Asianet News MalayalamAsianet News Malayalam

ഫോണുകള്‍ സ്മാര്‍ട്ടാവുന്നു, നമ്മുടെ കുട്ടികളോ? അവര്‍ക്കെന്ത് സംഭവിക്കുന്നു?

അമിതമായ സ്മാർട്ട് ഫോൺ ഉപയോഗം കാരണം ക്‌ളാസ് മുറികളിൽ വിദ്യാർത്ഥികളുടെ ഏകാഗ്രത വല്ലാതെ കുറഞ്ഞിരിക്കുന്നു. അദ്ധ്യാപകർ പറയുന്നത് എന്തെങ്കിലുമൊക്കെ ശ്രദ്ധിക്കാൻ വിട്ടുപോയാൽ അവർ അതറിയുന്നതുപോലുമില്ല. അഥവാ അതേപ്പറ്റി അവർ ഉത്കണ്ഠപ്പെടുന്നില്ല. 

smart phone addiction in students
Author
Thiruvananthapuram, First Published Dec 10, 2018, 3:00 PM IST

മൂക്കത്ത് കട്ടിക്കണ്ണട. ഇടതു കയ്യിൽ നെഞ്ചോട് ചേർത്തുപിടിച്ചു കൊണ്ടു വരുന്ന ടെക്സ്റ്റ് ബുക്ക്. വലത്തേക്കയ്യിൽ ചോക്കിന്‍റെ പൊടിയടയാളം. ഒരു പത്തുപതിനഞ്ചു വർഷം മുമ്പു വരെ നമ്മുടെ കോളേജുകളിലെ അദ്ധ്യാപകരെ വരച്ചിടാൻ ഇത്രയും സൂചനകൾ മതിയാവുമായിരുന്നു. പോകെപ്പോകെ കണ്ണടകൾ ഫ്രെയിംലെസ്സ് ആയി. ക്‌ളാസ്സ് റൂമുകൾ പലതും സ്മാർട്ടായതോടെ ടെക്സ്റ്റ് ബുക്കിന്‍റെ പ്രസക്തി കുറഞ്ഞു. ബോർഡുകൾ കറുപ്പിൽ നിന്നും വെളുപ്പിലേക്ക് നിറം മാറി. ചോക്കുകൾ മാർക്കറുകൾക്ക് വഴിമാറി. കയ്യിൽ ഒരു സ്മാർട്ട് ഫോണും പിടിച്ചുകൊണ്ട് കേറി വരുന്ന അദ്ധ്യാപകൻ ആദ്യം തന്‍റെ ഫോൺ സൈലന്‍റിലാക്കുകയും തുടർന്ന് കുട്ടികളോട് അവരവരുടെ ഫോൺ സൈലന്‍റിലാക്കാനോ സ്വിച്ചോഫ് ചെയ്യാനോ ആവശ്യപ്പെടുകയും ചെയ്യുന്നു. പതിവുകൾ മാറിയെങ്കിലും,  ഇപ്പോഴും കുട്ടികൾ ഏറെക്കുറെ അദ്ധ്യാപകരുടെ വാക്കുകൾ ചെവിക്കൊള്ളുന്നുണ്ട്. എന്നാൽ, അവർ കയ്യിൽ കൊണ്ടുനടക്കുന്ന 'സ്മാർട്ട്' എന്ന് സ്വയം അവകാശപ്പെടുന്ന ആ വിചിത്രവസ്തു, മൊബൈൽ ഫോൺ, അവരുടെ പഠനശേഷിയെ, അവരുടെ സ്മാർട്ട്നെസ്സിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് വളരെ ഗൗരവത്തോടെ തന്നെ പരിശോധിക്കേണ്ടതാണ്. 

ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകർ നിരീക്ഷിക്കുന്നത് അവരുടെ വിദ്യാർത്ഥികൾക്ക്  അമ്പതു മിനിറ്റിലേറെ തങ്ങളുടെ സ്മാർട്ട് ഫോണുകൾ പരിശോധിക്കാനുള്ള അനുമതി കിട്ടാതിരുന്നാൽ അവർ അക്ഷമരാകുന്നു, അസ്വസ്ഥരാകുന്നു എന്നാണ്. അദ്ധ്യാപകരെ ഏറ്റവും വിറളിപിടിപ്പിക്കുന്നത് കുട്ടികളുടെ ക്‌ളാസ്സിനിടയിലുള്ള സ്മാർട്ട് ഫോൺ ഉപയോഗമാണ് എന്നറിഞ്ഞിരുന്നിട്ടും, അവരിൽ പലർക്കും അത് ചെയ്യാതിരിക്കാനാവുന്നില്ല. 'നെബ്രാസ്‌കാ-ലിങ്കൺ' യൂണിവേഴ്‌സിറ്റിയിൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് വിദ്യാർത്ഥികളിൽ  80 ശതമാനത്തിലധികം  പേർ ക്ലാസ്സ് നടക്കുന്നതിനിടയിൽ ചാറ്റ് ചെയ്യുന്നവരാണ്, ഏതാണ്ട് എല്ലാവരും തന്നെ, ലെക്ചർ  തുടങ്ങുന്നതിന് തൊട്ടുമുമ്പും അവസാനിച്ചതിന് തൊട്ടുപിറകെയും ചുരുങ്ങിയത് ഒരു മെസ്സേജെങ്കിലും അയക്കുന്നവരാണ് എന്നാണ്.  

മുമ്പൊക്കെ, ഗൗരവമുള്ള പഠനവിഷയങ്ങൾ പഠിപ്പിച്ചു തുടങ്ങും മുമ്പ്, സരസരായ അദ്ധ്യാപകർ ആദ്യത്തെ 10-15 മിനുട്ടു നേരം, നാട്ടിലെ വിശേഷങ്ങളോ കുഞ്ഞു തമാശകളോ ഒക്കെ പറഞ്ഞ്, പുറത്തെങ്ങോ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുട്ടികളുടെ മനസ്സിനെ ക്ലാസ്സിനുള്ളിലേക്ക് പിടിച്ചു കൊണ്ടുവരുമായിരുന്നു. ഇപ്പോൾ ആ 'മഞ്ഞുരുക്കുന്ന' നിമിഷങ്ങളിൽ സാങ്കേതിക വിദ്യ സംഭാവന ചെയ്ത വല്ലാത്തൊരു നിശ്ശബ്ദതയാണ്. ബെഞ്ചുകൾ കസേരകൾക്ക് വഴിമാറിയതോടെ വിദ്യാർത്ഥികളിൽ പലരും  ക്ലാസ്സിൽ പരസ്പരം  സംസാരിക്കാതെയായി.  തലേ ദിവസത്തെ കെമിസ്ട്രി പരീക്ഷയുടെ കടുപ്പത്തെക്കുറിച്ചോ കാന്‍റീനിലെ ഭക്ഷണത്തിന്‍റെ  നിലവാരത്തെക്കുറിച്ചോ  ഒക്കെ തമ്മിൽ കലപിലാന്ന് ചിലച്ചുകൊണ്ടിരുന്ന കാലമൊക്കെ കഴിഞ്ഞുപോയി.  ക്ലാസ്സ് തുടങ്ങി ഒരു അര മുക്കാൽ മണിക്കൂറാവുമ്പോഴേക്കും പലരും അസ്വസ്ഥരാവും. അവരുടെ  കൈകൾ ബാഗിനുള്ളിലേക്ക് അറിയാതെ നീങ്ങും. അവിടെ ഉറക്കിക്കിടത്തിയിരിക്കുന്ന സ്മാർട്ട് ഫോൺ തിരയും. കൈകളിലിട്ട് ഒന്നു കറക്കും. അവയെ ഒന്ന് സ്പർശിച്ചാൽ, ആ ആകൃതി ഒന്ന് തൊട്ടറിഞ്ഞാൽ . അവരുടെ ഞെരിപിരിക്ക് ഇത്തിരി ശമനമുണ്ട് എന്നു തോന്നും ആ ചെയ്തി  കണ്ടാൽ. ക്‌ളാസ് തീർന്നുകൊണ്ടുള്ള അറിയിപ്പു കിട്ടിയാൽ, അതുവരെ പിടിച്ചുവച്ച മൂത്രം ഓടിച്ചെന്ന് ശുചിമുറിയിൽ ഒഴുക്കിക്കളയുന്ന ആശ്വാസമാണ് കുട്ടികൾക്ക്. ഒരു നിമിഷം പോലും കാക്കാതെ അവർ പാറ്റേൺ വരച്ച് സ്‌ക്രീൻ ലോക്ക് തുറന്ന് സ്റ്റാറ്റസുകളിലൂടെ പായുകയായി. 

നോട്ടുകൾ എഴുതിയെടുക്കുമ്പോൾ, ടൈപ്പുചെയ്യുമ്പോൾ ഉള്ളതിനേക്കാൾ പാഠഭാഗങ്ങൾ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട്. 

 
അമേരിക്കയിലെ പല യൂണിവേഴ്സിറ്റികളിൽ നിന്നും പഠിച്ചിറങ്ങാൻ ലക്ഷങ്ങൾ ചെലവുണ്ട്. ഡോളറിൽ അടക്കുന്ന ഫീസിന് പകരം മണിക്കൂറെണ്ണി കിട്ടുന്ന ലെക്ചറുകളിൽ കുട്ടികൾ പരമാവധി ശ്രദ്ധ പതിപ്പിക്കുമെന്ന് നമ്മൾ സ്വാഭാവികമായും പ്രതീക്ഷിക്കും. എന്നാൽ അതങ്ങനെയല്ല എന്നാണ് വാട്ടർലൂ യൂണിവേഴ്‌സിറ്റിയിലെ ഒരു പ്രൊഫസർ നടത്തിയ ഒരു കൊച്ചു പരീക്ഷണം വ്യക്തമാക്കിയത്. അദ്ദേഹം തന്റെ വിദ്യാർത്ഥികളറിയാതെ അവർക്കു പിന്നിലായി തന്‍റെ മറ്റൊരു വിദ്യാർത്ഥിയെ നിയോഗിച്ചു. തുറന്നുവെച്ചിരിക്കുന്ന തങ്ങളുടെ ആപ്പിൾ ലാപ്ടോപ്പുകളിൽ ക്‌ളാസ്സുമായി ബന്ധപ്പെട്ട നോട്ടുകൾ പകർത്തുകയാവും വിദ്യാർത്ഥികൾ എന്നാണല്ലോ നമ്മൾ ഊഹിക്കേണ്ടുന്നത്. എന്നാൽ അദ്ദേഹം നടത്തിയ ഈ നിരീക്ഷത്തിൽ വ്യക്തമായത് ആ ക്ലാസ്സിലെ 85 % പഠിതാക്കളും തങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്ന വിഷയവുമായി പുലബന്ധമില്ലാത്ത എന്തൊക്കെയോ നേരമ്പോക്കുകളിലാണ് ഏർപ്പെട്ടിരുന്നത്. 

കോർണൽ യൂണിവേഴ്‌സിറ്റിയിൽ നടന്ന ഒരു സമാന പഠനവും വെളിപ്പെടുത്തിയത് വിദ്യാർത്ഥികളിൽ പലരും ഹൈടെക്ക് 'കുത്തിവര'യിലോ അല്ലെങ്കിൽ ചാറ്റിംഗിലോ ഏർപ്പെട്ടിരിക്കുകയായിരുന്നു എന്നാണ്. പഴയതും പുതിയതുമായ നോട്ടു പകർത്തൽ രീതികളെ താരതമ്യം ചെയ്തുകൊണ്ടുള്ള പ്രിൻസ്ടൺ യൂണിവേഴ്‌സിറ്റി പഠനത്തിൽ തെളിഞ്ഞത് പരമ്പരാഗതമായ രീതിയിൽ നോട്ടുകൾ പുസ്തകങ്ങളിൽ 'എഴുതി'യെടുക്കുമ്പോൾ വിദ്യാർത്ഥികൾ  ലാപ്ടോപ്പുകളിൽ ടൈപ്പുചെയ്തെടുക്കുന്നതിനേക്കാൾ ഭേദപ്പെട്ട രീതിയിൽ അതിലടങ്ങിയ വിവരം പ്രോസസ്സ് ചെയ്യുന്നു, മനസ്സിലേക്കെടുക്കുന്നു എന്നാണ്. എഴുത്ത്  ടൈപ്പിങ്ങിനെക്കാൾ വേഗം കുറഞ്ഞൊരു പ്രവൃത്തിയാണ്. അതുതന്നെയാണ് കമ്പ്യൂട്ടറുകളുടെ ഗുണമെന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നതും. എന്നാൽ എഴുത്തിന്‍റെ വേഗം കുറവായതിനാൽ, നമ്മൾ പകർത്തുന്ന വിവരം കുട്ടികളുടെ മനസ്സിലൂടെ കൂടുതൽ നേരമെടുത്ത് കടന്നു പോവും എന്നതുകൊണ്ട് അവിടെ തങ്ങി നിൽക്കാനുള്ള സാധ്യതയും വർധിക്കുന്നു. ഈ കണ്ടെത്തലുകളെ അധികരിച്ച് വിഖ്യാതമായ പല അമേരിക്കൻ യൂണിവേഴ്സിറ്റികളും കുറേക്കാലത്തേക്ക് ക്‌ളാസ് റൂമുകളിൽ ലാപ് ടോപ്പുകളുടെ ഉപയോഗം നിരോധിക്കുക വരെ ഉണ്ടായിട്ടുണ്ട്. പുസ്തകങ്ങളിൽ നോട്ടെഴുതുന്നവരുടെ മുഖം അദ്ധ്യാപകർക്ക് കാണാമെന്നതും, ആപ്പിൾ ലാപ്ടോപ്പുകളിൽ അതേ പ്രവൃത്തി ചെയ്യുമ്പോൾ അദ്ധ്യാപകർ കാണുന്നത് മുറിഞ്ഞ ആപ്പിൾ ആണെന്നതും അദ്ധ്യാപരുടെ ലാപ്ടോപ്പ് വിരോധത്തിന് മറ്റൊരു കാരണമാണ്. 

അമിതമായ സ്മാർട്ട് ഫോൺ ഉപയോഗം കാരണം ക്‌ളാസ് മുറികളിൽ വിദ്യാർത്ഥികളുടെ ഏകാഗ്രത വല്ലാതെ കുറഞ്ഞിരിക്കുന്നു. അദ്ധ്യാപകർ പറയുന്നത് എന്തെങ്കിലുമൊക്കെ ശ്രദ്ധിക്കാൻ വിട്ടുപോയാൽ അവർ അതറിയുന്നതുപോലുമില്ല. അഥവാ അതേപ്പറ്റി അവർ ഉത്കണ്ഠപ്പെടുന്നില്ല. സ്മാർട്ട് ഫോൺ അഡിക്ഷൻ വീട്ടിൽ നിന്നും ക്‌ളാസ്സിലേക്കും തിരിച്ചുമുള്ള വിദ്യാർത്ഥികളുടെ യാത്രകൾ അപകടം നിറഞ്ഞതാക്കുകയാണ്. അവർ റോഡിലെ സാഹചര്യത്തെക്കുറിച്ചൊന്നും ബോധവാന്മാരാവാതെ  സ്മാർട്ട് ഫോണും പരിശോധിച്ചുകൊണ്ട് ഒരേ നടത്തമാണ്. അതുമൂലമുള്ള അപകടങ്ങൾ ഏറി വന്നപ്പോൾ ചൈനയിലെ ചോങ്ങ് കിങ്ങ് പ്രവിശ്യയിലെ നടപ്പാതകളിൽ ഒരു ലൈൻ സ്മാർട്ട് ഫോണിൽ നിന്നും കണ്ണെടുക്കാൻ മടിയുള്ള മിടുക്കർക്കായി കാര്യമായ വാരിക്കുഴികളൊന്നുമില്ലാത്ത വിധം സജ്ജീകരിച്ചിരിക്കുകയാണ്. 

ജർമ്മനിയിലെ ഓസ്ബർഗിലാകട്ടെ ഒരുപടികൂടി കടന്ന് സ്മാർട്ടായ അന്ധന്മാരുടെ കണ്ണിൽപ്പെടാൻ കണക്കാക്കി നിലത്ത് ട്രാഫിക് ലൈറ്റുകൾ സജ്ജീകരിച്ചിരിക്കുകയാണ്. ഈ അവസ്ഥയിലെ രസകരമായ വസ്തുത എന്താണെന്നുവച്ചാൽ, ഇങ്ങനെ ഫോണിൽ നിന്നും കണ്ണെടുത്ത് ട്രാഫിക് സിഗ്നൽ നോക്കാൻ  പോലും നേരമില്ലാതെ നടക്കുന്ന വിരുതന്മാരുടെ ധാരണ തങ്ങൾ ഭയങ്കരമായി 'മൾട്ടിടാസ്കിങ്' ചെയ്യുന്നവരാണ് എന്നാവും. അല്ലാതെ, തങ്ങൾക്ക് ശ്രദ്ധക്കുറവുണ്ടെന്നാവില്ല. 

രണ്ടു മിനിറ്റ് നേരം കഴിഞ്ഞതോടെ കുട്ടികളിൽ ഏകാഗ്രതാ വ്യതിയാനങ്ങൾ കണ്ടുതുടങ്ങി

         
ഈ  വിഷയത്തിൽ കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ  ഒരു പഠനത്തിൽ ക്‌ളാസ്സിലെ ഒരുപറ്റം വിദ്യാർത്ഥികൾക്ക് തങ്ങളുടെ ലാപ്ടോപ്പുകളിൽ 15  മിനിറ്റുനേരം പഠന സംബന്ധിയായ ഒരു കാര്യം ഇന്‍റർനെറ്റിൽ അന്വേഷിച്ച് കണ്ടെത്താനായി സമയം നൽകി. രണ്ടു മിനിറ്റ് നേരം കഴിഞ്ഞതോടെ കുട്ടികളിൽ ഏകാഗ്രതാ വ്യതിയാനങ്ങൾ കണ്ടുതുടങ്ങി. ഏതാണ്ട് ആറു മിനിട്ടിനുള്ളിൽ, കുട്ടികളിൽ പലരും സോഷ്യൽ മീഡിയാ സൈറ്റുകളിൽ എത്തി. നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന അറിവുണ്ടായിരുന്നിട്ടും കുട്ടികൾക്ക് അനുവദിച്ച സമയത്തിന്‍റെ 65 % നേരം മാത്രമേ ശ്രദ്ധ തങ്ങളുടെ പഠനവിഷയത്തിൽ ഉറപ്പിച്ചു നിർത്താൻ കഴിഞ്ഞുള്ളു. ഇത് 15 മിനിറ്റിന്‍റെ കാര്യം. കുട്ടികൾ പഠനം എന്ന പേരും പറഞ്ഞുകൊണ്ട് മണിക്കൂറുകളോളം ഇന്‍റർനെറ്റിൽ ചെലവിടുമ്പോൾ അതിൽ എത്ര നേരമാണ് അവർ തങ്ങളുടെ വിഷയത്തിനായി വിനിയോഗിക്കുക എന്ന് നമുക്കൂഹിക്കാവുന്നതാണ്. 

പണ്ടത്തെ വിദ്യാർഥികൾ ഒരർത്ഥത്തിൽ അനുകൂല സാഹചര്യങ്ങളിൽ പഠിച്ചുവന്നവരാണ്. അവരുടെ ശ്രദ്ധതെറ്റിക്കാൻ ഫേസ്ബുക്കോ വാട്ട്സാപ്പോ യൂ ട്യൂബോ ഒന്നും അന്നുണ്ടായിരുന്നില്ലല്ലോ. എന്നുവെച്ച് അവരെല്ലാം തപോധനരായ മര്യാദാരാമന്മാരായിരുന്നു എന്നൊരു ധ്വനിയും ഇല്ല കേട്ടോ. കുട്ടികൾക്ക് അന്നുമിന്നും, പഠിക്കുക എന്ന ഒരൊറ്റകാര്യത്തിലൊഴിച്ച് ആ പ്രദേശത്തുനടക്കുന്ന മറ്റെന്തിലും കാണും കൂടുതൽ താത്പര്യം. അതിനി ക്‌ളാസ് മുറിക്കു വെളിയിലെ പ്ലാവിൽ നിന്നും ഇല തിന്നുന്ന ആടിനെ നിരീക്ഷിക്കലായാൽപ്പോലും. അവരൊക്കെ പരീക്ഷയുടെ  തലേദിവസത്തേക്ക് പഠിത്തം ബാക്കിവെക്കുന്ന സ്വഭാവമുള്ളവരായിരുന്നു അന്നും. പക്ഷേ ഇന്നത്തെകാലത്ത് ഇങ്ങനെ പിന്നേക്കു മാറ്റിവെക്കുന്ന  (Procastination) സ്വഭാവമില്ലാത്തപഠിപ്പിസ്റ്റുകൾക്കു പോലും സാങ്കേതികവിദ്യ കണ്മുന്നിൽ കൊണ്ടുനിർത്തുന്ന പ്രലോഭനങ്ങളെ അവഗണിച്ചുകൊണ്ട് ഏകാഗ്രമായിരുന്നു പഠിക്കാൻ കഴിയുന്നില്ല. 

ഒരു ദിവസം പരിശോധന 150 തവണ

കുറച്ചുനേരത്തേക്കെങ്കിൽ കുറച്ചു നേരത്തേക്ക് മൊബൈൽ ഫോൺ ഓഫ് ചെയ്യുക എന്നത് പറയാൻ എളുപ്പമുള്ള സംഗതിയാണ്. എന്നാൽ പലർക്കും അത് വളരെ പ്രയാസമുണ്ടാക്കുന്ന ഒരു കാര്യമാണ്. 75% അമേരിക്കക്കാരും കക്കൂസിൽ വരെ സ്മാർട്ട് ഫോൺ കൊണ്ട് കേറുന്നവരാണ്. പതിനെട്ടിനും ഇരുപത്തിനാലിനും ഇടയിൽ പ്രായമുള്ള ഒരു കുട്ടി ഒരു ദിവസം തന്‍റെ സ്മാർട്ട് ഫോൺ കൈയിലെടുത്ത് ചെക്ക് ചെയ്യുന്നത് 150  തവണയാണ്. അത്രയ്ക്ക് ഒബ്സെസ്സ്ഡ് ആണിന്നു നമ്മൾ സ്മാർട്ട് ഫോണിന്. സ്മാർട്ട് ഫോണുകൾ നമ്മളെക്കൊണ്ടെത്തിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് പറയുന്ന സാങ്കേതിക പദം 'ടെക്‌നോ സ്ട്രെസ്സ്ഡ്' എന്നതാണ്. അതായത്, നമുക്ക് സ്മാർട്ട്ഫോൺ പരിശോധിക്കാൻ ആവും എന്നതുകൊണ്ട്, ആ നിമിഷം അത് ചെയ്യാതിരിക്കുമ്പോഴുണ്ടാവുന്ന അകാരണമായ വീരുവിരുപ്പിനെയാണ് ഈ പദംകൊണ്ട് വിവക്ഷിക്കുന്നത്. ഇന്നത്തെ യുവത്വത്തെ നയിക്കുന്ന ചേതോവികാരത്തിന് 'FOMO' എന്ന പേരാണ് നല്കപ്പെട്ടിരിക്കുന്നത്. 'Fear Of Missing Out'. സോഷ്യൽ മീഡിയാ വിപ്ലവത്തിന്‍റെ ബാൻഡ് വാഗൺ തനിക്ക് മിസ്സാവുമോ എന്ന ഭീതി. ഒരു നിമിഷാർദ്ധത്തിൽ ഒരുകോടി മാറ്റങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുമ്പോൾ നമ്മൾ പത്തുമിനിറ്റ് നേരത്തേക്കുപോലും അൺപ്ലഗ്ഗ്ഡ് ആയിരുന്നാൽ   തിരിച്ചു കേറുമ്പോൾ മറ്റുള്ളവരെക്കാൾ  പിന്നിലായിപ്പോവുമോ എന്ന ടെൻഷൻ. 

രക്ഷിതാക്കൾ അറിഞ്ഞോ അറിയാതെയോ കുട്ടികൾ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുക തന്നെ ചെയ്യും

     
 സാമൂഹ്യവും തൊഴിൽപരവുമായ പ്രതീക്ഷകളും ഒരു പരിധിവരെ ഈ ഭീതിക്ക് കാരണമാവുന്നുണ്ട്. ഇന്നത്തെ പല കമ്പനികളും, രാത്രിയിൽ അയക്കുന്ന മെയിലുകൾക്ക് രാത്രിയിൽ തന്നെ മറുപടി പ്രതീക്ഷിക്കുന്നു. നമ്മുടെ സ്നേഹിതരിൽ പലരും, സോഷ്യൽ മീഡിയാ മെസ്സേജുകൾ നമ്മൾ തത്സമയം കണ്ടു പ്രതികരിക്കും എന്ന് കരുതുന്നു. അങ്ങനെ ചെയ്യുന്നവർക്ക് കൂടുതൽ മുൻഗണന തൊഴിലിടങ്ങളിലും ജീവിതത്തിലും കിട്ടുന്നു. അങ്ങനെ വരുമ്പോൾ സദാ സമയം ഗാഡ്ജെറ്റുകളുമായി 'കണക്ടഡ് ' ആയിരിക്കാൻ നമ്മൾ നിർബന്ധിതരാവുന്നു. ഇങ്ങനെ സമ്മർദ്ദത്തിനു പുറത്തുള്ള  അനുവർത്തനവും, അല്ലാതുള്ള അടിമത്തവും തമ്മിൽ വേർതിരിച്ചറിയുക പ്രയാസമാകും. കാരണം രണ്ടിന്‍റെയും ലക്ഷണങ്ങൾ ഒന്നുതന്നെയാണ്. അമിതമായ ഉപയോഗം, ഒഴിവാക്കുമ്പോഴുള്ള മനശ്ചാഞ്ചല്യം, ഒഴിവാക്കലിനോട് പൊരുത്തപ്പെടാനുള്ള കഴിവ്, നെഗറ്റീവ് ആയ പ്രതികരണങ്ങൾ  അങ്ങനെ രണ്ടിന്‍റെയും വ്യവഹാരങ്ങളിൽ കാര്യമായ സാമ്യങ്ങളുണ്ട്. 

സാങ്കേതികവിദ്യയും സാമൂഹ്യമാധ്യമങ്ങളും നമ്മുടെ കുട്ടികളുടെ വിവര ശേഖരണത്തെയും പഠനത്തെയും വിവരാർജ്ജനത്തെയും  ഒരു പരിധിവരെ എളുപ്പമാക്കിയിട്ടുണ്ട് എന്നതും വാസ്തവം തന്നെയാണ്. അവർക്കിന്ന് നൽകേണ്ടത് അതിന്‍റെയെല്ലാം സമീകൃതമായ ഉപയോഗത്തെക്കുറിച്ചുള്ള പാഠങ്ങളാണ്. ഒന്നും നമുക്ക് പാടെ ഒഴിവാക്കാനാവില്ല. അതല്ല ഇപ്പോൾ നമ്മൾ  അഭിമുഖീകരിക്കുന്ന പ്രശ്നത്തിനുള്ള പരിഹാരം. ഇന്നത്തെക്കാലത്ത്, ഒരു വിദ്യാർത്ഥിക്ക് താൻ ഗവേഷണം നടത്തുന്ന മേഖലയിലെ ഏറ്റവും പുതിയ വിവരങ്ങൾ അറിയാനും, ആ രംഗങ്ങളിലെ പണ്ഡിതരുമായി  സമ്പർക്കം പുലർത്താനും, അവനവന്‍റെ ലേഖനങ്ങൾ അന്തർദേശീയ ശ്രദ്ധയിൽ കൊണ്ടുവരാനുമെല്ലാം ഇന്‍റർനെറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളുമെല്ലാം അത്യന്താപേക്ഷിതം തന്നെ. കുട്ടികൾക്ക് അതിന്‍റെയെല്ലാം ഉപയോഗം നിഷേധിക്കുന്നതിലോ, അതിൽ നിന്നെല്ലാം അവരെ അകറ്റിനിർത്തുന്നതിലോ ഒന്നും അർത്ഥമില്ല. രക്ഷിതാക്കൾ അറിഞ്ഞോ അറിയാതെയോ അവർ അതുപയോഗിക്കുക തന്നെ ചെയ്യും. അതിനാൽ അത് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതെങ്ങനെ എന്നുള്ളതിൽ നമ്മൾ പ്രാഥമികമായ ഒരു വിദ്യാഭ്യാസം അവർക്കു പകരുകയാണ് വേണ്ടത്. 

ആരാണ് ശരിക്കും ഇരുട്ടിൽ കഴിയുന്നവർ..?

       
പ്ളേറ്റോയുടെ ഒരു പഴയ ദൃഷ്ടാന്ത കഥ പറഞ്ഞുകൊണ്ട് നിർത്താം.  തത്വശാസ്ത്രങ്ങൾ വികസിച്ചുവന്ന കാലഘട്ടത്തിൽ പുതിയ ആശയങ്ങളോട് തികഞ്ഞ പരിഹാസവും എതിർപ്പും നിഷേധവും കാത്തുസൂക്ഷിച്ചിരുന്ന അന്നത്തെ മുതിർന്നവർക്കുവേണ്ടി അദ്ദേഹം പറഞ്ഞ കഥ. ഒരു ഗുഹയിൽ ചങ്ങലയിൽ തളയ്ക്കപ്പെട്ട നിലയിൽ വർഷങ്ങളായി തടങ്കലിട്ടിരിക്കുന്ന കുറെ തടവുകാരുണ്ടായിരുന്നു. അവരെയെല്ലാം കാലങ്ങളായി ആ ഗുഹയ്ക്കുള്ളിൽ ഒരു ചുവരിനു നേരെ തിരിച്ചു നിർത്തി ചങ്ങലയ്ക്കിട്ടിരിക്കുകയാണ് . ഒന്നു തല തിരിക്കാൻ പോലും അവർക്കാവില്ല. അവരുടെ കാഴ്ച എന്ന് പറയുന്നത് ആ ചുവരിൽ വന്നുവീഴുന്ന അവരുടെ തന്നെ നിഴലുകളാണ്. ആ ഗുഹയ്ക്കുള്ളിലെ കാഴ്ചകളാണ് ലോകമെന്ന ധാരണപ്പുറത്ത്  അവർ കഴിഞ്ഞുപോന്നു. ഒരു സുപ്രഭാതത്തിൽ കൂട്ടത്തിലൊരാൾ  പരോളിൽ മോചിതനായി. അയാൾ പുറത്തുപോയി, അവിടത്തെ ലോകം കണ്ടു. അവിടത്തെ കണ്ണഞ്ചിക്കുന്ന കാഴ്ചകളും അത്ഭുതങ്ങളും ഒക്കെ കണ്ട് തന്‍റെ ലോകവീക്ഷണം പാടെ മാറിപ്പോയ അയാൾ  മനസ്സിലുണ്ടായ നിലാവെളിച്ചം  തന്‍റെ സഹതടവുകാർക്ക് പകരാനായി തിരിച്ച് ഗുഹയ്ക്കുള്ളിലേക്കു വന്നു. പുറത്തെ ജീവിതം കൊണ്ട് അടിമുടി മാറിപ്പോയ അയാളെ, തിരിച്ചു ചെന്നപ്പോൾ അവർക്കാർക്കും തിരിച്ചറിയാൻ പോലുമായില്ലത്രേ.   അവിചാരിതമായി കിട്ടിയ ജ്ഞാനോദയം കൊണ്ട് വേറിട്ടൊരു ഉൾക്കാഴ്ച കിട്ടിയ അയാൾ, അങ്ങനെ അവിടത്തെ മറ്റുതടവുകാരിൽ നിന്നും വേറിട്ട മറ്റൊരുലോകത്ത്  തന്റെ ജീവിതം തുടർന്നു  എന്ന് കഥ. 

ഒരു ക്‌ളാസിൽ ഈ കഥ പറഞ്ഞുകൊടുത്ത ശേഷം, ഈ ദൃഷ്ടാന്തത്തെ നമ്മുടെ സാഹചര്യത്തിൽ എങ്ങനെ വായിക്കാം എന്നു ചോദിച്ചപ്പോൾ, സ്മാർട്ട് ആയ ഒരു കുട്ടി, ചോദ്യം തീരും മുമ്പേ, കൈ പൊക്കി തികഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞു.  " ഗുഹയ്ക്കുള്ളിൽ ചങ്ങലയിൽ കഴിഞ്ഞു പോന്നവർ ടെക്‌നോളജിയെ ആശ്രയിക്കാൻ അറിയാത്തവർ. അവർക്കിടയിൽ നിന്നും താൽക്കാലികമായി പുറത്തുപോയി തിരിച്ചുവന്നയാൾ, ടെക്‌നോളജിയിൽ അറിവുനേടി  ജ്ഞാനോദയം നേടിയവൻ..."  ക്‌ളാസ്സിലെ ഒട്ടുമിക്ക തലകളും സമ്മതഭാവത്തിൽ കുലുങ്ങി. "എന്നാൽ ഇതൊന്ന് തിരിച്ചു ചിന്തിച്ചു നോക്കിക്കേ..." എന്ന് പറഞ്ഞപ്പോൾ, ഒട്ടുമിക്കപേരും കണ്ണും മിഴിച്ച് വായും പൊളിച്ചിരിപ്പായി. ഒടുവിൽ ശാന്തസ്വഭാവിയും സ്വതവേ നിശ്ശബ്ദയുമായ ഒരു പെൺകുട്ടി കയ്യുയർത്തി പ്രൊഫസർ കേൾക്കാനാഗ്രഹിച്ച ഉത്തരം പറഞ്ഞു.. " ഗുഹയിൽ ചങ്ങലയ്ക്കിട്ടു കിടക്കുന്നവരാണ് യഥാർത്ഥത്തിൽ ടെക്‌നോളജിക്ക് അടിമപ്പെട്ടു കിടക്കുന്നവർ.  അഡിക്ടഡ്. രാപകൽ വീഡിയോ ഗെയിം കളിക്കുന്ന, ദിവസത്തിൽ 150 പ്രാവശ്യം സ്മാർട്ട് ഫോൺ പരിശോധിക്കുന്ന, നൂറു നൂറ്റമ്പത്  വാട്ട്സ്ആപ്പ് സന്ദേശങ്ങൾ അയക്കുന്ന, യൂട്യൂബിൽ മോബ് ലിഞ്ചിങ്ങ് വീഡിയോകൾ കണ്ട് ചാരിതാർത്ഥ്യമടയുന്ന, 'വിർച്വൽ' ലോകത്ത് ജീവിക്കുന്നവർ... അവരാണ് ശരിക്കും ഇരുട്ടിൽ കഴിയുന്നവർ... ഗുഹാജീവികൾ... " തങ്ങളുടെ സ്മാർട്ട് ഡിവൈസുകൾ  ഒന്ന് താഴെ വെച്ച്, പുറത്തെ പകൽ വെളിച്ചത്തിലേക്കിറങ്ങി വരാൻ കഴിയുന്നവർക്കാവും യഥാർത്ഥത്തിലുള്ള ജ്ഞാനോദയമുണ്ടാവുക. അങ്ങനെ എടുക്കാൻ സാധിക്കുന്ന 'സാങ്കേതികതാ മൗനവ്രത'ങ്ങളാവും  സമചിത്തരായി പെരുമാറാൻ ഭാവിയിൽ നമ്മുടെ കുട്ടികൾക്ക്  ശക്തി പകരുന്നത്.   


(Reference: Aeon- 'And their eyes glazed over' Article by Joelle Renstrom)
 

Follow Us:
Download App:
  • android
  • ios