ബ്രംപ്ടൺ: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത് ഈ മഞ്ഞില്‍ നിര്‍മ്മിച്ച കല്ല്യാണപ്പെണ്ണാണ്. സോഷ്യല്‍ മീഡിയയിലുള്ളവര്‍ക്ക് ദീപികയുടേയും രണ്‍വീറിന്‍റേയും കല്ല്യാണചിത്രങ്ങളേക്കാള്‍ ഇപ്പോള്‍ പ്രിയം ഈ മഞ്ഞുസുന്ദരി ആയിട്ടുണ്ട്. സാദ്ദി ജൂലിയറ്റ് (our juliet) എന്ന് പേരിട്ടിരിക്കുന്ന മഞ്ഞില്‍ നിര്‍മ്മിച്ച സുന്ദരിക്ക് കല്ല്യാണപ്പെണ്ണിന്‍റേതു പോലുള്ള മാലയും കമ്മലും മുക്കുത്തിയും ചുട്ടിയും എല്ലാമുണ്ട്. തീര്‍ന്നില്ല അവളുടെ തലയില്‍ ചുവന്ന നിറമുള്ള ദുപ്പട്ടയുമുണ്ട്. കണ്ണുകളില്‍ വാലിട്ടു കണ്ണെഴുതിയിട്ടുണ്ട്. 

ബ്രംപ്റ്റണിലുള്ള ജാസു കിങ്ര എന്ന പത്തൊമ്പതുകാരിയാണ് ഈ മഞ്ഞുപെണ്‍കുട്ടിയെ നിര്‍മ്മിച്ചത്. ''എന്‍റെ സുഹൃത്ത് ഇന്ത്യയിലുള്ള ദല്‍ജിത്ത് ഈ മഞ്ഞുകാലത്ത് ആദ്യമായി ബ്രാംപ്റ്റണിലെത്തി. അവള്‍ ഒരു മഞ്ഞിലുള്ള പെണ്‍കുട്ടിയെ നിര്‍മ്മിച്ചു കൊടുക്കാനാവശ്യപ്പെട്ടു. എങ്ങനെയാണ് അവ നിര്‍മ്മിക്കുന്നതെന്ന് പറഞ്ഞുകൊടുക്കാനും. അവളെ ഞാന്‍ വീട്ടിലേക്ക് വിളിച്ചു.'' ജാസുവിന്‍റെ നേതൃത്വത്തില്‍  നവി, ബിനി ഒക്കെ ചേര്‍ന്നാണ് മഞ്ഞിലുള്ള പെണ്‍കുട്ടിയെ നിര്‍മ്മിച്ചിരിക്കുന്നത്. 

അഞ്ചുദിവസം മുമ്പ് മാത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം പതിനായിരക്കണക്കിന് പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. മഞ്ഞിലുള്ള പെണ്‍കുട്ടികളെ സാധാരണ നിര്‍മ്മിക്കാറുണ്ട്. അതിനൊരു ട്രഡീഷണല്‍ ടച്ച് വരുത്താനാണ് ശ്രമിച്ചത്. എന്നും ജാസു പറയുന്നു. ചിത്രം വൈറലായതോടെ ഇഷ എന്ന ട്വിറ്റര്‍ യൂസര്‍ ഫറാ എന്ന പേര് നല്‍കി മഞ്ഞു പെണ്‍കുട്ടിയുടെ ഈ ചിത്രം ട്വീറ്റ് ചെയ്തു. ഫറാ എന്ന പേരിലും നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്യുന്നത്.