അപ്പോഴേക്കും കെട്ടിടത്തില്‍ എങ്ങും പുക വ്യാപിച്ചിരുന്നു. ഏണിയും മറ്റുമായി ആളുകള്‍ സഹായത്തിനെത്തിയിരുന്നു. കെട്ടിടത്തില്‍ കുടുങ്ങിയവരുടെ നിലവിളി കേള്‍ക്കാമായിരുന്നു. സിദ്ദു ഏണിയില്‍ കയറി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. 

മുംബൈ: മുംബൈയില്‍ സ്വിഗ്ഗിയുടെ ഡെലിവറി ബോയ് ആണ് സിദ്ദു. അപ്രതീക്ഷിതമായുണ്ടായ തീപ്പിടിത്തത്തില്‍ പെട്ട ആളുകളെ സ്വന്തം ജീവനെ കുറിച്ചുപോലും ഓര്‍ക്കാതെ രക്ഷിക്കാനിറങ്ങിയതിന്‍റെ പേരിലാണ് അവനിന്ന് അഭിനന്ദിക്കപ്പെടുന്നത്. 

പതിനേഴാം തീയതി, തിങ്കളാഴ്ചയും സിദ്ദുവിനെ സംബന്ധിച്ച് ഒരു സാധാരണ ദിവസമായിരുന്നു. പക്ഷെ, വഴിയിലെത്തിയപ്പോള്‍ പെട്ടെന്നാണ് ഒരു കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. അത് ഇ എസ് ഐ സി കംഗാര്‍ ഹോസ്പിറ്റലില്‍ നിന്നായിരുന്നു. അന്ധേരിയിലുള്ള ഒരു ആശുപത്രി ആയിരുന്നു അത്. കെട്ടിടത്തിനകത്തുനിന്നും മനുഷ്യരുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നു. അവരവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. സമയം കളയാനില്ലായിരുന്നു ഒട്ടും. ബൈക്ക് അവിടെയിട്ട് ഉടനെത്തന്നെ സിദ്ദു അപകടത്തില്‍ പെട്ടവരെ സഹായിക്കാനായി ഓടി. 

അപ്പോഴേക്കും കെട്ടിടത്തില്‍ എങ്ങും പുക വ്യാപിച്ചിരുന്നു. ഏണിയും മറ്റുമായി ആളുകള്‍ സഹായത്തിനെത്തിയിരുന്നു. കെട്ടിടത്തില്‍ കുടുങ്ങിയവരുടെ നിലവിളി കേള്‍ക്കാമായിരുന്നു. സിദ്ദു ഏണിയില്‍ കയറി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. അഞ്ച് നിലകളിലേക്കും അവന്‍ കയറിച്ചെന്നു. അപ്പോഴാണ് ഒരു ഗ്ലാസ് തടസമായി നിന്നത്. മുകളിലോട്ട് കയറാന്‍ വയ്യ. കല്ലുകളുപയോഗിച്ച് സിദ്ദു ആ ഗ്ലാസുകള്‍ തകര്‍ത്തു. പിന്നീട്, പല നിലകളില്‍ നിന്നായി രോഗികളെ രക്ഷിച്ചു. 

ഏണി വഴി രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ രണ്ടുപേര്‍ താഴേക്ക് വീണു. ഒരു ഏണിയെടുത്ത് മൂന്നാമത്തെ നിലയിലെ ജനലിനരികില്‍ വച്ചു. പ്രായമായ ഒരു സ്ത്രീയെ രക്ഷിക്കുന്നതിനായിരുന്നു അത്. പക്ഷെ, ഏണിയില്‍ സ്ത്രീ കയറുന്ന അതേ സമയം തന്നെ ജനാലയുടെ വക്ക് അടര്‍ന്നു വീണു. അങ്ങനെ നിരവധി അനുഭവങ്ങള്‍. പക്ഷെ, തന്‍റെ ജീവനെ കുറിച്ച് പോലും ഓര്‍ക്കാതെ ധീരനായ ആ ഇരുപതുകാരന്‍ അഗ്നിരക്ഷാസേനയക്കും മറ്റുമൊപ്പം പ്രവര്‍ത്തിച്ചു. പുക കാരണം ശരിക്ക് ശ്വാസം പോലും കഴിക്കാനാകാത്ത പത്തുപേരെ അവന്‍ തനിയെ രക്ഷിച്ചു. 

മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ സിദ്ദുവിനും വയ്യാതായിത്തുടങ്ങി. ശ്വാസമെടുക്കാനാകാത്തതിന്‍റെയും നെഞ്ചുവേദനയുടേയും ലക്ഷണങ്ങളും കാണിച്ചു തുടങ്ങി. ഉടനെതന്നെ അവനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയ തോതില്‍ പുക ശ്വസിച്ചിരുന്ന അവന് ആവശ്യമായ ചികിത്സ നല്‍കിത്തുടങ്ങി. പിന്നീട്, അവന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

'നമുക്ക് കഴിയും പോലെ അപകടത്തില്‍ പെടുന്നവരെ രക്ഷിക്കാനിറങ്ങണ'മെന്ന് സിദ്ദു പറയുന്നു.