ഒരുപാട് കഷ്ടപ്പെട്ട്, കഠിനാധ്വാനത്തിലൂടെ ജീവിതവിജയം നേടിയ നിരവധി പേരുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, അവരിൽ നിന്നെല്ലാം വ്യത്യസ്‍തനാണ് ജപ്പാനിൽ നിന്നുള്ള 37 -കാരനായ ഷോജി മോറിമോട്ടോ. ട്വിറ്ററിൽ 270,000 ഫോളോവേഴ്‌സുള്ള അദ്ദേഹം ഇന്ന് ഒരു സെലിബ്രിറ്റിയാണ്. ദേശീയ ടെലിവിഷനിൽ ഷോകളിൽ പങ്കെടുത്തും, മാസികകളിൽ അഭിമുഖങ്ങൾ നൽകിയും, പുസ്തകങ്ങൾ എഴുതിയും അദ്ദേഹം പ്രശസ്തനായി തീർന്നു. എന്നാൽ, ഇതെല്ലാം എങ്ങനെ സാധിച്ചു എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉളളൂ. ഒന്നും ചെയ്യാതെ വെറുതെ ഇരുന്ന് നേടിയതാണ് അദ്ദേഹം ഈ പേരും പ്രശസ്തിയും. വെറുതെ ഇരിക്കുക എന്ന ഈ വിചിത്രമായ കരിയർ മൂലം കേവലം രണ്ട് വർഷത്തിനുള്ളിൽ ടോക്കിയോയിലെ തൊഴിലില്ലാത്ത ഒരാളിൽ നിന്ന് ജപ്പാനിലെ ഒരു സെലിബ്രിറ്റിയായി ഷോജി മോറിമോട്ടോ മാറി. 

അത്ഭുതം തോന്നുമെങ്കിലും, നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ ഈ സേവനത്തിനായി അദ്ദേഹത്തെ സമീപിക്കുന്നത്. ഷോജി ആളുകളെ കണ്ടുമുട്ടുകയും, അവരോടൊപ്പം സമയം ചെലവഴിച്ച് അവരുടെ കഥകൾ കേൾക്കുകയും ചെയ്യുന്നു. അയാൾ ഒരു നല്ല കേൾവിക്കാരനായി ആ അപരിചിതർക്ക് മുന്നിൽ ഇരിക്കും, അത്ര തന്നെ. താൻ അവർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയോ, കുടിക്കുകയോ, സംഭാഷണത്തിലേർപ്പെടുകയോ അല്ലാതെ മറ്റൊന്നും ചെയ്യില്ലെന്ന് അവരെ മുൻകൂട്ടി അദ്ദേഹം അറിയിക്കുന്നു.  

പഠിക്കുന്ന സമയത്ത്, ഒരു മിടുക്കനായ വിദ്യാർത്ഥിയായിരുന്നു ഷോജി മോറിമോട്ടോ. കഷ്ടപ്പെട്ട് പഠിച്ച്, നല്ല മാർക്ക് വാങ്ങി, പ്രശസ്തമായ ഒസാക്ക സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി അദ്ദേഹം. തുടർന്ന് ഒരു പ്രസിദ്ധീകരണ കമ്പനിയിൽ എഡിറ്ററായി ജോലിയും ലഭിച്ചു. എന്നാൽ, മൂന്ന് വർഷത്തിന് ശേഷം 2017 -ൽ, താൻ ആഗ്രഹിച്ച ജോലിയല്ല ഇതെന്ന് മനസിലാക്കി അദ്ദേഹം അത് ഉപേക്ഷിക്കുകയായിരുന്നു. നീഷേയുടെ കൃതി വായിച്ചതോടെയാണ് ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പൂർണ്ണമായും മാറിയതെന്ന് അദ്ദേഹം ടൊയോക്കിസായ് ഓൺ‌ലൈനിനോട് പിന്നീട് പറയുകയുണ്ടായി.  

2018 ഓഗസ്റ്റിലാണ് ഒരു ട്വീറ്റിലൂടെ ഷോജി തന്റെ വിപ്ലവകരമായ സേവനം ലോകത്തോട് പ്രഖ്യാപിച്ചത്. “People Who Do Not Rent“, എന്ന തലക്കെട്ടിൽ, ചെറി പുഷ്പം വിരിയുന്നത് കാണാനോ, ആളുകളുടെ കഥകൾ കേൾക്കാനോ, അതുമല്ലെങ്കിൽ ഒരാളായി കൂടെ വെറുതെ ഇരിക്കാനോ താൻ തയ്യാറാണെന്നും, ആവശ്യമുള്ള ഏതൊരാൾക്കും തന്നെ വാടകയ്ക്ക് എടുക്കാമെന്നും അദ്ദേഹം അതിൽ എഴുതി. ഗതാഗത ചെലവുകൾക്കും, ഭക്ഷണപാനീയങ്ങൾക്കും (എന്തെങ്കിലും ഉണ്ടെങ്കിൽ) മാത്രമേ പണം ഈടാക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

അദ്ദേഹത്തിന്റെ ഈ ആശയം സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ പ്രചാരം നേടി. അപരിചിതരിൽ നിന്നുള്ള അഭ്യർത്ഥനകളാൽ അദ്ദേഹത്തിന്റെ ഇൻബോക്സ് നിറഞ്ഞു. അദ്ദേഹത്തിന്റെ ട്വിറ്റർ ഫോളോവേഴ്‌സിന്റെ എണ്ണം ഒരു വർഷത്തിനുള്ളിൽ തന്നെ 170,000 ആയി ഉയർന്നു. ഇപ്പോൾ ഇത് 270,000 -ൽ കൂടുതലാണ്. അദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിക്കുന്നതിനനുസരിച്ച്, ടിവി നെറ്റ്‌വർക്കുകൾ, മാഗസിനുകൾ എന്നിവയിൽ നിന്ന് അഭ്യർത്ഥനകൾ ലഭിക്കാൻ തുടങ്ങി. അത് കൂടുതൽ ബിസിനസ്സ് കൊണ്ടുവന്നു. ഇന്ന്, “Mr. Rental” വളരെ തിരക്കേറിയ ഒരു വ്യക്തിയാണ്. മിക്ക ദിവസങ്ങളിലും അദ്ദേഹം രാവിലെ 8:30 -ന് വീട്ടിൽ നിന്ന് പുറപ്പെടും, രാത്രി 10:00 -ന് മാത്രമേ മടങ്ങുകയുള്ളൂ.

അദ്ദേഹത്തിന്റെ സേവനം അടിസ്ഥാനപരമായി സൗജന്യമാണ്. വണ്ടിക്കൂലിയും, കഴിക്കുന്ന ഏതെങ്കിലും ഭക്ഷണപാനീയങ്ങളുടെ പണവും മാത്രമേ അദ്ദേഹം ഈടാക്കാറുള്ളൂ. എന്നിരുന്നാലും ആളുകൾ അധിക തുക നൽക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. ഒന്നും ചെയ്യാതിരിക്കുന്ന ഒരു മനുഷ്യൻ യഥാർത്ഥത്തിൽ എന്താണ് ചെയ്യുന്നത്? തന്റെ അനുഭവങ്ങൾ ഷോജി വിശദീകരിച്ചു. മാസത്തിൽ ഒരിക്കൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ സന്ദർശിക്കുന്നത് ഒരു ഹോബിയായി കൊണ്ടുനടക്കുന്ന ഒരാൾ ഒരിക്കൽ അദ്ദേഹത്തെ ക്ഷണിക്കുകയുണ്ടായി. തന്റെ ഹോബിയെക്കുറിച്ച് ആരോടെങ്കിലും പറയാൻ ആഗ്രഹിക്കുന്നതിനാൽ ആ വ്യക്തി ഷോജിയെ വാടകയ്‌ക്കെടുത്തു. ഷോജി മൂന്ന് മണിക്കൂറോളം ആ വ്യക്തിക്കൊപ്പം പഞ്ചനക്ഷത്ര ഹോട്ടലിൽ സമയം ചിലവഴിച്ചു. പിന്നീടൊരിക്കൽ മറ്റൊരാൾ അദ്ദേഹത്തിന് എഴുതി “ഒരു കുടുംബാംഗമോ സുഹൃത്തോ കാമുകനോ അല്ലാത്ത, എന്നെ ഒട്ടും അറിയാത്ത ഒരാൾക്കൊപ്പം എനിക്ക് വെറുതെ കുറച്ച് സമയം ചിലവിടണമെന്ന് തോന്നി. നിങ്ങൾ മറ്റൊന്നും ചെയ്യേണ്ടതില്ല.”   

ആളുകളെ വാടകയ്‌ക്കെടുക്കുന്നത് യഥാർത്ഥത്തിൽ ജപ്പാനിൽ സാധാരണമാണ്. പ്രണയബന്ധം നിലനിർത്താൻ മുതൽ ചിരിക്കാനായി ഒരു ദിവസം 45 സെന്റിന് ഒരു ഹാസ്യനടനെ വാടകയ്‌ക്കെടുക്കുന്നതുവരെ നീളുന്നു ആ ബിസിനസ്സ്. മക്കളുടെ രക്ഷകർത്താക്കളായി വേഷമിടാൻ വരെ അവിടെ ആളുകളെ കിട്ടും. എന്നാൽ ഒന്നും ചെയ്യാത്തത്തിന്റെ പേരിൽ ഇത്രയേറെ വിജയിച്ച മറ്റൊരാൾ ഉണ്ടാകില്ല അവിടെ. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജപ്പാനിൽ 2020 ഏപ്രിലിൽ ഒരു ടിവി സീരീസ് പ്രദർശിപ്പിച്ചിരുന്നു.