സ്ട്രിപ്പ് ക്ലബുകൾ എന്നും രഹസ്യമായ ഒരു തൊഴിലിടമായിട്ടാണ് കണക്കാക്കപ്പെടുന്നത്. സ്ട്രിപ്പർമാരുടെ ജീവിതത്തെക്കുറിച്ചും, അവരുടെ ജോലിയെ കുറിച്ചും അറിയാൻ ആളുകൾക്ക് എല്ലാക്കാലവും ആഗ്രഹമുണ്ടെങ്കിലും, അത് എപ്പോഴും തിരശീലയ്ക്കു പിന്നിൽ മറച്ചു പിടിക്കാറാണ് പതിവ്. എന്നാൽ, ഇപ്പോൾ പല സ്ട്രിപ്പർമാരും അവരുടെ ജീവിതത്തെ കുറിച്ചും, ഓരോ ദിവസത്തെ സമ്പാദ്യത്തെ കുറിച്ചും പരാമർശിക്കുന്ന വ്‌ളോഗുകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നു. ലക്ഷക്കണക്കിന് ആളുകളാണ് അത് ദിവസവും കാണുന്നത്.
 
കൊറോണ മഹാമാരി സ്ട്രിപ്പര്‍മാരുടെ തൊഴിൽ മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചപ്പോൾ, ഒരുപാട് സ്ട്രിപ്പർമാർക്ക് ജോലി നഷ്ടമായി. ഇന്ന് എല്ലാം ഓൺലൈനായി മാറുമ്പോൾ ഇവരും തങ്ങളുടെ തൊഴിലിനെ വിപുലീകരിക്കുന്നതിനായി ഡിജിറ്റൽ ലോകത്തെ ഉപയോഗപ്പെടുത്തുന്നു. ക്ലബ്ബിനകത്തും പുറത്തുമുള്ള ജീവിതം എങ്ങനെയാണെന്ന് സ്ത്രീകൾ യൂട്യൂബ് വീഡിയോകൾ വഴി തുറന്ന് കാട്ടുന്നു. ഈ അവസരത്തിൽ തൊഴിൽ മാറാൻ ആഗ്രഹിക്കുന്നവർക്കും, ഈ മേഖലയിലേയ്ക്ക് കടന്ന് വരാൻ ആഗ്രഹിക്കുന്നവർക്കുമായി കുറെ ടിപ്‍സുകളും അവർ പങ്കുവയ്ക്കുന്നു. ഒരു സ്ട്രിപ്പ് ക്ലബ് ഓഡിഷന് വേണ്ടി എങ്ങനെ തയ്യാറാകാം, സ്ട്രിപ്പർമാർ നികുതി അടക്കേണ്ടത് എത്ര, സ്ട്രിപ്പർ ശുചിത്വ പാലനം അങ്ങനെ നിരവധി കാര്യങ്ങൾ അതിൽ അവർ ചർച്ച ചെയ്യുന്നു. അവരുടെ വീഡിയോകൾ വഴി ആ തൊഴിലിനെക്കുറിച്ച് ഒരു പുതിയ ഉൾക്കാഴ്ചയാണ് ലഭിക്കുന്നത്. വരാനിരിക്കുന്ന നർത്തകർക്കും, അതുപോലെ തന്നെ കാഴ്ചക്കാർക്കും ഇതൊരു പുതിയ അനുഭവമാവുന്നു.

സ്ട്രിപ്പറുകളുടെ പണം എണ്ണുന്ന വീഡിയോകളാണ് കൂട്ടത്തിൽ ഏറ്റവും ഹിറ്റ്. 100,000 കാഴ്ചക്കാരെ വരെ എളുപ്പത്തിൽ നേടാനാകുന്ന പണമെണ്ണൽ വീഡിയോകളാണ് ഏറ്റവും ജനപ്രിയമായത്. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു നർത്തകിയാണ് ടിഫാനി ബോർൺ. “എല്ലാ രാത്രിയും ഇതു പോലെയല്ല, ഇന്ന് ഒരു ഭാഗ്യദിവസമാണ്” ഡോളറിന്റെ ഒരു വലിയ കൂമ്പാരത്തിന് മുകളിൽ ഇരുന്നുകൊണ്ട് അവൾ പറയുന്നത് വിഡിയോയിൽ കാണാം. ആ ക്ലിപ്പിന് ഏകദേശം ഒരു മില്ല്യണ്‍ കാഴ്ച്ചക്കാരുണ്ടായി.    

stripper influencers തങ്ങളുടെ വ്യവസായ രഹസ്യങ്ങൾ സൗജന്യമായി പങ്കിടുന്നതിൽ സന്തോഷിക്കുന്നവരാണ്. മറ്റ് സ്ത്രീകളെ ഈ വ്യവസായത്തിലേക്ക് കൈപ്പിടിച്ച് കയറ്റാൻ അവർ തയ്യാറാണ്. തൂണിൽ പിടിച്ച് നൃത്തം ചെയ്യുമ്പോൾ നിങ്ങളുടെ ആർത്തവത്തെ എങ്ങനെ  കൈകാര്യം ചെയ്യാമെന്നും, ഉയർന്ന ഹൈ ഹീൽസ് ധരിച്ച് എങ്ങനെ നൃത്തം ചെയ്യാമെന്നും അവർ അതിൽ ഉപദേശിക്കുന്നു. ഏകദേശം 1.53 ദശലക്ഷം വരിക്കാരുള്ള നർത്തകിയാണ് ചിക്കാഗോ ആസ്ഥാനമായുള്ള ക്രിസ്റ്റീന വില്ലെഗാസ്. ആർക്കും ഈ തൊഴിൽ ചെയ്യാൻ സാധിക്കുമെന്ന് അവർ പറയുന്നു. "ഓരോ പുരുഷന്മാർക്കും ഓരോ താല്പര്യങ്ങളായിരിക്കും. തന്റെ താല്പര്യങ്ങളോട്  ഇണങ്ങുന്ന സ്ത്രീകളോട് അവർ അടുക്കുന്നു. അതുകൊണ്ട് തന്നെ, ഏതൊരു സ്ത്രീക്കും ഈ തൊഴിലിൽ പ്രവേശിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾക്ക് ഒരു ഫാന്‍റസി സൃഷ്ടിക്കാൻ കഴിയണം എന്ന് മാത്രം” അവൾ പറയുന്നു.

സ്ത്രീകളാണ് തന്റെ വീഡിയോകൾ കൂടുതലും കാണുന്നത് എന്നാണ് 23 -കാരിയായ യമില ഗുയിൻ പറയുന്നത്. തന്റെ 136,000 സബ്സ്ക്രൈബേഴ്സില്‍ മൂന്നിലൊന്ന് മാത്രമേ സ്ട്രിപ്പർമാരുള്ളൂവെന്നും, പലരും വെറും വിനോദത്തിനായിട്ടാണ് ഇത് കാണുന്നതെന്നും അവർ പറഞ്ഞു. 68 ശതമാനം സ്ത്രീകളാണ് തന്റെ കാഴ്ചക്കാരെന്ന് ടിഫാനിയും സമ്മതിക്കുന്നു. അവളുടെ പുരുഷ കാഴ്ചക്കാരിൽ സ്വവർഗാനുരാഗികളായ പുരുഷന്മാരുമുണ്ടെന്ന് അവൾ പറഞ്ഞു.  “YouTube- ന്റെ പേരിൽ മാത്രമാണ് ഞാൻ ഇപ്പോൾ ക്ലബിൽ പോകുന്നത്. സ്ട്രിപ്പ് ക്ലബ്ബ് കാരണമാണ് എനിക്ക് ഇത്രയധികം ഫോളോവേഴ്സിനെ കിട്ടിയത്. ആളുകൾ എന്നെ സ്നേഹിക്കുന്നുവെന്നും, എന്റെ ഊർജ്ജത്തെ ഇഷ്ടപ്പെടുന്നുവെന്നും പറയുമ്പോഴും എനിക്കറിയാം അവർ സ്ട്രിപ്പർ വീഡിയോകൾക്ക് വേണ്ടിയാണ് എന്റെ ചാനൽ കാണുന്നതെന്ന്” ടിഫാനി പറയുന്നു. ടിഫാനിയെ പോലെ പലരും തൊഴിൽ ഉപേക്ഷിച്ച് യൂട്യൂബ് മാത്രം ആശ്രയിച്ച് ജീവിക്കാൻ ഭയപ്പെടുന്നവരാണ്. കാരണം തൊഴിൽ ഉപേക്ഷിച്ചാൽ, പിന്നെ ആളുകൾ തങ്ങളുടെ വീഡിയോകൾ കാണുമോയെന്ന കാര്യത്തിൽ അവർക്ക് ഉറപ്പില്ല. സ്ട്രിപ്പ്ഫ്ലുവൻസറുകൾക്ക് സ്ട്രിപ്പർ വീഡിയോകളിലൂടെ കുറെ പ്രേക്ഷകരെ ആകർഷിക്കാൻ കഴിയുന്നുവെങ്കിലും, ക്ലബ് വിടാൻ പക്ഷേ പലർക്കും ധൈര്യമില്ല.  

അതേസമയം ഇത്തരം സ്ട്രിപ്പർ വീഡിയോകളിൽ ഈ തൊഴിലിന്റെ നല്ല വശം മാത്രമാണ് എടുത്തുകാണിക്കുന്നതെന്ന് ഒരു വിമർശനം ഉയർന്ന് വരുന്നുണ്ട്. പണം കുമിഞ്ഞു കൂടുന്നതും, അവർ ധരിക്കുന്ന സെക്സിയായ വസ്ത്രത്തിനെ കുറിച്ചും, സൗന്ദര്യ വർധക വസ്തുക്കളെ കുറിച്ചും മാത്രമാണ് സ്ട്രിപ്പർമാർ വീഡിയോകളിൽ സംസാരിക്കുന്നത്. എന്നാൽ ഈ തൊഴിലിന്റെ ഇരുണ്ട വശങ്ങളെ കുറിച്ചും, ചിലപ്പോൾ അനുഭവിക്കേണ്ടി വരുന്ന ശാരീരികവും, മാനസികവുമായ പീഡനങ്ങളെ കുറിച്ചും stripper influencers തുറന്നു പറയുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇത് ഈ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളിൽ തെറ്റായ സങ്കൽപങ്ങളും, ധാരണകളും ഉണ്ടാക്കുമെന്നും അവർ കുറ്റപ്പെടുത്തി.  

(ചിത്രങ്ങള്‍ പ്രതീകാത്മകം, കടപ്പാട് : ഗെറ്റി ഇമേജസ്)