സ്റ്റാമ്പ് പലര്‍ക്കും കൗതുകമാണ്. പല രാജ്യങ്ങളുടെയും പലകാലത്തെ സ്റ്റാമ്പുകള്‍ ശേഖരിക്കുന്നവരുണ്ട്. ഇതിനും മാത്രം സ്റ്റാമ്പില്‍ എന്താണുള്ളത്? ലോകമെമ്പാടുമുള്ള ആളുകൾക്ക് കത്തുകളെത്തിക്കുന്നതില്‍ പങ്ക് വഹിക്കുക മാത്രമല്ല സ്റ്റാമ്പ് ചെയ്യുന്നത്. പിന്നെയോ? അത്, ആ സ്റ്റാമ്പ് അച്ചടിച്ച രാജ്യത്തിന്റെ സാംസ്‍കാരിക ആശയങ്ങളും, ചരിത്ര വിവരണങ്ങളും, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും കൂടിയാണ് പങ്കുവെക്കുന്നത്. രാജ്യത്തിന്‍റെ നിലപാടുകളുടെ പരസ്യമായ പ്രഖ്യാപനങ്ങളായും സ്റ്റാമ്പുകളെ നമുക്ക് കാണാം. ചിലപ്പോൾ അവ എത്തിപ്പെടുന്ന രാജ്യങ്ങളുടെ നിലവിലുള്ള രാഷ്ട്രീയത്തിന് വിരുദ്ധമായിത്തീരുകയും ചെയ്യാം.  

1960 -ലെ ശീതയുദ്ധകാലത്ത്, ഇതുപോലെ ചെക്കോസ്ലോവാക്യയിലേക്ക് അമേരിക്കക്കാർ അയച്ച കത്തുകളിൽ ചിലത്, ശരിയായ മേൽവിലാസങ്ങൾ ഉണ്ടായിട്ടും വിതരണം ചെയ്യപ്പെടാതെ മടങ്ങിയ സംഭവമുണ്ടായിട്ടുണ്ട്. അവ തിരിച്ചയച്ചത് കത്തിന്റെ ഉള്ളടക്കം കൊണ്ടല്ല മറിച്ച്, പ്രശ്‍നം സ്റ്റാമ്പുകളുടേതായിരുന്നു. മടങ്ങിയെത്തിയ എല്ലാ കത്തുകളുടെയും പുറത്ത് ചെക്കോസ്ലോവാക് സ്വാതന്ത്ര്യത്തിനായി പോരാടിയ നേതാവ് ടോം മസാറികിന്റെ പടമായിരുന്നു. സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിവിധ രാജ്യങ്ങളിലെ നേതാക്കളെ ബഹുമാനിക്കുന്ന ‘ചാമ്പ്യൻസ് ഓഫ് ലിബർട്ടി’ പരമ്പരയുടെ ഭാഗമായിരുന്നു ഈ സ്റ്റാമ്പ്. ചാമ്പ്യൻസ് ഓഫ് ലിബർട്ടി പരമ്പരയിൽ ബഹുമാനിക്കപ്പെടുന്ന ഓരോരുത്തരും തങ്ങളുടെ മാതൃരാജ്യത്തെ സ്വേച്ഛാധിപത്യത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി പോരാടിയവരായിരുന്നു. സോവിയറ്റ് ഏകാധിപത്യത്തെ ചെറുക്കുന്നതിനുള്ള അമേരിക്കയുടെ ഒരു മാർഗമായാണ് ഭരണകൂടം ഈ സ്റ്റാമ്പുകളെ കണ്ടത്.

ഇതിനെ സംബന്ധിച്ച് കമ്മ്യൂണിസ്റ്റ് ചെക്കോസ്ലോവാക്യ അയച്ച കത്തിൽ, ചെക്കോസ്ലോവാക് എംബസി “ന്യായീകരിക്കും പോലെ ബഹുമാന സൂചകമായല്ല അമേരിക്ക ആ സ്റ്റാമ്പ് പുറത്ത് വിട്ടത്, മറിച്ച് ചെക്കോസ്ലോവാക് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിനെതിരായ ഒരു പ്രചാരണ മാർഗമായാണ് അത് ചെയ്‍തതെ''ന്നും ആരോപിച്ചു. നേതാക്കളുടെ പേരുള്ള സ്റ്റാമ്പുകൾ ഒരു പുതിയ കാര്യമൊന്നുമല്ലെന്നായിരുന്നു എന്നാല്‍ സ്റ്റേറ്റ് ഡിപ്പാർട്മെന്‍റ് മറുപടി.  

എന്നാൽ, യഥാർത്ഥത്തിൽ സോവിയറ്റ് യൂണിയനേക്കാൾ സാംസ്‍കാരികമായി തങ്ങൾ മുന്നിലാണ് എന്ന് കാണിക്കാൻ അമേരിക്ക സ്വീകരിച്ച ഒരു മാർഗ്ഗമായിരുന്നു ആ സ്റ്റാമ്പുകൾ എന്ന് പറയപ്പെടുന്നു. അമേരിക്കയുടെ ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെയാണ് 'ചാമ്പ്യൻസ് ഓഫ് ലിബർട്ടി' സീരീസിന്റെയും മറ്റ് ശീതയുദ്ധ കാലഘട്ടത്തിലെ സ്റ്റാമ്പുകളുടെയും രൂപകൽപ്പന നടത്തിയിരുന്നതെന്ന് ചില യുഎസ് സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. 

അമേരിക്കൻ ഐക്യനാടുകളിൽ, പോസ്റ്റ് മാസ്റ്റർ ജനറൽ നിയോഗിച്ച  Citizens’ Stamp Advisory കമ്മിറ്റിയിലെ അംഗങ്ങളാണ് സ്റ്റാമ്പ് ഡിസൈനുകൾക്കുള്ള നിർദേശങ്ങൾ വിലയിരുത്തുന്നത്. 1957 -ലെ യഥാർത്ഥ സ്ഥാപക സമിതിയിൽ ഏഴ് അംഗങ്ങളുണ്ടായിരുന്നു: മൂന്ന് ഫിലാറ്റലിസ്റ്റുകൾ (സ്റ്റാമ്പുകളെ കുറിച്ച് പഠിക്കുന്ന ആളുകൾ), മൂന്ന് കലാകാരൻമാർ, യുഎസ് ഇൻഫർമേഷൻ ഏജൻസിയിൽ നിന്നുള്ള ഒരു പ്രതിനിധി എന്നിവരായിരുന്നു അത്. ഈ പ്രതിനിധി സ്റ്റാമ്പ് കമ്മിറ്റിയുടെ പ്രതിമാസ യോഗങ്ങളിൽ പങ്കെടുത്തു. അതേസമയം, ദേശീയ സുരക്ഷാ കൗൺസിലിന്റെ ദേശീയ സുരക്ഷാനയങ്ങൾ ഏകോപിപ്പിക്കുന്ന ഓപ്പറേഷൻസ് കോർഡിനേറ്റിംഗ് ബോർഡിന്റെ യോഗങ്ങളിലും പങ്കെടുത്തു. ഈ സവിശേഷമായ ക്രമീകരണം യു‌എസ് സർക്കാരിന്റെ ആശയവിനിമയ ആയുധപ്പുരയിലെ വിലപ്പെട്ട ഉപകരണമായി സ്റ്റാമ്പിനെ മാറ്റി.  

അങ്ങനെയിരിക്കെയാണ്, പടിഞ്ഞാറൻ ബെർലിനിൽ നിന്ന് പാശ്ചാത്യ സായുധസേനയെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സോവിയറ്റ് യൂണിയൻ ഒരു അന്തിമവിധി പുറപ്പെടുവിച്ചത്. ശീതയുദ്ധത്തിൽ പാശ്ചാത്യ അധിനിവേശത്തിന് കീഴിലുള്ള ബെർലിൻ മേഖലകളിലേക്കുള്ള റെയിൽ‌വേ, റോഡ്, കനാൽ പ്രവേശനം സോവിയറ്റ് യൂണിയൻ തടഞ്ഞു. ബെർലിൻ രണ്ടായി പിളർന്നു. ഭിന്നിച്ച നഗരത്തോടുള്ള യുഎസിന്റെ പ്രതിബദ്ധതയെ സൂചിപ്പിക്കാൻ ഒരു സ്റ്റാമ്പ് പുറത്തിറക്കാൻ ഓപ്പറേഷൻസ് കോർഡിനേറ്റിംഗ് ബോർഡ് ശുപാർശ ചെയ്തു. അങ്ങനെ 1959 -ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റൽ സർവീസ് പുറത്തിറക്കിയ 'ചാമ്പ്യൻ ഓഫ് ലിബർട്ടി' പരമ്പരയിലെ രണ്ട് സ്റ്റാമ്പുകൾ വെസ്റ്റ് ബെർലിനിലെ അപ്പോഴത്തെ ജർമ്മൻ മേയറായിരുന്ന Ernst Reuter -ന്റെ പേരിലായിരുന്നു.  

ദേശീയ സുരക്ഷാ നയങ്ങൾ ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഉത്തരവാദികളായ ഈ യുഎസ് ഉദ്യോഗസ്ഥർ രൂപകൽപ്പന ചെയ്‌ത സ്റ്റാമ്പുകൾ ശീതയുദ്ധത്തിന്റെ വ്യത്യസ്‍തമായ മുഖങ്ങൾ നമുക്ക് കാണിച്ചു തരുന്നു. രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് പുറമേ, ശാസ്ത്രീയവും സാംസ്‍കാരികവുമായ പോരാട്ടവും അതിൽ പ്രതിഫലിച്ചിരുന്നു. 1957 -നും 1961 -നും ഇന്ത്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ പത്ത് നേതാക്കൾ യു‌എസ് സ്റ്റാമ്പുകളിൽ ഇടം നേടിയിരുന്നു. "ദശലക്ഷക്കണക്കിന് ആളുകൾക്ക് കത്തുകളിൽ ഒട്ടിച്ചിരിക്കുന്ന സ്റ്റാമ്പുകൾ കാണുമ്പോൾ നേതാക്കളുടെ പോരാട്ടങ്ങളെ കുറിച്ച് ഓർമ്മവരികയും സ്വാതന്ത്ര്യത്തിനുള്ള ഇച്ഛാശക്തി വളരുകയും ചെയ്യും" യുഎസ് പറഞ്ഞു.

ഇലക്ട്രോണിക് ആശയവിനിമയത്തിന്റെ ഈ കാലഘട്ടത്തിൽ പോലും സ്റ്റാമ്പുകളുടെ പ്രസക്തി കുറഞ്ഞിട്ടില്ല എന്നത് ആശയവിനിമയത്തിനുള്ള അതിന്റെ അസാധാരണമായ കഴിവിനെ ഉറപ്പിക്കുന്നു. ‘ചാമ്പ്യൻസ് ഓഫ് ലിബർട്ടി’ പരമ്പരയുടെ ഭാഗമായി ഇന്ത്യയ്ക്ക് ശേഷം മഹാത്മാഗാന്ധിയുടെ ഒരു സ്റ്റാമ്പ് പുറത്തിറക്കുന്ന ആദ്യത്തെ രാജ്യമാണ് അമേരിക്ക.  സ്റ്റാമ്പ് പകർന്ന് നൽകുന്നത്, കത്തിനുള്ളിലെ സന്ദേശം മാത്രമല്ല, ഒരു രാജ്യത്തിന്റെ എണ്ണമറ്റ ചരിത്രം കൂടിയാണ്.