
നാലു വയസ്സുകാരി ഈമാന്‍ മുഹമ്മദ് ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ ആശുപത്രിയില്‍ മരിച്ചു!
കഴിഞ്ഞ ഞായറാഴ്ച രാവിലെ ചേച്ചിമാര്‍ക്കൊപ്പം വീടിനു മുന്നിലെ കൊച്ചു പൂന്തോട്ടത്തില്‍ കളിക്കുകയായിരുന്നു അവള്‍.അപ്പോഴാണ് ഭംഗിയുള്ള ഒരു കളിപ്പാട്ടം ഈമാന്‍ കണ്ടത്. അവളത് ഓടിച്ചെന്നെടുത്തു കുഞ്ഞുദേഹത്തോട് ചേര്‍ത്തുപിടിച്ചു.
പിന്നെ വലിയൊരു പൊട്ടിത്തെറി! പിടഞ്ഞുപോയ ഒരു കരച്ചില്‍!
ഈമാന്റെ കുഞ്ഞുശരീരം ചോരയില്‍മുങ്ങി ഒരു പഴന്തുണിപോലെ വാടിവീണു. കളിപ്പാട്ടമെന്നു കരുതി ആ കുഞ്ഞ് ഓടിച്ചെന്നെടുത്തത് ഒരു ക്ലസ്റ്റര്‍ബോംബ് ആയിരുന്നു!
നാല് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ മരിച്ചുപോയ നൂറുനൂറു കുഞ്ഞുങ്ങളെയും മുതിര്‍ന്നവരെയും സംസ്‌കരിച്ചു വലിയൊരു ഖബറിടമായി മാറിയ ആലെപ്പോയില്‍ ഈമാന്റെ കുഞ്ഞുദേഹവും മറവുചെയ്തു, അവളുടെ വാപ്പ തന്നെ.
വര്‍ഷങ്ങളായി യുദ്ധം നടക്കുന്ന സിറിയയിലെ ആലെപ്പോ നഗരത്തിലാണ് ഈമാന്റെ വീട്. പിഞ്ചുശരീരത്തില്‍ ശേഷിച്ച ഇത്തിരി പ്രാണനുമായി ആശുപത്രിയില്‍ മൂന്നു രാവും പകലും അവള്‍ കിതച്ചു. ഒടുവില്‍ നേര്‍ത്തു നേര്‍ത്ത് ആ ശ്വാസം നിലച്ചുപോയി.
നേരത്തെതന്നെ ബോംബ് വീണു തകര്‍ന്ന ആശുപത്രിയില്‍ ഈമാനെ രക്ഷിക്കാന്‍ വേണ്ട മരുന്നുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അവളുടെ രണ്ടു ചേച്ചിമാരും ഇപ്പോഴും അതെ ആശുപത്രിയില്‍ ഉണ്ട്, ജീവനുവേണ്ടി പൊരുതികൊണ്ട്.
നാല് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ മരിച്ചുപോയ നൂറുനൂറു കുഞ്ഞുങ്ങളെയും മുതിര്‍ന്നവരെയും സംസ്‌കരിച്ചു വലിയൊരു ഖബറിടമായി മാറിയ ആലെപ്പോയില്‍ ഈമാന്റെ കുഞ്ഞുദേഹവും മറവുചെയ്തു, അവളുടെ വാപ്പ തന്നെ.

ഈമാന്റെ വയറും നെഞ്ചും ചിതറിച്ച ആ ക്ലസ്റ്റര്‍ബോംബിനു ഏതു കുട്ടിയേയും ആകര്‍ഷിക്കാന്‍ കഴിയുന്ന തിളങ്ങുന്ന വെള്ളിനിറമായിരുന്നു!
മരണം ഉള്ളില്‍ ഒളിപ്പിച്ചുവച്ച പൊട്ടാത്ത അത്തരം ബോംബുകള്‍ ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ മാടിവിളിക്കും, അവസാനത്തെ കളിക്കായി..! അന്താരാഷ്ട്രതലത്തില്‍ നിരോധിക്കപ്പെട്ട ആ ബോംബ് നൂറുകണക്കിന് എണ്ണമാണ് ദിവസവും ആലെപ്പോയില്‍ വീഴുന്നത്. ഓരോ ആഴ്ചയും അവിടെ കുറഞ്ഞത് നൂറു കുഞ്ഞുങ്ങള്‍ മരിക്കുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകരുടെ കണക്ക്.
ബോംബിനെ കളിപ്പാട്ടമെന്നു കരുതിയ ആ കുട്ടി മരിച്ചുപോയി. കളിപ്പാട്ടങ്ങള്‍പോലെ ബോംബുണ്ടാക്കി വിതറിയവര്‍ അവളെ കൊന്നു..!
ഇനി ബോംബുകള്‍ക്ക് ഇടയിലേക്ക് ശരിക്കുള്ള കളിപ്പാട്ടങ്ങളുമായി വരുന്ന ഒരാളെപറ്റി പറയാം.

റാമി ആദം ആലെപ്പോയിലെ കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ നല്‍കുന്നു,
പേര് റാമി ആദം. ജനിച്ചത് ആലെപ്പോയില്‍തന്നെ. ഇരുപതു വര്‍ഷം മുന്‍പ് തൊഴില്‍ തേടി ഫിന്‍ലന്റില്‍ എത്തി. 2012ല്‍ ആലെപ്പോയില്‍ യുദ്ധം രൂക്ഷം ആയതു മുതല്‍ റാമി ഇടയ്ക്കിടെ ഫിന്‍ലന്റില്‍നിന്ന് പിറന്ന നാട്ടിലേക്ക് ഓടിവരുന്നു. മരുന്നുകളും മിട്ടായികളും സഹായങ്ങളും ഒക്കെയായി.
ഒരിക്കല്‍ റാമിയുടെ യാത്രാബാഗില്‍ മൂന്നു വയസുകാരി മകള്‍ ഒരു പാവയെ എടുത്തുവച്ചു. അത് റാമി ആലെപ്പോയിലെ യുദ്ധഭൂമിയില്‍ കണ്ടുമുട്ടിയ ഒരു കുട്ടിക്ക് കൊടുത്തു. അപ്പോള്‍ ആ കുട്ടിയുടെ മുഖത്ത് വിരിഞ്ഞ ചിരി റാമിയുടെ ഉള്ളില്‍നിന്നു മാഞ്ഞില്ല.
അടുത്ത വരവില്‍ കൂടുതല്‍ കളിപ്പാട്ടങ്ങള്‍ അയാള്‍ ബാഗില്‍ കരുതി.
കഴിഞ്ഞ നാല് വര്‍ഷത്തില്‍ അങ്ങനെ 28 യാത്രകള്‍. ഇതുവരെ അയാള്‍ ആലെപ്പോയിലെ കുഞ്ഞുങ്ങള്‍ക്ക് കൊണ്ടുകൊടുത്തത് ഇരുപതിനായിരം കളിപ്പാട്ടങ്ങള്‍..!
ഇന്നിപ്പോള്‍ ഓരോ വരവിലും നൂറു കണക്കിന് പാവകളും കളിപ്പാട്ടങ്ങളുമായാണ് റാമി ആദം ആലെപ്പോയിലേക്ക് വരുന്നത്. യുദ്ധത്തില്‍ ഉറ്റവര്‍ മരിച്ചുപോയ, ഉണങ്ങാത്ത മുറിവുകളുമായി ജീവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അയാള്‍ പാവകളെ നല്‍കുന്നു. സിന്‍ട്രല്ലയുടെയും രാജകുമാരന്‍മാരുടെയും പാവകളാണ് കുട്ടികള്‍ക്ക് ഒത്തിരി ഇഷ്ടമെന്നു റാമി പറയുന്നു. മരണം മൂളിപ്പറക്കുന്ന മണ്ണിലും ഒന്നുമറിയാതെ രാജകുമാരിമാരും കുമാരന്മാരും ആകാന്‍ കൊതിക്കുന്ന കുഞ്ഞു നിഷ്‌കളങ്കതകള്‍..!
ഫിന്‍ലന്റില്‍നിന്ന് യുദ്ധ നാടായ ആലെപ്പോയിലേക്ക് റാമിയുടെ യാത്ര അത്ര എളുപ്പമല്ല. യാത്ര സ്വന്തം ഉത്തരവാദത്തിലെന്നു ഓരോ തവണയും എഴുതി നല്‍കി, തുര്‍ക്കി അതിര്‍ത്തിയില്‍ എത്തി അവിടെനിന്നു 80 കിലോമീറ്റര്‍ ദൂരം ബാഗുകളും ചുമന്നു നടന്നാണ് റാമി ആലെപ്പോയില്‍ എത്തുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തില്‍ അങ്ങനെ 28 യാത്രകള്‍. ഇതുവരെ അയാള്‍ ആലെപ്പോയിലെ കുഞ്ഞുങ്ങള്‍ക്ക് കൊണ്ടുകൊടുത്തത് ഇരുപതിനായിരം കളിപ്പാട്ടങ്ങള്‍..!

റാമി ആദം ആലെപ്പോയിലെ കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ നല്‍കുന്നു,
യുദ്ധഭൂമിയില്‍ എന്തിനാണ് കളിപ്പാട്ടങ്ങള്‍? ജീവന്‍ പണയംവച്ച് എന്തിനാണ് ഈ ഭ്രാന്ത്? സി ബി സി ചാനലിനോട് റാമി പറഞ്ഞ ഉത്തരം കേള്‍ക്കൂ:
'ശ്മശാനമായി മാറിയ എന്റെ ജന്മനാട്ടില്‍ ഞാന്‍ പുഞ്ചിരികള്‍ സൃഷ്ടിക്കുകയാണ്. ഈ നാടിന്റെ ഭാവിയിലേക്ക് പുഞ്ചിരികള്‍ തീര്‍ന്നുപോകാതെ സൂക്ഷിക്കുകയാണ് ഞാന്‍. ഞാന്‍ പാവക്കുട്ടികളെ നല്‍കിയ കുഞ്ഞുങ്ങളില്‍ത്തന്നെ എത്രയോ പേര്‍ പിന്നീട് ബോംബിങ്ങില്‍ മരിച്ചു പോയിരിക്കാം എന്ന് ചിലര്‍ ചോദിക്കുന്നു. ശരിയാണ്. മരിച്ചുപോയിരിക്കാം. പക്ഷെ, മരിക്കും മുന്‍പ് അവര്‍ അവസാനമായൊന്നു പുഞ്ചിരിച്ചിരുന്നു, അവര്‍ക്കു കിട്ടിയ പാവക്കുട്ടികള്‍ കാരണം'
ശരിയാണ്. മരിച്ചുപോയിരിക്കാം. പക്ഷെ, മരിക്കും മുന്‍പ് അവര്‍ അവസാനമായൊന്നു പുഞ്ചിരിച്ചിരുന്നു, അവര്‍ക്കു കിട്ടിയ പാവക്കുട്ടികള്‍ കാരണം'
'ദ ഇന്‍ഡിപെന്‍ഡന്റ്' പത്രത്തിന്റെ വെബ് എഡിഷനില്‍ ഈമാന്റെ മരണവും റാമിയുടെ ജീവിതവും വായിച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി:
ഈ ലോകത്തു രണ്ടു തരം മനുഷ്യരുണ്ട്.
രണ്ടു തരം മനുഷ്യരെ ഉള്ളൂ. കളിപ്പാട്ടങ്ങള്‍പോലിരിക്കുന്ന ബോംബുണ്ടാക്കി വിതറുന്നവര്‍. പിന്നെ, ബോംബുകള്‍ക്കു നടുവിലേക്ക് കളിപ്പാട്ടങ്ങളുമായി പോകാന്‍ മനസുള്ളവര്‍.
ആദ്യത്തെ കൂട്ടരെയാണ് പലപ്പോഴും നമ്മള്‍ 'ദേശസ്‌നേഹികള്‍' എന്ന് വാഴ്ത്തുക. പക്ഷെ കളിപ്പാട്ടവുമായി ബോംബുകള്‍ക്കു ഇടയിലേക്ക് നടന്നുപോകുന്ന 'അര വട്ടന്മാര്‍' ഉള്ളതുകൊണ്ടാണ് ഭൂമിയില്‍ എവിടെയൊക്കെയോ ഇനിയും പുഞ്ചിരികള്‍ ബാക്കിനില്‍ക്കുന്നത്!
