ആനന്ദഭരിതമായ ആഘോഷ വേളകളില്‍ റോഡുകളില്‍നിന്ന് പെറുക്കിയെടുക്കേണ്ടിവരുന്ന ഉടലുകളുടെ ഓര്‍മ്മയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നമ്മോട് പറയുന്നത്. തേവര പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ജോലിചെയ്യുന്ന സുനില്‍ ജലീല്‍ എഴുതുന്നു

'ഈ വീഞ്ഞ് എന്റെ രക്തമാകുന്നു... അപ്പം ശരീരവും'. പെസഹാ ദിനത്തില്‍ ക്രിസ്തു പറഞ്ഞ വാക്കുകള്‍ ഞാന്‍ ഈ ക്രിസ്മസ് ദിനത്തില്‍ ഓര്‍ത്തുപോവുകയാണ്. സാംഗത്യങ്ങളല്ല അനുഭവങ്ങളാണ് ഓര്‍മ്മകളെ വീണ്ടുമുണര്‍ത്തുന്നത്.
ലോകം പ്രിയപ്പെട്ടൊരിടയന്റെ ജന്മദിനം ആഘോഷിക്കുമ്പോള്‍ ചില കുടുംബങ്ങള്‍ കണ്ണീരിലാണ്ടു കിടക്കുന്നതെന്താവാം.? എങ്ങും നക്ഷത്രങ്ങള്‍ മിന്നുമ്പോള്‍ അവരുടെ ഭവനങ്ങളില്‍ കണ്ണീരാണ് തിളങ്ങുന്നത്. ആഘോഷകാലത്തിന്റെ വീഞ്ഞെന്നാല്‍ രക്തസ്മൃതിയാണവര്‍ക്ക്. എത്ര പുതുവര്‍ഷങ്ങളുടെ പുത്തന്‍ കുപ്പികളില്‍ പകര്‍ന്നാലും വീര്യമേറുന്ന വീഞ്ഞുപോലെ രക്തമൊഴുകുന്നു ഓര്‍മ്മകളില്‍...
ആഘോഷകാലങ്ങളില്‍ നമ്മുടെ നിരത്തുകളില്‍ ചോര ചാലിട്ടൊഴുകുകയാണ്. എത്ര യുവാക്കളാണ് ഓരോ പുതുവത്സരകാലത്തും ആഘോഷത്തിന്റെ അട്ടഹാസങ്ങളില്‍ നിന്ന് മരണപ്പിടച്ചിലിന്റെ ആര്‍ത്തനാദത്തിലേക്ക് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ചിതറിപ്പോയതെന്നറിയുമോ.?
കണ്ണടച്ചൊന്നോര്‍ത്തു നോക്കൂ. നമുക്കവരെ മറവിയുടെ കനത്ത തിരശ്ശീലയിട്ട് മറച്ചുകളയാനായേക്കും. എന്നാല്‍ ചിലര്‍ക്കങ്ങനെയല്ല. അവര്‍ക്ക് ഓരോ ഉത്സവനാളും അതിന്റെയവകാശിയില്ലാതെ ഊഷരമാകും. അയല്‍പക്കങ്ങളില്‍ ആഹ്ലാദാരവമുയരുമ്പോള്‍ കണ്ണീരടക്കി നിശ്ശബ്ദം അന്യോന്യം പുണര്‍ന്ന് വാതിലിനപ്പുറത്തെയിരുളില്‍ ഇനിയാരും വരാനില്ലാത്ത വഴിയിലേക്ക് അവര്‍ കണ്ണുകള്‍ നീട്ടിയിരിക്കുകയാവും.
ആഘോഷകാലങ്ങളിലെ അകാലമൃത്യുക്കള്‍ക്ക് പ്രധാന കാരണം ലഹരിയും വേഗതയുമാണ്. നൃത്തവും ഘോഷവും കാഴ്ചകളും ഉണര്‍ത്തുന്ന അഡ്രിനാലിന്റെ ഒരധിക തുള്ളി കൂടി ചേരുമ്പോള്‍ വാ പിളര്‍ന്ന് കാത്തിരിക്കുന്ന മരണത്തിലേക്ക് നമ്മുടെ ചെറുപ്പക്കാര്‍, പ്രത്യേകിച്ച് ഇരുചക്രക്കാര്‍ പാഞ്ഞുകയറുകയാണ്.
പള്ളുരുത്തിയില്‍ കഴിഞ്ഞ പുതുവത്സര കാലത്ത് രാത്രിയില്‍ ഒരപകടം നടന്നു. അതിവേഗത്തില്‍ പാഞ്ഞെത്തിയ ബൈക്ക് അവിടെ ഒരു മരത്തിലിടിച്ച് രണ്ട് ചെറുപ്പക്കാര്‍ ദാരുണമായി മരിച്ചു. നിത്യവും കാണുന്ന ആ ആല്‍മരം അവര്‍ക്കറിയാതെയല്ല. വേഗത്തിന്റെ ലഹരി അവരെ കണ്ണുകെട്ടിക്കളഞ്ഞു കാണണം. ആ മരണങ്ങള്‍ ആ കുടുംബങ്ങളുടെ ആഹ്ലാദകാലങ്ങളുടെ മേല്‍ കറുത്തൊരു ശവക്കച്ചയായി എന്നും മൂടിക്കിടക്കും.
സൗത്ത് പാലത്തില്‍ രണ്ടുമൂന്ന് വര്‍ഷം മുമ്പ് രാത്രിയില്‍ ഒരപകടം നടന്നതോര്‍ക്കുന്നു. ബൈക്കും മിനി ടിപ്പറും. കടവന്ത്ര ഭാഗത്ത് സിഗ്‌നല്‍ ലൈറ്റ് ക്രമീകരിക്കാന്‍ പോയതായിരുന്നു ഞങ്ങള്‍. വയര്‍ലെസില്‍ കിട്ടിയ വിവരമനുസരിച്ച് ഞങ്ങള്‍ സ്ഥലത്തെത്തി. റോഡില്‍ ഒരു കറുത്ത ബൈക്കിന്റെ ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. ആ കഷണങ്ങള്‍ പെറുക്കി ഫുട്പാത്തില്‍ കയറ്റിയിട്ടു. ടാര്‍ റോഡില്‍ ചോരയും ബൈക്കിന്റെ ഓയിലും ചേര്‍ന്ന മിശ്രിതം പരന്നൊഴുകി കിടക്കുന്നു.
ആശുപത്രിയില്‍ ഞങ്ങളെത്തുമ്പോള്‍ ഒരു ചെറുപ്പക്കാരനെ തല പൊതിഞ്ഞുകെട്ടി കാഷ്വാല്‍റ്റിയില്‍ നിന്ന് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോവുകയാണ്. വായിലൂടെ ഇട്ടിരിക്കുന്ന ട്യൂബിന്റെ അറ്റത്തെ ബലൂണില്‍ അമര്‍ത്തി ശ്വാസം കൊടുക്കുന്നുണ്ട്. അതിന്റെ മര്‍ദ്ദത്തിലാവണം ചെവിയില്‍ നിന്ന് ഒരു പൊട്ടിയ പൈപ്പിലൂടെയെന്ന വണ്ണം ചീറ്റുന്ന ചോര തറയിലെ ടൈലുകളില്‍ സ്‌ട്രെച്ചറിന്റെ പാച്ചിലിനൊപ്പം കളമെഴുതുന്നു.
ആ ടിപ്പര്‍ ആശുപത്രി വളപ്പില്‍ ഉണ്ടായിരുന്നു. അതിന്റെ ഡ്രൈവര്‍ തന്നെയാണ് ബൈക്കുകാരനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ സ്‌റ്റേഷനിലേക്ക് വണ്ടിയെടുക്കാന്‍ പറഞ്ഞിട്ട് നടുങ്ങി നില്‍ക്കുന്ന അവന് കഴിയുന്നില്ല. ഡോര്‍ തുറന്ന് നോക്കുമ്പോള്‍ സീറ്റുനിറയെ ചിതറിയ ചില്ലുകള്‍ ചോരയില്‍ കുഴഞ്ഞ് കിടക്കുന്നു.
വല്ലവിധേനയും ഡ്രൈവറുടെ സീറ്റ് തുടച്ചിട്ട് ഞാന്‍ കയറിയിരുന്നു. ക്ലച്ചില്‍ ചവിട്ടിയിട്ട് ഷൂ വഴുതിപ്പോകുന്നു. പ്ലാറ്റ്‌ഫോമില്‍ നിറയെ ചോരയാണ്. മനുഷ്യന്റെ ജീവനാണ് ഒഴുകിപ്പോയിരിക്കുന്നത്. പുലര്‍ച്ചെ ഒന്നരയോടെ ആശുപത്രിയില്‍ നിന്ന് ഇന്റിമേഷന്‍ വന്നു. ആ ചെറുപ്പക്കാരന്‍ മരിച്ചു.
അന്ത്യജലത്തിനായുള്ള പിടച്ചിലില്‍ അവസാനമായി അവന്‍ കുടിച്ചിട്ടുണ്ടാവുക സ്വന്തം ചോര തന്നെയാവും. പൊട്ടിച്ചിതറിപ്പോയ തന്റെ ജീവിതചഷകത്തിലെ അവസാന തുള്ളികള്‍...
