തൊഴിലാളിയാണെങ്കിലും,മുതലാളിയാണെങ്കിലും, മുക്രിയാണെങ്കിലും,പള്ളി വികാരിയാണെങ്കിലും അക്രമിക്കാന്‍ വരുന്നവരെ തൊഴിലാളികള്‍ എന്നാണോ വിശേഷിപ്പിക്കേണ്ടത്? അതോ അക്രമിയെന്നോ?

ഈ വീഡിയോ എടുത്ത് മാധ്യമങ്ങള്‍ക്കയച്ചു തന്നവര്‍ പി. സി ജോര്‍ജിനെ വളര്‍ത്താനാണോ ഉപദ്രവിക്കാനാണോ ശ്രമിക്കുന്നത്? പി.സി ജോര്‍ജ്ജിന് ഭ്രാന്തില്ല. അദ്ദേഹത്തിന് ഗവണ്‍മെന്റ് അനുവദച്ച് കൊടുത്ത തോക്ക് അദ്ദേഹത്തിന്റെ സ്വയ രക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സുഖലോലുപനായിട്ടുള്ള എംഎല്‍എ അല്ല അദ്ദേഹം. ഏത് ജനങ്ങളുടെയും ഏത് വിഷയത്തിലും നേരിട്ടിടപെടുന്ന വ്യക്തിയാണദ്ദേഹം.

അദ്ദേഹം അവിടെ പോയതെന്തിനാണെന്ന് മനസ്സിലാക്കിയാല്‍ കാര്യങ്ങള്‍ വ്യക്തമാകും. വര്‍ഷങ്ങളായി തോട്ടത്തിനോട് ചേര്‍ന്ന്താമസിക്കുന്ന അമ്പതോളം കുടുംബങ്ങളുണ്ടവിടെ. ആ കുടുംബങ്ങള്‍ക്ക് വഴി കിട്ടുക എന്നത് വര്‍ഷങ്ങളായിട്ടുള്ള ആവശ്യമാണ്. ഈ ഭൂമിയില്‍ സര്‍ക്കാരുമായി വര്‍ഷങ്ങളായി കേസ് നടക്കുന്നതിനാല്‍ തടിവെട്ടിമാറ്റാന്‍ കഴിയുന്നില്ല. അതിനാല്‍ അവിടെ ഒരു പണിയും നടക്കുന്നില്ല. 

പട്ടിണി പാവങ്ങളായ അവര്‍ക്ക് വഴിയില്ല. വഴി മതിലുകെട്ടി അടച്ചു. മരണമുണ്ടായാല്‍ ഡെഡ് ബോഡിയെടുത്ത് പുറത്ത് കൊണ്ടുവരാന്‍ വഴിയില്ല.വഴിയുണ്ടാക്കി കൊടുക്കാന്‍ പോയ ആളാണ് പി.സി ജോര്‍ജ്. വര്‍ഷങ്ങളായി അവിടെ കുടില്‍ വെച്ച് താമസിക്കുന്ന പാവങ്ങളെ ഹാരിസണ്‍ എസ്റ്റേറ്റ് മുതലാളിമാരുടെ ഗുണ്ടകള്‍ ആക്രമിച്ചു. അവരെ ആക്രമിച്ച സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു 'മുതലാളിമാരുടെ കാശും വാങ്ങി പാവപ്പെട്ടവരെ ഉപദ്രവിക്കാന്‍ ആരു വന്നാലും ഞാന്‍ സമ്മതിക്കില്ല'.തൊഴിലാളികളെ മോശക്കാരാക്കാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് അവര്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. 

വണ്ടിയുടെ അടുത്ത് വരെ ആദ്ദേഹത്തിനെതിരെ അക്രോശം മുഴക്കിക്കൊണ്ട് അവര്‍ അടുത്ത് വരികയായിരുന്നു.അദ്ദേഹത്തിന്റെ കൂടെ ആകെ മൂന്നോ നാലോ ആള്‍ക്കാര്‍ മാത്രമാണുണ്ടായിരുന്നത്. വണ്ടിയിലെത്തുന്നതുവരെ അദ്ദേഹത്തിന്റെ കൈയ്യില്‍ യാതൊരു ആയുധങ്ങളുമില്ല. അദ്ദേഹത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചപ്പോളാണ് 'തന്റേടമുള്ളവന്‍ വാടാ' എന്ന് പറഞ്ഞ് തോക്കെടുത്തത്. 

അത് പറഞ്ഞതു തന്നെയാണ്, അതില്‍ യാതൊരു സംശയവുമില്ല. ടി. പി ചന്ദ്രശേഖരന്റെ കൈയ്യില്‍ തോക്കുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം ജീവിച്ചിരുന്നേനെ. കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെങ്കില്‍ സ്വയ രക്ഷയ്ക്ക് ആയുധം കൊണ്ടു നടക്കണം. ഇടതുപക്ഷത്തോടും വലതുപക്ഷത്തോടും ബിജെപി യോടും പോരാടിക്കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരു പാവം സംഘടനയാണ് ഞങ്ങളുടേത്. ഒരു പി. സി ജോര്‍ജ് മാത്രമേയുള്ളു. ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്വയ രക്ഷ നോക്കിയേ പറ്റു.