
ഒരാളുടെ ചേഷ്ടകള്‍ ഏറ്റവും നന്നായി അനുകരിക്കാനും അതുവഴി ആളുകളെ ചിരിപ്പിക്കാനുമുള്ള കഴിവ് മലയാളിക്കാണ് ഏറ്റവും ഉള്ളത്. അത് മലയാളിയുടെ നര്‍മ്മബോധത്തെയാണ് കാണിക്കുന്നത്. അതുപോലെ എത്ര ഗൗരവമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അധികാരികളുടെ ഇടയില്‍, പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് പോലും സുസമ്മതനായ, സരസമായി സംസാരിക്കുന്ന മുഖ്യമന്ത്രി ഉണ്ടായിരുന്നു നമുക്ക്. അദ്ദേഹം പറയുന്നതിനെ അതേ രൂപത്തില്‍ എടുക്കാനും നമുക്ക് കഴിഞ്ഞിരുന്നു എന്നത് അദ്ദേഹത്തിന്റെ ജനസമ്മതി തെളിയിച്ചിരുന്നു.മുഖചലനം കൊണ്ടുപോലും കുടുകുടെ ചിരിപ്പിക്കാന്‍ കഴിവുള്ള നടന്മാരുണ്ട് നമുക്ക്. ഏറ്റവുമൊടുവില്‍ ട്രോള്‍ വരെ എത്തി നില്‍ക്കുന്നു നമ്മളിലെ തമാശക്കാര്‍.
എന്നിട്ടും ഈയിടെയായി പലതും കാണുമ്പോള്‍ തോന്നുന്നു മലയാളിക്ക് ആ നര്‍മ്മബോധം നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്ന്! ലോകത്തുനടക്കുന്ന ഏതു കാര്യവും അതിസൂക്ഷ്മമായി ചര്‍ച്ച ചെയ്യാനുള്ളതാണെന്നാണ് പലരുടെയും വിചാരം. ഒരു തമാശ കേട്ടാലും അതിലെ പിഴവുകള്‍ അന്വേഷിക്കാന്‍ ഒരു ത്വര. ഒരുദാഹരണം പറയാം, കുറേപേര്‍ ഒരുമിച്ചു നടന്നു പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ തെന്നിവീണു എന്നിരിക്കട്ടെ, അയാള്‍ ചമ്മി എഴുന്നേല്‍ക്കുമ്പോള്‍ കൂട്ടുകാര്‍ കൂടെയുണ്ടെങ്കില്‍ ഉറക്കെ ചിരിക്കും. അതുകണ്ട് അയാളും ചിരിച്ചുകൊണ്ട് മൂട്ടിലെ പൊടി തട്ടി കൂടെ നടക്കും. എന്നാല്‍ ഈയിടെയായി കാണുന്നത് മറ്റൊന്നാണ്, അയാള്‍ പൊടി തട്ടി നടന്നുപോയാലും അത് കാണുന്ന ചിലര്‍, 'ശ്ശൊ അയാള്‍ ഇങ്ങോട്ടാണ് വീണിരുന്നതെങ്കിലോ, അടുത്ത് നിന്ന കൊച്ചിന്റെ ദേഹത്ത് കൊള്ളുമായിരുന്നില്ലേ ? ആ കുട്ടിക്ക് എന്ത് പറ്റുമായിരുന്നു! അതിന്റെ കാലൊടിഞ്ഞെങ്കിലോ... ' ഇങ്ങനെ യാതൊരു കാര്യവുമില്ലാതെ ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.
മാധ്യമചര്‍ച്ചകളില്‍, ട്രോള്‍ പോസ്റ്റുകളില്‍ ഒക്കെ ഇത്തരം അസഹിഷ്ണുത പ്രകടമാണ്. തമാശയായി പറയുന്നത് പലപ്പോഴും അതിഭയങ്കരമായ സീരിയസ് കാര്യമാക്കിയെടുത്ത് അതിനെ ഖണ്ഡിച്ചു തര്‍ക്കിച്ചു കുളമാക്കും ചിലര്‍. ആ തമാശ പറഞ്ഞവന്‍ എന്നെന്നേക്കുമായി നര്‍മ്മം തന്നെ ഉപേക്ഷിക്കും! നമ്മളിലെ സെന്‍സ് ഓഫ് ഹ്യൂമര്‍ കുറയുന്നതിന്റെ ഫലമല്ലേ അത്!
ഇന്ന് ഇതെഴുതാന്‍ കാരണമായ സംഗതി കൂടി പറയാം. വെറുമൊരു ആപ്പ്. സറഹ എന്നോ സാറാഹ എന്നോ വിളിക്കാവുന്ന ഒന്ന്. അതിപ്പോള്‍ ട്രെന്‍ഡ് ആണ്. മറഞ്ഞിരുന്നു നമുക്ക് എന്തും ഒരാളോട് പറയാം എന്ന ഒരു തമാശ. എല്ലാവരുടെയും വാളില്‍ കാണുമ്പോള്‍ ചെറിയൊരു ജിജ്ഞാസയുടെ പേരില്‍ നമ്മളും അന്വേഷിക്കുന്നു. അക്കൗണ്ട് തുടങ്ങുന്നു. അതിലേക്ക് മെസ്സേജിടാന്‍ ക്ഷണിക്കുന്നു. ഇതൊരു തമാശയായി കാണുന്നവരാണ് അവിടെ വരുന്നതെന്നാണ് എന്റെ അനുഭവത്തില്‍ നിന്നും മനസിലായത്.
എന്നോട് അവിടെ പലരും പ്രണയം പറഞ്ഞു. ചിലര്‍ വെറും ഹായ് വിട്ടു. ഉറക്കെ ചിരിച്ചു പോവുന്ന തരത്തിലുള്ള സന്ദേശങ്ങളും ഉണ്ടായിരുന്നു. വായിച്ചു വിട്ടുകളയാവുന്നത് മാത്രമേ എനിക്കിതുവരെ വന്നുള്ളൂ. അല്ലെങ്കില്‍ തന്നെ അതൊക്കെ പിടിച്ചു വെച്ചിട്ടും എന്തുചെയ്യാനാണ്. ചിലരെയൊക്കെ തിരിച്ചറിഞ്ഞു. ചിലര്‍ 'ങേ, ഇതാരപ്പാ?' എന്നും ചിന്തിപ്പിച്ചു.
ഇതിനെക്കുറിച്ചു ചില ലേഖനങ്ങള്‍ വായിച്ചു. ഇത് ശരിയാണോ, സൈബര്‍ ബുള്ളിയിങ് അല്ലെ. ഇതില്‍ പെട്ടുപോവുന്നവര്‍ ഉണ്ട്. നല്ലതു പറഞ്ഞാല്‍ ആത്മവിശ്വാസം കൂടുമെന്നതുപോലെ മോശം പറഞ്ഞാല്‍ അവര്‍ തളര്‍ന്നുപോവില്ലേ എന്നൊക്കെ ആകുലപ്പെട്ടിരിക്കുന്നു അതില്‍. ശരിയാവാം. പക്ഷെ ഇതിലൊക്കെ ഒന്നുണ്ട്, ഒരാള്‍ നേരിട്ട് പറയാതെ മറഞ്ഞു നിന്ന് നമ്മളെ കുറ്റം പറയുന്നുവെങ്കില്‍ അയാളെ ശ്രദ്ധിക്കേണ്ട കാര്യമുണ്ടോ? സ്വന്തം വ്യക്തിത്വത്തില്‍ പോലും വിശ്വാസമില്ലാത്ത ആള്‍ പറയുന്നത് നമ്മളെന്തിന് മുഖവിലക്കെടുക്കണം? എന്നെ നേരിട്ട് വന്നു വിമര്‍ശിച്ചാല്‍ ഞാനത് അംഗീകരിക്കും. ശരിയാണെന്ന് തോന്നിയാല്‍ തിരുത്താനും ശ്രമിക്കും. എന്നാല്‍ കാണാമറയത്തിരുന്നു പറയുന്നതിന് അത്ര തന്നെ വില കൊടുത്താല്‍ പോരെ?
ആ ലേഖനത്തില്‍ മറ്റൊന്ന് കണ്ടു, പലരും തങ്ങള്‍ക്ക് ലഭിക്കുന്ന മെസേജുകള്‍ പരസ്യപ്പെടുത്തുന്നത് വിശ്വാസ്യതയെ ചോദ്യം ചെയ്യുകയല്ലേ എന്നൊക്കെ.. ഇതൊരു ഫണ്‍ ആപ് ആണെന്ന് അറിഞ്ഞുകൊണ്ട് ഇതില്‍ ചേരുന്നവര്‍ എന്ത് ചെയ്താലും അത് തമാശ ആയിത്തന്നെ കാണാനുള്ള ബോധം പോലും ഇല്ലാണ്ടായോ മല്ലൂസേ ? യഥാര്‍ത്ഥത്തില്‍ ഇത്തരം ദോഷൈകദൃക്കുകള്‍ തന്നെ നമ്മളില്‍ ഉള്ള ശുഭാപ്തിവിശ്വാസത്തിന്റെ കഴുത്തില്‍ കത്തി വെയ്ക്കുന്നില്ലേ?
പണ്ട് സെന്‍സോഫ് ഹ്യൂമര്‍ ഇല്ലാത്ത കൗരവാസും അതിത്തിരി കൂടിപ്പോയ പാഞ്ചാലിയും കാരണമാണ് മഹാഭാരതയുദ്ധം ഉണ്ടായതെന്ന് കേട്ടിട്ടില്ലേ? മയന്‍ നിര്‍മ്മിച്ച മായക്കൊട്ടാരമായ ഇന്ദ്രപ്രസ്ഥത്തിലെത്തിയ കൗരവര്‍ വെള്ളമാണെന്ന് കരുതി കാലുയര്‍ത്തി വെച്ചും മിനുസമുള്ള തറയെന്നു കരുതി കാലെടുത്തുവെച്ച് വെള്ളത്തില്‍ വീണതുമൊക്കെ കണ്ട പാഞ്ചാലി ഒന്നുറക്കെ ചിരിച്ചുപോയത്രെ.. ഒന്ന് ചമ്മിച്ചിരിച്ച് സ്ഥലം കാലിയാക്കാനുള്ളതിനുപകരം അവര്‍ വളര്‍ത്തിയത് പകയായിരുന്നു. ഫലമോ.... കുലം തന്നെ മുടിപ്പിച്ചു!
ഇന്റര്‍നെറ്റ് എന്ന മഹാപ്രസ്ഥാനത്തില്‍ ചതിയും വഞ്ചനയുമൊക്കെ നടക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. എങ്ങനെ ഇതൊക്കെ കൈകാര്യം ചെയ്യണമെന്നും ഏവര്‍ക്കും അറിവുണ്ട്. കുട്ടികള്‍ക്ക് നമ്മള്‍ പറഞ്ഞുകൊടുക്കാറുമുണ്ട്. പിന്നെയും ചെന്ന് കുരുക്കില്‍ വീഴുന്നവര്‍ സ്വയം പഴിക്കുക മാത്രമേ ചെയ്യാനാവൂ.
തമാശയെ തമാശയായി കാണൂ..
ഉറക്കെ ആസ്വദിച്ചു ചിരിക്കൂ...
ചിരി ആയുസ് കൂട്ടുമത്രെ!
