ചോദ്യം എഴുത്തുകാരി ശ്രീ പാര്‍വതിയുടേതാണ്. ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കിയ 'മീനുകള്‍ ചുംബിക്കുന്നു' എന്ന നോവലിന്‍റെ പ്രകാശനത്തിന് എറണാകുളം സെന്‍റ് തെരേസാസ് കോളജ് അധികൃതര്‍ വേദി നിഷേധിച്ച പശ്ചാത്തലത്തില്‍ എഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്നു ശ്രീ പാര്‍വതി. 

സ്വവര്‍ഗ പ്രണയം പ്രമേയമാക്കി ശ്രീപാര്‍വ്വതി എഴുതിയ നോവലിന്‍റെ പ്രകാശനത്തിന് സെന്‍റ് തെരേസാസ് കോളേജ് വേദി നിഷേധിച്ചിരുന്നു. എന്തിനാണ് അവര്‍ ഒരു നോവലിനെ പേടിക്കുന്നത് എന്നാണ് എഴുത്തുകാരിയുടെ ചോദ്യം. മെയ് പതിനാലിന് ഉച്ചക്ക് രണ്ടരക്ക് സെന്‍റ് തെരേസാസ് കോളേജില്‍ പ്രകാശനം നടക്കാനിരിക്കയായിരുന്നു.

പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജ് ആയതിനാലാണ്, ഈ വിഷയം പഠിക്കുന്ന നിരവധി പേരുള്ളത് കൊണ്ടാണ്ട് സ്ത്രീകള്‍ക്ക് പ്രാമുഖ്യം നല്‍കി പുസ്തകപ്രകാശനത്തിന് സെന്റ് തെരേസാസ് കോളേജ് തിരഞ്ഞെടുത്തത്. പെണ്‍പ്രണയത്തിന്റെ പുസ്തകം പുറത്തിറക്കുന്ന ചടങ്ങില്‍ പ്രകാശനവും പരിചയപ്പെടുത്തലുമടക്കം സ്ത്രീകളെ തന്നെയായിരുന്നു ഏല്‍പ്പിച്ചിരുന്നത് ശ്രീ പാര്‍വതി പറയുന്നു.

അപ്രതീക്ഷിതമായാണ് വേദി നല്‍കുന്നതിനുള്ള അനുമതി പിന്‍വലിച്ചത്. ആദ്യം കേട്ടപ്പോള്‍ ഷോക്കായിപ്പോയി. എന്തിനാണ് അവര്‍ അനുമതി നിഷേധിച്ചതെന്നാണ് ഇപ്പോഴും ആലോചിക്കുന്നതെന്ന് ശ്രീ പാര്‍വ്വതി പറയുന്നു. ഈ വിവരം ആരോടും പറയേണ്ടെന്നാണ് ആദ്യം കരുതിയത്. പുസ്തക പ്രകാശനത്തിന്റെ വേദി മുന്‍കൂട്ടി അറിയിച്ചവരോട് മാത്രം സംഭവത്തെക്കുറിച്ച് പറഞ്ഞു.

നോവലിലെ പ്രമേയം വിദ്യാര്‍ഥിനികളുടെ മാനസികാവസ്ഥയെ സ്വാധിനിച്ചേക്കുമെന്നാണ് മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം. സെന്റ് തെരേസാസ് കോളേജ് ഒരു സ്വാശ്രയ സ്വകാര്യ സ്ഥാപനമാണ്. അവര്‍ക്ക് അവരുടേതായ നിലപാടുകളുണ്ടാകും. പക്ഷേ എന്തുകൊണ്ടാണ് അവര്‍ അക്ഷരങ്ങളെ ഭയപ്പെടുന്നുവെന്ന് മനസ്സിലാവുന്നില്ലെന്നും പാര്‍വതി ഏഷ്യാനെറ്റ് ന്യൂസ് ടിവിയോട് പറഞ്ഞു.

പ്രണയം എന്നാല്‍ ഈ ലോകത്തിലെ ഏറ്റവും മഹത്തരമായ അനുഭവമാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അത് ഏതു ലിംഗങ്ങള്‍ തമ്മിലുള്ളതും ആയിക്കോട്ടെ. ആത്മാവിനു അല്ലെങ്കില്‍ തന്നെ എന്ത് ലിംഗ വ്യത്യാസമാണ് ഉള്ളത്? ശരീരം നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ എന്ത് ലിംഗവ്യത്യാസം?

കേരളം പോലൊരു സംസ്ഥാനം ഇന്നും ലെസ്ബിയനിസത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ഒന്നും ഉറക്കെ പറയാന്‍ പര്യാപ്തമായിട്ടില്ല. സ്. തെരേസാസ് പോലെ മുന്നോക്ക ചിന്താഗതിയുള്ള കുട്ടികള്‍ പഠിക്കുന്ന ഒരു സ്ഥാപനം ഇങ്ങനെ ചിന്തിക്കുന്നുണ്ടെങ്കില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസ്ഥ ആലോചിക്കാവുന്നതേയുള്ളൂ. എന്ന് വച്ച് അത് പറയാതിരിക്കണമെന്നാണോ?

ഇത് എന്റെ മാത്രം വിഷയമല്ല, ഒരു സമൂഹത്തിന്റെ നേരെയുള്ള ചോദ്യം ചെയ്യലാണെന്നു തോന്നിയപ്പോള്‍ മാത്രമാണ് പ്രതികരിക്കാന്‍ തയ്യാറായത്. പുസ്തകമാണ് ഇവിടെ വിഷയം... പെണ്‍കുട്ടികളുടെ ശുദ്ധമായ പ്രണയം മാത്രമാണ്. പുസ്തക പ്രകാശനത്തിനുള്ള വേദി മാറ്റുകയാണ്. തെരേസാസ് കോളേജിന്റെ നേരെ എതിരെയുള്ള ചില്‍ഡ്രന്‍സ് മിനി പാര്‍ക്കില്‍ വച്ച് മെയ് 14 നു ഉച്ചയ്ക്ക് 2 .30 തന്നെയാണ് പ്രകാശനം. എല്ലാ സ്‌നേഹിതരും എത്തിച്ചേരണം എന്ന് ആഗ്രഹിക്കുന്നുവെന്നും പാര്‍വ്വതി പറഞ്ഞു.