ജാതി പറയുന്ന രാഷ്ട്രീയം പ്രായോഗികരാഷ്ട്രീയമായി മാറുന്ന കാഴ്ചയാണ് ചെങ്ങന്നൂരില്‍ കണ്ടത്. അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും പരസ്യമായ ജാതിക്കളി. ഇനിയങ്ങോട്ട് കേരളം കാണാനിരിക്കുന്ന പ്രായോഗിക ജാതിരാഷ്ട്രീയം
ജനാധിപത്യത്തില് പ്രധാനം അധികാരമാണ്, വിജയമാണ്. സൈദ്ധാന്തിക ബലംപിടുത്തമില്ലാതെ വിജയത്തിനുള്ള വഴിതേടുക. ആ വഴിയില് ഒപ്പംകൂട്ടാന് പറ്റുന്നവരെയൊക്കെ കൂട്ടിനിരത്തി മുഖ്യശത്രുവിനെ തോല്പ്പിക്കുക. സൈദ്ധാന്തിക ബലംപിടുത്തമുണ്ടെങ്കില് കൂടെ നിര്ത്താനാകാത്ത പലരേയും ചിലപ്പോള് ഈ പ്രായോഗിക വഴിയില് കൂട്ടേണ്ടിവരും. വിജയം അതാണ് ലക്ഷ്യം. ലക്ഷ്യമാണ് വലുത്, മാര്ഗം പ്രശ്നമാക്കേണ്ടെന്ന ഗീതാവചനം എല്.ഡി.എഫ് ചെങ്ങന്നൂരില് അക്ഷരംപ്രതി നടപ്പിലാക്കി. അതാണ് പ്രായോഗികരാഷ്ട്രീയം.

ഉപതെരഞ്ഞെടുപ്പില് ഇടതുമുന്നണി നേടിയത് ആധികാരിക ജയമാണ്. ചെങ്ങന്നൂരിലെ വോട്ടര്മാര് ജയിപ്പിക്കാന് ആഗ്രഹിച്ചത് സജി ചെറിയാന് എന്ന സി.പി.എം. നേതാവിനെയാണ്. ഉപതെരഞ്ഞെടുപ്പ് ഫലം സര്ക്കാരിന് അംഗബലത്തില് നിര്ണായകമല്ല. പക്ഷേ രണ്ടാം വാര്ഷികത്തിലെത്തിയ ഭരണത്തിന് അംഗീകാരമാണ് എന്ന കാര്യത്തില് സംശയമില്ല. 0956 ഭൂരിപക്ഷം, കഴിഞ്ഞ തവണത്തേക്കാള് 14423 വോട്ടുകള് കൂടുതല് നേടിയുള്ള സജി ചെറിയാന്റെ വിജയം വെറും വിജയമല്ല. വന്വിജയമാണ്, തകര്പ്പന് ജയം.
ഫലം പുറത്തുവന്നതിന് ശേഷം മുഖ്യമന്ത്രി പറഞ്ഞ സത്യം എല്ലാവര്ക്കും അറിയാം. ജനാധിപത്യത്തില് അധികാരം ആര്ക്കെന്ന് നിര്ണയിക്കുന്നത് ജനങ്ങളാണ്. ചെങ്ങന്നൂരിലെ ജനങ്ങള് ആ തീര്പ്പ് പിണറായി വിജയന് അനുകൂലമാക്കി, വലിയ വ്യത്യാസത്തോടെ സജി ചെറിയാനെ വിജയിപ്പിച്ചു. ഭരണം രണ്ടാം വാര്ഷികത്തിലെത്തുന്പോള് ഈ ഉപതെരഞ്ഞെടുപ്പ് വിജയം പിണറായി വിജയന് വലിയ നേട്ടമാണ്. സര്ക്കാരിന്റെ നേട്ടം ജനമംഗീകരിച്ചു എന്ന് അവകാശപ്പെടാന് അത് വഴിയൊരുക്കി. ഭരണം ശരിയായ രീതിയിലാണെന്ന് സര്ക്കാരിന് കരുതാം. രാഷ്ട്രീയം പറയുന്പോള് പക്ഷെ കുറച്ചുകൂടി ആഴത്തില് പറയണം. ഭരണനേട്ടവും, എണ്ണയിട്ട യന്ത്രം കണക്കുള്ള പാര്ട്ടി പ്രവര്ത്തനവും, അടിത്തറയില്ലാത്ത പ്രതിപക്ഷവും മാത്രമല്ല കാണേണ്ടത്. മരം മാത്രം കാണാതെ, കാട് കാടായി കാണാനും, ആ കാടുണ്ടാക്കുന്ന പച്ചപ്പ് കാണാനും, ആ കാടുണ്ടാക്കുന്ന തടസ്സങ്ങള് കാണാനും കൂടി തയ്യാറാകണം. അത്ര പ്രാധാന്യമുണ്ട് ചെങ്ങന്നൂര് മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തിന്. ഇടതുമുന്നണിക്ക് സംഘടനാപരമായ നേട്ടമാണ്. ആത്മപരിശോധനയുടെ കാലമല്ല, ആഘോഷത്തിന്റെ സമയം.
ബി.ജെ.പി ഒറ്റയ്ക്ക് നിന്നപ്പോള് സംഘടനാശക്തിയുടെ വോട്ടൊക്കെ കിട്ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ അന്തരീക്ഷമല്ല ഇപ്പോള്. അതുകൊണ്ട് കൂടിയാകാം 7000 വോട്ട് കുറഞ്ഞത്. അതുവേണമെങ്കില് ശക്തിയായി ബി.ഡി.ജെ.എസിന് ഏറ്റെടുക്കാമെന്ന് മാത്രം. അടിപതറിയത് യു.ഡി.എഫിനാണ്, കോണ്ഗ്രസിനാണ്. എ.കെ. ആന്റണിയും ഉമ്മന്ചാണ്ടിയും രമേശ് ചെന്നിത്തലയും നിറഞ്ഞാടിയിടത്ത്, ബൂത്തുകളിലിരിക്കാന് പോലും കോണ്ഗ്രസുകാരില്ലായിരുന്നു. എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് എന്ന പഴയ എം.എല്.എ. ഒന്നും പറയുന്നില്ല. സ്വന്തം വീടിരിക്കുന്ന ബൂത്തില് നാല് കോണ്ഗ്രസുകാരെ ഇരുത്താന് പറ്റാത്ത രമേശ് ചെന്നിത്തലയ്ക്ക് ഉത്തരമുണ്ടോ? രാഹുലിന്റെ വിശ്വസ്തന് എ.ഐ.സി.സി ജനറല് സെക്രട്ടറി കെ.സി. വേണുഗോപാലും കൊടിക്കുന്നില് സുരേഷ് എം.പിയുമൊക്കെ എന്ത് പാര്ട്ടിയാണ് അവിടെ വളര്ത്തിയത്? എല്ലാ ഡിസിസികളിലും സ്വന്തക്കാരെ കയറ്റിയിരുത്തിയ പഴയ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് ഗ്രൂപ്പിസത്തെ തള്ളിപ്പറയാന് അര്ഹതയുണ്ടോ? കോണ്ഗ്രസിന് പ്രധാനം ജയമായിരുന്നില്ല, ഒത്തുതീര്പ്പുകളായിരുന്നു. നല്ലൊരു പ്രചാരണ കമ്മിറ്റി പോലും പ്രവര്ത്തിപ്പിക്കാതെ, സ്വന്തം സ്ഥാനാര്ത്ഥി ജയിക്കണമെന്ന് ആത്മാര്ത്ഥമായി ആഗ്രഹിക്കാതെ രഹസ്യധാരണയും ഒത്തുതീര്പ്പും നടത്തിയ നേതാക്കളെ കോണ്ഗ്രസുകാര് തിരിച്ചറിയട്ടെ. കോണ്ഗ്രസിനെ രക്ഷിക്കല് മാധ്യമങ്ങളുടെ ലക്ഷ്യമല്ല. പക്ഷേ ഈ ഒത്തുതീര്പ്പ് രാഷ്ട്രീയം തുറന്നുപറഞ്ഞേ പറ്റൂ. ചെങ്ങന്നൂരിലെ ഇടത് ജയം ഒരുപാട് ഘടകങ്ങള് ചേര്ന്നതാണ്. അതില് ഒന്നാം ഘടകം സജി ചെറിയാന് എന്ന സ്ഥാനാര്ത്ഥിയാണ്. സജി ചെറിയാനെ അറിയുന്നവര്ക്കറിയാം ആ നേതാവിന്റെ പ്രത്യേകതകള്.
ജാതി പറയുന്ന രാഷ്ട്രീയം പ്രായോഗികരാഷ്ട്രീയമായി മാറുന്ന കാഴ്ചയാണ് ചെങ്ങന്നൂരില് കണ്ടത്.
ജാതിരാഷ്ട്രീയം അല്ലെങ്കില് ജാതി പറയുന്ന രാഷ്ട്രീയം പ്രായോഗികരാഷ്ട്രീയമായി മാറുന്ന കാഴ്ചയാണ് ചെങ്ങന്നൂരില് കണ്ടത്. അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും പരസ്യമായ ജാതിക്കളി, ഇനിയങ്ങോട്ട് കേരളം കാണാനിരിക്കുന്ന പ്രായോഗിക ജാതിരാഷ്ട്രീയം, അതാണ് മനസ്സിലാക്കേണ്ടത്. അപ്പോള് മാത്രമെ കെ.എം.മാണിയും ബി.ഡി.ജെ.എസും എന്.എസ്.എസുമൊക്കെ എന്താണെന്നും അവരെ എങ്ങനെ എല്.ഡി.എഫിന്റെ ഭാഗമാക്കിയെന്നും മനസ്സിലാകൂ.
ജനാധിപത്യത്തില് പ്രധാനം അധികാരമാണ്, വിജയമാണ്. സൈദ്ധാന്തിക ബലംപിടുത്തമില്ലാതെ വിജയത്തിനുള്ള വഴിതേടുക. ആ വഴിയില് ഒപ്പംകൂട്ടാന് പറ്റുന്നവരെയൊക്കെ കൂട്ടിനിരത്തി മുഖ്യശത്രുവിനെ തോല്പ്പിക്കുക. സൈദ്ധാന്തിക ബലംപിടുത്തമുണ്ടെങ്കില് കൂടെ നിര്ത്താനാകാത്ത പലരേയും ചിലപ്പോള് ഈ പ്രായോഗിക വഴിയില് കൂട്ടേണ്ടിവരും. വിജയം അതാണ് ലക്ഷ്യം. ലക്ഷ്യമാണ് വലുത്, മാര്ഗം പ്രശ്നമാക്കേണ്ടെന്ന ഗീതാവചനം എല്.ഡി.എഫ് ചെങ്ങന്നൂരില് അക്ഷരംപ്രതി നടപ്പിലാക്കി. അതാണ് പ്രായോഗികരാഷ്ട്രീയം. അതിന്റെ തകര്പ്പന് വിജയമാണ് കണ്ടത്. പ്രായോഗിക രാഷ്ട്രീയം നയിക്കാന് പറ്റിയ സ്ഥാനാര്ത്ഥിയായിരുന്നു സജി ചെറിയാന്. പാര്ട്ടിക്കതീതമായ താത്പര്യങ്ങളും ബന്ധങ്ങളുമുള്ള, പാര്ട്ടിയില് ദീര്ഘകാല അനുഭവ സമ്പത്തുള്ള, ഒട്ടും മസിലുപിടിക്കാത്ത നേതാവ്. സി.പി.എമ്മിലെ കോണ്ഗ്രസ് സ്വഭാവക്കാരനെന്ന് തമാശയ്ക്കു പറയാം.
ഹിന്ദുമതക്കാര്ക്ക് ഭൂരിപക്ഷമുള്ള മണ്ഡലം. നിര്ണായകമായ ക്രിസ്ത്യന് സ്വാധീനം. അതില് ന്യൂനപക്ഷ, സഭാതിരിവുകള്. എല്ലാം മാനേജ് ചെയ്യുകയെന്നത് അസാധ്യകഴിവാണ്. മണ്ഡലത്തിലെ 10 പഞ്ചായത്തുകളും, ഒരു നഗരസഭയും, ഭൂരിപക്ഷം ബൂത്തുകളും സജിക്കൊപ്പം നിന്നു. എന്നുവച്ചാല് മതജാതിവ്യത്യാസമില്ലാത്തവിധം സജിക്കു പിന്തുണ കിട്ടിയെന്നര്ത്ഥം.
കോണ്ഗ്രസുകാരേ നിങ്ങള്ക്ക് പ്രായോഗിക രാഷ്ട്രീയം അറിയില്ല. അതുകൊണ്ടാണ് വര്ഗീയതയുടെ വിജയമെന്ന് ഇതിനെ വിളിക്കേണ്ടിവരുന്നത്. കെ.എം മാണി പറയുന്നതനുസരിച്ച് വോട്ടുചെയ്യുന്നവരല്ല കത്തോലിക്കര്. വെള്ളാപ്പള്ളിയുടെ ചാഞ്ചാട്ടത്തിന് കാവല്നില്ക്കുന്നവരല്ല ഈഴവര്. ഈ രണ്ട് നേതാക്കന്മാരും നിര്ണായകമല്ലെന്ന് അറിഞ്ഞുകൊണ്ടാണ് എല്.ഡി.എഫ് അവരെ കൂടെ നിര്ത്താന് ശ്രമിച്ചത്. ഓര്ത്തഡോക്സ് സഭയ്ക്കനുകൂലമായ സുപ്രീംകോടതി വിധി നടപ്പാക്കാന് സര്ക്കാരിന് ബാധ്യതയുണ്ട്. എന്നാലും അത് ചെയ്തുതരാം എന്ന വാഗ്ദാനം വളരെ പ്രായോഗികമാണ്. ഓരോ മതവിഭാഗത്തിനും എന്ത് വേണം അത് എന്ന മട്ടില് എല്ലാവരേയും വലയിലേക്കിടുമ്പോള് ഉത്തരത്തിലേക്ക് കൈനീട്ടി കക്ഷത്തിലുള്ളത് കളയുന്ന യു.ഡി.എഫിന് എന്ത് പ്രസക്തി? ഹിന്ദുവോട്ടുകള് മാത്രം ലക്ഷ്യം വയ്ക്കുന്ന ബി.ജെ.പിക്ക് എന്ത് പ്രസക്തി? വാള്മാര്ട്ടിന്റെ സൂപ്പര് സ്റ്റോറുകള് വന്നാല് ചില്ലറ പീടികക്കാര്ക്ക് കടപൂട്ടുകയേ വഴിയുള്ളൂ.
ചെങ്ങന്നൂര് സി.പി.എമ്മിന്റെ ശരിയാണ്. വലിയ ശരി.
സി.പി.എം, സര്ക്കാര് നടപടികള് നോക്കണം. സി.പി.എമ്മിന്റേതായി സൈദ്ധാന്തികമായതല്ലാത്ത പലതരം നയങ്ങള് കാണാം. ഭൂരിപക്ഷ സംവരണതീരുമാനം, കടകംപള്ളിയുടെ ഭക്തകുചേലക്കളി വഴിയുള്ള പ്രീണനം, വെള്ളാപ്പള്ളിയെ ഉപദ്രവിക്കാതിരിക്കല്, 2016 മുതല് തുടരുന്ന ഓര്ത്തഡോക്സ് സഭാബന്ധം, മറ്റുക്രിസ്തീയ സഭകളോടുള്ള അടുപ്പം സ്ഥാപിക്കല്, സുന്നികളുമായുള്ള യോജിപ്പ് എന്നിങ്ങനെ അത് നയചാതുരിയാണ്, നയതന്ത്രമാണ്. അതിന്റെ തുടര്ച്ചയാണ് ചെങ്ങന്നൂര്.
കേരളത്തിന് പുറത്ത് പിണറായിയും കൂട്ടരും സിദ്ധാന്തക്കാരാണ്. പ്രയോഗികതയ്ക്കുവേണ്ടി, അധികാരത്തിന് വേണ്ടി, വിജയത്തിന് വേണ്ടി, ശത്രുവിനെ തോല്പ്പിക്കാനായാലും സിദ്ധാന്തത്തില് വിട്ടുവീഴ്ച പാടില്ലെന്ന പ്രകാശ് കാരാട്ട് പക്ഷക്കാര്. യെച്ചൂരിയെ ഒതുക്കലാണ് അവിടെ ലക്ഷ്യം. കേരളത്തിനകത്ത് യെച്ചൂരി പറയുന്ന, നടപ്പാക്കാനാഗ്രഹിക്കുന്ന പ്രായോഗിക രാഷ്ട്രീയം അത്യുത്സാഹത്തോടെ നടത്തുന്നവര്. മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികള്ക്ക് സി.പി.എമ്മിനോട് താത്പര്യം വന്നാല് കേരള കോണ്ഗ്രസിനെ എന്തിന് വേറെ കരുതണം? മലബാറിലെ മുസ്ലീങ്ങള്ക്ക് സി.പി.എമ്മിനോട് അടുപ്പം വന്നാല് മുസ്ലീം ലീഗിന്റെ മസിലുപിടിത്തം തീരും. ഇവരൊന്നുമില്ലാതെയെന്ത് യു.ഡി.എഫ്? സംഘടനാശേഷി പാടേ തകര്ന്ന കോണ്ഗ്രസ് ഒന്നുകൂടി ദുര്ബലമാകുമ്പോള് കേരളം കാണാനിരിക്കുന്നത് സി.പി.എമ്മിന്റെയും ബിജെപിയുടെയും നേര്ക്കുനേര് പോരാട്ടം. ഫാസിസത്തെ ചെറുക്കാന് എല്ലാ മതസ്ഥര്ക്കും കൈകോര്ത്ത് നില്ക്കാവുന്ന ഒരു പ്ലാറ്റ്ഫോം സി.പി.എം നല്കിയാല് യു.ഡി.എഫിന് നിലനില്പ്പുണ്ടാകില്ല. ആ പ്രായോഗിക രാഷ്ട്രീയമാണ് ഇപ്പോള് സി.പി.എം. നടപ്പാക്കുന്നത്. ചിതറിപ്പോകാതെ ഒന്നിച്ചുനില്ക്കാന് താത്പര്യമുള്ളവരെ മാര്ക്സിസ്റ്റ് സിദ്ധാന്തങ്ങളില്ലാതെ ഒരുമിപ്പിക്കുന്ന നയതന്ത്രം.
വിലപിച്ചുതീര്ക്കാവുന്ന വിഷമമേ ഇപ്പോഴും കോണ്ഗ്രസുകാര്ക്കുള്ളൂ. അയ്യപ്പസേവാ സംഘം നേതാവിനെ സ്ഥാനാര്ത്ഥിയാക്കുമ്പോള് കോണ്ഗ്രസ് കണക്കുകൂട്ടിയ നേട്ടം, അല്പ്പം കൂടി തന്ത്രപരമായി ചിന്തിച്ച് സജി ചെറിയാനെ നിര്ത്തി സി.പി.എം വെട്ടി. ചുരുക്കത്തില് സി.പി.എമ്മിന്റെ പ്രായോഗിക ജാതി രാഷ്ട്രീയവും കോണ്ഗ്രസിന്റെ മൃദുഹിന്ദുത്വ രാഷ്ട്രീയവും ബിജെപിയുടെ തീവ്രഹിന്ദുത്വ രാഷ്ട്രീയവും ഏറ്റുമുട്ടിയപ്പോള് പ്രായോഗിക ജാതിരാഷ്ട്രീയം വിജയിച്ചു. സത്യസന്ധമായി പറഞ്ഞാല്, അതില് ചെറിയ ശതമാനമാണ് ഭരണനേട്ടങ്ങളും മുന് എം.എല്.എയുടെ വികസനപ്രവര്ത്തനവും എല്ലാം. അപ്പറഞ്ഞതെല്ലാം മുകളിലേക്ക് വിരിച്ചിട്ട് അടിത്തട്ടിലെ നയതന്ത്രം നടത്തിയതിലാണ് സി.പി.എമ്മിന്റെ മികവ്. ഇത് തുടര്ന്നാല് കേരളരാഷ്ട്രീയം പുതിയ അദ്ധ്യായമെഴുതും. അതൊരു കാലഘട്ടമാകും. ആ കാലഘട്ടത്തിന്റെ നേതാവാകും പിണറായി വിജയന്. അതൊട്ടും ചെറിയ കാര്യമല്ല. അതൊട്ടും മോശം കാര്യവുമല്ല. ആത്യന്തികമായി ഒരു നയം നടപ്പാക്കലിന് വേണ്ടത് വിജയമാണ്, അധികാരമാണ്. അതുണ്ടെങ്കില് പാര്ട്ടിക്ക് പ്രസക്തിയുണ്ട്, നിലനില്പ്പുണ്ട്, വളര്ച്ചയുണ്ട്. അതുകൊണ്ട് ചെങ്ങന്നൂര് സി.പി.എമ്മിന്റെ ശരിയാണ്. വലിയ ശരി.
മിന്നുന്ന വിജയം ആഘോഷിക്കാനുള്ള എല്ലാ അവകാശവും സി.പി.എമ്മിനുണ്ട്. പിണറായി വിജയനുണ്ട്. പക്ഷേ അപ്പോഴും ഒരു സത്യം ബാക്കിയാണ്. പിണറായി വിജയന്റെ പൊലീസ് ഭരണം വന് തോല്വിയാണ്. സര്ക്കാരും പാര്ട്ടിയും ഏറ്റവും ചീത്തപ്പേര് കേള്ക്കുന്ന ആഭ്യന്തരവകുപ്പിനെയും പൊലീസിനെയും മെച്ചപ്പെടുത്താന് പിണറായി വിജയന് കഴിഞ്ഞിട്ടില്ല. നന്നാക്കുകയുമില്ല, നന്നാക്കാന് മറ്റാരേയും ഏല്പ്പിക്കുകയുമില്ല എന്നതാണ് അവിടെ സ്ഥിതി.
