ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോഴും ബിഷപ്പാണ്. അന്യന്റെ ഭാര്യയെ ചൂഷണം ചെയ്ത നാലുപേരും ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരാണ്. സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികളും ഇപ്പോഴും സഭയിലുണ്ട്. കേസ് നടത്തിയതും ഇവരാണ്. സൂസെപാക്യം പിതാവേ, അപ്പോള്‍ ചമ്മട്ടിയെടുത്ത് അടിച്ചോടിച്ച് ശുദ്ധിചെയ്യേണ്ടത് സഭയ്ക്കകത്തു തന്നെയല്ലേ?
ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ എംസി ജോസഫൈന്റ വനിതാ കമ്മീഷന് നിലപാടില്ല. ടിഎന്‍ സീമയ്ക്കും ആനി രാജയ്ക്കും ബിന്ദു കൃഷ്ണയ്ക്കുമൊന്നും പ്രതിഷേധസമരം വേണ്ട. ഇവരൊക്കെയാണ് സ്ത്രീസ്വാതന്ത്ര്യം പറയുന്ന പ്രധാന പോരാളികള്‍. ഇവരുടെ അഭിപ്രായ സ്വാതന്ത്ര്യം ഇവരുടെ പാര്‍ട്ടി നേതാക്കന്‍മാരായ പുരുഷന്‍മാര്‍ തീരുമാനിക്കും. പിന്നെ അധികാരക്കൊതിയും വോട്ടുബാങ്ക് പേടിയും.

നിയമത്തിനു മുന്നില്‍ എല്ലാ പൗരന്‍മാരും സമന്‍മാരാണ്. അതുപക്ഷേ പുസ്തകത്തില്‍ മാത്രമേ കാണൂ. നിയമം ചിലര്‍ക്കു മുന്നില്‍ വളയും, ചിലപ്പോള്‍ മുട്ടുമടക്കും. ഫ്രാങ്കോ മുളയ്ക്കല്‍ എന്ന ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് ഇതിന്റെ കൃത്യമായ ഉദാഹരണമാണ്. ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ളത് ആത്മീയ കുറ്റമല്ല, ക്രിമിനല്‍ കുറ്റമാണ്. പക്ഷേ ബിഷപ്പ് എന്ന മതപദവിയുടെ മുന്നില്‍ മുട്ടുമടക്കി നില്‍ക്കുകയാണ് നിയമവ്യവസ്ഥ. ആദ്യം വത്തിക്കാന്‍ നടപടിയെടുക്കട്ടെ, ആത്മീയപദവി മാറ്റിക്കഴിഞ്ഞ് പൊലീസ് നടപടിയെടുക്കാം എന്ന് തീരുമാനം! ഇടതുപക്ഷ സര്‍ക്കാരാണ് ഈ മതപ്രീണനം നടത്തുന്നത്. കാഞ്ചി മഠാധിപതി ആയിരുന്ന ജയേന്ദ്ര സരസ്വതി കൊലപാതകക്കുറ്റത്തിന് അറസ്റ്റിലായത് നമ്മുടെ അയല്‍പക്കത്താണ് എന്നും ഓര്‍പ്പിക്കുന്നു.
തിരുവനന്തപുരം ബാലരാമപുരത്തുള്ള 51 കാരിയായ സ്ത്രീ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലായി. അവരുടെ മൊഴിയെത്തുടര്‍ന്ന് എം.വിന്‍സെന്റ് എംഎല്‍എയെ അടുത്ത ദിവസം കേരള പൊലീസ് അറസ്റ്റ് ചെയ്തു. അന്നത്തെ കൊല്ല എസ്പി അജിതാ ബീഗത്തിനായിരുന്നു അന്വേഷണ ചുമതല. ഒരു മാസം ജയിലില്‍ കിടന്ന ശേഷം എംഎല്‍എയ്ക്ക് സെഷന്‍സ് കോടതി ജാമ്യം നല്‍കി. ജൂലൈയില്‍ കിട്ടിയ പരാതിയില്‍ ഡിസംബറില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറേയും നിയമിച്ചു. നാട്ടിലെ, കോണ്‍ഗ്രസുകാരനായ എംഎല്‍എക്കെതിരെ ബലാത്സംഗ പരാതി വന്നപ്പോള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ പൊലീസ് എടുത്ത മാതൃകാപരമായ നടപടിയാണിത്. അന്ന് ആ എംഎല്‍എക്കെതിരെ നടപടി വേണം എന്നു പറയാന്‍ അതേ പാര്‍ട്ടിയിലെ സ്ത്രീകളും ഉണ്ടായിരുന്നു.
ഇനി കഥ 2018 ലേക്ക് മാറ്റിനോക്കാം. സ്ഥലം തിരുവനന്തപുരമല്ല, കുറവിലങ്ങാട്. പക്ഷേ കുറവിലങ്ങാട് എന്ന സ്ഥലവും കേരളത്തിലാണ്. അവിടെ ഒരു കന്യാസ്ത്രീ ബലാത്സംഗം ചെയ്തതായി പരാതിപ്പെടുന്നു. പരാതി കിട്ടിയ പൊലീസ് അന്വേഷണം തുടങ്ങി. കന്യാസ്ത്രീ, സുഹൃത്തുക്കള്‍, ബന്ധുക്കള്‍... പലരില്‍ നിന്നും മൊഴിയെടുത്തു. കിട്ടിയതെല്ലാം കന്യാസ്ത്രീക്ക് അനുകൂലമായ മൊഴികള്‍. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന ആരോപണം നേരിടുന്നത് ഒരു ബിഷപ്പാണ്. അതാണ്, അതുമാത്രമാണ് ഈ സംഭവത്തിലെ പ്രത്യേകത. ജലന്ധറിലെ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കേരളത്തിലെ പൊലീസ് ഒരുപാട് പ്രത്യേകതകള്‍ കല്‍പ്പിക്കുന്നുണ്ട്. ജൂലൈ ഒന്നിനാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. 2014നും 2016നുമിടയ്ക്ക് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. മാസം ഒന്നുകഴിഞ്ഞപ്പോഴാണ് ബിഷപ്പിനെ ചോദ്യം ചെയ്യണമെന്ന് പൊലീസിന് തോന്നുന്നത്. ഇതിനിടെ ബിഷപ്പിനും സഭയ്ക്കുമൊക്കെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ധാരാളം സമയം കിട്ടി. പുരോഹിതന്‍മാര്‍ തന്നെ ഇടനിലക്കായി രംഗത്തിറങ്ങി.
ഒരു സ്ത്രീ പരാതി നല്‍കിയാലുടനെ ആരോപണവിധേയനെ അറസ്റ്റുചെയ്യേണ്ട, നല്ലതുപോലെ അന്വേഷിച്ചിട്ടു മതി. പക്ഷേ ഈ വ്യവസ്ഥ ഒരുപോലെ എല്ലാവര്‍ക്കും ബാധകമാക്കണം. ബിഷപ്പ് പ്രതിയാകുമ്പോള്‍ ബലാത്സംഗം ജാമ്യം കിട്ടുന്ന കുറ്റമാകരുത്. ബിഷപ് പ്രതിസ്ഥാനത്ത് വരുമ്പോള്‍ സാമൂഹ്യപ്രത്യാഘാതത്തെപ്പറ്റി പൊലീസ് മേധാവി സംസാരിക്കരുത്. ഈ അനീതി നിങ്ങളുടെ പ്രമുഖ പത്രങ്ങളില്‍ വാര്‍ത്തയാവില്ല. ബിഷപ്പിനെ രക്ഷിക്കുന്ന പൊലീസ് കന്യാസ്ത്രീയായ പരാതിക്കാരിയെ അവഗണിച്ചാല്‍ പൊതുസമൂഹത്തിനും പരാതിയില്ല. പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും സാംസ്‌കാരിക നായകന്‍മാര്‍ക്കും മൗനം. അതാണ് മതം എന്ന അധികാര സാമ്പത്തിക ശക്തി.
ഫ്രാങ്കോ മുളയ്ക്കല്‍ സീറോ മലബാര്‍ സഭാംഗമാണെങ്കിലും ഇപ്പോള്‍ ലത്തീന്‍ സഭയുടെ ബിഷപ്പാണ്. റോമന്‍ കത്തോലിക്കാസഭയ്ക്ക് എന്തുമാത്രം അധികാരശക്തി ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. മേലധികാരിക്കെതിരെ ബലാത്സംഗ പരാതി നല്‍കിയിട്ട് അതേ അധികാരത്തിന് കീഴില്‍ ജീവിക്കേണ്ടിവരുന്ന പരാതിക്കാരിയുടെ സ്ഥിതി മനസ്സിലാക്കി സംരക്ഷിക്കേണ്ട ചുമതല സ്‌റ്റേറ്റിനാണ്, ഭരണകൂടത്തിനാണ്. ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യത്തില്‍ ആ സാമാന്യനീതി കേരളാ പൊലീസ് അട്ടിമറിച്ചു. കേരളത്തില്‍ നടന്ന സംഭവം, കേരളത്തിലുള്ള പരാതിക്കാരി, കേരളത്തില്‍ നല്‍കിയ പരാതി. പ്രതികള്‍ ഇരിക്കുന്നിടത്തേക്ക് പൊലീസ് സമയവും അനുമതിയും ചോദിച്ച് ചെല്ലും. ഞാനോ നിങ്ങളോ ആയിരുന്നു പ്രതിസ്ഥാനത്തെങ്കില്‍ വിളിച്ചുവരുത്തി വിരട്ടി തൂക്കിയകത്തിടും.
ആഭ്യന്തരമന്ത്രി പിണറായി വിജയനാണ്. സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നയാള്‍. ഡിജിപി ലോകനാഥ് ബഹറ. പിന്നെന്താ തടസ്സം, ഒന്നുമില്ല, പ്രതി വല്യ ബിഷപ്പല്ലേ... അതുതന്നെ.
മോദി ഭക്തരായാലും വിജയന്‍ ഭക്തരായാലും മതഭക്തരായാലും പ്രവര്‍ത്തനശൈലി ഒരുപോലെ. വിമര്‍ശിക്കുന്നവരെ സമ്മര്‍ദ്ദത്തിലാക്കുക, അവരുടെ വഴികളെല്ലാമടയ്ക്കുക, അവരെ ബഹിഷ്‌കരിക്കുക. രാജ്യത്താകമാനം ഒരുപാട് മാധ്യമങ്ങള്‍ ഈ പ്രതിസന്ധി നേരിടുന്നുണ്ട്. സംഘടിത ശ്രമത്തിലൂടെ ഇല്ലാതാക്കാനുള്ള ശ്രമം എന്ന പ്രതിസന്ധി. ബിഷപ്പിനെ ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്താല്‍ നാട് സ്തംഭിപ്പിക്കുന്നവരല്ല വിശ്വാസികള്‍. നെല്ലും പതിരും തിരിച്ചറിയാനുള്ള വകതിരിവുള്ളവരാണ് മനുഷ്യര്‍. പക്ഷേ ആ വിശ്വാസികളുടെ പേരിലാണ് ഈ പേക്കൂത്തുകള്‍ നടക്കുന്നത്.
ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിച്ച് കത്തോലിക്കാ സഭ ആകമാനമായി വന്നിട്ടില്ല. പ്രാര്‍ത്ഥനയ്ക്കുള്ള ആഹ്വാനം നടന്നു. ഇരയ്‌ക്കൊപ്പം നിന്ന് വേട്ടക്കാരനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ ട്രെന്‍ഡ് സഭയിലുമുണ്ട്. ഓര്‍ത്തഡോക്‌സ് സഭയിലെ നാല് വൈദികര്‍ക്കെതിരെ പീഡന പരാതിയില്‍ അന്വേഷണം നടക്കുന്ന സമയത്താണ് കത്തോലിക്കാ സഭയില്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ പരാതി. സഭാവ്യത്യാസമില്ലാതെ പുരോഹിതസമൂഹത്തിലെ എല്ലാവര്‍ക്കും വേദനയുണ്ടാക്കുന്ന, അപമാനകരങ്ങളായ സംഭവങ്ങളാണ് പുറത്തുവന്നത്.
''ഒരു കുടുംബത്തിലെ ഒരാള്‍ തെറ്റുചെയ്തിട്ട് ബാക്കി എല്ലാവരും നല്ലവരായിരുന്നാല്‍ അതിന്റെ നാണക്കേട് കുടുംബം മുഴുവന്‍ അനുഭവിക്കേണ്ടിവരും. ഇത് സഭയ്ക്കും ബാധകമാണ്. അതിന്റെ വേദനകളും നാണക്കേടും ഞങ്ങള്‍ ഏറ്റെടുക്കുന്നു. സമൂഹത്തിനും സഭയ്ക്കും ശിക്ഷാ നടപടികള്‍ എടുക്കാനുള്ള ബാധ്യതയുണ്ട്'' എന്നാണ് സൂസൈപാക്യം പിതാവ് പറഞ്ഞത്. അദ്ദേഹം അക്ഷരംപ്രതി ശരിയാണ്. പക്ഷേ ആരോടാണ് അദ്ദേഹത്തിന്റെ ആഹ്വാനം?
ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോഴും ബിഷപ്പാണ്. അന്യന്റെ ഭാര്യയെ ചൂഷണം ചെയ്ത നാലുപേരും ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരാണ്. സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികളും ഇപ്പോഴും സഭയിലുണ്ട്. കേസ് നടത്തിയതും ഇവരാണ്. സൂസെപാക്യം പിതാവേ, അപ്പോള്‍ ചമ്മട്ടിയെടുത്ത് അടിച്ചോടിച്ച് ശുദ്ധിചെയ്യേണ്ടത് സഭയ്ക്കകത്തു തന്നെയല്ലേ? ആരോപണം നേരിടുന്നവരെല്ലാം കുറ്റക്കാരാകണമെന്നില്ല. പക്ഷേ പുരോഹിതവൃത്തിയുടെ വിശുദ്ധി കാക്കാനെങ്കിലും ഇവരെ തല്‍ക്കാലത്തേക്കെങ്കിലും മാറ്റി നിര്‍ത്തേണ്ടതല്ലേ? ആരോപണമുക്തരാകുമ്പോള്‍ എല്ലാം ദൈവത്തിന്റെ പരീക്ഷണമായിക്കണ്ട് തിളക്കത്തോടെ തിരിച്ചെടുക്കാം. അതിനുപകരം കത്തോലിക്കാ സഭയെ ആക്രമിക്കുന്നേയ്, ചാനല്‍ കാണരുതേ എന്നൊക്കെ ആഹ്വാനിക്കുന്നത് ഏവിടുത്തെ മര്യാദയാണ്?
കുമ്പസാരം നിരോധിച്ചാലോ എന്നു പറഞ്ഞവരില്‍ സഭാംഗങ്ങളില്ലേ? കുമ്പസാരിക്കാത്ത സഭാംഗങ്ങളിലോ? ദൈവവിശ്വാസികളായ, സഭാവിശ്വാസികളല്ലാത്ത എത്രയോ പേരില്ലേ? ആരോപണവിധേയരെ എതിര്‍ക്കുന്ന സഭാംഗങ്ങളോട് ദൈവം ചോദിക്കുമെന്ന് പറയുന്ന പുരോഹിതന്‍മാരെ എന്തുചെയ്യണം എന്നുകൂടി സൂസൈപാക്യം പിതാവിന്റെ നേതൃത്വത്തില്‍ കെസിബിസി ആലോചിക്കേണ്ടതല്ലേ?
ബലാത്സംഗത്തിനിരയായവരെ പ്രതികളുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് മാറ്റിനിര്‍ത്തി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാനസര്‍ക്കാരിനാണ്. കൊട്ടിയൂരിലെ പെണ്‍കുട്ടിക്ക് ആ സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ബലാത്സംഗ കേസില്‍പ്പെട്ടു കഴിഞ്ഞ് ഇരയെ സംരക്ഷിച്ചോളാം എന്ന് പ്രതിയും പ്രതി സംരക്ഷിച്ചാല്‍ മതിയെന്ന് പെണ്‍കുട്ടിയും പറയുന്നിടത്ത് നിയമം തോല്‍ക്കും. നിയമത്തിന്റെ തോല്‍വി പൊതുസമൂഹത്തിന്റെ തോല്‍വിയാണ്. നമ്മള്‍ വലിയ വില കൊടുക്കേണ്ടിവരുന്ന തോല്‍വി.
റോബിന്‍ വടുക്കുംചേരി ഇപ്പോഴും പുരോഹിതനാണ്. കൊട്ടിയൂരില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ നേരിടുന്നു. പെണ്‍കുട്ടി പ്രസവിച്ചിരുന്നു. കുഞ്ഞിനും അമ്മയ്ക്കും ചെലവിനുകൊടുത്ത് ഒപ്പം താമസിപ്പിച്ച് സംരക്ഷിക്കാമെന്ന വാഗ്ദാനത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം അകപ്പെട്ട റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പോക്‌സോ പ്രകാരം ഇതുവരെ നീങ്ങിയ, ആനുകൂല്യങ്ങള്‍ പറ്റിയ കുട്ടി മൊഴിമാറ്റുന്നത് നിസ്സഹായത കൊണ്ടാണ്.
കടുത്ത വിശ്വാസികളായ കുടുംബത്തിനുമേല്‍ ഇത്ര സമ്മര്‍ദ്ദം ചെലുത്തിയതാരാണ്? നിര്‍ധനയും നിരാലംബയുമായ, പള്ളിയിലും പട്ടക്കാരിലും വിശ്വാസമര്‍പ്പിച്ച, അറിവുകുറഞ്ഞൊരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത്, അതിലൊരു കുട്ടിയും പിറന്നപ്പോള്‍ വൈദികര്‍ സംരക്ഷണമേറ്റെടുക്കുന്നു. വിശ്വാസം ചൂഷണം ചെയ്തു നടത്തിയ ഈ ബലാത്സംഗത്തിലെ പ്രതിയെ എന്താണ് സഭ മാറ്റിനിര്‍ത്താത്തത്? നിസ്സഹായരായ, ചൂഷണമേല്‍ക്കുന്ന ജനത്തിനൊപ്പമല്ലേ സഭ നില്‍ക്കേണ്ടത്?
ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ എംസി ജോസഫൈന്റ വനിതാ കമ്മീഷന് നിലപാടില്ല. ടിഎന്‍ സീമയ്ക്കും ആനി രാജയ്ക്കും ബിന്ദു കൃഷ്ണയ്ക്കുമൊന്നും പ്രതിഷേധസമരം വേണ്ട. ഇവരൊക്കെയാണ് സ്ത്രീസ്വാതന്ത്ര്യം പറയുന്ന പ്രധാന പോരാളികള്‍. ഇവരുടെ അഭിപ്രായ സ്വാതന്ത്ര്യം ഇവരുടെ പാര്‍ട്ടി നേതാക്കന്‍മാരായ പുരുഷന്‍മാര്‍ തീരുമാനിക്കും. പിന്നെ അധികാരക്കൊതിയും വോട്ടുബാങ്ക് പേടിയും. അതുകൊണ്ട് സാധാരണക്കാരായ വിശ്വാസികളോട് ഒരുവാക്ക്. ബിഷപ്പിനെതിരായ ആരോപണം ക്രിസ്തീയ സഭകളെ അപമാനിക്കലല്ല, ക്രിസ്ത്യാനികളെ മുറിവേല്‍പ്പിക്കലുമല്ല. മറ്റുള്ളവരുടെ പാപങ്ങളേറ്റെടുത്ത കര്‍ത്താവിനെ ഓര്‍മ്മിക്കുക. കൂട്ടത്തിലുള്ളവരെ നേര്‍വഴിക്ക് ആത്മീയപാതയില്‍ നയിക്കാന്‍ സഭാനേതൃത്വങ്ങളോട് പറയുക. നിങ്ങളുടെ വിശ്വാസം ദൈവത്തിലുള്ളതാണ്. അചഞ്ചലമായ ആ വിശ്വാസം മധ്യസ്ഥന്‍മാര്‍ ചൂഷണം ചെയ്യാതിരിക്കട്ടെ.
