Asianet News MalayalamAsianet News Malayalam

അട്ടപ്പാടി: ഈ കണ്ണീര്‍ കപടമാണ്, കേരളമേ!

Sreejith Sreekumar on Attappady lynching
Author
Thiruvananthapuram, First Published Feb 23, 2018, 8:17 PM IST

മധുവിനെ കെട്ടി നിര്‍ത്തി ഇന്നലെയെടുത്ത സെല്‍ഫിയില്‍ സൂക്ഷിച്ചു നോക്കിയാല്‍ നമുക്ക് നമ്മളെ തന്നെ കാണാന്‍ പറ്റും. അതിന് കണ്ണും മനസ്സും തുറന്ന് നോക്കണം.ആ സെല്‍ഫി നമ്മടെ ജീവിത പരിസരങ്ങളില്‍ നിന്ന് നമ്മള്‍ ഓരോരുത്തരും ദിനവും എടുക്കുന്നതാണ്. നീതിക്ക് മുന്നില്‍ സ്വയം വിചാരണ ചെയ്യേണ്ടത് മനുഷ്യനെ വേര്‍ത്തിരിച്ച് കാണുന്ന, അതിനനുസരിച്ച് പെരുമാറുന്ന നമ്മള്‍ ഓരോരുത്തരും ആണ്.

വര: വിനീത് എസ് പിള്ള/ ഫേസ്ബുക്ക്​

Sreejith Sreekumar on Attappady lynching

അധികമൊന്നും വേണ്ട, ഒരു രണ്ടു മൂന്ന് തലമുറ പിന്നിലേക്ക് നോക്കിയാന്‍ ചിലത് കാണാം പറ്റും.

  • വഴി നടക്കാന്‍ സ്വാന്തന്ത്ര്യം ഇല്ലാത്തവന്റെ, ചില മനുഷ്യര്‍ക്ക് രാത്രി മാത്രം വഴി നടക്കാന്‍ സ്വാതന്ത്യം ഉണ്ടായിരുന്നവരുടെ സമൂഹം.
  • മാറ് മറയ്ക്കാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത, മാറുമറയ്ക്കുന്നതിന് മുലക്കരം വാങ്ങിയിരുന്ന സമൂഹം.
  • തലവര എന്ന പേരില്‍ ഏണിക്കരം, വലക്കരം, വണ്ടിക്കരം, ഏഴ, കോഴ, തപ്പ്, പിഴ, പുരുഷാന്തരം, ദത്തുകാഴ്ച, പൊന്നരിപ്പ്, അടിമപ്പണം തുടങ്ങി താഴ്ന്ന ജാതിക്കാര്‍ എന്ന് പറഞ്ഞു നമ്മളില്‍ ചിലര്‍ ദൂരെ നിര്‍ത്തിയവരുടെ ശരീരത്തിനും അവയവങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും വരെ കരം ഈടാക്കിയിരുന്ന സമൂഹം.
  • സ്വത്തിനു നിരവധി അവകാശികള്‍ ഇല്ലാതിരിക്കാന്‍ മൂത്ത സഹോദരന്‍ മാത്രം കല്യാണം കഴിക്കുകയും ബാക്കിയുള്ളവര്‍ നായര്‍ വീടുകളിലും മാറ്റും രാത്രി ഓടി നടന്നു സംബന്ധം നടത്തുകയും നമ്പൂതിരിയുടെ വരവിനെ അഭിമാനത്തോടെ, അതില്‍ നിന്നും കിട്ടുന്ന സ്വത്തിനെ അവകാശത്തോടെ കണ്ടിരുന്ന സമൂഹം.
  • ജാതിയുടെ പേരില്‍ വിദ്യാഭ്യാസം ഒരു വലിയ വിഭാഗത്തിനു നിഷേധിച്ചിരുന്ന സമൂഹം.
  • ബ്രിട്ടീഷുകാര്‍ വരുന്നതിനു മുന്‍പ് വരെ ചെയ്ത ജോലിക്ക് കൂലിയായി നെല്ലോ മറ്റോ മാത്രം കൊടുത്തിരുന്ന സമൂഹം.

അങ്ങനെ കുറച്ച് കാലം മുമ്പ് വരെ മറ്റു പല സ്ഥലങ്ങളേയും പോലെ ഏറ്റവും പ്രാകൃതമായ രീതിയില്‍ ജനങ്ങള്‍ ജീവിച്ചിരുന്ന ഒരു ഭൂപ്രദേശം മാത്രമായിരുന്നു നമ്മുടെ നാടും. ഇനി ഇന്നിലേക്ക് നോക്കിയാലോ...

  • ഭൂരിഭാഗവും ഇപ്പോഴും സ്വന്തം ജാതി നോക്കി മാത്രം കല്യാണം കഴിക്കുന്ന സമൂഹം.
  • രണ്ടു മതത്തില്‍ പെട്ടവര്‍ കല്യാണം കഴിച്ചാല്‍ അതിന്റെ പേരില്‍ ചേരി തിരിഞ്ഞു യുദ്ധം ചെയ്യുന്നവര്‍ ഉള്ള സമൂഹം.
  • മനുഷ്യന്റെ ഇരുണ്ട നിറത്തിനെ ഇപ്പോഴും മനസ്സില്‍ അതിരുകളിട്ട് മാറ്റി നിര്‍ത്തുന്ന സമൂഹം.
  • ഒപ്പം നടക്കുന്നവനെ ഇപ്പോഴും അവന്റെ ജാതിയുടെ, മതത്തിന്റെ പേരില്‍ അളക്കുന്ന, അതില്‍ ആനന്ദം കണ്ടെത്തുന്ന സമൂഹം.
  • പേരിനറ്റത്ത് ഒരു സവര്‍ണ്ണ വാലുണ്ടെങ്കില്‍ ഇപ്പോഴും അഭിമാനത്തോടെ അതാട്ടി നടക്കുന്നവര്‍ ധാരാളം ഉള്ള ഒരു സമൂഹം.
  • രാഷ്ടീയത്തിന്റെ, മതത്തിന്റെ പേരില്‍ നൂറു കണക്കിനാളുകളെ കൊന്നു തള്ളുന്ന സമൂഹം.
  • ഇന്നും ഒരു സ്ത്രീക്ക് രാത്രി പുറത്തിറങ്ങി നടക്കാനോ, അഭിപ്രായം സ്വന്തന്ത്രമായി പറയാനോ പറ്റാത്ത സമൂഹം.
  • പണത്തിന്റെയും പദവിയുടെയും അടിസ്ഥാനത്തില്‍ ആളുകള്‍ക്ക് മാര്‍ക്കിടുന്ന സമൂഹം...

ഇതൊക്കെയാണ് പരിഷ്‌കൃത-പ്രബുദ്ധ-സാക്ഷരരായ കേരളം. നമ്മള്‍.

ഒപ്പം നടക്കുന്നവനേയും, സ്വന്തം വീട്ടില്‍ ഉള്ളവരെയും ജാതി-മത-ലിംഗ-സാമ്പത്തിക സമവാക്യങ്ങള്‍ക്കുള്ളില്‍ നിന്ന് മാത്രം നോക്കി കാണാന്‍ ശീലിച്ച, ഒരു സ്വന്തന്ത്ര മനുഷ്യനായി കാണാന്‍ കഴിവില്ലാത്ത നമ്മള്‍ ആണ് മധുവിന്റെ മരണത്തില്‍ ഞെട്ടുന്നത്. കവിത രചിക്കുന്നത്.പ്രതിഷേധത്തില്‍ വിറയ്ക്കുന്നത്. ഇതിലും വലിയ തമാശ എന്തുണ്ട്.

ധാര്‍മിക രോഷം കൊള്ളുന്നതിനുമുമ്പ് ദിനവും അറിഞ്ഞും അറിയാതെയും ചെയ്യുന്ന സ്വന്തം പ്രവൃത്തികളിലെ മനുഷ്യത്വമില്ലായ്മയെക്കുറിച്ച്, ന്യായ വൈകല്യങ്ങളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ??

എവിടെ ആലോചിക്കാന്‍?

അതിനുള്ള കഴിവുണ്ടായിരുന്നുവെങ്കില്‍ നമ്മള്‍ ഒരു സമൂഹം എന്ന നിലയില്‍ ഈ അവസ്ഥയില്‍ വന്നു നില്‍ക്കില്ലായിരുന്നു. കണ്ണീര്‍ വാര്‍ക്കുന്ന പലര്‍ക്കും ഇപ്പോഴും മധു തങ്ങളോടൊപ്പം നില്‍ക്കുന്ന മനുഷ്യന്‍ ആയിട്ടില്ല.

ചിന്തിച്ചിട്ടുണ്ടോ,

ഒരു കാലത്ത് അവരുടെയായിരുന്ന സ്ഥലങ്ങളില്‍ നിന്നും അവര്‍ എങ്ങനെ കുടിയിറക്കപ്പെട്ടു എന്ന്. അവരുടെ ഊരുകളില്‍ പോയി അവരെ ശാരിരികമായും മാനസികമായും ചൂഷണം ചെയ്താണ് നമ്മള്‍ അവരെ ഈ നിലയില്‍ എത്തിച്ചത്. നമ്മുക്ക് പല പ്ലാന്റേഷനുകളും നടത്താന്‍ വേണ്ടിയാണ് അവരെ നമ്മള്‍ സൂത്രത്തില്‍ ഭൂമിയില്ലാത്തവര്‍ ആക്കിയത്. ഇപ്പോഴും അവര്‍ സമരം ചെയ്യുകയാണ് ഒരു തുണ്ട് ഭൂമിക്കു വേണ്ടി. നമ്മള്‍ അവരെ വെറും ആദിവാസികള്‍ ആക്കി, അവരുടെ വികസനത്തിനെന്നപേരില്‍ കോടികള്‍ അടിച്ചു മാറ്റി, ഇന്നും അടിച്ചു മാറ്റുന്നു.

മധുവിനെ കെട്ടി നിര്‍ത്തി ഇന്നലെയെടുത്ത സെല്‍ഫിയില്‍ സൂക്ഷിച്ചു നോക്കിയാല്‍ നമുക്ക് നമ്മളെ തന്നെ കാണാന്‍ പറ്റും. അതിന് കണ്ണും മനസ്സും തുറന്ന് നോക്കണം.ആ സെല്‍ഫി നമ്മടെ ജീവിത പരിസരങ്ങളില്‍ നിന്ന് നമ്മള്‍ ഓരോരുത്തരും ദിനവും എടുക്കുന്നതാണ്. നീതിക്ക് മുന്നില്‍ സ്വയം വിചാരണ ചെയ്യേണ്ടത് മനുഷ്യനെ വേര്‍ത്തിരിച്ച് കാണുന്ന, അതിനനുസരിച്ച് പെരുമാറുന്ന നമ്മള്‍ ഓരോരുത്തരും ആണ്.

ചികിത്സയും മാറ്റവും ആദ്യം അത്തരം സെല്‍ഫിയെടുക്കുന്ന, അപരനെ അവന്റെ ജാതി-മത-സാമ്പത്തിക-സാമൂഹിക പശ്ചാത്തലത്തിനപ്പുറം തുല്യനായി കാണാന്‍ സാധിക്കാത്തവിധത്തില്‍ മനോവൈകൃതമുള്ള പൗരന്മാരെ സൃഷ്ടിക്കുന്ന നമ്മള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാവട്ടെ.

അതിനു കഴിവില്ലാത്തിടത്തോളം കാലം സ്വന്തം അപകര്‍ഷതാബോധം മൂടിവെക്കാനുള്ള നമ്മുടെ ഉപാധികള്‍ മാത്രം, ഈ അല്‍പായുസ്സുള്ള മുതലക്കണ്ണീരുകളും, ആത്മാവില്ലാത്ത വാക്കുക്കളുടെ അച്ചുനിരത്തലും, അന്യന്റെ ശിക്ഷക്ക് വേണ്ടിയുള്ള ആഹ്വാനങ്ങളും.

Follow Us:
Download App:
  • android
  • ios