്കും. ഒരു കവര്‍ കൂടി വാങ്ങാമായിരുന്നു. എങ്കില്‍ ഈ പ്രണയകാവ്യത്തിന്റെ അരികില്‍ മറ്റൊരു പ്രണയം പൊട്ടിമുളപ്പിക്കാമായിരുന്നു.

താജിന്റെ അകത്താണ് മുംതാസിന്റെ ശവകുടീരം. എന്നാല്‍ ഇതൊരു പുകമറ മാത്രമാണെന്നും മുംതാസിന്റെ ശരീരാവശിഷ്ടം ഒരിക്കലും ഇങ്ങോട്ട് കൊണ്ട് വന്നിട്ടില്ല എന്ന് ഒരിക്കല്‍ ആഗ്രാ സ്വദേശിയായ ഒരു അപ്പൂപ്പന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. പണ്ട് വിലപിടിപ്പുള്ള രത്‌നങ്ങളാല്‍ അലങ്കരിച്ചിരുന്നു. ബ്രിട്ടീഷ് അധിനിവേശകാലത്ത് അതെല്ലാം സായിപ്പ് കടത്തികൊണ്ട് പോയി. താജ്മഹല്‍ പറിച്ചെടുത്തു കൊണ്ടുപോവാന്‍ കഴിയാത്തതിനാല്‍ ആവണം ഇതിന്നും ഇവിടെ നില്‍ക്കുന്നത്.

ചെരിപ്പിന്റെ പുറത്തു കവര്‍ ഇട്ടാല്‍ കാല്‍പാദം പൊള്ളില്ല. കത്തുന്ന സൂര്യന്റെ കീഴിലെ മാര്‍ബിള്‍ ഫലകങ്ങള്‍ കടുത്ത ചൂടായിരിക്കും.

നാല് ഭാഗത്തും അതിഗംഭീരമായ തൂണുകളും മാര്‍ബിളില്‍ തന്നെയാണ്. പേര്‍ഷ്യന്‍ ലിപിയിലും മറ്റും മാര്‍ബിളില്‍ കൊത്തിവെച്ചിരിക്കുന്നതൊക്കെ എന്താണാവോ?. താജ്മഹലിന്റെ പുറകുവശത്തായി യമുന ഒഴുകുന്നു. യമുന എന്ന് പറയാമോ? കഴിയില്ല. അതിമനോഹരമായ യമുനയുടെ പ്രേതം മാത്രമാണ് ഇന്നുള്ളത്. നിറഞ്ഞു ഒഴുകുന്ന യമുനയില്‍ കൂടി ഒരു വഞ്ചിയില്‍ ഒറ്റക്ക് തുഴഞ്ഞങ്ങനെ പോവണം. അതും സന്ധ്യാസമയത്ത്. കൂടണയാന്‍ പോകുന്ന സൂര്യന്‍ താജിന്റെ മുകളില്‍ ചുമപ്പുരാശിയില്‍ നില്‍ക്കുന്നത് എനിക്ക് കാണണം.

അല്ല, അതിനു എനിക്ക് തുഴച്ചില്‍ അറിയില്ലല്ലോ.

ശ്രീനിവാസന്‍ പറഞ്ഞ പോലെ കിനാവ് കാണുന്നതിനു 'കൊഴപ്പമില്ലല്ലോ'.

താജ്മഹല്‍ പ്രദക്ഷിണം വെച്ച് വരുമ്പോള്‍ താഴേക്ക് ഒരു സ്‌റ്റെപ്പ് ഇറങ്ങി പോവുന്ന ഒരു അണ്ടര്‍ഗ്രൗണ്ട് ഉണ്ട്. അങ്ങോട്ട് ആരെയും കടത്തിവിടുന്നില്ല. ആഗ്ര കൊട്ടാരത്തിലേക്കുള്ള ഒരു രഹസ്യവഴി ആണെന്നാണ് കരുതുന്നത്. അതിനു വിശ്വസനീയമായ തെളിവൊന്നുമില്ല. താജില്‍ നിന്നിറങ്ങിയാല്‍ അതിനോട് ചേര്‍ന്ന് ഒരു മസ്ജിദ് ഉണ്ട്. മുമ്പില്‍ അംഗശുദ്ധി വരുത്താനുള്ള ചെറിയ ഒരു കുളവും. എല്ലാ വെള്ളിയാഴ്ചയും ഇവിടെ നമസ്‌കാരം ഉണ്ടാവാറുണ്ട്. താജിന്റെ ഒരു മനോഹരമായ ഓര്‍മ്മയുണ്ട്, രണ്ടോ മൂന്നോ വര്‍ഷം മുന്‍പ്, ഞാനും രബിയും കൂടി ഇവിടെ വന്നത്. സാധാരണ രാത്രിയില്‍ താജില്‍ ആരെയും പ്രവേശിപ്പിക്കില്ല. ഇടയ്ക്കു ഇതിനു അപവാദമായി ജിയോളജിക്കല്‍ സര്‍വ്വെ അനുമതി നല്‍കും. അഞ്ഞൂറ് രൂപാ പ്രവേശനനിരക്കില്‍. പൂര്‍ണനിലാവില്‍ കുളിച്ചു നില്‍ക്കുന്ന താജ് അത്രയും മനോഹരിയായി ഞാനെവിടെയും കണ്ടിട്ടില്ല.

പെട്ടെന്ന് താജില്‍ നിന്നിറങ്ങി നടന്നു. സമയം വൈകിയാല്‍ ഇന്ന് ആഗ്രാ ഫോര്‍ട്ടില്‍ എത്താന്‍ കഴിയില്ല. രണ്ടു കിലോമീറ്റര്‍ മാത്രമേ ഉള്ളൂ. പക്ഷേ ടിക്കറ്റ് കിട്ടാന്‍ പ്രയാസമാവും. ബൈക്കെടുത്തു ആഗ്രാ ഫോര്‍ട്ടിനെ ലക്ഷ്യമാക്കി അതിവേഗം കുതിച്ചു. ടിക്കറ്റ് തരുമ്പോള്‍ തന്നെ കൗണ്ടറില്‍ ഇരുന്നയാള്‍ പറഞ്ഞു, 'ഇനി അരമണിക്കൂര്‍ മാത്രമേ ഉള്ളൂ. ടിക്കറ്റ് വേണോ?' 

ടിക്കറ്റും മേടിച്ചു അകത്തേക്ക് നടന്നു. അമര്‍സിങ്ങ് ഗേറ്റ് കടന്നു ചെന്നാല്‍ വലതു വശത്തായി കാണുന്ന മന്ദിരമാണ് ജഹാംഗീര്‍ മഹല്‍. അക്ബര്‍ ചക്രവര്‍ത്തി തന്റെ രജപുത്ര ഭാര്യമാരെ താമസിപ്പിച്ചിരുന്നത് ഇവിടെയാണ്. പിന്നീട് ജഹാംഗീര്‍ ഇത് വിപുലീകരിച്ചു. ചുവന്ന മണല്‍കല്ല് കൊണ്ട് തന്നെയാണ് ഇതിന്റെ നിര്‍മ്മാണവും. ഹിന്ദു മുസ്ലിം വാസ്തുകലയുടെ മിശ്രണം കൂടിയാണ് ഈ നിര്‍മ്മിതി. അകത്തെല്ലാം മുഗള്‍ ആഡംബരം കാണാന്‍ കഴിയും. നാലുകെട്ടിനകത്ത് പച്ചപ്പ് നിറഞ്ഞ ഒരു പുല്‍ത്തകിടി. അകത്തും സമാനമായ കെട്ടിടങ്ങള്‍. ആഗ്രാകോട്ടയില്‍ വെച്ച് അകലത്തില്‍ താജ്മഹല്‍ കാണാം.

താജ് അത്രയും മനോഹരിയായി ഞാനെവിടെയും കണ്ടിട്ടില്ല.

കറുത്ത മാര്‍ബിളില്‍ ഒരു താജ്മഹലിന്റെ നിര്‍മ്മാണം കൂടി ഷാജഹാന്‍ തുടങ്ങി വെച്ചിരുന്നു. ഈ സമയത്താണ് ഔറംഗസേബ് അധികാരം പിടിച്ചെടുക്കുന്നത്. ഷാജഹാനെ ആഗ്രാ കോട്ടയില്‍ തടവില്‍ പാര്‍പ്പിച്ചു. തടവില്‍ കിടന്നു തന്നെ താജ് കാണുന്ന രീതിയില്‍ ആയിരുന്നു ജയിലറ. കടുത്ത ലൈംഗികരോഗം ബാധിച്ചു ഇവിടെ വെച്ചാണ് ഷാജഹാന്‍ മരിക്കുന്നത്.

ആഗ്രാകോട്ടയില്‍ നിന്നിറങ്ങുമ്പോള്‍ ഞാന്‍ വളരെ ക്ഷീണിച്ചിരുന്നു. രാവിലെ മാത്രമാണ് ഭക്ഷണം കഴിച്ചത്. പുറത്തു വെച്ച് ഒരു ജ്യൂസ് കുടിക്കുമ്പോള്‍ ആന്തരാവയവയങ്ങളില്‍ സുഖമുള്ള തണുപ്പ് പടരുന്നത് ഞാനറിഞ്ഞു.ബൈക്ക് പാര്‍ക്ക് ചെയ്യുന്ന ഭാഗത്ത് ചെറിയ ഒരു പുല്‍ത്തകിടി ഉണ്ട്. കുറച്ചു സമയം ഞങ്ങള്‍ അവിടെ വിശ്രമിച്ചു. കുറച്ചു കഴിഞ്ഞു ഫാസില്‍ കുലുക്കി വിളിച്ചപ്പോയാണ് ഞാനുണര്‍ന്നത്. പെട്ടെന്ന് എണീറ്റതുകാരണം സമചിത്തത വീണ്ടെടുക്കാന്‍ നിമിഷങ്ങള്‍ എടുത്തു. ഇത്ര ചെറിയ സമയത്തില്‍ എങ്ങനെ ഉറങ്ങാന്‍ കഴിഞ്ഞു ?

ഇനി എന്താണ് പ്ലാന്‍ ? ഫാസില്‍ എന്നോട് ചോദിച്ചു.

സത്യത്തില്‍ ആഗ്രയില്‍ നിന്ന് എങ്ങോട്ട് എന്ന് ഇതുവരെ ആലോചിച്ചിരുന്നില്ല.

ഫാസിലിനു തിരിച്ചു പോയാല്‍ കൊള്ളാമെന്നുണ്ട്. ഞാന്‍ നിര്‍ബന്ധിക്കാന്‍ നിന്നില്ല. കാരണം മുന്നോട്ടുള്ള യാത്ര ദുസ്സഹം തന്നെ ആയിരിക്കും. രണ്ടു ഓപ്ഷന്‍ ആണുള്ളത്. ഒന്നെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് കേരളയിലോ, നിസാമുദ്ദീനിലോ കയറ്റിവിടുക. അല്ലെങ്കില്‍ പ്രതിവാര ട്രെയിനില്‍. മൊബൈലില്‍ ഇന്ത്യന്‍ റെയില്‍വേയുടെ വെബ്‌സൈറ്റില്‍ കയറി നോക്കി കേരളയും നിസാമുദ്ദീനും ഫുള്ളാണ്. പിന്നെ ഉള്ളത് മറ്റെന്നാള്‍ ചണ്ഡിഗഢില്‍ നിന്നുള്ള സമ്പര്‍ക്കക്രാന്തിയാണ്. അതിനു ഒരു ടിക്കറ്റ് ബുക്ക് ചെയ്തു. മറ്റൊരു ദിവസമാണെങ്കില്‍ ഇന്ന് രാത്രി ഡ്രൈവ് ചെയ്തിട്ടെങ്കിലും ചണ്ഡിഗഢില്‍ എത്തുമായിരുന്നു. ഇന്ന് വല്ലാത്ത ക്ഷീണം. എന്ത് ചെയ്യും. ഫാസിലിനെകൊണ്ട് ഡ്രൈവ് ചെയ്യിപ്പിക്കാനുള്ള ആത്മവിശ്വാസം എനിക്കില്ല. ഇന്ന് രാത്രി ഡല്‍ഹിയിലേക്കു യാത്ര ചെയ്യുന്നത് ഓര്‍ക്കാനേ വയ്യ. പിന്നെ ചെയ്യാവുന്നത് അലിഗഢില്‍ പോയി അഷ്‌റഫിന്റെ കൂടെ രാത്രി കഴിക്കുക എന്നാണ്. ഒടുവില്‍ അലിഗഢില്‍ പോവാനും അഷ്‌റഫ് അവിടെ ഇല്ലെങ്കില്‍ പുറത്തു റൂം എടുക്കാനുമുള്ള കണക്കുകൂട്ടലില്‍ അലിഗഡിലേക്ക് യാത്ര തിരിച്ചു.

കടുത്ത ലൈംഗികരോഗം ബാധിച്ചു ഇവിടെ വെച്ചാണ് ഷാജഹാന്‍ മരിക്കുന്നത്

യമുനാ എക്‌സ്പ്രസ്‌വേ വാക്കുകള്‍ക്ക് അതീതമാണ്. അതിഗംഭീരമായ ആറുവരിപ്പാത. നോയിഡയും ആഗ്രയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ഹൈവേ ആകെ 165 കിലോമീറ്റര്‍ ദൂരമേ ഉള്ളൂ. ഇത്രയും മികച്ച മറ്റൊരു ഹൈവേയും ഞാന്‍ കണ്ടിട്ടില്ല. അലിഗഢ് വരെ എനിക്കും ടോള്‍ കൊടുക്കേണ്ടി വന്നു. അന്‍പതു രൂപാ. നൂറു കിലോമീറ്റര്‍ സ്പീഡ് കഴിഞ്ഞാല്‍ ക്യാമറ പിടിക്കും. അതിനാല്‍ വളരെ ശ്രദ്ധിച്ചാണ് വണ്ടി ഓടിക്കുന്നത്. ഇടയ്ക്കു എന്റെ കണ്ണുകള്‍ അടഞ്ഞു പോവുന്ന പോലെ തോന്നുന്നു. ഒരുവിധം മധുര ബൈപ്പാസില്‍ എത്തിച്ചു. ഒരു കടയില്‍ കയറി ഒരു ചായ കുടിച്ചു. എന്റെ കയ്യിലെ സിഗരറ്റ് കഴിഞ്ഞിരുന്നു. ആ കടയില്‍ നിന്ന് തന്നെ ഒരു സിഗരറ്റ് വാങ്ങി തീ പിടിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കാറ്റ് വീശുന്നത് കാരണം രണ്ടു തവണ എന്റെ ശ്രമം പരാജയപെട്ടു. പെട്ടെന്ന് അവിടെ ഇരുന്ന ഒരാള്‍ എണീക്കുകയും രണ്ടു കൈകൊണ്ടും പിടിച്ചു ഒരു മറ ഉണ്ടാക്കുകയും ചെയ്തു. നന്ദിയോടെ ഞാനൊന്നു മന്ദഹസിച്ചു.

വളരെ ശ്രദ്ധിച്ചു ഫാസിലിനോട് വണ്ടിയെടുക്കാന്‍ പറഞ്ഞ്്, ഞാന്‍ പിന്നില്‍ കയറി. കുറച്ചു ദൂരം പോയപ്പോയെക്കും ഒരു പോലീസുകാരന്‍ കൈ കാണിച്ചു. ഇരുട്ടില്‍ നിന്ന് കയറി വന്നതിനാലും, പോലിസ് ആയതിനാലും ഫാസില്‍ ഒന്ന് പതറി എന്ന് തോന്നുന്നു. ബ്രേക്ക് ചവിട്ടി നിര്‍ത്തുന്നതിനിടക്ക് ബൈക്ക് ഓഫായി പോയി. ജോലികഴിഞ്ഞു പോകുന്ന അയാള്‍ ഒരു ലിഫ്റ്റ് കിട്ടുമോ എന്നറിയാന്‍ വേണ്ടി കൈകാണിച്ചതായിരുന്നു. രണ്ടുപേരുള്ളതിനാല്‍ പോവാനും പറഞ്ഞു. വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് അദ്ദേഹം നമ്പര്‍ പ്ലേറ്റ് കണ്ടെതെന്നു തോന്നുന്നു. വീണ്ടും അടുത്തു വന്നു എവിടെ പോവുന്നു എന്നെല്ലാം അന്വേഷിച്ചു. ഇത്ര ദീര്‍ഘമായ യാത്ര ആയതിനാല്‍ നമ്മുടെ ഫളാഗ് ബൈക്കിന്റെ മുന്‍പില്‍ വെച്ചാല്‍ നന്നാവും എന്നും പറഞ്ഞു പുള്ളി വേറൊരു ബൈക്കില്‍ കയറി പോയി.

അലിഗഢ് എത്തിയതിനു ശേഷം അഷ്‌റഫിനെ വിളിച്ചു. ഭാഗ്യം അവനവിടെ തന്നെയുണ്ട്. കുറച്ചു മുന്നോട്ടു വരാനും പറഞ്ഞു. എന്നെ അവിചാരിതമായി കണ്ടതിന്റെ യാതൊരു ഭാവവ്യത്യാസവും അവനില്ല. എങ്ങനെ ഉണ്ടാവാനാണ്, ചെറുപ്പം തൊട്ടേ എന്റെ എല്ലാ ഭ്രാന്തും അവനറിയാമല്ലോ. യൂണിവേഴ്‌സിറ്റിയോട് ചേര്‍ന്ന് ഒരു വീടെടുത്താണ് അവന്റെ താമസം. ഹൈദരാബാദ് സ്വദേശിയായ റഫീക്ക് മാത്രമാണ് അന്നവിടെ ഉണ്ടായിരുന്നത്. ബാക്കിയുള്ളവരൊക്കെ നാട്ടില്‍ പോയിരിക്കുകയാണ്. ഞങ്ങളുടെ വരവ് പ്രമാണിച്ച് റഫീക്ക് ബിരിയാണിക്കുള്ള വട്ടംകൂട്ടി. കുളിച്ചു വന്നതിനു ശേഷം യാത്രയെ കുറിച്ച് ചെറിയ ഒരു വിവരണം കൊടുത്തു.

ഇവന് ചെറുപ്പത്തിലെ ഭ്രാന്താണ്. നിനക്ക് എന്തിന്റെ കുത്തിക്കഴപ്പാ?

ഫാസിലിനോടായി അഷ്‌റഫിന്റെ ചോദ്യം. ഞാന്‍ മറ്റെന്നാള്‍ തിരിച്ചു പോകും എന്ന് അതിനു മറുപടിയും കൊടുത്തു. ഈ ചോദ്യത്തില്‍ എന്നെ ചിന്തിപ്പിച്ച ഒരു കാര്യം ഈ പദങ്ങളൊക്കെ ഇവനെവിടുന്നു കിട്ടി എന്നതാണ്. മാത്രമല്ല അങ്ങനെയൊന്നും അവന്‍ സംസാരിക്കാറുമില്ല. റഫീക്കിന്റെ ബിരിയാണി സൂപ്പര്‍ ആയിരുന്നു. നല്ല അസ്സല്‍ ഹൈദരാബാദ് ബിരിയാണി. നേരത്തെ കിടക്കണമെന്ന് കരുതിയിരുന്നെകിലും സംസാരിച്ചിരുന്ന് ഉറങ്ങിയപ്പോള്‍ പാതിരാത്രി ആയിരുന്നു.

(അടുത്ത ഭാഗം അടുത്ത ആഴ്ച)

ആദ്യ ഭാഗം: നോര്‍ത്ത് ഈസ്റ്റിലേക്ക്  ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റ്!
രണ്ടാം ഭാഗം: ഗാന്ധിയിലേക്കുള്ള ദൂരം
മൂന്നാം ഭാഗം: നാഗ്പൂരിലെ ചുവന്ന തെരുവ്!​

നാലാം ഭാഗം:  നിലമ്പൂര്‍ രാജ്യത്തുനിന്നും അക്ബറിന്റെ രാജധാനിയിലേക്ക് ഒരു സഞ്ചാരി!​