ഇന്ത്യാ മഹാരാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അത് അപ്പൂപ്പന്‍മാര്‍ക്കും അച്ഛന്‍മാര്‍ക്കും മാത്രമല്ല, നമ്മുടെ അമ്മൂമ്മമാര്‍ക്കും അമ്മമാര്‍ക്കും കിട്ടിയിരുന്നു. പക്ഷേ അത് ബ്രിട്ടീഷുകാരില്‍ നിന്ന് മാത്രമാണ്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതില്‍ സന്തോഷിച്ചവര്‍ സ്വന്തം വീട്ടിലെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ട് എന്ന സത്യം അംഗീകരിച്ചില്ല.

കസബ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം പറഞ്ഞ ചില സംഭാഷണങ്ങള്‍ സ്ത്രീവിരുദ്ധമായിപ്പോയി എന്ന നടി പാര്‍വതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് പാര്‍വതി സൈബര്‍ ലോകത്ത് കടുത്ത ആക്രമണം നേരിടുകയാണ്. മമ്മൂട്ടിയെ അധിക്ഷേപിച്ചു എന്നാണ് ആ പരാമര്‍ശത്തെ വ്യാഖ്യാനിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയം മോശമായി, അല്ലെങ്കില്‍ മമ്മൂട്ടി മോശം ചിത്രത്തില്‍ അഭിനയിച്ചു, മമ്മൂട്ടി ഇങ്ങനെയല്ല അഭിനയിക്കേണ്ടത്, മമ്മൂട്ടി ഇത്തരം സംഭാഷണങ്ങള്‍ പറയരുത് എന്നൊക്കെ അഭിപ്രായം പറയാന്‍ നാട്ടിലാര്‍ക്കും സ്വാതന്ത്ര്യമില്ലേ? അപ്പോഴേക്കും മമ്മൂട്ടിയുടെ പേരില്‍ മമ്മൂട്ടിയുടെ ആരാധകരാണെന്ന മട്ടില്‍ ആരാണ് ഈ ആക്രമണം അഴിച്ചുവിട്ടുന്നത്?

ഇന്ത്യാ മഹാരാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അത് അപ്പൂപ്പന്‍മാര്‍ക്കും അച്ഛന്‍മാര്‍ക്കും മാത്രമല്ല, നമ്മുടെ അമ്മൂമ്മമാര്‍ക്കും അമ്മമാര്‍ക്കും കിട്ടിയിരുന്നു. പക്ഷേ അത് ബ്രിട്ടീഷുകാരില്‍ നിന്ന് മാത്രമാണ്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതില്‍ സന്തോഷിച്ചവര്‍ സ്വന്തം വീട്ടിലെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ട് എന്ന സത്യം അംഗീകരിച്ചില്ല. രാജ്യസ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ സ്ത്രീകള്‍ വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടി അതുപോലെ പൊരുതാന്‍ ഇറങ്ങാഞ്ഞത് കുടുംബം എന്ന ചട്ടക്കൂട് സംരക്ഷിക്കാനായിരിക്കാം. കുടുംബം എന്ന വ്യവസ്ഥയെ ഉറപ്പിച്ചുനിര്‍ത്താനുള്ള ബാധ്യത അടിച്ചേല്‍പ്പിച്ച് കിട്ടുകയും സ്വയം ഏറ്റെടുക്കുകയും ചെയ്ത സ്ത്രീകള്‍ ത്യാഗം, സഹനം തുടങ്ങിയ ഗുണഗണസമ്പന്നകളായി വാഴ്ത്തപ്പെട്ടു. ഈ വാഴ്ത്തുകളെല്ലാം ഉടായിപ്പാണെന്ന് മനസ്സിലാക്കി സ്ത്രീകള്‍ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ തുടങ്ങുന്ന കാലഘട്ടമാണ് ഇത്. സ്വാഭാവികമായും സ്ത്രീസഹനത്തിന്റെന സഹനം അനുഭവിച്ച് സുഖിച്ചുജീവിച്ചവര്‍ക്ക് അസഹിഷ്ണുതയുണ്ടാകും. പ്രത്യേകിച്ചും ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ സ്ത്രീകള്‍ പുരുഷന്‍മാരെപ്പോലെ തന്നെ തുല്യാവകാശം ഉള്ളവരാണെന്ന അറിവില്ലാതെ ജീവിച്ചുപോന്നവര്‍ക്ക് വയസ്സുകാലത്ത് അത് അംഗീകരിച്ചുപോകാന്‍ വലിയ പ്രയാസമായിരിക്കും. അതുകൊണ്ടാണ് ഏതെങ്കിലും സ്ത്രീ എതെങ്കിലും സന്ദര്‍ഭത്തില്‍ തുല്യത, അവകാശം എന്നൊക്കെ മിണ്ടുമ്പോഴേക്കും വലിയ ബഹളമുണ്ടാകുന്നത്.

അതുകൊണ്ടാണ് സ്ത്രീ തുല്യത, അവകാശം എന്നൊക്കെ മിണ്ടുമ്പോഴേക്കും വലിയ ബഹളമുണ്ടാകുന്നത്.

മതം, പാരമ്പര്യം,കീഴ് വഴക്കം എല്ലാം ആയുധങ്ങളാണ്. പാര്‍വതിക്ക് അതൊക്കെ അറിവുമുണ്ടാകും. ഏതെങ്കിലും ഒരു സിനിമയിലെ ഒരു സംഭാഷണം സ്ത്രീവിരുദ്ധമായതുകൊണ്ട് ഒരു കുഴപ്പവുമില്ല. പക്ഷേ ആ സംഭാഷണമാണ് ശരി എന്ന മട്ടില്‍ പൊലിപ്പിച്ച് കയ്യടിച്ച് 'കണ്ടോടാ നമ്മുടെ മെഗാ സ്റ്റാര്‍ കസറിയത്' എന്ന മട്ടിലുള്ള ആഘോഷമുണ്ടാക്കുന്നത് വെറും വിവരക്കേടാണ്. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ വീരന്‍മാരായി അഭിനയിച്ച് തകര്‍ത്ത് നമ്മള്‍ കണ്ട് ഹിറ്റാക്കിയ എത്രയോ സിനിമകളില്‍ ഇത്തരം സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ കുത്തിനിറച്ചിട്ടുണ്ട്. സമൂഹത്തിന്റെ പരിച്ഛേദമാണ് അതൊക്കെ. ആ സംഭാഷണങ്ങള്‍ സിനിമയിലും കടന്നുവരും. സദ്ഗുണസമ്പന്നനും വീരനുമായ നായകന്‍ ഇത്തരം തരംതാണ സംഭാഷണം ധീരശൂരപരാക്രമത്തിന്റെ ഭാഗമായി പറയുമ്പോള്‍ വിവരമുള്ള സ്ത്രീകള്‍ മനസ്സിലാക്കണം, അത് എഴുതിയവര്‍ക്കും നിര്‍മ്മിച്ചവര്‍ക്കും സംവിധാനിച്ചവര്‍ക്കും പറഞ്ഞവര്‍ക്കുമൊന്നും മനുഷ്യാവകാശം, തുല്യനീതി എന്നിവയെക്കുറിച്ചൊന്നും ഒരു ചുക്കും അറിയില്ല എന്ന്. 

ഇത്തരം അശ്ലീലഭാഷണങ്ങള്‍ സിനിമയില്‍ ഇനിയും ഉണ്ടാകും, ഉണ്ടാകട്ടെ. സിനിമയിലെ ഡയലോഗ് കേട്ടാല്‍ ആരും സ്ത്രീവിരുദ്ധരാകില്ല, വൈല്ലോപ്പിള്ളിയുടെ പ്രശക്ത കവിത 'മാമ്പഴം' വായിച്ച അമ്മമാര്‍ പിന്നീട് കുട്ടികളെ വഴക്കുപറഞ്ഞിട്ടില്ലേ എന്നൊക്കെ ചോദിക്കുന്ന നിഷ്‌കളങ്കരുണ്ട്. വിവരക്കേട് കൊണ്ട് മാത്രമല്ല, ഭയത്തില്‍നിന്നുകൂടി ഉണ്ടാകുന്നതാണ് ആ പ്രതികരണങ്ങള്‍. വീട്ടിലും പുറത്തും തനിക്കൊപ്പം സ്ത്രീകള്‍ നിന്നാല്‍ മേധാവിത്വം പോകുമല്ലോ എന്ന ഭയം.

സാക്ഷര കേരളത്തിലോ? ന്യായീകരണത്തോട് ന്യായീകരണം, മൗനത്തോട് മൗനം

അങ്ങ് ഹോളിവുഡില്‍ വലിയ വിപ്ലവം നടക്കുന്നുണ്ട്. ലൈംഗികചൂഷണങ്ങളെപ്പറ്റി, അതിക്രമങ്ങളെപ്പറ്റിയൊക്കെ തുറന്നുപറയുകയാണ് പ്രശസ്തരായ വനിതകള്‍. അതില്‍ ഒരുപാട് അഭിനേതാക്കളുണ്ട്, സാങ്കേതിക പ്രവര്‍ത്തകരുണ്ട്. നിയമനടപടികള്‍ നേരിടുന്നുണ്ട് വലിയ വലിയ ഭീമന്‍മാര്‍. മാറ്റത്തിന്റെ അലയൊലികളാണ് എങ്ങും. ഇങ്ങ് കേരളത്തിലേക്കും അങ്ങനെയുള്ള മാറ്റങ്ങള്‍ വരുമോ എന്ന് ഇവിടുത്തെ സിനിമാലോകം ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് പാര്‍വതി തുറന്നുപറയുമ്പോള്‍ കടുത്ത ആക്രമണം നേരിടേണ്ടി വരുന്നത്. അതുകൊണ്ടാണ് ആക്രമണമേല്‍ക്കുന്ന പാര്‍വതിയെ കൂടെ നിര്‍ത്താന്‍ നമ്മുടെ സൂപ്പര്‍ താരങ്ങളൊന്നും തയ്യാറാകാത്തത്. നമ്മുടെ സിനിമാലോകം പ്രതികരിക്കാത്തത്.

അവസരം നല്‍കുന്നതിന് ലൈംഗികചൂഷണം ആയുധമാക്കാന്‍ ശ്രമിച്ചു എന്ന് ഹോളിവുഡില്‍ ഉയര്‍ന്ന പരാതിക്ക് വലിയ പൊതുപിന്തുണയാണ് അവിടത്തെ പൊതുസമൂഹം നല്‍കിയത്. സാക്ഷര കേരളത്തിലോ? ന്യായീകരണത്തോട് ന്യായീകരണം, മൗനത്തോട് മൗനം, പരിഹാസത്തോട് പരിഹാസം! 

മമ്മൂട്ടിയും സിദ്ദിഖുമൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത്?

മൂന്ന് തരമാണ് പ്രതികരണങ്ങള്‍. പ്രമുഖ നടിക്കുനേരെ ഉണ്ടായ ലൈംഗിക അതിക്രമത്തിന് ക്വട്ടേഷന്‍ കൊടുത്തു എന്ന കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദീലീപിനെ പിന്തുണക്കുക അല്ലെങ്കില്‍ കുറ്റകരമായ മൗനം പാലിക്കുക എന്ന് ശീലിച്ച മലയാള സിനിമാലോകം. കുറേയേറെ നഷ്ടം സഹിച്ച് കുറച്ചുപെണ്ണുങ്ങള്‍ ചേര്‍ന്ന് തുടങ്ങിയ കൂട്ടായ്മ പലരുടേയും ഉറക്കം കെടുത്തി. നായികമാര്‍ തല നിവര്‍ത്തിനിന്ന് നിന്ന് ഉറച്ച കാഴ്ചപ്പാടുകള്‍ പറയുമ്പോള്‍ കാഴ്ചപ്പാടും അറിവുമില്ലാത്ത നായകതാരങ്ങള്‍ മൗനത്തില്‍ ഒളിച്ചിരിക്കുന്നു. ശരിക്കുമിത് സ്ത്രീകളുടെ വിജയമാണ്. കൂടുതല്‍ വിജയങ്ങള്‍ വരാന്‍ ഇരിക്കുന്നതേയുള്ളൂ. 

മമ്മൂട്ടി എന്ന നടന്‍ സിനിമയില്‍ പറഞ്ഞ സംഭാഷണത്തിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിക്കാന്‍ പാര്‍വതിക്കുമാത്രമല്ല, എല്ലാവര്‍ക്കും അവകാശമുണ്ട്. സ്ത്രീവിരുദ്ധത മനുഷ്യവിരുദ്ധമാണെന്നും അത് ആഘോഷിക്കരുതെന്നും പാര്‍വതിയെപ്പോലെ വിവരമുള്ള സ്ത്രീകള്‍ വിളിച്ചുപറയും. പ്രശസ്തയായ ഒരു സ്ത്രീ ഇത്രയേറെ ആക്രമണം നേരിട്ടത് തന്റെ പേരിലാണെന്ന് മമ്മൂട്ടി അറിഞ്ഞ കാര്യമാണ്. കുട്ടിയല്ലേ എന്ന് അദ്ദേഹം പ്രതികരിച്ചു എന്നാണ് ശ്രീമാന്‍ സിദ്ദിഖ് പറയുന്നത്. മമ്മൂട്ടിയും സിദ്ദിഖുമൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത്? സ്വതന്ത്രമായ ചിന്തയും കാഴ്ചപ്പാടുമുള്ള പ്രതിഭാശാലിയായ ഒരു സ്ത്രീ നിലപാട് പറയുന്നത് കുട്ടിയായത് കൊണ്ടാണോ? ഏത് വകയിലാണ് പാര്‍വതി കുട്ടിയാകുന്നത്? ഒറ്റപ്പെടുത്താന്‍ നോക്കും. കുറ്റപ്പെടുത്തും. അവസരങ്ങള്‍ നിഷേധിക്കും. തുല്യത എന്താണെന്നറിയാതെ അടിമത്തം ശീലമാക്കിയ സ്ത്രീകള്‍ തന്നെ പരിഹസിക്കാന്‍ മുന്നിട്ടിറങ്ങും. പാര്‍വതി പിന്‍മാറരുത്. പാര്‍വതിയെപ്പോലെ ഇനിയും ധാരാളം തുറന്നുപറച്ചിലുകള്‍ ഉണ്ടാകട്ടെ. രാവണന്‍കോട്ടകള്‍ ഇടിഞ്ഞുവീഴട്ടെ...



(കഴിഞ്ഞ ആഴ്ച ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത 'കവര്‍ സ്‌റ്റോറി' എപ്പിസോഡില്‍ നിന്ന്)