Asianet News MalayalamAsianet News Malayalam

എന്റെ പിഴ, എന്റെ വലിയ പിഴ; സീറോ മലബാര്‍ സഭയിലെ ഭൂമി ഇടപാട് വിവാദത്തെക്കുറിച്ച് സിന്ധു സൂര്യകുമാര്‍ എഴുതുന്നു

sindhu sooryakumar cover story on Syro Malabar Churchs shady land deals
Author
First Published Dec 31, 2017, 3:29 PM IST

ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാർ,സ്വർഗരാജ്യം അവരുടേതാണ്- മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം , മൂന്നാം വാക്യം. കത്തോലിക്കാ സഭയിലെ ചിലർ സുവിശേഷവാക്യം തിരുത്തിഎഴുതുകയാണ്. കീശയിൽ കാശുള്ളവർ ഭാഗ്യവാൻമാർ,സ്വർഗരാജ്യം അവർക്കുള്ളതാണെന്നാണ് ന്യൂജെൻ ആശയം. എറണാകുളം-അങ്കമാലി അതിരൂപതയിൽ ഇപ്പോൾ നടക്കുന്ന ഭൂമി വിവാദം മഞ്ഞുമലയുടെ ഒരറ്റമേ ആകുന്നുള്ളൂ . വിവിധ സഭകളിൽ ,വിവിധ രീതികളിൽ നടക്കുന്ന ഭൂമിക്കച്ചവട, വ്യവസായതാത്പര്യങ്ങളിലെ സാമ്പത്തിക ക്രമക്കേടിന്റെ ചെറിയൊരുദാഹരണം, അത്രേയുള്ളൂ.

sindhu sooryakumar cover story on Syro Malabar Churchs shady land deals

മതസാമുദായിക സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കുമൊക്കെ സമ്പത്തുണ്ട്. ദൈവങ്ങളും ദൈവപരിപാലകരെന്നറിയപ്പെടുന്ന പുരോഹിതവർഗവും സമ്പന്നരും , അൽമായരായ വിശ്വാസികളും സമ്പത്തുണ്ടാക്കാനോടുന്നവരുമാണ്.

ഇപ്പോഴത്തെ പരിഗണനാവിഷയം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി തലവനായ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് തമാശകളാണ്, വിശദമായി പരിശോധിച്ചാൽ തമാശയെന്നല്ല സാമ്പത്തികതട്ടിപ്പും നിയമലംഘനവുമെന്ന് പറയേണ്ടിവരും.

“തന്റെലംഘനങ്ങളെ മറക്കുന്നവന് ശുഭം വരികയില്ല, അവയെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും “എന്ന് സദൃശ്യവാക്യങ്ങൾ.

അങ്കമാലി അതിരൂപതാസഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഇറക്കിയ സർക്കുലർ പിഴവുകളിൽ കുറേ ഏറ്റുപറയുന്നുണ്ട്. കുറേയേറെ മറച്ചുവയ്ക്കുന്നുമുണ്ട്. സർക്കുലർ ഉറക്കെവായിച്ച് വിശ്വാസികളെ അഥവാ അൽമായരെ കേൾപ്പിക്കരുതെന്നാണ് നിർദ്ദേശം.

ഇത്തവണ എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ തിരുപ്പിറവി ദിനശുശ്രൂഷകൾക്ക് നേതൃത്വം കൊടുത്തത് പള്ളിവികാരിയാണ്. ആദ്യമായി തിരുപ്പിറവി ശുശ്രൂകളിൽ കർദ്ദിനാൾ ആലഞ്ചേരിയെ കണ്ടില്ല. ഭൂമി വിവാദം വന്നതിനുശേഷം ചേർന്ന വൈദിക സമിതിയോഗത്തിൽ കർദ്ദിനാളിനെതിരെ പ്രതിഷേധമുയർന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു.  കർദ്ദിനാൾ ക്രിസ്മസ് ശുശ്രൂഷയിൽ നിന്ന് മാറിനിൽക്കണമെന്ന് ഒരു വിഭാഗം വൈദികർ ആവശ്യപ്പെടുകയും ചെയ്തു. ഭൂമിവിവാദത്തിന്റെ പേരിൽ കൊട്ടാരവിപ്ലവം  നടക്കുന്നുണ്ട്.കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഹൃദയചികിത്സയ്ക്ക് ആശുപത്രിയിലാണെന്ന വാർത്ത വന്നത് അദ്ദേഹം ആശുപത്രിയിലായി കുറച്ച് കഴിഞ്ഞാണ്. വിവാദം പരകോടിയിലെത്തിയിട്ടും കർദ്ദിനാൾ വാ തുറന്നില്ല.

ആലഞ്ചേരി പിതാവിനെ അധിക്ഷേപിക്കാനും , കരുതിക്കൂട്ടി അപമാനിക്കാനും ഒരുവിഭാഗം രംഗത്തെത്തിയിരിക്കുന്നുവെന്നതാണ് ആലഞ്ചേരി അനുകൂലികളുടെ പക്ഷം.  ആലഞ്ചേരിയുടെ കയ്യൊപ്പിൽ നടന്ന ഭൂമികുംഭകോണത്തിൽ സഭ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയെന്ന് എതിർവിഭാഗം.

ആർച്ച് ബിഷപ്പിന്റെ ആസ്ഥാനമാണ്, വിശ്വാസികളുടെ മഹനീയസ്ഥലമാണ്, ആത്മീയതയുടെ അത്യുന്നതിയിലാണ് എന്നൊക്കെ പറയാമെങ്കിലും അടിസ്ഥാനപരമായി അതിരൂപത വ്യവസായ കേന്ദ്രം കൂടിയാണ്.

മദ്യനിരോധനത്തിന് പോരാട്ടം നടത്തി വൈനുല്‍പ്പാദനം കൂട്ടാൻ എക്സൈസിന് അപേക്ഷ നൽകിയത് ഏവർക്കും ഓർമ്മയുണ്ടാകും. കസ്തൂരിരംഗനെ ഓടിച്ച ശേഷം ക്വാറി നടത്തിയതും ഓർമ്മയുണ്ട്.  അൽമായർക്കായി  വചനവും ശുശ്രൂഷവും ഒരുവഴിയിൽ,  അൽമായർ അറിയാതെ വ്യാപാരവും സമ്പത്തും മറുവഴിക്ക് , അതാണ് രീതി.  സഭയുടെ സ്വത്തുക്കളൊക്കെ കർദ്ദിനാൾമാരുടെയും മെത്രാൻമാരുടെയും പേരിലാവും. നോക്കിനടത്തുന്നതും , മറിച്ചുവിൽക്കുന്നതും ഒക്കെ ഇവരും ഇവരെ അനുകൂലിക്കുന്നവരുടെ സമിതിയും ചേർന്ന്.  കർദ്ദിനാൾ ആലഞ്ചേരിയുടെകാര്യത്തിലും ഇതാണുണ്ടായത്.  മെഡിക്കൽ കോളേജ് തുടങ്ങാൻ ഭൂമി വാങ്ങുന്നതിൽ നിന്നാണ് വിവാദങ്ങളുടെ തുടക്കം.

 മെഡിക്കൽ കോളേജ് പിന്നീട് വേണ്ടെന്നുവച്ചു. കടമൊട്ടു തീർന്നുമില്ല. വസ്തുക്കൾ വിറ്റ് കടംതീർക്കാൻ തീരുമാനമെടുത്തത് കർദ്ദിനാളും എടയന്ത്രത്തുൾപ്പെടെ സഹായ മെത്രാൻമാരും വൈദികസമിതിയും ചേർന്നാണ്. ഭൂമി വിൽക്കാൻ ഇടനിലക്കാരനെ ഏൽപ്പിച്ചു. വാഗ്ദാനം ചെയ്ത തുക അയാൾ നൽകിയില്ല. പകരം കുറച്ച് സ്ഥലം നൽകി. അത് വാങ്ങാൻ സഭ വീണ്ടും വായ്പയെടുത്തു. കയ്യിലിരുന്ന കണ്ണായ ഭൂമിയും പോയി, ആർക്കും വേണ്ടാത്ത കുറേ ഭൂമി ഏറ്റെടുക്കേണ്ടിയും വന്നു. പോരാത്തതിന് കോടികളുടെ നഷ്ടവും, ചീത്തപ്പേരും. കുംഭകോണത്തിന്റെ ചീത്തപ്പേരൊക്കെ ആലഞ്ചേരി പിതാവിന്റെ പേരിലാണ്. കലക്കവെള്ളത്തിൽ മീൻപിടിക്കാൻ മെത്രാൻമാരടക്കം ഒരുപാടുപേരുണ്ട്.

സാജു വർഗീസ് കുന്നേൽ എന്ന പാലാക്കരനാണ് ഇതിലെ നായകൻ. ആരുടെ ബിനാമിയാണ്, ആരുടെ ഇടനിലക്കാരനാണ്,ആരു പറഞ്ഞിട്ടാണ് സാജൂവിനെ ഈ ഏർപ്പാടിന് നിർത്തിയതെന്ന് വ്യക്തമാക്കേണ്ടത് കർദ്ദിനാൾ ആലഞ്ചേരിയാണ്.

കൊച്ചി നഗരത്തിൽ കണ്ണായ സ്ഥലം ഒരിടത്തും സെന്റിന് നാലു ലക്ഷത്തിൽ കൂടുതൽ സാജു സഭയക്ക് നൽകിയിട്ടില്ല. പക്ഷേ പിന്നീട് മറിച്ചുവിറ്റത് ഇതിന്റെ എത്രയോ ഇരട്ടിക്കെന്ന് കഥ. 30 കോടിയുടെ കടം തീർക്കാനിറങ്ങിയ സഭ കയ്യിലുള്ള ഭൂമിയും കളഞ്ഞ് 90 കോടി കടത്തിലുമായി.

ഓരോ ഇടപാടിലും ഒപ്പിട്ടുകൊടുത്തത് കർദ്ദിനാൾ ആലഞ്ചേരി തന്നെയാണ് . നോട്ടുനിരോധനത്തിന് മുൻപ് തുടങ്ങിയ കച്ചവടം ഇക്കഴിഞ്ഞ സെപ്റ്റംബർ വരെ നീണ്ടു. കരാറിലും ആധാരത്തിലും കാണിച്ചതിനപ്പുറം വലിയ വില നൽകാമെന്ന വാഗ്ദാനം നോട്ടുനിരോധനത്തോടെ തടസ്സപ്പെട്ടോ? രേഖകളില്ലാത്ത വാഗ്ദാനം പാലിക്കുമെന്ന ഉറപ്പ് എന്തുകൊണ്ട് കർദ്ദിനാൾ വിശ്വസിച്ചു. രേഖകളിൽ വില  കുറച്ചുകാണിച്ച് കള്ളപ്പണം സ്വീകരിക്കുന്ന രീതി സഭയ്ക്കുണ്ടോ? സ്ഥലം വിൽക്കാൻ സാജൂ വർഗീസ് കുന്നേൽ വന്നത് ഏതുവഴിയ്ക്കെന്നതും ദുരൂഹം. വൈദികസമിതിയും ഇതറിഞ്ഞിട്ടില്ല.

ഓരോ തുണ്ടായി ഭൂമി വിറ്റപ്പോൾ ഒപ്പിട്ടുകൊടുത്ത കർദ്ദിനാൾ ആല‌ഞ്ചേരിക്കുണ്ടായത് ജാഗ്രക്കുറവ് മാത്രമാണോ?. “പത്രോസേ നീ പാറയാകുന്നു, ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും, നരകകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ലെന്ന് ” ബൈബിൾ.

ഇപ്പോഴത്തെ സഭകളുടെ അടിത്തറ ക്രിസ്തു എന്ന വിശ്വാസമല്ല, ഭൗതിക സമ്പത്തും ആ സമ്പത്തിന്റെ പുറത്തുള്ള അധികാരമോഹവുമാണ്.

യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസ് അനുതപിച്ച് വിശ്വാസത്തിൽ തിരിച്ചെത്തി. ബൈബിൾ നല്ലതുപോലെ വായിച്ചിട്ടുള്ള , അൽമായർക്ക് വചനം വിശദീകരിച്ചുകൊടുക്കേണ്ട പുരോഹിതവർഗം ഭൗതികതയിലാണ് അഭിരമിക്കുന്നത്.

ഇതിന് സഭാ വ്യത്യാസങ്ങളൊന്നുമില്ല.  വിശ്വാസത്തിനോ ആചാരത്തിനോ വേണ്ടിയല്ല കേരളക്കരയിലെ തർക്കങ്ങൾ ഒന്നും , എല്ലാം പള്ളി ഉടമസ്ഥതയുടെയും  സമ്പത്തിന്റെയും പേരിലാണ്.  “ദൈവം കലക്കത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമത്രേ എന്ന് വായിക്കും”, തിരിച്ചിറങ്ങി മൃതദേഹത്തിന് വേണ്ടി പിടിവലി നടത്തും. ആധ്യാത്മമികതയുടെ വെളിച്ചം കുറഞ്ഞുവരികയും ഭൗതികത്വര കൂടിവരികയും ചെയ്യുന്ന കാഴ്ച. മനുഷ്യനും ദൈവവും തമ്മിലുള്ള കണ്ണിയായി മനുഷ്യപുത്രൻ എന്ന് സുവിശേഷം പറഞ്ഞ് സമ്പത്തിനുവേണ്ടിയുള്ള തമ്മിലടിയായി ദൈവസ്നേഹത്തെ മാറ്റുകയാണിവർ.

'ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും കാരണമാകുന്നു. ചിലർ ഇത് കാംക്ഷിച്ച് വിശ്വാസം വിട്ടുഴന്ന് ബഹുവിധ ദുഃഖങ്ങൾക്ക് വഴിപ്പെടുന്നു'  ഈ ബൈബിൾ വാക്യമായിരിക്കും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും സഹായമെത്രാൻ സെബൈസ്റ്റ്യൻ എടയന്ത്രത്തും സാമ്പത്തിക ചുമതലക്കാരൻ ഫാദർ ജോഷി പുതുവയും ഇപ്പോൾ ഓർമ്മിക്കുന്നുണ്ടാവുക.

വ്യക്തിപരമായി ആലഞ്ചേരി അഴിമതി നടത്തിയെന്നോ സമ്പാദിച്ചെന്നോ  ആരും പറയുന്നില്ല. പക്ഷെ കർദ്ദിനാളിന്റെ കയ്യൊപ്പിൽ, നേരിട്ടുനടത്തിയ ഇടപാട് സഭയെ വീഴ്ത്തി. ധാർമ്മികതയുടെ വലിയ പ്രശ്നം നിലനിൽക്കുന്നു. കർദ്ദിനാളിന് മാറി നിൽക്കാനും, വിരമിക്കാനുമൊക്കെയുള്ള അവസരമുണ്ട്. വർക്കി വിതയത്തിൽ പിതാവ് വിരമിച്ചൊഴിവായിട്ടുണ്ട്.  ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയും മാറിനിന്നിട്ടുണ്ട്.

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടേത് ജാഗ്രതക്കുറവോ മനപ്പൂർവമായ വീഴ്ചയോ എന്ന് വൈദിക സമിതി അന്വേഷിച്ച് കണ്ടെത്തട്ടെ. റിപ്പോർട്ട് പരസ്യമാക്കുകയും വേണം.  വിശ്വാസികൾക്കും പുരോഹിതർക്കും ഒരുപോലെ മാനക്കേടുണ്ടാക്കിയ വിവാദത്തിലെ കുറ്റക്കാരെ പെട്ടെന്നു കണ്ടെത്തേണ്ട ബാധ്യത സഭയ്ക്കുണ്ട്.

അങ്കമാലി അതിരൂപതയിലെ വിവാദത്തിന് ഒരുപാട് അടിയൊഴുക്കുകളുണ്ട്. അതിരൂപതയിലെ തെക്ക് വടക്ക് മേൽക്കൈ വടംവലി പ്രധാനപ്പെട്ടൊരു ഘടകമാണ്. മുന്നിട്ടുനിന്നിരുന്ന മാർ ആൻഡ്രൂസ് തഴത്തിനെയടക്കം പലരെയും പിന്നിലാക്കി അപ്രതീക്ഷിതമായാണ് മാർ ജോർജ് ആലഞ്ചേരി കർദ്ദിനാൾ സ്ഥാനത്തേക്കെത്തുന്നത്.  കർദ്ദിനാളായെത്തിയ ജോർജ് ആലഞ്ചേരി പക്വമതിയും സ്വീകാര്യനുമായിരുന്ന മുതിർന്ന വൈദികൻ പോൾ തേലക്കാട്ടിനെ മാറ്റി താതമ്യേന ജൂനിയറായ ജിമ്മി പൂച്ചക്കാട്ടിലിനെ വക്താവുസ്ഥാനത്ത് നിയോഗിച്ചു. പ്രൊക്രുറേറ്ററായി ജോഷി പുതുവ എന്ന അനുഭവ സന്പത്ത് കുറഞ്ഞ യുവവൈദികനെയും വച്ചു. ഫാ ജോഷി പുതുവയ്ക്കെതിരെയും  ആരോപണങ്ങളുണ്ട്.

sindhu sooryakumar cover story on Syro Malabar Churchs shady land deals

ചങ്ങനാശ്ശേരി മുൻബിഷപ്പിന്റെ ചാർച്ചക്കാരനാണ് സഭയുടെ ഭൂമി ഇല്ലാതാക്കി വഞ്ചിച്ച ഇടനിലക്കാരൻ സാജു വർഗീസ് കുന്നേൽ എന്നും കഥയുണ്ട്. കരാറിൽ പറഞ്ഞുറപ്പിച്ച തുക കൈമാറാതെ പ്രമാണം രജിസ്റ്റർ ചെയ്യാനാവില്ല. സഭയുടെ ഭൂമി വിൽപ്പന കരാറിലോരോന്നിലും ഒപ്പിട്ട കർദ്ദിനാളിന് രേഖകളിൽ കാണിച്ച തുക ഇടനിലക്കാരൻ നൽകിയിട്ടുമുണ്ട്-9.13 കോടി. 27 കോടി കിട്ടണമെന്ന ധാരണ രേഖകൾക്ക് അപ്പുറമെന്നത് വ്യക്തം.

അക്കാര്യം എൻഫോഴ്സ്മെന്റോ ആദായനികുതിക്കാരോ അന്വോഷിക്കട്ടെ . മുമ്പ് എഴുപുന്ന പള്ളിയിലും ഇതുപോലെ ആരോപണമുണ്ടായിരുന്നു. അന്നൊന്നുമില്ലാത്ത ധാർമ്മികത ഇപ്പോൾ കുറച്ച് വൈദികർക്കുണ്ടായിട്ടുണ്ട്. വൈദികർ പലരും സ്ത്രീ പീഡനത്തിലും ശിശുപീഡനത്തിലും ആഡംബരത്തിലും മുഴുകിയപ്പോൾ ആർക്കും ധാർമ്മിക പ്രശ്നം വന്നില്ല. രസീതില്ലാതെ തലവരി വാങ്ങിയും , സമ്പത്ത് വാരിക്കൂട്ടിയും ആധ്യാത്മികത മറന്നപ്പോൾ ധാർമ്മികത വന്നില്ല. അധികാരത്തിനായി അൽമായരെ വച്ച് വിലപേശിയപ്പോഴും ധാർമ്മികത തോന്നിയില്ല.

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് അൽമായരേ. ഇത് വിശ്വാസികൾക്കുള്ള സമയമാണ്. തിരുത്താനുള്ള അവസരമാണ്. കുറച്ച് വൈദികർ കൂടിയിരുന്ന് സഭാ കാര്യങ്ങൾ തീരുമാനിക്കുന്നത് മാറേണ്ട സമയമായി.

സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ അൽമായ സമിതികൾക്ക് പങ്കാളിത്തം ഉണ്ടാകണം. വ്യവസായം നടത്താനും സന്പത്തുണ്ടാക്കാനും സഭയേക്കാൾ വശമുള്ളവർ  അൽമായരാണ്, അവർ അത് ചെയ്യട്ടെ . ആത്മീയ കാര്യങ്ങളൊക്കെ നന്നായിപഠിച്ച് നടപ്പാക്കാൻ വൈദിക സമൂഹവും മുന്നിട്ട് നിൽക്കട്ടെ.

ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും. ആധ്യാത്മിക വഴിതെറ്റിക്കുന്നവരെ തിരുത്തിക്കട്ടെ. കൂട്ടംതെറ്റിയ കുഞ്ഞാടിനെ , ബാക്കി 99നെയും ഉപേക്ഷിച്ച് തേടണമെന്നല്ലേ. ദേവാലയം വാണിഭസ്ഥാനമാക്കിയവരെ കയറുകൊണ്ടുള്ള ചമ്മട്ടിക്കടിച്ച് പുറത്താക്കാൻ നിർദ്ദേശിച്ചതും ക്രിസ്തു തന്നെയല്ലേ?

(കഴിഞ്ഞ ആഴ്ച ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത 'കവര്‍ സ്‌റ്റോറി' എപ്പിസോഡില്‍ നിന്ന്)

Follow Us:
Download App:
  • android
  • ios