യാത്രയിലുടനീളം അവര്‍ സുഹൃത്തുക്കളെപ്പോലെയായിരുന്നു കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ ശേഷമാണ് രണ്ടുപേരും പിരിഞ്ഞത്

ക്ലാര ഡാലി എന്ന പതിനഞ്ചുകാരിയെ മാലാഖയെന്ന് വിളിച്ചു വാഴ്ത്തുകയാണ് സോഷ്യല്‍മീഡിയ. അലാസ്ക എയര്‍ലൈന്‍സില്‍, ബോസ്റ്റണില്‍ നിന്ന് പോര്‍ട്ട്ലണ്ടിലേക്ക് പോവുകയായിരുന്നു അന്ധനും ബധിരനുമായ ടിം കുക്ക്. വിമാനത്തിലെ ജീവനക്കാര്‍ അവര്‍ക്ക് കഴിയും പോലെ ഇദ്ദേഹത്തെ ശ്രദ്ധിക്കുകയും ചെയ്തു. എന്നാല്‍ കുറച്ചുനേരം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തോട് ആശയവിനിമയം നടത്തുന്നതില്‍ ജീവനക്കാര്‍ പരാജയപ്പെട്ടുപോയി. ഇദ്ദേഹത്തോട് സംസാരിക്കാവുന്ന ആരെങ്കിലുമുണ്ടോയെന്നും ജീവനക്കാര്‍ അന്വേഷിച്ചു. ആ സമയത്താണ് ക്ലാര, ടിം കുക്കിന്‍റെ സഹായത്തിനെത്തുന്നത്. 

പ്രായത്തില്‍ കവിഞ്ഞ പക്വത കാണിച്ചു ക്ലാര. ആറ് മണിക്കൂറിലെ യാത്രയില്‍ കുക്കിന്‍റെ അടുത്തുതന്നെയിരുന്നു അവള്‍. അദ്ഭുതത്തോടെയാണ് അവര്‍ തമ്മിലുള്ള ആശയവിനിമയം മറ്റ് യാത്രക്കാര്‍ നോക്കിനിന്നത്. ക്ലാരയുടെ അമ്മയടക്കമുള്ള യാത്രക്കാരും, വിമാനത്തിലെ ജീവനക്കാരും അവളെ പ്രശംസിച്ചു. പക്ഷെ, അതൊന്നും കുക്ക് അവളെകുറിച്ച് പറഞ്ഞത്ര വലുതായിരുന്നില്ല. ടിം കുക്ക് പോര്‍ട്ട്ലണ്ടിലെ ഒരു മാധ്യമത്തോട് ക്ലാരയെക്കുറിച്ച് പറഞ്ഞത് ' അവള്‍ ഒരു മാലാഖയാണ് ' എന്നാണ്. കുക്കിന്‍റെ തൊട്ടടുത്തിരുന്ന ലിനറ്റ് സ്ക്രിബ്നര്‍ എന്ന യാത്രക്കാരനാണ് കുക്കിന്‍റെ കയ്യില്‍ ക്ലാര എഴുതുന്ന ചിത്രമടക്കം വിവരങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. 

'ആ പെണ്‍കുട്ടി കുക്കിന്‍റെ അടുത്തിരിക്കുകയും അയാള്‍ക്ക് ബുദ്ധിമുട്ടുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. യാത്രയിലുടനീളം അവര്‍ സുഹൃത്തുക്കളെപ്പോലെയായിരുന്നുവെന്നും അവളെക്കുറിച്ച് പറയാന്‍ തനിക്ക് വാക്കുകളില്ലെന്നും ലിനറ്റ് കുറിച്ചിരുന്നു.'

അവസാനത്തെ മണിക്കൂര്‍ അവര്‍ സംസാരിച്ചിരുന്നത് ജീവിതത്തെ കുറിച്ചായിരുന്നുവെന്നാണ് ക്ലാര പറഞ്ഞത്. കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ ശേഷമാണ് രണ്ടുപേരും പിരിഞ്ഞത്.