ഫെബ്രുവരിയിലാണ് യുവാവ് നാട്ടിലെത്തിയത് പിന്നാലെ മേയ് മാസത്തില്‍ പെണ്‍കുട്ടിയുമെത്തി ഇനി തിരികെ പോകുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു

ഫെബ്രുവരിയില്‍ നാട്ടില്‍ വന്ന തന്‍റെ കാമുകനെ കാണാന്‍ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് പെണ്‍കുട്ടിയെത്തി. അച്ഛന്‍റെ ഡ്രൈവറായിരുന്ന നിസാമാബാദുകാരനായ 30 വയസുള്ള യുവാവുമായി 27കാരിയായ പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. 

ഫെബ്രുവരിയില്‍ യുവാവ് നാട്ടിലേക്ക് തിരിച്ചുവന്നു. എന്നാല്‍ പിരിയാന്‍ കഴിയില്ലെന്ന് പെണ്‍കുട്ടി യുവാവിനെ അറിയിച്ചിരുന്നു. 
പിന്നാലെ മേയ് മാസത്തില്‍ പെണ്‍കുട്ടിയും ഇന്ത്യയിലെത്തി. ഇന്‍ഡോ- നേപ്പാള്‍ ബോര്‍ഡറിലൂടെ അനധികൃതമായാണ് പെണ്‍കുട്ടി ഇന്ത്യയിലെത്തിയത്. ഡെല്‍ഹിയിലെത്തിയ പെണ്‍കുട്ടിയെ യുവാവ് വന്ന് നിസാമാബാദിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട്, ഇരുവരും വിവാഹിതരാവുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് അവിനാഷ് മൊഹന്തി പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ പിതാവും സൗദിയിലെ എംബസി ജീവനക്കാരും ഹൈദരാബാദിലെത്തി. മകളുടെ വിവാഹം കഴിഞ്ഞത് പിതാവ് അറിഞ്ഞിരുന്നില്ല. തന്‍റെ മുന്‍ ഡ്രൈവര്‍ മകളെ തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് കാണിച്ച് ഇയാള്‍ പോലീസില്‍ പരാതിയും നല്‍കി. വെള്ളിയാഴ്ച നിസാമാബാദിലെത്തിയ പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തി. എന്നാല്‍ താന്‍ തിരികെ പോകില്ലെന്ന് പെണ്‍കുട്ടി ഉറപ്പിച്ചു പറഞ്ഞു. ശനിയാഴ്ച പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. അനധികൃതമായാണ് ഇന്ത്യയിലേക്ക് കടന്നത്. എങ്കിലും തനിക്ക് ഇവിടെത്തന്നെ തുടരാനുള്ള അനുവാദം തരണമെന്ന് കാണിച്ച് പെണ്‍കുട്ടി സര്‍ക്കാരിന്‍റെ സഹായം തേടിയിരിക്കുകയാണ്.

ഇന്ത്യയില്‍ തന്നെ സ്ഥിരമായി കഴിയാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതിനാല്‍ തടങ്കലില്‍ വെച്ചുവെന്ന പരാതി നിലനില്‍ക്കില്ലെന്ന് പോലീസ് അധികൃതര്‍ പറയുന്നു.

കടപ്പാട്: ഇന്ത്യാ ടൈംസ്