എങ്ങനെ ഇത്രയും ദൂരം ഓടാനും അമ്മൂമ്മയെ രക്ഷിക്കാനും സാധിച്ചുവെന്ന് ചോദിച്ചാല്‍ മോബെനി പറയുന്നത് അവള്‍ക്ക് അവളുടെ അമ്മൂമ്മയെ അത്രയധികം ഇഷ്ടമാണ് അതുകൊണ്ട് ഒന്നും അവളെ ഭയപ്പെടുത്തിയില്ല എന്നാണ്. സുഖപ്പെട്ട ശേഷം അമ്മൂമ്മയും അവളും കൂടുതല്‍ സ്നേഹത്തോടെ കഴിയുന്നു.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, 2015 ജനുവരിയില്‍. എട്ട് വയസുകാരിയായ മോബനി എസ്യൂങ് എന്ന നാഗ പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് ധീരതയ്ക്കുള്ള അവാര്‍ഡ് വാങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായി. എന്താണ് അവള്‍ ചെയ്തത്?

2014 ജനുവരി 28 -നാണ്. മോബെനി തന്‍റെ അമ്മൂമ്മയോടൊത്ത് നാഗാലാന്‍ഡിലെ വോഖ ജില്ലയിലെ ചുഡി ഗ്രാമത്തിലിരുന്ന് മീന്‍ പിടിക്കുകയായിരുന്നു. പെട്ടെന്ന്, അവളുടെ 78 വയസുള്ള അമ്മൂമ്മ രെന്തുഗ്ലോ ജുംഗിക്ക് പെട്ടെന്ന് സ്ട്രോക്ക് ഉണ്ടാവുകയും, ബോധം മറഞ്ഞ് അവര്‍ വെള്ളത്തിലേക്ക് വീഴുകയും ചെയ്തു. 

ഭയന്നുപോയ മോബെനി ഒരു തരത്തില്‍ അമ്മൂമ്മയെ വെള്ളത്തില്‍ നിന്ന് വലിച്ച് കയറ്റി. സമീപത്തെങ്ങും ആരുമുണ്ടായിരുന്നില്ല. സഹായത്തിന് ആരെയെങ്കിലും കിട്ടണമെങ്കില്‍ കാട് കടക്കണം. അത് നാലഞ്ച് കിലോമീറ്റര്‍ അപ്പുറത്താണ്. അവളൊന്നും നോക്കിയില്ല, കാട്ടിലൂടെ ഓടി. അമ്മൂമ്മയുടെ ജീവനെ കുറിച്ച് മാത്രമായിരുന്നു അപ്പോഴവള്‍ക്ക് ചിന്ത. ഗ്രാമത്തിലെത്തിയ എട്ട് വയസുകാരി മോബെനി അവിടെയുള്ളവരോട് തന്‍റെ അമ്മൂമ്മയെ രക്ഷിക്കണം എന്ന് അപേക്ഷിച്ചു. ഗ്രാമത്തില്‍ നിന്ന് ആളുകളെത്തി അമ്മൂമ്മയെ രക്ഷിക്കുകയും ആദ്യം അടുത്തുള്ള പ്രാഥമിക കേന്ദ്രത്തിലും ശേഷം മറ്റൊരു ആശുപത്രിയിലേക്കും മാറ്റുകയും ചെയ്തു. 

എങ്ങനെ ഇത്രയും ദൂരം ഓടാനും അമ്മൂമ്മയെ രക്ഷിക്കാനും സാധിച്ചുവെന്ന് ചോദിച്ചാല്‍ മോബെനി പറയുന്നത് അവള്‍ക്ക് അവളുടെ അമ്മൂമ്മയെ അത്രയധികം ഇഷ്ടമാണ് അതുകൊണ്ട് ഒന്നും അവളെ ഭയപ്പെടുത്തിയില്ല എന്നാണ്. സുഖപ്പെട്ട ശേഷം അമ്മൂമ്മയും അവളും കൂടുതല്‍ സ്നേഹത്തോടെ കഴിയുന്നു.

2018 ല്‍ മോബെനിയുടെ ധീരതയുടെ കഥ ഒരു സിനിമയും ആയി. 'നാനി തേരി മോണി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയാണ് നിര്‍മ്മിച്ചിരിക്കുന്നത്.