Asianet News MalayalamAsianet News Malayalam

ഇങ്ങനെയുമുണ്ട് കഞ്ചാവ് കഥകള്‍!

Shyni Mylankal varkey on Cannabis
Author
Thiruvananthapuram, First Published Dec 30, 2017, 7:40 PM IST

ഇലകളെല്ലാം പറിച്ചുമാറ്റിയൊരുക്കുമ്പോള്‍ കൈവിരലുകളില്‍ കൂടുന്ന ഒരുതരം കറുത്ത പശയുണ്ട്. ഞെരടിച്ചു ഉരുട്ടികൂട്ടി ചെറിയ ഉരുളകളാക്കി കുപ്പികളില്‍ സൂക്ഷിയ്ക്കുന്ന വലിയവിലയുള്ള ചരസ്സ്. അതിലൊന്ന് ആരും കാണാതെയെടുത്തു കല്ലുമിട്ടായി പോലെ ചവച്ചും നൊട്ടിനുണഞ്ഞുമൊക്കെയായി അകത്താക്കി ഞാന്‍. പറഞ്ഞുകേട്ടതനുസരിച്ച്, രാത്രി ഉറങ്ങാന്‍ കിടന്ന ഞാന്‍ പാതിയുറക്കത്തില്‍ കിളിപോയി എണീറ്റ് പത്തുവയസ്സുകാരിയുടെ രഹസ്യങ്ങള്‍ മൊത്തം കുമ്പസാരിച്ചത്രേ! വീട്ടുകാരെന്റെ പേയിറക്കാന്‍ വേണ്ടി അരക്കുപ്പി വെളിച്ചെണ്ണ കുടിപ്പിച്ച് വയറിളക്കിയത്രേ! 

Shyni Mylankal varkey on Cannabis

എണ്‍പതുകളില്‍ ഹൈറേഞ്ചില്‍ വളര്‍ന്ന കൃഷിക്കാരുടെ മക്കള്‍ക്ക് ഹോംവര്‍ക്കില്ല. ദേശീയഗാനം പാടുന്നതിനു മുന്‍പ് പൊത്തകം വച്ചടയ്ക്കുന്ന അലുമിനിയപെട്ടി പിന്നെ പിറ്റേന്ന് ക്ലാസില്‍ ചെന്നാലേ തുറക്കുള്ളൂ. പകരം രാത്രികളിലിങ്ങനെയിരുന്നു പാക്കുപൊളിയ്ക്കും, കുരുമുളകു മെതിയ്ക്കും, കൊക്കോ പൊട്ടിച്ചു കുരുത്തിരിയ്ക്കും. ഇടയ്ക്കിടെ വീടിന്റെ പിറകുവശത്തു ചേനയുടെയും ചെമ്പിന്റെയും ഇടയ്ക്കു വളരുന്ന അഞ്ചടി പൊക്കമുള്ള കഞ്ചാവു മൂടോടെ വെട്ടിക്കൊണ്ടുവന്ന് ഒരുക്കും. 

എക്‌സൈസുകാര്‍ക്കിഷ്ടമില്ലാത്ത ഒരു വിളയെന്നല്ലാതെ കഞ്ചാവിനെക്കുറിച്ച് ഒന്നുമറിയില്ലാത്ത ഒരുകാലം. ചിടകെട്ടിയ നീലച്ചടയന്‍ പതുക്കെയൊന്നു തിരുമ്മിക്കുടഞ്ഞാല്‍ ഉതിരുന്ന ചില കടിഞ്ഞൂല്‍ മണികളുണ്ട്. മുഴുത്ത ഏലയ്ക്കാത്തരി പോലെ കറുപ്പില്‍നീലയുറങ്ങുന്ന നിറത്തില്‍ അടുത്തവിളവിറക്കാനുള്ള വിത്തുകള്‍. അവയെ ഒരു തുണിയില്‍ കിഴികെട്ടി കുതിര്‍ത്തുകുരുപ്പിച്ചാല്‍ മുതിരകുതിര്‍ന്നപോലുള്ള ഒരു പശപ്പുണ്ടാകും ആ കിഴിയ്ക്ക്.

വീട്ടില്‍വളരുന്ന മുതിര കൊറിച്ചു പരിചയമുള്ള ഞാന്‍ എന്തിനോ കുറച്ചു കഞ്ചാവുവിത്തുകള്‍ എടുത്തു കൊറിച്ചുനോക്കി. ചെറുമധുരവും നാലുമണിപ്പൂവിന്റെ വിത്തിനകത്തെ പോലെ ഒരു തരം പൊടിഞ്ഞ കാമ്പും. എനിയ്ക്കാ സ്‌നാക്ക് ഇഷ്ടമായി. പിന്നൊരുദിവസം ഞങ്ങള്‍ വട്ടമിരുന്നു കഞ്ചാവൊരുക്കുന്നു.

ചിടകെട്ടിയ തണ്ടുകളില്‍ നിന്നു കൂട്ടംതെറ്റി നില്‍ക്കുന്ന ഇലകളെല്ലാം പറിച്ചുമാറ്റിയൊരുക്കുമ്പോള്‍ കൈവിരലുകളില്‍ കൂടുന്ന ഒരുതരം കറുത്ത പശയുണ്ട്. ഞെരടിച്ചു ഉരുട്ടികൂട്ടി ചെറിയ ഉരുളകളാക്കി കുപ്പികളില്‍ സൂക്ഷിയ്ക്കുന്ന വലിയവിലയുള്ള ചരസ്സ്. അതിലൊന്ന് ആരും കാണാതെയെടുത്തു കല്ലുമിട്ടായി പോലെ ചവച്ചും നൊട്ടിനുണഞ്ഞുമൊക്കെയായി അകത്താക്കി ഞാന്‍. പറഞ്ഞുകേട്ടതനുസരിച്ച്, രാത്രി ഉറങ്ങാന്‍ കിടന്ന ഞാന്‍ പാതിയുറക്കത്തില്‍ കിളിപോയി എണീറ്റ് പത്തുവയസ്സുകാരിയുടെ രഹസ്യങ്ങള്‍ മൊത്തം കുമ്പസാരിച്ചത്രേ! വീട്ടുകാരെന്റെ പേയിറക്കാന്‍ വേണ്ടി അരക്കുപ്പി വെളിച്ചെണ്ണ കുടിപ്പിച്ച് വയറിളക്കിയത്രേ! 

ഞാന്‍ എന്തിനോ കുറച്ചു കഞ്ചാവുവിത്തുകള്‍ എടുത്തു കൊറിച്ചുനോക്കി.

ബോംബയിലെ ജീവിതകാലത്ത് ജോലികഴിഞ്ഞു രാത്രിവൈകുവോളം ഒരു പബ്ലിക് ലൈബ്രറിയില്‍ പോയിരുന്നു പഠിച്ചിരുന്ന സമയം. ദീദിന്നു വിളിച്ചു കൂടെക്കൂടി അവന്റമ്മ വച്ചുകൊടുക്കുന്ന ആഹാരം പങ്കുവച്ച് രാത്രിയില്‍ എന്നെ സൂക്ഷിച്ചു ഹോസ്റ്റലില്‍ കൊണ്ടാക്കിയിരുന്ന ഒരു മറാഠിപയ്യനുണ്ടാരുന്നു  മിലിന്ദ് കദം. 2003 ലെ ഹോളി സീസണ്‍. വൈകുന്നേരം പതിവുപോലെ ഞാനൊരു ഓട്ടോയില്‍ ചെന്നു ലൈബ്രറിമുറ്റത്തിറങ്ങി. മിലിന്ദ് വലിയമുറ്റത്തൊരു മൂലയില്‍ നില്കുന്നു.

എന്നെ കണ്ടതും അവന്‍ അടുത്തേയ്ക്കുവരുന്നു. പക്ഷേ അന്നത്തെ വരവു തീവണ്ടി വേഗത്തിലായിരുന്നു. സംശയിച്ചാണെങ്കിലും ചിരിച്ചുകൊണ്ട് നോക്കിനിന്ന എന്നെയും മറികടന്ന് അവന്‍ മുന്നോട്ടു പാഞ്ഞു പോകുന്നു. തിരിഞ്ഞു നോക്കി വിളറിനിന്ന എന്റെയടുത്തേയ്ക്ക് വെട്ടിച്ചുതിരിഞ്ഞ അവന്‍ അതേ മുടിഞ്ഞ സ്പീഡില്‍ വരുന്നു.

ഞാനോടി ലൈബ്രറിയില്‍ കയറുന്നു. പിറ്റേ ദിവസമാണു കഥയുടെ ചുരുളഴിഞ്ഞത്. ഹോളി ആഘോഷങ്ങളുടെ ഭാഗമായി അകത്താക്കിയ 'ഭാങ്' എന്ന കഞ്ചാവ് നീരു കലര്‍ത്തിയ തൈരുവെള്ളം കുടിച്ചപ്പോള്‍ അവനു പതിവുവേഗം ഒച്ചിഴയുന്നതു പോലെയായി തോന്നിയതിനാല്‍ ഇത്തിരി വേഗത്തില്‍ നടന്നതായിരുന്നത്രെ!

പിറ്റേ ദിവസമാണു കഥയുടെ ചുരുളഴിഞ്ഞത്.

രണ്ടുവര്‍ഷം മുമ്പ് രണ്ടാമത്തെ പ്രസവസമയത്ത് ഇനിയുമൊരു സിസേറിയന്‍ വേണ്ടി വരുമെന്നറിഞ്ഞപ്പോള്‍, വേദനാസംഹാരികളോട് എനിയ്ക്കുള്ള കഠിനമായ അലര്‍ജിയറിഞ്ഞു പ്രത്യേക പ്ലാന്‍ തയ്യാറാക്കി, എന്റെ ഡോക്ടര്‍. അനസ്തീഷ്യയുടെ കെട്ടു മാറിവരുമ്പോള്‍ തന്നെ opioidകള്‍ (വേദന മറക്കാൻ സഹായിയ്ക്കുന്ന ലഹരിമരുന്ന്)കിട്ടിത്തുടങ്ങി.

ആകെ മൊത്തമൊരു മയക്കം. കുഞ്ഞിനെ പാലുകുടിപ്പിയ്ക്കാന്‍ കൊണ്ടുവരുമ്പോള്‍ ഇതെന്തു ജീവി എന്നോര്‍ത്തു പോയിട്ടുണ്ട്. വൈകിട്ട് ആറു മണിയോടെ മൂത്തമോനെയും കൂട്ടി അപ്പന്‍ വീട്ടില്‍ പോയി. കുഞ്ഞു നേഴ്‌സറിയില്‍. വേദന കലശലാവുന്നു. ആരുമില്ലാത്തതിന്റെ സങ്കടവും. നേഴ്‌സ് ഒരു ഡോസുകൂടി opioid തരുന്നു. എനിയ്ക്ക് അലര്‍ജിയുടെ ചൊറിച്ചിലും തടിപ്പും തൊണ്ടക്കുഴി മുതല്‍ തുടങ്ങുന്നു. ശ്വാസം മുട്ടുന്നു. ഉടനെ തന്നെ അവരൊരു ബെനഡ്രില്‍ ഇന്‍ജക്ഷന്‍ തരുന്നു. പിന്നെയാണ് കിനാവ് തുടങ്ങിയത്.

രണ്ടു മരുന്നുകളും തമ്മിലുള്ള കെമിക്കല്‍ റിയാക്ഷനാവാം. ശരീരം ഒരു പഞ്ഞിക്കെട്ടുപോലെയായി. കുറേനേരം കഴിഞ്ഞു ഫെലോഷിപ്പ് ചെയ്യുന്ന ഒരു പയ്യന്‍സ് ഡോക്ടര്‍ എന്നെ തട്ടിവിളിച്ച് മുറിവു പരിശോധിയ്ക്കുന്നു. ചോദ്യങ്ങള്‍ക്ക് നാവുറയ്ക്കാത്ത ഉത്തരങ്ങള്‍ പറഞ്ഞ ഞാന്‍ അയാളോടു തെറ്റിദ്ധരിയ്ക്കല്ലേ എന്നു കേഴുന്നു. അയാള്‍ ദയയില്‍ എന്നെയൊന്നു പതുക്കെയാശ്ലേഷിച്ചതും ഞാന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് കേറിയങ്ങു ഞാന്നു. 
എന്റെ opioid പിടിയില്‍ നിന്നു രക്ഷപെടാന്‍ വേണ്ടി അയാള്‍ക്ക് കട്ടില്‍പിടിയിലെ എമര്‍ജന്‍സി ബട്ടണ്‍ ഞെക്കി മൂന്നു നേഴ്‌സുമാരെ വരുത്തേണ്ടിവന്നു...:)

Follow Us:
Download App:
  • android
  • ios