ആര്‍ ഷിജു എഴുതുന്നു

ഭാഷയും ഭാഷാപഠനവും നേരിടുന്ന ഈ പ്രതിസന്ധികളുടെ പ്രതിഫലനമായി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവനയെ കാണാവുന്നതാണ്. എങ്കില്‍ അത് ഗുണപരമായ സംവാദങ്ങളിലേക്ക് നയിക്കും. അതല്ല, അഹങ്കാരി, മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയുള്ള കോലാഹലം, സീരിയല്‍ നടന്‍ തുടങ്ങിയ ആക്ഷേപഹാരങ്ങള്‍ കൊണ്ടാണ് നാം ആ പ്രസ്താവനയെ സ്വീകരിക്കുന്നതെങ്കില്‍ സംവാദങ്ങളല്ല, വിവാദങ്ങളാണ് വേവുക.

കഴിഞ്ഞ ദിവസം സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്ന ഒരു കുട്ടി ഫോണില്‍ വിളിച്ചിരുന്നു. മലയാളമാണ് ഐച്ഛിക വിഷയം. മറ്റു പൊതു പേപ്പറുകളും മലയാളത്തിലാണ് എഴുതുന്നത്. അവരെപ്പോലെ ഒത്തിരി കുട്ടികള്‍ അങ്ങനെ തയ്യാറെടുക്കുന്നുണ്ട്. അവര്‍ നേരിടുന്ന ചില പ്രധാന പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നാണ് ചോദിക്കുന്നത്.

'മാഷേ കാര്യങ്ങളൊക്കെ ഒരു വിധം അറിയാം. പക്ഷേ എഴുതുമ്പോള്‍ ഒരു ഘടനയില്ലാത്തതാണ് പലരുടെയും പ്രശ്‌നം. വാക്യഘടനയും അക്ഷരങ്ങളും മിക്കപ്പോഴും മാറിപ്പോവുന്നു. ചുരുങ്ങിയ സമയം നിര്‍ദ്ദേശിക്കപ്പെട്ട ഇടത്ത് ആശയങ്ങള്‍ എഴുതിഫലിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ ഞങ്ങള്‍ പലപ്പോഴും നേരിടുന്നു. നല്ല അക്ഷരത്തെറ്റുകളുമുണ്ട്. ഇതെങ്ങനെ പരിഹരിക്കും എന്നാണ് ഞങ്ങള്‍ ആലോചിക്കുന്നത് ? ' 

മലയാളം മീഡിയം പഠിച്ച കുട്ടിയാണ്. ഞാന്‍ ആ കുട്ടി പിന്നിട്ട ക്ലാസ്സ് മുറികള്‍ ആലോചിച്ചു നോക്കി. ഞാനടക്കമുള്ള അധ്യാപകര്‍ക്ക് മുന്നിലൂടെ കടന്നുപോവുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ ആലോചിച്ചു നോക്കി. ഓരോ വര്‍ഷവും കാണുന്ന ഹയര്‍ സെക്കന്ററി പരീക്ഷയിലെ ഉത്തരക്കടലാസുകളെ ഓര്‍ത്തു നോക്കി.

'ഒട്ടുമിക്ക ബാച്ചുകളിലും മലയാളമെടുത്ത് സിവില്‍ സര്‍വീസിന് പോവുന്നവര്‍ ഈ പ്രശ്‌നം അനുഭവിക്കുന്നുണ്ട് സാര്‍, മലയാളം എടുത്താല്‍ സിവില്‍ സര്‍വീസ് കിട്ടാന്‍ വലിയ പ്രയാസമാണ് എന്ന തരത്തില്‍ ഇപ്പോള്‍ കുട്ടികള്‍ പറയുന്നു'-കുട്ടി തുടരുന്നു.

സിവില്‍ സര്‍വിസ് ആണോ അറിവിന്റെ മാനദണ്ഡം എന്ന ദാര്‍ശനിക പുച്ഛം എവിടെയൊക്കെയോ ഇരുന്നു ചിറി കോട്ടുന്നുണ്ട്. എനിക്കതു കാണാനാവും.

'അതെ സാര്‍, അതും ഒരു മാനദണ്ഡമാണ്'

ആധുനിക ജീവിതത്തിന്റെ പല സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കാന്‍ മാതൃഭാഷയെ പര്യാപ്തമാക്കുക എന്നത് മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരമാണ്. ഭാഷയ്ക്കൊപ്പം ആ ഭാഷയില്‍ വിശ്വസിക്കുന്ന ജനതയുടെ അതിജീവനവുമാണത്. ഇംഗ്ലീഷ് വഴി നാഗരിക, ഉന്നത കുലജാതര്‍ കൈയടക്കി വച്ചിരിക്കുന്ന സിവില്‍ സര്‍വീസിന്റെ മേഖലയില്‍ ഗ്രാമീണപിന്നാക്കക്കാര്‍ക്ക് കയറിച്ചെല്ലാനുള്ള ഒരു ഉപാധിയാണ് മാതൃഭാഷ. സാമൂഹ്യനീതിയെന്നത് അവസര സമത്വവും അധികാര പങ്കാളിത്തവുമാണ്.

അല്‍പമെങ്കിലും അക്കാദമിക് നിലവാരവും ആത്മവിശ്വാസവും ഉള്ള കുട്ടികളായിട്ടും അവര്‍ക്ക് ഭാഷാകേന്ദ്രിതമായ കുഴപ്പങ്ങള്‍ ഉണ്ടെങ്കില്‍ നമ്മുടെ പഠന സമ്പ്രദായത്തിന് എന്തോ കുഴപ്പമുണ്ട്. പഠനത്തിലെ അവ്യവസ്ഥിതത്വവും മൂല്യനിര്‍ണ്ണയത്തിലെ ഉദാരീകരണവും ക്ലാസ്സ്മുറികളില്‍ മിടുക്കരാക്കുന്ന കുട്ടികളെ മത്സരത്തിന്റെ, കരിയറിന്റെ ലോകത്ത് നിസ്സഹായരാക്കുന്നുണ്ടോ ? 

കേരള പി.എസ്.സി, അധ്യാപക യോഗ്യതയ്ക്ക് വേണ്ടിയുള്ള 'കെ ടെറ്റ്' 'സെറ്റ് ' തുടങ്ങി വിദ്യാലയങ്ങള്‍ക്ക് പുറത്തു ഒട്ടേറെ യോഗ്യതാ പരീക്ഷകള്‍ ഒട്ടും ഉദാരമല്ലാതെ നടക്കുന്നു. അവിടെ അയോഗ്യരാക്കപ്പെടുമ്പോള്‍ നമ്മുടെ കുട്ടികള്‍ താനിതുവരെ പഠിച്ചതൊക്കെ, താന്‍ നേടിയ അംഗീകാരങ്ങളൊക്കെ നുണയാണ് എന്ന് തോന്നുന്നുണ്ടാവില്ലേ ? 

പി എസ് സി പരീക്ഷകളില്‍ പത്തു മാര്‍ക്കിന് മലയാളം ഭാഷയും വ്യാകരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉണ്ട്. സത്യത്തില്‍ പി എസ് സി പരീക്ഷകള്‍ മാതൃഭാഷയില്‍ ചോദ്യപേപ്പറുകള്‍ നല്‍കിയാണ് നടത്തേണ്ടത്. കാരണം ഭരണഭാഷ മാതൃഭാഷയായ ഒരു സംവിധാനത്തെയാണ് ഈ ഉദ്യോഗാര്‍ത്ഥികള്‍ സേവിക്കേണ്ടത്. അത് ആവശ്യപ്പെട്ടപ്പോഴാണ് പി. എസ്. സി ഈ പത്ത് മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉണ്ടാകും എന്ന് പറഞ്ഞത്. അത് രണ്ടും രണ്ടാണ്. പക്ഷേ ചോദ്യങ്ങള്‍ മാതൃഭാഷയില്‍ ആയാലും ഭാഷാവ്യാകരണവും പ്രയോഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നിലനിര്‍ത്തണം എന്നു തന്നെയാണ് എന്റെ അഭിപ്രായം.

ഭാഷയ്ക്ക് ഔപചാരികവും അനൗപചാരികവുമായ തലങ്ങളുണ്ട്. ഒരു ഭാഗത്ത് ജനതയുടെ സംസാരഭാഷയും മറുഭാഗത്ത് സാഹിത്യ ഭാഷയും ഈ അനൗപചാരിക ഭാഷാപ്രയോഗത്തിന്റെ ഉദാഹരണങ്ങളാണ്. ഒരര്‍ത്ഥത്തില്‍ അതു തന്നെയാണ് ജൈവഭാഷ. അവയുടെ കര്‍മ്മ മണ്ഡലങ്ങളില്‍ നിയമങ്ങള്‍ക്ക് വലിയ പ്രസക്തിയൊന്നുമില്ല. അത് പല കാരണങ്ങള്‍ കൊണ്ട് മാറിക്കൊണ്ടേയിരിക്കുന്നു. അതിലാണ് ഭാഷയുടെ ശക്തിയും സൗന്ദര്യവും കുടികൊള്ളുന്നത്. 

പക്ഷെ, ഭരണവ്യവസ്ഥയുടെ, വിജ്ഞാന സമ്പാദനത്തിന്റെ ഔപചാരിക വ്യവസ്ഥകള്‍ക്ക് വിനിമയത്തിന് ഒരു ഭാഷ വേണം. അവിടെ ഒരു പരിധിയില്‍ കവിഞ്ഞു ഭാഷയ്ക്ക് അനൗപചാരികമാവാന്‍ കഴിയില്ല. പ്രാദേശിക ഭേദങ്ങള്‍ക്കും വ്യക്തിപരമായ ആവിഷ്‌കാരത്തിനും അവിടെ വലിയ റോള്‍ ഇല്ല.

അനൗപചാരിക ഭാഷയും ഔപചാരിക ഭാഷയും പരസ്പരം ശത്രുക്കളല്ല, മറിച്ചു വ്യത്യസ്ത കര്‍മ്മ മണ്ഡലങ്ങളില്‍ അവയുടെ ധര്‍മ്മം നിര്‍വഹിക്കുന്ന, ഒരേ ഭാഷാവ്യവസ്ഥയുടെ അനുപൂരക ഘടകങ്ങളാണ്. ആധുനിക ജീവിത സന്ദര്‍ഭങ്ങളെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമായ ഔപചാരിക ഭാഷയ്ക്കാണ് ഭാഷാ പഠനത്തില്‍ പ്രാധാന്യം നല്‍കേണ്ടത്. പ്രത്യേകിച്ച് പ്രാഥമിക വിദ്യാഭ്യാസത്തില്‍. അവിടെ അനൗപചാരിക പ്രവണതകള്‍ക്ക് അമിതമായി ഇടം നല്‍കിയാല്‍ അത് സമൂഹത്തിന്റെ ഭാഷാ പ്രയോഗശേഷിയെ സാരമായി ബാധിക്കും. ഭരണ ഭാഷയും വിജ്ഞാന ഭാഷയുമായിത്തീരാനുള്ള മലയാളത്തിന്റെ സമരത്തെ അത് ഉള്ളില്‍ നിന്നും തോല്പിക്കും.

ഒരു ജനതയുടെ അതിജീവനത്തിന് ഉതകാത്ത ഭാഷ, സാഹിതീയവും പ്രാദേശികവുമായ അനൗപചാരിക സന്ദര്‍ഭങ്ങള്‍ കൊണ്ടു മാത്രം പുലരുകയില്ല. ഒരര്‍ത്ഥത്തില്‍ മാനക ഭാഷയുടെ അതിജീവനവും അതിന്റെ അനൗപചാരിക തലവും പരസ്പരം തളര്‍ത്തുകയല്ല, വളര്‍ത്തുകയാണ് ചെയ്യുന്നത്. 

ഭാഷയും ഭാഷാപഠനവും നേരിടുന്ന ഈ പ്രതിസന്ധികളുടെ പ്രതിഫലനമായി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവനയെ കാണാവുന്നതാണ്. എങ്കില്‍ അത് ഗുണപരമായ സംവാദങ്ങളിലേക്ക് നയിക്കും. അതല്ല, അഹങ്കാരി, മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയുള്ള കോലാഹലം, സീരിയല്‍ നടന്‍ തുടങ്ങിയ ആക്ഷേപഹാരങ്ങള്‍ കൊണ്ടാണ് നാം ആ പ്രസ്താവനയെ സ്വീകരിക്കുന്നതെങ്കില്‍ സംവാദങ്ങളല്ല, വിവാദങ്ങളാണ് വേവുക.

അതുപോലെ എഴുതിക്കഴിഞ്ഞ കവിതയുടെ കര്‍ത്താവാരാണ് എന്ന് റൊളാങ്ങ് ബാര്‍ത്തിനെ മുന്‍നിര്‍ത്തി ചോദിക്കുകയുമാവാം. ആ പ്രസ്താവനയില്‍ വേശ്യാത്തെരുവില്‍ മകളെ വില്‍ക്കുന്ന ഉപമയിലെ സ്ത്രീ വിരുദ്ധതയും പാട്രിയാര്‍ക്കിയും ചര്‍ച്ച ചെയ്യുകയുമാവാം. (അതൊക്കെ ചര്‍ച്ച ചെയ്യേണ്ടതുമാണ്. പക്ഷേ ഈ സന്ദര്‍ഭം അവശ്യപ്പെടുന്ന മുന്‍ഗണനാ ക്രമം അതൊന്നുമല്ല എന്നു മാത്രമാണ്) 

ദൗര്‍ഭാഗ്യവശാല്‍ വിവാദങ്ങള്‍ വേവിച്ചു തിന്നുന്ന ഒരു ജനതയാണ് നാം