ശ്രീജിത്ത് ശ്രീകുമാര്‍ എഴുതുന്നു ഒരു തിരിച്ചുകയറ്റത്തിനു സാധ്യമാവാത്തവിധം അവിടെ നമ്മള്‍ നമ്മളെതന്നെയാണ്  കുഴികുത്തി മൂടുന്നത്. 

നമ്മള്‍ ഓരോരുത്തരും മാനവികതയെക്കുറിച്ച് ചിന്തിക്കാത്തിടത്തോളം, സ്വയം മാറാത്തിടത്തോളം ഇത്തരം ഉത്സവമാമാങ്കങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കും. നമ്മള്‍ വ്യത്യസ്ത മത സമൂഹങ്ങളായി അകന്നു ചുരുങ്ങിക്കൊണ്ടിരിക്കും. ഒരു തിരിച്ചുകയറ്റത്തിനു സാധ്യമാവാത്തവിധം അവിടെ നമ്മള്‍ നമ്മളെതന്നെയാണ് കുഴികുത്തി മൂടുന്നത്. 

പൊങ്കാലയായാലും പെരുന്നാളായാലും മറ്റെന്തായാലും റോഡുകളില്‍ നടത്തുന്ന ഉത്സവ മാമാങ്കങ്ങളോട് വലിയ കമ്പമൊന്നും ഇല്ല. ഓരോ വിഭാഗവും കുറേ കാശ് പിരിച്ച് നടത്തുന്ന തങ്ങളുടെ മതത്തിന്റെ, സമുദായത്തിന്റെ ശക്തിപ്രകടനം, അത്രതന്നെ. 

ശരിയാണ്. മനുഷ്യര്‍ ലോകത്തെല്ലായിടത്തും, എല്ലാ കാലത്തും ഇത്തരം ഒത്തുകൂടലുകള്‍ നടത്താറുണ്ട്. അത് നല്ല രീതിയില്‍, ആവുന്നിടത്തോളം, അവശ്യകാര്യങ്ങളെ, നമ്മുടെ അതിജീവന ചുറ്റുപാടുകളെ നശിപ്പിക്കാത്ത വിധത്തില്‍ ആവുന്നിടത്തോളം നല്ലത്. കൂട്ടത്തില്‍ കേരളത്തില്‍ നടക്കണമെന്നാഗ്രഹിക്കുന്ന ഒരു കാര്യം ആനന്ദനും, അഹമ്മദും, അബ്രഹാമും ഒന്നിച്ചു പങ്കെടുക്കുന്ന പൂരവും, പെരുന്നാളും, നേര്‍ച്ചയും ഉണ്ടാവണം എന്നതാണ്. മതത്തിനപ്പുറത്ത് മാനവികതയെ ആഘോഷിക്കുന്ന കള്‍ച്ചറല്‍ ഉത്സവങ്ങള്‍.

ഇനി ഇത്തരം വമ്പിച്ച ഉത്സവങ്ങള്‍ക്കൊണ്ട് ദൈവം പ്രസാദിക്കും എന്നൊക്കെ പറയുന്നവരോട്. ആ വാദത്തില്‍ കഴമ്പൊന്നും ഇല്ല. വഴിപാടും, പ്രാര്‍ത്ഥനയും നടത്തുന്ന എല്ലാവരുടേയും ഡാറ്റ എടുത്ത് അവര്‍ക്ക് ലഭിക്കുന്ന ഫലം പരിശോധിച്ചാല്‍ ഇത് ബോധ്യമാവും. 

എണ്‍പത് ശതമാനത്തിലധികം ആളുകള്‍ ദൈവവിശ്വാസം ഉപേക്ഷിച്ച രാജ്യങ്ങള്‍ ആണ് ചൈന, ജപ്പാന്‍, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നെതെര്‍ലാന്‍ഡ്സ് തുടങ്ങിയവ. ഇവിടെയൊക്കെ ക്രിസ്തുമസ് ഉള്‍പ്പടെയുള്ള പലതും ഒരു കള്‍ച്ചറല്‍ ആഘോഷം എന്ന നിലയില്‍ ആണ് എല്ലാവരും കൊണ്ടാടുന്നത്. ഇവിടെയൊന്നും ദൈവം പ്രത്യക്ഷപ്പെട്ട് നിങ്ങളെ ഞാന്‍ ശപിച്ചു കളയും എന്നൊന്നും പറഞ്ഞ് ഇടിമിന്നലും പ്രളയവും ഒന്നും ഉണ്ടാക്കിയിട്ടില്ല. മാത്രവുമല്ല Human Development Indexല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യവും , സമാധാനവും ഉള്ള രാജ്യങ്ങളില്‍ ഇവയില്‍ പലതും മത രാജ്യങ്ങളെക്കാള്‍ വളരേ വളരെ മുന്നിലുമാണ്. 

പിന്നെ യമനും സിറിയയും ഉള്‍പ്പടെ ലോകത്തിലെ പല രാജ്യങ്ങളിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന, മതത്തിന്റെ പേരിലുള്ള തമ്മിലടി കണ്ടാല്‍, മതത്തിന്റെ പേരില്‍ പലയിടത്തും നടക്കുന്ന ആക്രമണങ്ങളുടെ, മരിച്ചു വീഴുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന മനുഷ്യശരീരങ്ങളുടെ കാഴ്ച കണ്ടാല്‍ രണ്ടു കാര്യങ്ങള്‍ ഉറപ്പിക്കാം. ഒന്ന്, മതം ഇനിയുള്ള കാലത്ത് നമ്മളെ പിന്നോട്ട് നടത്തുവാനും, തമ്മില്‍ തല്ലി പരസ്പരം കൊല്ലിക്കുവാനും അല്ലാതെ പ്രത്യേകിച്ച് ഒരുപകാരവും മാനവ സമൂഹത്തിന് ചെയ്യും എന്ന് കരുതാന്‍ കഴിയില്ല. രണ്ട്, പണ്ട് നടന്ന കുരിശുയുദ്ധം മുതല്‍ ഇന്ന് വരെ ലോകത്ത് പലയിടത്തും മതത്തിന്റെ പേരില്‍ കൊല്ലപ്പെട്ട, ഓരോ സെക്കന്റിലും കൊല്ലപ്പെടുന്ന കോടിക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കാന്‍, അല്ലെങ്കില്‍ അത് തടയാന്‍ എന്ത് ചെയ്യുന്നു എന്നൊരൊറ്റ ചോദ്യത്തിനു മുമ്പില്‍ തകര്‍ന്നു പോകുന്ന ഒരു ഗോത്രീയ സങ്കല്‍പ്പബിംബം മാത്രമാണ് ഇന്നു ദൈവം.

ഒരൊറ്റ വാചകത്തില്‍, നമ്മുടെ ചുറ്റിലും ഉള്ള മത-ദൈവ കച്ചവട സൂത്രവാക്യങ്ങളെ ഇങ്ങനെ എഴുതാം. ആളുകളെ പേടിപ്പിച്ച്, മോഹിപ്പിച്ച്, ഇല്ലാ കഥകള്‍ പറഞ്ഞ് പറ്റിച്ച് പൈസയും മറ്റും ഉണ്ടാക്കുന്ന ഒരു വ്യവസായവും അതിന്റെ ഭാഗമായി ചീര്‍ക്കുന്ന ഒരു ചെറിയ കൂട്ടവും. ഈ വ്യവസായത്തിന്റെ ഒരു ഗുണം മസ്തിഷ്‌കത്തിന്റെ പരിണാമപരമായി കിട്ടിയ ചില രീതികള്‍ കാരണം ഇത് സ്വയം വളരുന്ന ഒന്നാണ് എന്നതാണ്. യൂറോപ്പില്‍ പലയിടത്തും പഴയ പള്ളികള്‍ ബാറുകളും മറ്റുമാക്കുന്നത് സാധാരണമാണ്. അത്തരം കെട്ടിടങ്ങള്‍ നമ്മള്‍ വാങ്ങി പള്ളികളും അമ്പലങ്ങളും മറ്റുമാക്കുന്നതും, നമ്മുടെ നാട്ടിലെ രോഗശാന്തിക്കാരേയും മറ്റും ഇവിടെ കൊണ്ടുവന്ന് തലയിലേറ്റി നടക്കുന്നതും മറ്റും മതത്തിനെ പുറന്തള്ളാന്‍ ശീലിക്കുന്ന സമൂഹങ്ങളില്‍ നമ്മള്‍ നമ്മുടെ മത തലച്ചോറുമായി വന്നു കാണിക്കുന്ന മത തമാശകള്‍ക്ക്, സ്വയം വളരുന്ന മതവ്യവസായ സ്വഭാവങ്ങള്‍ക്ക് ചില ഉദാഹരണങ്ങള്‍ മാത്രം.

നമ്മള്‍ ഓരോരുത്തരും മാനവികതയെക്കുറിച്ച് ചിന്തിക്കാത്തിടത്തോളം, സ്വയം മാറാത്തിടത്തോളം ഇത്തരം ഉത്സവമാമാങ്കങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കും. നമ്മള്‍ വ്യത്യസ്ത മത സമൂഹങ്ങളായി അകന്നു ചുരുങ്ങിക്കൊണ്ടിരിക്കും. ഒരു തിരിച്ചുകയറ്റത്തിനു സാധ്യമാവാത്തവിധം അവിടെ നമ്മള്‍ നമ്മളെതന്നെയാണ് കുഴികുത്തി മൂടുന്നത്. 

വെറുതേ ആഗ്രഹിച്ചുപോകുന്നു., മതങ്ങളും, ഉത്സവങ്ങളും മനുഷ്യനെ ഒന്നിപ്പിക്കുന്ന കറുപ്പായിരുന്നെങ്കില്‍!