ഒരു വശത്ത് മുദ്രാവാക്യം, മറുവശത്ത്  മാപ്പപേക്ഷ; ഈ പാര്‍ട്ടിക്ക് ഇതെന്തുപറ്റി?

First Published 6, Mar 2018, 7:14 PM IST
Sindhu Sooryakumar on CPIM stand on KM Mani
Highlights
  • സിന്ധു സൂര്യകുമാര്‍ എഴുതുന്നു

കാലം സാക്ഷി ചരിത്രം സാക്ഷി, രണാങ്കണത്തിലെ രക്തം സാക്ഷി എന്നൊക്കെ മുദ്രാവാക്യം വിളിച്ച, വിളിച്ചുകൊടുത്ത വി ശിവന്‍കുട്ടി , ഒരു കേസില്‍ നിന്ന്  രക്ഷപ്പെടുത്തണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുക, ഛായ് ലജ്ജാവഹം എന്ന് സഖാവ് ജെയ്ക് സി തോമസ് പോലും പറഞ്ഞ് പോകും. ഒരു വശത്ത് മുദ്രാവാക്യം മറുവശത്ത് മാപ്പപേക്ഷ- ഈ പ്രസ്ഥാനത്തിനിതെന്തുപറ്റി?

ചോരച്ചാലുകള്‍ നീന്തിക്കയറിയിട്ടുണ്ട്

തൂക്കുമരങ്ങളില്‍ ഊഞ്ഞാലാടിയിട്ടുണ്ട്

കല്‍ത്തുറങ്കുകളെ വെല്ലുവിളിച്ചിട്ടുണ്ട്   

കാലം സാക്ഷി ചരിത്രം സാക്ഷി, രണാങ്കണത്തിലെ രക്തം സാക്ഷി എന്നൊക്കെ മുദ്രാവാക്യം വിളിച്ച, വിളിച്ചുകൊടുത്ത വി ശിവന്‍കുട്ടി , ഒരു കേസില്‍ നിന്ന്  രക്ഷപ്പെടുത്തണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുക, ഛായ് ലജ്ജാവഹം എന്ന് സഖാവ് ജെയ്ക് സി തോമസ് പോലും പറഞ്ഞ് പോകും. ഒരു വശത്ത് മുദ്രാവാക്യം മറുവശത്ത് മാപ്പപേക്ഷ- ഈ പ്രസ്ഥാനത്തിനിതെന്തുപറ്റി?

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പിന്തുണച്ച പ്രതിഷേധമായിരുന്നു അത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി നേതൃത്വം നല്‍കിയ പ്രതിഷേധമായിരുന്നു. കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ മുതല്‍ സംസ്ഥാന സമിതിയംഗങ്ങള്‍ വരെയടങ്ങുന്ന ശക്തരായ സമരസഖാക്കള്‍. ബാര്‍കോഴ അഴിമതിക്കാരനായ , നോട്ടെണ്ണല്‍ യന്ത്രം സ്വന്തമായുള്ള കെ എം മാണിയെ ബജറ്റവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച പ്രതിഷേധം. കോടിയേരിക്കും പിണറായിക്കും അന്നത് വിജയിച്ച പ്രതിഷേധമായിരുന്നു.

ശക്തമായ പ്രതിഷേധം. പ്രതിഷേധം വിജയിപ്പിക്കാന്‍ ഏതറ്റംവരെയും പോകും. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം- അതായിരുന്നു ഇടതുമുന്നണിയുടെ അന്നത്തെ ലക്ഷ്യം. പാര്‍ട്ടിയെ പ്രതിരോധിച്ച് നിരവധിപേര്‍ രക്തസാക്ഷികളായിട്ടുള്ള ചരിത്രമുണ്ട്. പാര്‍ട്ടിക്കാരായ കൊലയാളികളെ സംരക്ഷിക്കുന്ന പാരമ്പര്യമുണ്ട്. പ്രതിഷേധത്തിനും സമരത്തിനും മുന്നില്‍ നില്‍ക്കുന്നവരെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ്. പിന്നെന്തിനാണ് വി ശിവന്‍കുട്ടിയും കെ ടി ജലീലും ഇ പി ജയരാജനും കേസില്‍ നിന്ന് പേടിച്ചോടുന്നത്.

നിയമസഭയിലെ പ്രതിഷേധത്തിന് സസ്‌പെന്‍ഷനാണ് ശിക്ഷയെന്നാണ് ശിവന്‍കുട്ടിയുടെ വാദം.

500 രൂപ കൈക്കൂലി വാങ്ങുന്ന പൊലീസുകാരനെ പിടിച്ചാല്‍ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യും, കേസ് മറ്റൊരു വഴിക്ക് നടക്കും. ചിലപ്പോഴൊക്കെ ശിക്ഷ കിട്ടും. ശിവന്‍കുട്ടി പറയുന്നതാണ് ന്യായമെങ്കില്‍ ആകെ മൊത്തം ടോട്ടല്‍ നിയമസംവിധാനം പൊളിച്ചെഴുതണം. അന്ന് പ്രതിപക്ഷ എംഎല്‍എമാരെ തടഞ്ഞ നിയമസഭയിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ വീട് പോലും ആക്രമിക്കപ്പെട്ടിരുന്നു.

കേസ് പിന്‍വലിക്കണമെന്ന വി ശിവന്‍കുട്ടിയുടെ അപേക്ഷ പിണറായി വിജയന്‍ അംഗീകരിച്ചു.

അന്ന് ശക്തനെ തടഞ്ഞ ശ്രീരാമകൃഷ്ണന്‍ ഇന്ന് സ്പീക്കറാണ്. കസേരയിലിരുന്നപ്പോള്‍ അദ്ദേഹത്തിന് മര്യാദ, അന്തസ്സ്, നിയമസഭയുടെ പവിത്രത എന്നതൊക്കെ ഓര്‍മ്മവന്നു.

വീണേടം വിഷ്ണുലോകം, ചേരയെ തിന്നുന്ന നാട്ടിലെത്തിയാല്‍ നടുത്തുണ്ടം തിന്നണം എന്നൊക്കെ ഒരുപാടുള്ള പഴഞ്ചൊല്ലുകളില്‍ ഈ സന്ദര്‍ഭത്തിന് ചിതമായത് മുന്‍ഷിയോട് ചോദിച്ചിട്ട്  തെരഞ്ഞേടുക്കേണ്ടിവരും.

ഏതായാലും നിയമസെക്രട്ടറി അറിഞ്ഞില്ലെങ്കിലും കേസ് പിന്‍വലിക്കണമെന്ന വി ശിവന്‍കുട്ടിയുടെ അപേക്ഷ പിണറായി വിജയന്‍ അംഗീകരിച്ചു. നിയമസഭയില്‍ ഉണ്ടായ രണ്ടര ലക്ഷത്തിന്റെയോ മൂന്ന് ലക്ഷത്തിന്റെയോ നഷ്ടം നമ്മുടെ നികുതിപ്പണം കൊണ്ട് നികത്തും.

ഇതിനൊരു വലിയ മറുവശമുണ്ട്. പിണറായി വിജയന്‍ കെ എം മാണിക്ക് ലഡു കൊടുക്കുന്ന കാലത്ത്, കോഴക്കേസില്‍ നിന്ന് ഊരിപ്പോകുന്ന കെ എം മാണിക്ക് വേണ്ടി കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും കാത്തു നില്‍ക്കുന്ന കാലത്ത്, പാവം വി ശിവന്‍കുട്ടിയും കൂട്ടരും ശിക്ഷ അനുഭവിക്കേണ്ടിവരുന്നത് കഷ്ടം തന്നെയാണ്. ആന്‍ഡമാനിലെ ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ ആറു മാപ്പപേക്ഷ കൊടുത്തുവെന്ന് വെളിപ്പെടുത്തിയത് ബിജെപി നേതാവാണ്. അതുകൊണ്ട് ഒരു കത്തുകൊടുക്കുന്നത് മഹാപാപമൊന്നുമല്ല. 

പക്ഷേ ഉത്തരവിറക്കിയ സര്‍ക്കാര്‍ അത് കോടതിയെ അറിയിക്കാതെ വച്ചിരിക്കുകയാണ്. കല്‍തുറങ്കിനെ പേടിക്കുന്ന ശിവന്‍കുട്ടിയടക്കമുള്ളവരുടെ നേതാവ് പിണറായി വിജയന് കോടതിയെ പേടിയാണോ? ഒന്നുകില്‍ കേസ് പിന്‍വലിക്കാനുള്ള ഉത്തരവ് പിന്‍വലിക്കണം. അല്ലെങ്കില്‍ ഉത്തരവ് കോടതിയെ അറിയിക്കണം. കാത്തിരിക്കണം, പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ലല്ലോ

loader