ആഭ്യന്തരവകുപ്പ് മന്ത്രിയെന്ന നിലയില്‍ സമ്പൂര്‍ണ പരാജയമാണ് പിണറായി വിജയന്‍. ഭരണം സുതാര്യമാക്കുന്നതിലും പരാജയം. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശം വഴി നല്‍കില്ല, വിവരാവകാശ കമ്മീഷണര്‍മാരെ നിയമിക്കില്ല, അഴിമതിക്കേസുകള്‍ എഴുതിത്തള്ളി, ആഴിമതി പറഞ്ഞ് ആര്‍ക്കെതിരെയൊക്കെ പ്രചാരണം നടത്തിയോ അവരെയൊക്കെ കൂടെക്കൂട്ടാന്‍ ശ്രമിക്കുന്നു, വ്യക്തമായ മൂല്യച്യുതി നടത്തിയ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കി, തോമസ് ചാണ്ടിയെ ക്രമക്കേട് കണ്ടിട്ടും പിടിച്ചുനിര്‍ത്താന്‍ നോക്കി- പിണറായി വിജയന്‍ മികച്ച ഭരണാധികാരിയാണെന്ന് പറയാന്‍ എന്താണ് നമുക്ക് മുന്നിലുള്ളത്? കോടിക്കണക്കിന് രൂപയുടെ പരസ്യം കൊണ്ട് മറയ്ക്കാവുന്ന നാണക്കേടാണോ ഇതൊക്കെ? 

റോമാനഗരം കത്തിയപ്പോള്‍ വീണ വായിച്ചയാളാണ് നീറോ ചക്രവര്‍ത്തിയെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ കാണാനും അനുഭവിക്കാനും യോഗം ഉണ്ടായി. ഒന്നല്ല, രണ്ടാണ് നമുക്ക് നീറോമാര്‍. മോദിയും മുണ്ടുടുത്ത മോദിയും. 

നാട്ടുകാര്‍ക്ക് പ്രധാനമെന്ന് തോന്നുന്നതൊന്നും ഇവര്‍ക്ക് വിഷയമല്ല. അതേപ്പറ്റി മിണ്ടുകയുമില്ല. ഒരു യുവാവിനെ വെട്ടിയരിഞ്ഞുകൊന്നു, ഗര്‍ഭിണിയെ ചവിട്ടിക്കൂട്ടി ഗര്‍ഭമലസിപ്പിച്ചു- നാട്ടില്‍ പൈശാചിക സംഭവങ്ങള്‍ നടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞിട്ടില്ല. ചുറ്റോടുചുറ്റും ഉപദേശകരുണ്ട്, പാര്‍ട്ടിക്ക് മാധ്യമങ്ങളുണ്ട്, സൈബര്‍ ലോകത്തും അല്ലാതെയുമായി ഭക്തജനസംഘങ്ങളുണ്ട്. എന്തുകാര്യം? 

കണ്ണൂരില്‍ ഒരു യുവാവിനെ പൈശാചികമായി വെട്ടിക്കൊന്നതും കോഴിക്കോട് ഗര്‍ഭിണിയെ ചവിട്ടിത്തൊഴിച്ച് ഗര്‍ഭമലസിപ്പിച്ചതും നാട്ടില്‍ രാഷ്ട്രീയ അതിക്രമങ്ങള്‍ കൂടിയതും പിണറായി വിജയന്‍ അറിഞ്ഞിട്ടില്ല. സിപിഎമ്മിന് പറയാനുള്ളതൊക്കെ പി ജയരാജന്‍ പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍, ആഭ്യന്തര വകുപ്പ് - അവര്‍ക്കെന്താ മിണ്ടാന്‍ വയ്യേ? 

നാട്ടിലെ സാധാരണ മനുഷ്യര്‍ക്ക് ആശങ്ക തോന്നുന്ന സംഭവങ്ങളില്‍ പിണറായി വിജയന്‍ എന്ന വ്യക്തിക്ക് ഒരാശങ്കയും ഉണ്ടായില്ലെങ്കിലും കുഴപ്പമില്ല. പിണറായിയെന്ന സിപിഎം നേതാവ് മിണ്ടാതിരുന്ന് പ്രോത്സാഹിപ്പിച്ചാലും കുഴപ്പമില്ല. പക്ഷേ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്ന പിണറായി വിജയന് ജനങ്ങളോട് ഉത്തരം പറയാനുള്ള ബാധ്യതയുണ്ട്. ഇതൊന്നും പറഞ്ഞുകൊടുക്കാനുള്ള നട്ടെല്ല് ആരോപണ പടുകുഴിയില്‍ കിടക്കുന്ന കോടിയേരിക്കുണ്ടാവില്ല. വിനീതവിധേയദാസന്‍മാരുള്ള പാര്‍ട്ടിക്കമ്മിറ്റികള്‍ക്കും ചങ്കുറപ്പുണ്ടാവില്ല.

നാലഞ്ചു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ എത്താമായിരുന്നിട്ടും ഓഖി ദുരന്തബാധിതരെ കാണാന്‍ അഞ്ച് ദിവസമെടുത്ത മഹാനാണ് പിണറായി വിജയന്‍. പൊലീസ് മര്‍ദ്ദനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വിനായകന്റെ കുടുംബത്തിനും, ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കുമൊക്കെ ദര്‍ശന സൗഭാഗ്യമരുളിയ കഥ ആരും മറന്നിട്ടില്ലല്ലോ അല്ലേ? നാട്ടുകാര്‍ക്കെന്ത് പ്രശ്‌നമുണ്ടായാലും, ജനമെന്ത് വിചാരിച്ചാലും, പൊതുജനമെന്താഗ്രഹിച്ചാലും അതവരുടെ കാര്യം. പിണറായിവഴി തനിവഴി. ആ വഴി സാധാരണ മനുഷ്യരുടെ വഴിയല്ല.

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് സിപിഎമ്മിന് പറയാന്‍ ഒരുപാട് കാര്യങ്ങളും ന്യായീകരണങ്ങളുമുണ്ടാകും. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഭരണാധികാരിയുടെ വാക്കുകളാണ്. സിപിഎമ്മുകാരായ പ്രതികള്‍ക്ക് സുഖചികിത്സ, തുടരെത്തുടരെ പരോള്‍, ആശുപത്രിവാസം തുടങ്ങി സ്വജനപക്ഷപാതത്തിന്റെ പരാതികള്‍ നിരവധിയാണ്. ആഭ്യന്തരവകുപ്പ് എന്ത് ചെയ്തു?

ആഭ്യന്തരവകുപ്പ് മന്ത്രിയെന്ന നിലയില്‍ സമ്പൂര്‍ണ പരാജയമാണ് പിണറായി വിജയന്‍. ഭരണം സുതാര്യമാക്കുന്നതിലും പരാജയം. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശം വഴി നല്‍കില്ല, വിവരാവകാശ കമ്മീഷണര്‍മാരെ നിയമിക്കില്ല, അഴിമതിക്കേസുകള്‍ എഴുതിത്തള്ളി, ആഴിമതി പറഞ്ഞ് ആര്‍ക്കെതിരെയൊക്കെ പ്രചാരണം നടത്തിയോ അവരെയൊക്കെ കൂടെക്കൂട്ടാന്‍ ശ്രമിക്കുന്നു, വ്യക്തമായ മൂല്യച്യുതി നടത്തിയ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കി, തോമസ് ചാണ്ടിയെ ക്രമക്കേട് കണ്ടിട്ടും പിടിച്ചുനിര്‍ത്താന്‍ നോക്കി- പിണറായി വിജയന്‍ മികച്ച ഭരണാധികാരിയാണെന്ന് പറയാന്‍ എന്താണ് നമുക്ക് മുന്നിലുള്ളത്? കോടിക്കണക്കിന് രൂപയുടെ പരസ്യം കൊണ്ട് മറയ്ക്കാവുന്ന നാണക്കേടാണോ ഇതൊക്കെ? 

നാം മുന്നോട്ട് എന്ന് പറഞ്ഞാല്‍ മാത്രം പോര, ജനങ്ങള്‍ക്ക് തോന്നിപ്പിക്കുക കൂടി വേണം. ജനങ്ങളെന്നാല്‍ സാധാരണ മനുഷ്യര്‍, പിണറായി വിജയന്റെ ഭജനസംഘത്തിലില്ലാത്ത പാവം മനുഷ്യര്‍. അവരെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മിണ്ടാതെ പോകലാണ് നമ്മുടെ മുഖ്യമന്ത്രിയുടെ ശൈലി. നഴ്‌സുമാരുടെ സമരത്തെക്കുറിച്ചുള്ള ചോദ്യത്തോട് മുഖംതിരിക്കുന്ന പിണറായിയെ നാം കണ്ടതാണ്. 

ഇതാണ് അവസ്ഥ. ഇതുകണ്ടാല്‍ ജനങ്ങള്‍ക്ക് എന്താണ് പറയാന്‍ തോന്നുന്നത്?