ജന്മം കൊണ്ട് മലയാളിയായ സുരേഷ് ഗുജറാത്തില്‍ വളര്‍ന്നു. തീവ്രഹിന്ദുത്വ ചിന്ത ഗുജറാത്തില്‍ ആഴത്തില്‍ വളര്‍ന്നു തുടങ്ങിയ  അക്കാലത്ത് സുരേഷ്  ആര്‍എസ്എസിലേക്ക് ചേക്കേറി. ഗുജറാത്തിലെ ഖേഡാ ജില്ലയില്‍ ആര്‍എസ്എസ് കാര്യവാഹകായി പ്രവര്‍ത്തിച്ചു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ സരസ്വതി വിദ്യാമന്ദിറില്‍ ഇടക്കാലത്ത് അധ്യാപകനായിരുന്നു. അതിനിടയിലാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുരേഷ് മാറിയതെന്നാണ് ഗുജറാത്ത് പൊലീസ് പറയുന്നത്

കോഴിക്കോട്: പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പൊരു റംസാന്‍ മാസം നോമ്പുതുറയ്ക്കിടയില്‍ അജ്മീര്‍ ദര്‍ഗയിലുണ്ടായ സ്‌ഫോടനം രാജ്യത്തെ ഞെട്ടിച്ചിരുന്നു. 2007 ഒകേ്‌ടോബര്‍ മാസം 11 ാം തിയതിയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസ് ഒരു വ്യാഴ വട്ടം പിന്നിടുമ്പോഴാണ് കേസിലെ സുപ്രധാന പ്രതി മലയാളിയായ സുരേഷ് നായരുടെ കയ്യില്‍ വിലങ്ങ് വീണത്.

ഇതോടെ സുരേഷ് നായരുടെ പേരും ചര്‍ച്ചയാകുകയാണ്. സുരേഷ് നിരപരാധിയാണെന്നും കേസില്‍ മനപൂര്‍വ്വം കുടുക്കിയതാകാമെന്നുമാണ് സഹോദരി സുഷമ പ്രതികരിച്ചത്. എന്നാല്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ അങ്ങനെയല്ല. അജ്മീര്‍ ദര്‍ഗ സ്‌ഫോടനത്തിന്റെ മുഖ്യ സുത്രധാരന്‍മാരില്‍ ഒരാള്‍ സുരേഷ് നായരാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. ബോംബുകള്‍ എത്തിച്ചു നല്‍കിയതിലെ പ്രധാനി ഇയാളാണെന്നും സ്‌ഫോടനം നടക്കുമ്പോള്‍ സമീപത്ത് സുരേഷ് ഉണ്ടായിരുന്നു എന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. 

ആരാണ് സുരേഷ് നായര്‍?

കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം എളാട്ടേരി കുറുമങ്ങാട് ഒതോയത്ത് വീട്ടിലായിരുന്നു സുരേഷ് നായരുടെ ജനനം. അധികം വൈകാതെ കുടുംബം ഗുജറാത്തിലെ ഖേഡ ജില്ലയിലെ സാക്കൂറിലേക്ക് താമസം മാറ്റി. സുരേഷിന്റെ പിതാവ് ഗുജറാത്തിലെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനായിരുന്നു. ജന്മം കൊണ്ട് മലയാളിയായ സുരേഷ് ഗുജറാത്തില്‍ വളര്‍ന്നു. തീവ്രഹിന്ദുത്വ ചിന്ത ഗുജറാത്തില്‍ ആഴത്തില്‍ വളര്‍ന്നു തുടങ്ങിയ അക്കാലത്ത് സുരേഷ് ആര്‍എസ്എസിലേക്ക് ചേക്കേറി. ഗുജറാത്തിലെ ഖേഡാ ജില്ലയില്‍ ആര്‍എസ്എസ് കാര്യവാഹകായി പ്രവര്‍ത്തിച്ചു. അച്ഛന്റെ മരണശേഷം സുരേഷ് അമ്മയ്‌ക്കൊപ്പം ഗുജറാത്തിലെ വഡോദരയിലേക്ക് താമസം മാറി. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ സരസ്വതി വിദ്യാമന്ദിറില്‍ ഇടക്കാലത്ത് അധ്യാപകനായിരുന്നു. അതിനിടയിലാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുരേഷ് മാറിയതെന്നാണ് ഗുജറാത്ത് പൊലീസ് പറയുന്നത്.

സുരേഷ് എങ്ങനെ പ്രതിയായി?

അജ്മീര്‍ ദര്‍ഗ സംഭവം അടക്കം രാജ്യത്തെ നടുക്കിയ നാല് സ്‌ഫോടനങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തിയിട്ടുള്ളത്. സ്‌ഫോടനങ്ങളിലെ സുരേഷിന്റെ പങ്കാളിത്തം രാജസ്ഥാന്‍ പൊലീസാണ് ആദ്യം വെളിച്ചത്തുകൊണ്ടുവന്നത്. പിന്നീട് ഗുജറാത്ത് പൊലീസും ഇത് ശരിവച്ചു. 2007 ലെ അജ്മീര്‍ സ്‌ഫോടനത്തെ തുടര്‍ന്ന് ഒളിവില്‍ പോയ സുരേഷിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഗുജറാത്ത് ഭീകര വിരുദ്ധ സേന. 2011 ല്‍ അജ്മീര്‍ ദര്‍ഗ കേസ് അന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജന്‍സി, സുരേഷിന്റെ പങ്കാളിത്തത്തെക്കുറിച്ചും സ്‌ഫോടന സമയത്തെ സാന്നിധ്യത്തെക്കുറിച്ചും വ്യക്തമായ തെളിവുകളാണ് ശേഖരിച്ചത്. സ്‌ഫോടനത്തിന് വേണ്ട സാധന സാമഗ്രികള്‍ എത്തിച്ചു എന്നതാണ് സുരേഷിനെതിരായ പ്രധാന കുറ്റം. രാജ്യത്ത് നടന്ന നാല് സ്‌ഫോടനങ്ങളിലും സമാന കുറ്റം ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 2010 ല്‍ സുരേഷ് നായരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും രഹസ്യ കേന്ദ്രങ്ങളിലും തീര്‍ത്ഥാടന സ്ഥലങ്ങളിലും ഒളിവില്‍ താമസിക്കുകയായിരുന്നു ഇയാള്‍. ഒളിവിലായിരുന്ന സുരേഷ് നായര്‍ നര്‍മദ നദീതീരത്തെ തീര്‍ത്ഥാടന സ്ഥലത്തേക്ക് പോകുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബറൂച്ചില്‍ നിന്ന് പിടിയിലായത്.

ആറ് വര്‍ഷം മുമ്പ് ബാലുശ്ശേരിയിലെത്തി

കുടുംബത്തോടൊപ്പം കുട്ടിക്കാലത്തേ സുരേഷ് ഗുജറാത്തിലേക്ക് പോയെങ്കിലും ബന്ധുക്കള്‍ ഇപ്പോഴും ബാലുശ്ശേരിയിലുണ്ട്. സുരേഷ് വര്‍ഷങ്ങളായി നാട്ടില്‍ വരാറില്ലെന്ന് അമ്മയുടെ സഹോദരി രാധ വ്യക്തമാക്കി. സുരേഷുമായോ കുടുംബവുമായോ കുറേക്കാലമായി യാതൊരു ബന്ധവുമില്ലെന്നും അവര്‍ പറഞ്ഞു. ഗുജറാത്ത് കേന്ദ്രീകരിച്ച് ഭീകരപ്രവര്‍ത്തനം നടത്തിയ സുരേഷ് നായരുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരം അറിയിക്കണമെന്ന് രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് കേരള പൊലീസിനോട് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി സുരേഷ് നായര്‍ കേരളത്തില്‍ വന്നാല്‍ ബന്ധപ്പെടാറുള്ള വീടുകളുടെയും വ്യക്തികളുടെയും വിലാസങ്ങളും രാജസ്ഥാന്‍ പൊലീസ് കേരള പൊലീസിന് നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ സുരേഷ് നായരുടെ കുടുംബം വല്ലപ്പോഴുമാണ് കേരളത്തില്‍ വരാറുള്ളത്. ആറുവര്‍ഷം മുമ്പാണ് സുരേഷ് അവസാനമായി കോഴിക്കോട് എത്തിയത്. ബാലുശ്ശേരിയില്‍ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിന് വന്നതായിരുന്നു അതെന്നാണ് കേരള പൊലീസിന്‍റെ കൈയിലുള്ള വിവരം.

അജ്മീര്‍ കേസിലെ കൂട്ടുപ്രതികള്‍

നിരവധി തീവ്രവാദ സ്‌ഫോടന കേസുകളിലെ പ്രതി അസിമാനന്ദ ഉള്‍പ്പെടെയുള്ളവരായിരുന്നു അജ്മീര്‍ ദര്‍ഗ കേസില്‍ സുരേഷ് നായര്‍ക്കൊപ്പം പ്രതികളായിട്ടുണ്ടായിരുന്നത്. ഇവരില്‍ അസിമാനന്ദ അടക്കം ഏഴ് പേരെ സംശയത്തിന്റെ ആനുകൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം എന്‍ഐഎ കോടതി വെറുതെ വിട്ടു. ഒപ്പമുണ്ടായിരുന്ന ദേവേന്ദ്ര ഗുപ്ത, ഭാവേഷ് പട്ടേല്‍, സുനില്‍ ജോഷി എന്നിവര്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. സുരേഷ് നായര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് ഒളിവില്‍ പോയത്. ഇവരില്‍ സന്ദീപ് ദാങ്കെ, രാമചന്ദ്ര എന്നിവര്‍ ഇനിയും പിടിയിലായിട്ടില്ല.