Asianet News MalayalamAsianet News Malayalam

ലോകമുത്തശ്ശി, വയസ്സ് 129, ജീവിതത്തിൽ സന്തോഷിച്ചത് ഒരേയൊരു ദിവസം മാത്രം;

എഴുപത്തഞ്ചു വർഷങ്ങൾക്കുമുമ്പ്‌ സ്റ്റാലിൻ ചെച്നിയയിലെ മുസ്ലീങ്ങളെ ഒന്നടങ്കം കസാക്കിസ്ഥാനിലേക്ക് നാടുകടത്തിയ ആ ദിവസത്തിന്റെ നടുക്കുന്ന ഓർമ്മകൾ അവർ കഴിഞ്ഞ വർഷമാണ് ചെച്നിയയിലെ മാധ്യമങ്ങളോട് പങ്കുവെച്ചത്. തീവണ്ടികളിൽ കുത്തിനിറച്ചായിരുന്നു ആളുകളെ കസാക്കിസ്ഥാനിലേക്ക് നാടുകടത്തിയിരുന്നത്. അവരുടെ അമ്പത്തിനാലാമത്തെ വയസ്സിലാണ് സംഭവം. ട്രെയിനിൽ വെച്ച് മരണപ്പെടുന്നവരെ അപ്പപ്പോൾ പുറത്തോട്ട് വലിച്ചെറിയുമായിരുന്നത്രേ. പുറത്തു കാത്തു നിന്നിരുന്ന വിശന്നുവലഞ്ഞ തെരുവുപട്ടികൾക്ക് ഭക്ഷണമാക്കാൻ.

story of koku istambulova worlds old women
Author
Russia, First Published Feb 7, 2019, 11:42 AM IST

ഈ ജൂണിൽ 130  വയസ്സ് തികയാനിരുന്നതാണ് ഈ ചെച്ചൻ മുത്തശ്ശിക്ക്. ലോകത്തിലെ ഏറ്റവും മുതിർന്ന സ്ത്രീയായിരുന്ന കോകു ജീവിച്ചിരുന്നത് ആകെ 47,085 ദിവസങ്ങൾ. ഇക്കഴിഞ്ഞ ജനുവരി 27 -ന് അവരുടെ സുദീർഘ ജീവിതത്തിന് തിരശീല വീണു. തന്റെ പതിവു പ്രാർത്ഥനകൾക്കിടയിലായിരുന്നു മരണം. മരിക്കുന്നതിന് തൊട്ടു മുമ്പാണ് അവർ ഞെട്ടിക്കുന്ന ആ രഹസ്യം വെളിപ്പെടുത്തിയത്. ഈ 47,085 ദിവസങ്ങൾ ജീവിച്ചിരുന്നതിൽ അവർ സന്തോഷമെന്തെന്നറിഞ്ഞത് ആകെ ഒരേയൊരു ദിവസം മാത്രം. താനൊരിക്കലും മരണത്തെ ഭയപ്പെട്ടിരുന്നില്ലെന്നും, സ്വച്ഛന്ദ മൃത്യു തന്നെ വന്ന് ആശ്ലേഷിക്കുന്ന ആ ദിനത്തെ കാത്തിരിക്കുകയാണ് ഏറെ നാളായി താനെന്നും അവർ പറഞ്ഞു. 

ഇത് കോകു ഇസ്‌താംബുലോവയുടെ കഥയാണ്. റഷ്യയിലെ ചെച്നിയ എന്ന രാജ്യത്തിൽ ജീവിച്ചുമരിച്ച ഒരു സാധാരണക്കാരി മാത്രമാണ് അവർ. അവരുടെ ജീവിതത്തെ അസാധാരണമാക്കുന്നത് തന്റെ ജീവിതത്തിലെ സന്തോഷത്തെക്കുറിച്ചുള്ള അവരുടെ പരാമർശമാണ്. സ്റ്റാലിന്റെ ഭരണകാലത്ത് ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ചെച്നിയയിൽ നിന്നും കസാക്കിസ്ഥാനിലെയും സൈബീരിയയിലെയും മരുഭൂമികളിലേക്ക് നാടുവിട്ടോടേണ്ടി വന്ന ഹതഭാഗ്യരിൽ ഒരാളാണ് കോകുവും. ഒടുവിൽ തന്റെ ദീർഘമായ ആയുസ്സിന്റെ സായാഹ്നത്തിൽ തിരികെ വന്ന്,  തന്റെ സ്വന്തം കൈകൾ കൊണ്ട് കല്ലുകൾ കൂട്ടിവെച്ച്, കളിമണ്ണു തേച്ചടുക്കി, കെട്ടിയുയർത്തിയ കൊച്ചുകൂരയ്ക്ക് ചോട്ടിലേക്ക് കുടിപാർത്ത ആദ്യദിവസമാണ് തന്റെ ജീവിതത്തിൽ, സന്തോഷമെന്തെന്ന് താനറിഞ്ഞ ഒരേയൊരു ദിവസമെന്ന് അവർ പറഞ്ഞു. 

കോകുവിന്റെ കയ്യിലുള്ള റഷ്യൻ പാസ്പ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന അവരുടെ ജന്മവർഷം 1889 ആണ്. ചെച്നിയയിലെ ബ്രാക്സ്റ്റോ എന്ന കൊച്ചു ഗ്രാമത്തിലായിരുന്നു ജനനം. അവർക്ക് അഞ്ചു ചെറുമക്കളും അവരിലായി പതിനാറ് കൊച്ചുമക്കളും ഉണ്ടായിരുന്നു. സാർ നിക്കോളാസ് രണ്ടാമന്റെ കിരീട ധാരണത്തിനും മുമ്പാണ് അവരുടെ ജനനം. പാസ്പോർട്ട് രേഖകൾ പ്രകാരം സോവിയറ്റ് യൂണിയനും ഒരു തലമുറ മുമ്പേ തുടങ്ങിയ ജീവിതം.  സാർ ചക്രവർത്തിയുടെ കിരീടധാരണം തന്റെ ഏഴാമത്തെ പിറന്നാളിന് രണ്ടു ദിവസം മുമ്പായിരുന്ന എന്നവർ ഓർത്തെടുക്കുന്നു. സ്ഥാനഭ്രംശമാവട്ടെ അവർക്ക് ഇരുപത്തേഴുവയസ്സുള്ളപ്പോഴും. 

എഴുപത്തഞ്ചു വർഷങ്ങൾക്കുമുമ്പ്‌ സ്റ്റാലിൻ ചെച്നിയയിലെ മുസ്ലീങ്ങളെ ഒന്നടങ്കം കസാക്കിസ്ഥാനിലേക്ക് നാടുകടത്തിയ ആ ദിവസത്തിന്റെ നടുക്കുന്ന ഓർമ്മകൾ അവർ കഴിഞ്ഞ വർഷമാണ് ചെച്നിയയിലെ മാധ്യമങ്ങളോട് പങ്കുവെച്ചത്. തീവണ്ടികളിൽ കുത്തിനിറച്ചായിരുന്നു ആളുകളെ കസാക്കിസ്ഥാനിലേക്ക് നാടുകടത്തിയിരുന്നത്. അവരുടെ അമ്പത്തിനാലാമത്തെ വയസ്സിലാണ് സംഭവം. ട്രെയിനിൽ വെച്ച് മരണപ്പെടുന്നവരെ അപ്പപ്പോൾ പുറത്തോട്ട് വലിച്ചെറിയുമായിരുന്നത്രേ. പുറത്തു കാത്തു നിന്നിരുന്ന വിശന്നുവലഞ്ഞ തെരുവുപട്ടികൾക്ക് ഭക്ഷണമാക്കാൻ. 1944 -ലായിരുന്നു കസാക്കസ് മലനിരകളിൽ സ്വൈരജീവിതം നയിച്ചിരുന്ന ഒരു ജനതയൊന്നടങ്കം അവരുടെ ജീവിതങ്ങളിൽ നിന്നും പറിച്ചെറിയപ്പെടുന്നത്. ഒരു നാടാകെ വിഷാദത്തിലാണ്ടു പോയ ആ നാളുകളെ കോകു തെളിഞ്ഞ പ്രജ്ഞയോടെ ഓർത്തെടുത്തു. 

" ഞങ്ങളെയവർ ഒരു തീവണ്ടിയിൽ കുത്തി നിറച്ച് എങ്ങോട്ടെന്നില്ലാതെ കൊണ്ടുപോയി. വണ്ടിയിൽ കാലുകുത്താൻ ഇടമില്ലായിരുന്നു. ആകെ അഴുക്കും, എച്ചിലും, ആളുകളുടെ വിസർജ്യങ്ങളും.. ഓർക്കാൻ പോലും ആവുന്നില്ല അന്നത്തെ ആ ദിവസത്തെപ്പറ്റി.. " കോകു പറഞ്ഞു.  സ്റ്റാലിന്റെ അന്നത്തെ ആ ക്രൂരകൃത്യത്തെപ്പറ്റി വിശദാംശങ്ങൾ ഒന്നുപോലും ചോർന്നുപോവാതെ വേണം ലോകമറിയാൻ എന്ന് നിർബന്ധമുണ്ടായിരുന്നു അവർ തന്റെ ചെചൻ ഭാഷയിൽ ആവർത്തിച്ചു പറഞ്ഞു, " ബോഗിയിൽ വിസർജ്ജ്യം നിറഞ്ഞിരുന്നു എന്ന് എഴുതാൻ മറക്കരുത്.. "

തിരക്കുപിടിച്ച ആ തീവണ്ടിയാത്രയ്ക്കിടെ പാവം ചെചൻ യുവതികളിൽ പലരും തങ്ങളുടെ ബ്ളാഡറുകൾ തകർന്നു മരിച്ചുകാണും. അനങ്ങാൻ പോലും ഇടമില്ലാതെ ഞെരുങ്ങിക്കൊണ്ടുള്ള ആ തീവണ്ടിയാത്രയിൽ തങ്ങളുടെ ശങ്ക തീർക്കണം എന്ന് പരസ്യമായി ആവശ്യപ്പെടാൻ അവർക്ക് മടിയായിരുന്നു. പലപ്പോഴും മുതിർന്ന ചെചൻ സ്ത്രീകൾ ചെറുപ്പക്കാരികൾക്ക് ചുറ്റിനും നിന്ന് മറ തീർത്ത് നിന്നിടത്തുതന്നെ ശങ്കതീർക്കുന്ന അവസ്ഥയും ഉണ്ടായി. അതെ, അത്രയ്ക്ക് മോശമായിരുന്നു അന്നത്തെ അവസ്ഥ. തന്റെ ഭർതൃ പിതാവ് ഈ യാത്രയിൽ മരണപ്പെട്ടതും അദ്ദേഹത്തിന്റെ മൃതദേഹം മറവുചെയ്യാൻ അനുവദിക്കാതെ തെരുവുനായ്ക്കൾക്ക് ഭക്ഷണമാക്കാൻ ഇട്ടുകൊടുക്കപ്പെട്ടതും ഒക്കെ കോകു ഓർത്തെടുക്കുന്നു. 

ചീഞ്ഞു തുടങ്ങിയ മീനായിരുന്നു യാത്രയിൽ പലർക്കും വിശപ്പടക്കാനായി കാവൽ ഭടന്മാർ കൊടുത്തത്. ചെച്നിയയിലെ മുസ്ലീങ്ങൾ നാസികളുടെ ചേർന്ന് റഷ്യയെ ഒറ്റുകൊടുത്തു കളഞ്ഞു എന്ന സ്റ്റാലിന്റെ സംശയമായിരുന്നു ഈ പ്രതികാര നടപടിക്ക് പിന്നിൽ. " ഞങ്ങൾ മ്ലേച്ഛന്മാരാണെന്നും. ആ നിമിഷം തന്നെ റഷ്യ വിട്ടുപോക്കോളണം എന്നും അവർ ഞങ്ങളോട് പറഞ്ഞു.. ഒരു തെറ്റും ചെയ്യാത്തതുകൊണ്ടാവും എനിക്കന്നു ഞങ്ങൾ ആ സഹിക്കുന്നതെല്ലാം എന്തിനെന്നുപോലും  മനസ്സിലായിരുന്നില്ല. ഉള്ളിൽ തരിമ്പുപോലും കുറ്റബോധവും ഉണ്ടായില്ല.. " അവർ പറഞ്ഞു. 

1944  ഫെബ്രുവരി 16 -ന് സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന റഷ്യൻ പോളിറ്റ് ബ്യൂറോ യോഗമാണ് ചെച്ചൻ-ഇങ്കുഷ് പ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള തീരുമാനമെടുക്കുന്നത്. ഫെബ്രുവരി 22-23 ദിവസങ്ങൾ ചെച്ചൻ ജനതയ്ക്ക് കരിദിനങ്ങളാണ്. ആ നാളുകളിലാണ് അവർ കൂട്ടമായി വേട്ടയാടപ്പെട്ടത്, സ്വന്തം വീടുകളിൽ നിന്നും, ഗ്രാമങ്ങളിൽ നിന്നും, രാജ്യത്തുനിന്നുമെല്ലാം തീവണ്ടികളിൽ കുത്തിനിറയ്ക്കപ്പെട്ട കസാക്കിസ്ഥാനിലെയും സൈബീരിയയിലെയും മരുഭൂമികളിലേക്ക് നാടുകടത്തപ്പെട്ടത്. പക്ഷേ, അതിനും ഒരു മുമ്പ് മുതൽക്കുതന്നെ ചെച്നിയയിലേക്കുള്ള റഷ്യൻ പട്ടാളത്തിന്റെ വിന്യാസം തുടങ്ങിയിരുന്നു. ഏകദേശം 19000 ഓഫീസർമാരും ഒരു ലക്ഷത്തോളം വരുന്ന ഭടന്മാരും ചേർന്നാണ് ലക്ഷകണക്കിന്  ചെച്ചൻ മുസ്ലീങ്ങളെ അവരുടെ നാട്ടിൽ നിന്നും പലായനം ചെയ്യിച്ചത്. വളരെ കണക്കുകൂട്ടിയുള്ള  ഒരു ഓപ്പറേഷനായിരുന്നു അത്. ആദ്യം തന്നെ ഗ്രാമങ്ങളിലേക്കുളള വാർത്താ വിനിമയ സംവിധാനങ്ങളെല്ലാം തന്നെ വിച്ഛേദിക്കപ്പെടുന്നു. പിന്നാലെ പട്ടാളത്തിന്റെ അധിനിവേശം. ചെച്ചൻ ഭാഷയിലെ സകല സാഹിത്യവും, എഴുത്തും കുത്തും വീടുകളിൽ നിന്നും വാരിവലിച്ചു പുറത്തിട്ട് അഗ്നിക്കിരയാക്കപ്പെടുന്നു. ജനങ്ങളെ പട്ടാളട്രക്കുകളിൽ കുത്തിനിറച്ച് തീവണ്ടിയാപ്പീസുകളിലേക്കെത്തിക്കുന്നു. ആരോഗ്യസ്ഥിതി മോശമായ കാരണം നടക്കാൻ പറ്റാതിരുന്നവരെ നിർദ്ദയം കശാപ്പുചെയ്യുന്നു. വീടുകൾ തീയിട്ടു നശിപ്പിക്കുന്നു. റഷ്യയുടെ അന്നോളമുള്ള ഭൂപടങ്ങളൊന്നില്ലാതെ പിൻവലിച്ച്  രായ്ക്കുരാമാനം  ചെച്ചൻ-ഇങ്കുഷ് പ്രവിശ്യയില്ലാത്ത പുതിയ ഭൂപടങ്ങൾ പുറത്തിറക്കപ്പെടുന്നു. 

story of koku istambulova worlds old women

നാല് ലക്ഷത്തോളം വരുന്ന ചെച്ചൻ മുസ്ലീങ്ങൾ തണുത്തുവിറച്ച്, ഒന്ന് മൂത്രമൊഴിക്കാൻ പോലും സൗകര്യം കിട്ടാതെ, വളരെ മോശം സാഹചര്യങ്ങളിൽ, തീവണ്ടികളിൽ കുത്തിനിറയ്ക്കപ്പെട്ട് തങ്ങളുടെ നാടുകളിൽ നിന്നും സൈബീരിയൻ മരുഭൂവിലേക്ക് പറിച്ചെറിയപ്പെട്ടു. ആ നരകയാത്ര തീരും മുമ്പുതന്നെ അവർക്കിടയിൽ ടൈഫോയ്ഡ് പൊട്ടിപ്പുറപ്പെട്ടിരുന്നു. അത് നിരവധിപേരുടെ ജീവനെടുത്തു. അതിനുപുറമെ തണുപ്പും, പട്ടിണിയും മറ്റുപലരുടെയും. നാടുകടത്തപ്പെട്ട ജനങ്ങളിൽ പാതിയോളം പേരും പലായനത്തിന് ആദ്യ വർഷത്തിൽ തന്നെ മരണത്തിനു കീഴടങ്ങി. ആ നരകത്തിൽ കിടന്ന് തന്റെ രണ്ടു പൊന്നുമക്കൾ മരിച്ചത് കോകു കണ്ണീരോടെ ഓർത്തെടുത്തു. 

"എന്റെ മക്കൾക്ക് അസുഖം വന്നപ്പോൾ ഒന്ന് ചികിത്സിക്കാൻ അവിടെ ഡോക്ടർമാരുണ്ടായില്ല.. അവർക്ക് കൊടുക്കാൻ വേണ്ട മരുന്നുണ്ടായില്ല. പൊള്ളുന്ന പനിയുമായി വീട്ടിലേക്ക് കേറിവന്ന എന്റെ ഇളയോൻ ഒരു രാത്രി ഇരുട്ടിവെളുക്കും മുമ്പ് മരണപ്പെട്ടു. നാടുവിട്ടോടുമ്പോൾ ഗർഭിണികളായിരുന്ന എന്റെ കൂട്ടുകാരികളിൽ പലരും പ്രസവത്തിൽ മരിച്ചുപോയി. അവരുടെ പേറെടുക്കാൻ അവിടെ ഗൈനക്കോളജിസ്റ്റുകളോ നഴ്സുമാരോ പേറ്റിച്ചികളോ ഒക്കുമുണ്ടായിരുന്നില്ല. ഞങ്ങൾ അയൽക്കാരും സുഹൃത്തുക്കളും മാത്രം. പലരുടെയും കുഞ്ഞുങ്ങൾ പ്രസവത്തിൽ മരിച്ചു. എന്റെ മോൾ മാത്രം എന്തോ ഭാഗ്യത്തിന് ഇതിനെയൊക്കെ അതിജീവിച്ചു.. " അവർ നെടുവീർപ്പിട്ടു.. 

നീണ്ട പതിമൂന്നു വർഷങ്ങൾക്കു ശേഷം, സ്റ്റാലിൻ മരിച്ചപ്പോൾ മാത്രമാണ് ചെച്ചൻ ജനതയ്ക്ക് തങ്ങളുടെ ജന്മനാട്ടിലേക്ക് തിരിച്ചുവരാനുള്ള അനുമതി കിട്ടിയത്. അന്ന് തിരികെവന്ന കോകു, കല്ലുകൾ ചേർത്തുവെച്ച് കളിമണ്ണുകുഴച്ച് തന്റെ സ്വന്തം കൈകളാലാണ് ഇപ്പോഴവർ കഴിയുന്ന വീട് സ്വന്തമായി ഉണ്ടാക്കിയത്. ചെയ്യാത്ത കുറ്റത്തിന് അടിച്ചോടിക്കപ്പെട്ട  ജന്മനാട്ടിലേക്ക് തിരികെ വന്ന്, ഒരു കുഞ്ഞു  വീടുകെട്ടിപ്പൊക്കി ആ കൂരയ്ക്ക് ചോട്ടിൽ  കുടിപാർത്ത  ആദ്യത്തെദിവസമാണ് കോകു തന്റെ ജീവിതത്തിലെ ഒരേയൊരു സന്തുഷ്ട ദിനമായി കണക്കാക്കുന്നത്. അന്ന് രാത്രിയിലാണ് ഏറെ നാളുകൾക്കുശേഷം അവർ സമാധാനത്തോടെ ഒന്നുറങ്ങുന്നത്. 

തിരികെ ചെച്നിയയിലേക്ക് വന്നിട്ടും അവർക്ക് തങ്ങളുടെ കുടുംബവീട്ടിൽ താമസിക്കാനുള്ള ഭാഗ്യമുണ്ടായില്ല. പലായനം നടന്ന താപ്പിന് സമീപപ്രദേശങ്ങളിലെ റഷ്യക്കാർ ചെച്ചൻ വംശജരുടെ വീടുകൾ കയ്യേറിക്കഴിഞ്ഞിരുന്നു. തിരിച്ചുവന്ന ശേഷം പാർക്കാനുള്ള വീടുകൾ അവർക്ക് വീണ്ടും പണിതുയർത്തേണ്ടി വന്നു. കോകുവിന്റെ ഭർത്താവ് ഒരു കുഴിമടിയനായിരുന്നതിനാൽ അവർ സ്വന്തം കൈകളാലാണത്രെ ആ വീടിന്റെ ഓരോ കല്ലും ചേർത്തുറപ്പിച്ചത്. അന്ന് ഞാൻ എന്റെ കൈകളാൽ പണിതീർത്ത ഈ കൊച്ചുവീടാണ് എനിക്ക് ലോകത്തിലെ ഏറ്റവും സുന്ദരമായ ഭവനം. ഇവിടെ ഞാൻ അറുപതു വർഷം സ്വസ്ഥമായി ജീവിച്ചു. " കോകു പറഞ്ഞു.
 
തനിക്ക് ഒരിക്കലും സ്‌കൂളിൽ പോവാനുള്ള ഭാഗ്യം സിദ്ധിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു. പരമ്പരാഗതമായി കൃഷിപ്പണിയായിരുന്നു കോകുവിന്റെ കുടുംബത്തിന്. പശുവിനെ നോക്കിയും, കോഴിക്ക് തീറ്റകൊടുത്തും. പച്ചക്കറികൾക്ക് തടം വെട്ടിയും നട്ടു നനച്ചും തീർന്നുപോയി അവരുടെ ബാല്യം. എന്നും കിളയോട് കിളയായിരുന്നു മണ്ണിൽ. പരുത്തിയും ചോളവുമായിരുന്നു പ്രധാന വിളകൾ അന്നൊക്കെ. "അച്ഛനും അമ്മയും അമ്മൂമ്മയും അപ്പൂപ്പനും ഒക്കെ രോഗഗ്രസ്തരായിരുന്നു. അവരെ ഒറ്റയ്ക്കിട്ട് ഞാനെങ്ങനെ പള്ളിക്കൂടത്തിൽ പോവും..? അതുകൊണ്ട് ഒരക്ഷരം പഠിക്കാൻ ദൈവം സഹായിച്ച് എനിക്കായില്ല.. " കോകു പറഞ്ഞു. 

"ഈ ദീർഘായുസ്സിന്റെ രഹസ്യമെന്താ മുത്തശ്ശീ ..? " എന്ന് റിപ്പോർട്ടർ ചോദിച്ചപ്പോൾ അവർ ഒന്ന് ചിരിക്കുകമാത്രം ചെയ്തു.. പിന്നെ പറഞ്ഞു.."അറിയില്ല മോനെ.. ദൈവത്തിന്റെ ഇഷ്ടമാവും.. ഞാനായിട്ട് ഒന്നും വിശേഷിച്ച് തിന്നുകയോ കുടിക്കുകയോ ഉണ്ടായിട്ടില്ല എന്റെ ആരോഗ്യപരിപാലനത്തിന്. ഇവിടെ പലരും ജിമ്മിൽ പോവുന്നു. സപ്ലിമെന്റുകൾ കഴിക്കുന്നു.. ഞാൻ ഇന്നുവരെ അങ്ങനൊന്നും ചെയ്തിട്ടേയില്ല.. അല്ലാഹു എനിക്ക് ഇത്രയും നീണ്ട ഒരു ജീവിതവും, ഇത്ര കുറച്ചുമാത്രം സന്തോഷവും തന്നത് എന്തിനാവോ..? എനിക്കറിയില്ല.. "

കഴിഞ്ഞ മാസം തന്റെ പ്രാർത്ഥനയ്ക്കിടെ അവരാഗ്രഹിച്ചപോലെ വളരെ സ്വച്ഛന്ദമായി മൃത്യു വന്ന് കോകു മുത്തശ്ശിയെ വിളിച്ചു.  ഒരു പരിഭവവും കൂടാതെ, ഒട്ടുമെതിർപ്പു പ്രകടിപ്പിക്കാൻ നിൽക്കാതെ അവർ കൂടെപ്പോയി. നീണ്ട നൂറ്റിയിരുപത്തൊമ്പതു വർഷക്കാലത്തെ ഓർമകളും ഉള്ളിലേന്തി അവർ മറ്റൊരു ലോകത്തേക്ക് യാത്രയാവുമ്പോൾ , ഈ ഭൂമിയിൽ അവർക്ക് കിട്ടാതെ പോയ സന്തോഷത്തിന്റെ ദിനങ്ങൾ അവർക്കവിടെ വേണ്ടുവോളം കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.. 

Follow Us:
Download App:
  • android
  • ios