സഹോദരങ്ങള്‍ക്കിടയിലുള്ളത് വളരെ ശക്തമായ സ്നേഹവും സൌഹൃദവുമാണെങ്കില്‍ മാനസികപ്രശ്നങ്ങളും വേദനകളും മാറുമെന്നാണ് ഗവേഷകര്‍ പറയുന്നത്

അച്ഛനും അമ്മയും നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നവരാണെങ്കിലും മക്കള്‍ തമ്മിലുള്ള ബന്ധം ശക്തമാണെങ്കില്‍, അവരില്‍ നിരാശയും വേദനയും കുറയുമെന്ന് പഠനം. വഴക്കുണ്ടാക്കുന്ന മാതാപിതാക്കളാണെങ്കില്‍ മക്കള്‍ക്ക് മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ അത്തരം പ്രശ്നങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കാന്‍ സഹോദരങ്ങളുമായുള്ള ശക്തമായ ബന്ധം സഹായിക്കുമെന്ന് പഠനം പറയുന്നു. 'ചൈല്‍ഡ് ഡെവലപ്മെന്‍റ് 'എന്ന ജേണലിലാണ് പഠനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്. 

ചെറുപ്പത്തില്‍ അച്ഛനുമമ്മയും തമ്മിലുള്ള വഴക്ക് കണ്ടുവളരുന്ന കുട്ടികളില്‍ വര്‍ഷങ്ങള്‍ക്കുശേഷവും ആ വേദനയും നിരാശയുമുണ്ടാകും. എന്നാല്‍, സഹോദരങ്ങള്‍ക്കിടയിലുള്ളത് വളരെ ശക്തമായ സ്നേഹവും സൌഹൃദവുമാണെങ്കില്‍ ഒരു പരിധി വരെ ഇത്തരം മാനസികപ്രശ്നങ്ങളും വേദനകളും മാറുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇവര്‍ ഒരുമിച്ച് കലാപ്രവര്‍ത്തനങ്ങളിലും മറ്റും പങ്കെടുക്കും. പരസ്പരം സുഹൃത്തുക്കളെ പരിചയപ്പെടുത്തിയും മറ്റും പുറത്ത് സൌഹൃദങ്ങളുടെ ഒരു ലോകമുണ്ടാക്കും. അവര്‍ മാനസികമായും വൈകാരികമായും പരസ്പരം താങ്ങിനിര്‍ത്തും. അവര്‍ തമ്മില്‍ ഒരു സൌഹൃദമുണ്ടാവും. അവരെല്ലാ കാര്യങ്ങളും തുറന്നുപറയും. ചര്‍ച്ച ചെയ്യും. ഗവേഷകരിലൊരാളായ പ്രൊഫ. പാട്രിക് ഡേവിസ് പറയുന്നു. 
പലതരത്തിലുള്ള മാതാപിതാക്കളെയും മക്കളെയും കണ്ടും സംസാരിച്ചും ഇവര്‍ക്കിടയില്‍ സര്‍വേ നടത്തിയുമാണ് പഠനം പൂര്‍ത്തിയാക്കിയത്.