ജുഡീഷ്യറിയും ഭരണകൂടവും കമ്പനിയടിച്ചാൽ ജനാധിപത്യം തകരും

ജനാധിപത്യം അപകടത്തിലേക്കാണ് എന്നുപറയുമ്പോൾ പലർക്കും പരിഹാസമാണ്. പുലിവരുന്നേ എന്ന് കഥ പറഞ്ഞുപറഞ്ഞ് യഥാർത്ഥ പുലിവന്നപ്പോൾ നുണയാണെന്ന് കരുതി ഓടാതിരുന്ന കഥയല്ലിത്. കണ്ണാടിയിൽ കാണുന്ന പ്രതിബിംബം വിചാരിക്കുന്നതിനേക്കൾ അടുത്തായിരിക്കും എന്ന മുന്നറിയിപ്പുപോലെയാണ് കാര്യം. പറഞ്ഞുപറഞ്ഞിരുന്ന ആ പേടി യാഥാർത്ഥ്യമായി. പരമോന്നത നീതിപീഠം എന്ന ജുഡീഷ്യറിയിൽ കേന്ദ്രസർക്കാർ കൈകടത്തുന്നു- സിന്ധു സൂര്യകുമാര്‍ എഴുതുന്നു

 ലോക്സഭയിൽ മൃഗീയ ഭൂരിപക്ഷമാണ്. എന്നാലും ദുർബലരായ പ്രതിപക്ഷം അവിശ്വാസ നോട്ടീസ് കൊണ്ടുവന്നാൽ പറയാൻകൂടി അവസരം നൽകില്ല. തൊഴിലില്ലായ്മ, കാർഷികപ്രതിസന്ധി, പട്ടിണി, നോട്ടുനിരോധനത്തിന്‍റെ പരാജയം എല്ലാം ആരെങ്കിലും പറഞ്ഞാലോ, അതും മൂടിക്കെട്ടും. ജുഡീഷ്യറിയും നിയമനിർമ്മാണ സഭയും അങ്ങനെ. കുറേ മാധ്യമങ്ങൾ പണം കിട്ടിയാൽ എന്ത് വാർത്തയും കൊടുക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. നാലാം തൂണും റെഡി.

സുപ്രീം കോടതി കീഴ്വഴക്കങ്ങൾ തെറ്റിച്ചുതുടങ്ങിയിട്ട് കുറച്ചുകാലമായി. സുപ്രീം കോടതിക്ക് ആകാമെങ്കിൽ താഴേക്കുള്ളവയ്ക്കും അതാകാം. ഒരു ചട്ടവും നിയമനടപടിയും പാലിക്കാതെ ജസ്റ്റിസ് കർണനെ പിടിച്ചകത്തിട്ട സുപ്രീംകോടതിയാണ്. അർഹമായ പ്രാതിനിധ്യം സ്ത്രീകൾക്കില്ലാത്ത, ദളിതർക്കില്ലാത്ത, ന്യൂനപക്ഷങ്ങൾക്കില്ലാത്ത നിയമനരീതിയാണ്. സാധാരണ മനുഷ്യർക്ക് ഒരിക്കലും താങ്ങാനാവാത്ത, ലക്ഷങ്ങൾ ഓരോ സിറ്റിംഗിനും വാങ്ങുന്ന വക്കീലൻമാരുടെ മേച്ചിൽപ്പുറമാണ്. അവിടെ ചിലതൊക്കെ ചീഞ്ഞുനാറുന്നുണ്ടെന്ന് നമ്മോട് വിളിച്ചുപറഞ്ഞത് ഇപ്പോഴും അവിടെത്തന്നെയുള്ള, ഭാവിയിൽ ചീഫ് ജസ്റ്റിസ് സ്ഥാനത്തെത്തുന്ന ന്യായാധിപനടക്കമുള്ളവരാണ്.

ജുഡീഷ്യറിയും ഭരണകൂടവും കമ്പനിയടിച്ചാൽ ജനാധിപത്യം തകരുമെന്നതാണ് പ്രധാന പോയിന്‍റ്

ഇക്കൂട്ടത്തിൽപ്പെട്ട ജസ്റ്റിസ് ചലമേശ്വർ സഹജഡ്ജിമാർക്കെല്ലാം ലഭ്യമാക്കിയ , ചീഫ് ജസ്റ്റിസിന് ഫുൾകോർട്ട് വിളിക്കാനാവശ്യപ്പെട്ട് നൽകിയ കത്ത് പുറത്തുവന്നിട്ടുണ്ട്. പരസ്പരം നിരീക്ഷിച്ച് ശ്രദ്ധാലുക്കളായിരിക്കേണ്ട ജുഡീഷ്യറിയും ഭരണകൂടവും കമ്പനിയടിച്ചാൽ ജനാധിപത്യം തകരുമെന്നതാണ് പ്രധാന പോയിന്‍റ്. ജുഡീഷ്യറിയിൽ ഇടപെടുന്ന കേന്ദ്രസർക്കാരിന്‍റെ നയം , ഒരുമിച്ചിരുന്ന് ജഡ്ജിമാരെല്ലാം കൂടി ചർച്ച ചെയ്യണമെന്നാണ് ആവശ്യം. ഇങ്ങനെയൊരു കത്ത് നൽകൽ ജുഡീഷ്യറിയിൽ അസാധാരണമാണ്. 

സുപ്രീം കോടതിയെ ഈ അവസ്ഥയിൽ എത്തിച്ചതിൽ ചീഫ് ജസ്റ്റിസിനും കേന്ദ്രസർക്കാരിനും പങ്കുണ്ട്

പാർട്ടി പോളിറ്റ്ബ്യൂറോയ്ക്ക് വിഎസ് നിരന്തരം കത്തുനൽകുന്നതുപോലൊരു ഏർപ്പാടല്ലെന്ന് ചുരുക്കം. കൊളീജിയം തീരുമാനങ്ങൾ പരസ്യപ്പെടുത്തണമെന്ന് വാദിച്ച ജസ്റ്റിസ് ചലമേശ്വർ പണ്ടേ കീഴ്വഴക്കം തെറ്റിച്ചിട്ടുണ്ട്. പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോയി പ്രശ്നം വഷളാക്കി സുപ്രീം കോടതിയെ ഈ അവസ്ഥയിൽ എത്തിച്ചതിൽ ചീഫ് ജസ്റ്റിസിനും കേന്ദ്രസർക്കാരിനും പങ്കുണ്ട്. ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതിയിലേക്ക് ശിപാർശ ചെയ്തത് കേന്ദ്രം അംഗീകരിച്ചിട്ടില്ല. 

എങ്ങനെയാണ് സാധാരണ മനുഷ്യർ നീതി ഉറപ്പാക്കുക

മറ്റ് ചിലരുടെ സ്ഥലംമാറ്റകാര്യത്തിലും കേന്ദ്രസർക്കാർ അനാവശ്യമായ പിടിവാശി കാണിച്ചിരുന്നു. ജുഡീഷ്യറിയെ വരുതിക്ക് നിർത്താനുള്ള ശ്രമങ്ങൾ. ഇഷ്ടമുള്ളിടത്ത് ഇഷ്ടമുള്ളവരെ നിയമിക്കുന്ന രീതി ജുഡീഷ്യറിയിലും ഭരണകൂടം പിന്തുടർന്നാൽ എങ്ങനെയാണ് സാധാരണ മനുഷ്യർ നീതി ഉറപ്പാക്കുക. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എങ്ങനെ ഉറപ്പുവരുത്തും.
കർണാടക ഹൈക്കോടതി കേന്ദ്രനിയമ മന്ത്രാലയവുമായി ചട്ടം ലംഘിച്ച് നടത്തുന്ന കത്തിടപാടുകൾ, നിയമമന്ത്രാലയം ഹൈക്കോടതിക്ക് നേരിട്ട് നൽകുന്ന നിർദ്ദേശം , രണ്ട് തവണ നിയമനത്തിനായി കൊളീജിയം ശുപാർശ ചെയ്ത ജഡ്ജിക്കെതിരെ ഈ നിർദ്ദേശപ്രകാരം കർണാടക ചീഫ് ജസ്റ്റിസ് നടത്തുന്ന അന്വേഷണം. എല്ലാം ജസ്റ്റിസ് ചലമേശ്വർ കത്തിൽ പരാമർശിച്ചിട്ടുണ്ട്. കത്തുകിട്ടിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഫുൾകോർട്ട് വിളിച്ചില്ലെങ്കിലും അന്വേഷണം നിർത്താൻ ഇടപെട്ടതായി വാർത്തകളുണ്ട്. മുമ്പും പലതരം ആരോപണങ്ങൾ കേട്ട ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഒടുവിലിതാ ഇംപീച്ച്മെന്‍റ് ശ്രമവും നടക്കുന്നു. ശ്രമം വിജയിച്ചേക്കില്ല. 

പക്ഷെ പരമോന്നത കോടതിയിലെ ഏറ്റവും മുതിർന്ന ന്യായാധിപനെ വിശ്വാസമില്ല എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ വരുന്നു. മെഡിക്കൽ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ടതാണ് ആരോപണം. ഇതേ കേസിന്‍റെ ഉപഹർജികളുടെ പരിഗണനാ വേളയിലാണ് ചീഫ് ജസ്റ്റിസിന്‍റെ അസാധാരണമായ ഇടപെടലുകളുണ്ടായതും, കോടതിക്ക് അകത്തുതന്നെ അദ്ദേഹത്തിനെതിരെ വാദമുയർന്നതും. താത്പര്യമില്ലാത്ത പേരുകൾ കാണുമ്പോൾ ശുപാർശയിന്മേൽ അടയിരുന്ന് സുപ്രീം കോടതിയുടെ അവകാശങ്ങൾ കേന്ദ്രസർക്കാർ ഇല്ലാതാക്കുന്ന കാലത്തുതന്നെയാണ് ഇത് നടക്കുന്നത്. ഒരു നിയമനത്തിന്‍റെയോ ഒരു സ്ഥലംമാറ്റത്തിന്‍റെയോ പ്രശ്നമല്ലിത്. കേന്ദ്രസർക്കാർ കണ്ടില്ലെന്ന് നടിക്കുന്ന , കേന്ദ്രസർക്കാർ വക്താക്കളായ ദേശീയ മാധ്യമങ്ങൾ നിസ്സാരവത്കരിക്കുന്ന വലിയൊരു അപചയമാണിത്. 

എന്നിട്ടും നമ്മൾ വിശ്വസിക്കുകയാണ് ഈ ജുഡീഷ്യറിയെ

പണം വാങ്ങി ഉത്തരവുകൾ നൽകുന്ന ന്യായാധിപൻമാരുണ്ട്, പലരുടെയും പേരുകൾ പുറത്തുവന്നിട്ടുണ്ട്, ആരോപണങ്ങളായി. ഇഷ്ടമുള്ള ബെഞ്ച് വാങ്ങി കേസ് തീർക്കുന്നതിനെപ്പറ്റി ഹൈക്കോടതികളിൽ നിന്നെല്ലാം കഥകളുണ്ട്. ഒരു ഭാഗത്ത് ജുഡീഷ്യറി നിരന്തരം ചെന്ന്ചാടുന്ന, നടത്തുന്ന നീതിയും ന്യായവുമില്ലാത്ത കാര്യങ്ങൾ. മറുഭാഗത്ത് ഭരണകൂടം ഇടപെട്ട് നടപ്പിലാക്കുന്ന സർക്കാർ താത്പര്യങ്ങൾ. എന്നിട്ടും നമ്മൾ വിശ്വസിക്കുകയാണ് ഈ ജുഡീഷ്യറിയെ, ഇതാണ് നമ്മുടെ ആശ്രയം എന്ന്. വോട്ടുചെയ്യാൻ മാത്രം അധികാരവും അവകാശവുമുള്ള പാവം ജനത മറ്റെന്തു ചെയ്യാൻ.