സാമൂഹ്യ മാധ്യമങ്ങൾ നമ്മുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ലോകത്തെ മുഴുവൻ നമ്മുടെ വിരൽത്തുമ്പിൽ കൊണ്ടുവരാൻ അതിന് കഴിയുന്നു. മാത്രവുമല്ല, പല കോണിലുമുള്ള ആളുകൾക്ക് തമ്മിൽ സംവദിക്കാനും, നർമ്മം പങ്കുവയ്ക്കാനും, എല്ലാം ഇവിടം ഒരു വേദിയാകുന്നു.  പക്ഷെ ഇതിനുമെല്ലാമപ്പുറം, 78 കാരനായ ഒരു ബംഗ്ലാദേശ് സ്വദേശിക്ക് ഇതിലൂടെ  ലഭിച്ചത് അദ്ദേഹത്തിൻ്റെ ജീവിതമാണ്, പ്രിയപ്പെട്ടവരെയാണ്. 

സിൽഹെറ്റിലെ ബജ്‌ഗ്രാം സ്വദേശിയായ ഹബീബർ റഹ്മാൻ 30 വയസ്സുള്ളപ്പോഴാണ് കാണാതായത്. ഒരു ബിസിനസ്സ് യാത്രയ്ക്ക് പോയ അദ്ദേഹം പിന്നെ ഒരിക്കലും തിരിച്ചു വന്നില്ല. 48 വർഷമായി ഒരറിവും ഇല്ലാതിരുന്ന അദ്ദേഹത്തെ കണ്ടെത്താൻ സഹായിച്ചത് ഫേസ്ബുക്കിലെ ഒരു വൈറൽ വീഡിയോയാണ്. ജനുവരിയിൽ യുഎസിൽ താമസിക്കുന്ന മൂത്ത മരുമകൾ തൻ്റെ അടുത്തുള്ള ഒരു രോഗിക്ക് സാമ്പത്തിക സഹായം തേടുന്ന ഒരാളുടെ ഫേസ്ബുക്ക് വീഡിയോ കാണാൻ ഇടയായി. ആ വീഡിയോ കണ്ടപ്പോൾ അതിൽ കാണിക്കുന്ന രോഗി ഭർത്താവിൻ്റെ ബാപ്പയാണോ എന്ന് അവർക്ക് സംശയം തോന്നുകയും, അത് ഭർത്താവിനെ കാണിക്കുകയും ചെയ്തു. നഗരത്തിലെ മാഗ് ഉസ്മാനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന തൻ്റെ അച്ഛനെ തിരിച്ചറിഞ്ഞ ആ മകൻ ഉടനെ തന്നെ മറ്റ് സഹോദരന്മാരെ വിവരം അറിയിച്ചു. പിറ്റേന്ന് രാവിലെ, ആശുപത്രിയിൽ എത്തിയ സഹോദരന്മാരായ ഷഹാബ് ഉദ്ദീനും ജലാൽ ഉദ്ദീനും വീഡിയോയിലെ രോഗി തങ്ങളുടെ പിതാവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 

സിമെന്റിൻ്റെയും കമ്പിയുടെയും ബിസിനസ് നടത്തിയിരുന്ന റഹ്മാന് നാല് ആൺമക്കളാണുള്ളത്. അച്ഛനെ തിരികെ കിട്ടിയ സന്തോഷത്തിലാണ് അവർ ഇപ്പോൾ. പക്ഷെ അദ്ദേഹത്തിൻ്റെ ഭാര്യയ്ക്ക് അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം ഉണ്ടായില്ല. ജീവിച്ചിരുന്ന കാലമത്രയും അദ്ദേഹത്തെ അന്വേഷിച്ചു നടന്ന അവർ 2000 ൽ മരിക്കുകയായിരുന്നു. 

കഴിഞ്ഞ 25 വർഷമായി റഹ്മാൻ സിൽഹെറ്റിലെ മോവ്‌ലിബസാർ ജില്ലയിലാണ് താമസിച്ചിരുന്നത്. അവിടെ റസിയ ബീഗം എന്ന് പേരുള്ള ഒരു സ്ത്രീയാണ് അദ്ദേഹത്തെ നോക്കിയിരുന്നത്.  1995 ൽ ഹസ്രത്ത് ഷഹാബ് ഉദ്ദീൻ ദേവാലയത്തിൽ വച്ചാണ് ബീഗത്തിൻ്റെ കുടുംബാംഗങ്ങൾ റഹ്മാനെ കണ്ടെത്തിയത്. പക്ഷെ ഓർമ്മക്കുറവുണ്ടായിരുന്ന അദ്ദേഹത്തിന് തൻ്റെ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിഞ്ഞില്ല. “താൻ ഒരു നാടോടി ജീവിതമാണ് നയിച്ചിരുന്നുതെന്ന് മാത്രം അദ്ദേഹം പറഞ്ഞു. അന്നുമുതൽ അദ്ദേഹം നമ്മോടൊപ്പം താമസിക്കുന്നു. ഞങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കുന്നു, ”അവൾ പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി റഹ്മാൻ വാർദ്ധക്യസഹജമായ അസുഖങ്ങളാൽ വലയുകയാണെന്നും, ഏതാനും ദിവസങ്ങൾക്ക് മുമ്പ് കിടക്കയിൽ നിന്ന് വീണതിനെ തുടർന്ന് വലതുകൈ ഒടിഞ്ഞതായും ബീഗം പറഞ്ഞു.

ഒടിഞ്ഞ കൈയ്യിൽ അണുബാധയുണ്ടായതിനെ തുടർന്ന് റഹ്മാന് ശസ്ത്രക്രിയ നടത്തേണ്ടിവരുമെന്ന് ഡോക്ടർമാർ ബീഗത്തോട് പറഞ്ഞു. അതിനുള്ള പണം ബീഗത്തിൻ്റെ കൈവശം ഇല്ലായിരുന്നു. അങ്ങനെ അദ്ദേഹത്തിൻ്റെ അവസ്ഥ വിശദീകരിക്കുന്ന ഒരു വീഡിയോ അവർ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആ വീഡിയോയാണ് റഹ്മാൻ്റെ ജീവിതത്തിലെ വഴിത്തിരിവായത്. "ഉപ്പാപ്പയെക്കുറിച്ച് ഉമ്മയും ബാപ്പയും പറയുമായിരുന്നുവെങ്കിലും അദ്ദേഹത്തെ കാണാൻ കഴിയുമെന്ന് ഒരിക്കലും കരുതിയില്ല. ഇന്ന്, ആ കാത്തിരിപ്പിനൊരവസാനമായി. ഞാൻ വളരെ സന്തുഷ്ടരാണ്," റഹ്മാന്റെ ചെറുമകനായ കെഫായത്ത് അഹമ്മദ് പറഞ്ഞു.