Asianet News MalayalamAsianet News Malayalam

ടി.എ റസാഖ് ഫേസ്ബുക്കില്‍ അവസാനമായി എഴുതി,  കണ്ണേ അകലുന്നുള്ളൂ, ഖല്‍ബ് അകലുന്നില്ല!

TA Rasaq a facebook life
Author
Thiruvananthapuram, First Published Aug 16, 2016, 7:40 AM IST

TA Rasaq a facebook life

ചിരിയായിരുന്നു, കൂട്ടുകാര്‍ക്ക് ടി.എ റസാഖ്. തമാശകളുടെ മഴക്കാലം. അടുത്തിരുന്നാല്‍, ആരും ചിരിച്ചുപോവുന്നത്ര രസികന്‍ കഥകളുടെ ഉസ്താദ്. ഗസല്‍ ഗായകനും ചലച്ചിത്ര സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍  റസാഖിനെയും സഹോദരന്‍ ഷാഹിദിനെയും കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ആ രസികന്‍ ചങ്ങാതികളുണ്ട്. 

അതിങ്ങനെ: 'ഒടുക്കത്തെ ഹ്യൂമര്‍ സെന്‍സായിരുന്നു രണ്ടിനും.മൂന്നു മണിക്കൂര്‍ അതില്‍ ആരെ കൂടെയിരുന്നാലും മലയാളത്തില്‍ അവര്‍ എഴുതിവെച്ചതിനേക്കാളൊക്കെ എത്രയോ മികച്ച സിനിമ നേരില്‍ കാണായിരുന്നു! രണ്ടിന്റിം ഡയലോഗ് കേട്ടാല്‍ ചിരിച്ച് ചിരിച്ച് ചാവും ചെയ്യും.കുഞ്ഞാപ്പൂന്റത് (റസാക്ക്) രഞ്‌ജ്യേട്ടന്‍ പറഞ്ഞാലേ ശരിയാവ്വള്ളൂ.ചെറിപ്പാന്റത് (ഷാഹിദ്) ഞങ്ങളിലാരെങ്കിലും.ഒരു കണക്കില്‍ രണ്ടാളും ജീവിതത്തെ മരിച്ച് സ്‌നേഹിച്ചു.ഒടുവില്‍ രണ്ടാളും സ്‌നേഹിച്ച് മരിക്കും ചെയ്തു. മടക്കം കൊറച്ച് നേരത്തെ ആയീന്നൊള്ളു. സാരല്ല്യ!ഇത്ര ആസ്വദിച്ചിട്ട് അത് ഇത്രിം നേരത്തെ ആക്കാന്‍ ഓലെക്കൊണ്ടേ കയ്യഓള്ളും!'

സിനിമയിലും, റസാഖ് നല്ല ചങ്ങാതിയായിരുന്നു. പ്രമുഖ സംവിധായകന്‍ കമല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചപ്പോള്‍, അക്കാര്യമാണ് മുന്നിട്ടുനിന്നത്. വെറുതെ കഥ എഴുതിപോവുന്ന ഒരാളായിരുന്നില്ല റസാഖെന്ന് കമല്‍ പറയുന്നു. സിനിമ കഴിയുംവരെ സ്വന്തമെന്ന പോലെ കൂടെ നില്‍ക്കുന്ന ചങ്ങാതി. എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്ന ടീം അംഗം. തിരക്കഥ എന്നത് സിനിമയുടെ ആത്മാവാണെന്ന് വിശ്വസിക്കുന്ന ഒരാള്‍. 

എന്നാല്‍, ഫേസ്ബുക്കില്‍, മറ്റൊരാളായിരുന്നു റസാഖ്. ആരെയും പൊങ്കാലയിടാന്‍ മടിയില്ലാത്ത സോഷ്യല്‍ മീഡിയയെ ഭയത്തോടെ നോക്കിക്കാണുന്ന സെലിബ്രിറ്റി നാട്ടുനടപ്പുകള്‍ക്കപ്പുറം, അപ്പപ്പോഴുള്ള പ്രതികരണങ്ങള്‍ രേഖപ്പെടുത്താനും ആളുകളോട് സംവദിക്കാനും സ്വന്തം അഭിപ്രായങ്ങളോടുള്ള വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണാനും കഴിയുന്ന ഒരാള്‍. സ്വന്തം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനും അവയ്ക്ക് കിട്ടുന്ന ലൈക്കുകള്‍ ആനന്ദത്തോടെ കാണാനും കഴിയുന്ന സോഷ്യല്‍ മീഡിയാ മാനസികാവസ്ഥയ്ക്കപ്പുറം ഫേസ്ബുക്കിനെ ഗൗരവമായ അഭിപ്രായ പ്രകടന ഇടമായാണ് റസാഖ് കണ്ടിരുന്നതെന്ന് ആ ടൈം ലൈന്‍ സാക്ഷ്യം വഹിക്കുന്നു. 

TA Rasaq a facebook life

'രോഗം അതിന്റെ വഴിക്കും ഞാന്‍ എന്റെ വഴിക്കും സഞ്ചരിക്കുന്നു'

രോഗം തന്റെ ആയുസ്സിലേക്ക് കടന്നുകയറുന്നത് അറിഞ്ഞ്, അമ്പരക്കുമ്പോഴും, അന്ത്യം അടുത്തെത്തിയെന്ന് മനസ്സിലാക്കുമ്പോഴും നിര്‍മമതയോടെ ഫേസ്ബുക്ക് ചങ്ങാതികളോട് സംവദിച്ചു, റസാഖ്. എന്നാല്‍, ചില സമയങ്ങളില്‍, രോഗിയാവുമ്പോള്‍ മാത്രം മനുഷ്യര്‍ എത്തിപ്പെടുന്ന ദാര്‍ശനികതയുടെ ഔന്നത്യവും വൈകാരികക്ഷമതയും പ്രകടിപ്പിച്ചു, ആ എഴുത്തുകാരന്‍. കരള്‍രോഗത്തിന്റെ ചികില്‍സയ്ക്കായി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് അദ്ദേഹം എഴുതിയ കുഞ്ഞു കുറിപ്പില്‍, പ്രതീക്ഷയും നിസ്സഹായതയും ഒരുപോലെ ഇഴയിടുന്നത് കാണാം. 

'ഒരു ഇടവേളയിലാണ്. ഇടയ്ക്ക് കുറച്ചുനാള്‍ നമുക്കിടയില്‍ മൗനത്തിന്റെ ഒരു പുഴ വളര്‍ന്നേക്കാം... പക്ഷേ, കണ്ണേ അകലുന്നുള്ളൂ, ഖല്‍ബ് അകലുന്നില്ല'

മരണം, റസാഖിനെ തൊട്ടുവെന്നറിഞ്ഞ നിമിഷം, മുഖപുസ്തകത്തിലെ സുഹൃത്തുക്കളില്‍ പലരും വിങ്ങലോടെ, ആ വാക്കുകള്‍ റസാഖിന്റെ ടൈംലൈനില്‍ പോസ്റ്റ് ചെയ്തു.  റസാഖ് അവസാനമായി എഴുതിയ വരികള്‍ എന്ന നിലയില്‍. 

രോഗം എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ട ഒരു മാനസികാവസ്ഥയില്‍, അദ്ദേഹം എഴുതിയ ഈ വരികളില്‍, നിശ്ചയദാര്‍ഢ്യവും, അസുഖത്തെ മറികടക്കാനുള്ള ആസക്തിയുമുണ്ട്. 'രോഗം അതിന്റെ വഴിക്കും ഞാന്‍ എന്റെ വഴിക്കും സഞ്ചരിക്കുന്നു.അസുഖങ്ങളെ കീഴടക്കുക . അസുഖങ്ങള്‍ക്ക് കീഴടങ്ങാതിരിക്കുക. അസുഖങ്ങള്‍ അറിവാണ് '

എന്നാല്‍, പിന്നീട്, ഈ മാനസികാവസ്ഥ മാറുന്നു. മരണമെന്ന പ്രപഞ്ച സത്യത്തിനരികെ, ഏകനായി, നിസ്സഹായനായി ജീവിതത്തെ അഭിമുഖീകരിക്കുന്ന ഒരാള്‍ നിസ്സംശയം എത്തിപ്പെടാവുന്ന ദാര്‍ശനികവ്യഥകളും ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യത്തെക്കുറിച്ചുള്ള ചിന്തകളും ആ സമയത്ത് അദ്ദേഹത്തില്‍ പൊള്ളിപ്പിടയുന്നു. അതാണ് ഈ വരികള്‍: 

വേദ ഗ്രന്ഥങ്ങളില്‍ ഉള്ളതിനേക്കാള്‍ അറിവ്
ദീന കിടക്കയിലുണ്ട് ....
നമുക്ക് ആരുണ്ട് ,
നമുക്ക് ആരില്ല...
നമ്മളില്‍ എന്തുണ്ടായിരുന്നെന്ന്
നമ്മളില്‍ എന്തില്ലായിരുന്നെന്ന്.
രോഗാതുരം ലോക നീതികള്‍
രോഗാതുരം ദൈവ ചിന്തകള്‍
രോഗാതുരം സുഖചിന്തകള്‍
സനാതനം സ്‌നേഹം
സ്‌നേഹിക്ക കെട്ടവനെ,കട്ടവനെ
സ്‌നേഹിക്ക ഗതി കെട്ടവനെ
സ്‌നേഹിക്ക മനുഷ്യനെ ,മഹാ പ്രപഞ്ചത്തെ
സ്‌നേഹിക്ക ജീവിതത്തിന്‍ മറു നാമമാം
മരണത്തെ ....

ആ ആലോചനകളുടെ മറ്റൊരു വഴിക്കാണ് ഈ കുറിപ്പ് പിറന്നത്. ആശുപത്രിക്കിടക്ക നല്‍കിയ ചിന്തകള്‍. മനോഹരമായ ആ കൈയക്ഷരം, രോഗസ്പര്‍ശമേറ്റ് വാടിത്തളര്‍ന്നത്, ഇവിടെ കാണാം:

 

അവസാന കാലത്ത് പോസ്റ്റ് ചെയ്ത ഈ കവിതയും ആ മാനസികാവസ്ഥയുടെ സൃഷ്ടിയാവണം. 

യാത്രയാവുന്നു രാപ്പക്ഷി
രാവിന്‍ ഇരുള്‍ കയത്തിലേക്ക്
ഇണയില്ല, ഇരിക്കാന്‍ ചില്ലയില്ല ,
ഇനിയെന്ന് തിരികെ എത്തുമെന്നറിയില്ല ,
യാത്രയാവുന്നു രാപ്പക്ഷി
യാത്രയാവുന്നു മിഴിനീര്‍ കനലുമായ്....

TA Rasaq a facebook life

'മതത്തെയും ദൈവത്തെയും കുറിച്ചുള്ള 
എന്റെ പേക്കിനാവാണിത്. '

ഇത് രോഗകാണ്ഡം. ഇതു മാത്രമായിരുന്നില്ല ഫേസ്ബുക്കിലെ റസാഖ്. ജീവിതത്തിന്റെ വ്യത്യസ്ത നേരങ്ങളെ സക്രിയമായി സമീപിച്ച ഒരാളെ മറ്റു പല പോസ്റ്റുകളിലും കാണാം. ജീവിതത്തോടുള്ള സ്‌നേഹവും ആസക്തിയും നിറയുന്ന വരികള്‍ മുമ്പൊക്കെ എഴുതിയിട്ടുണ്ട്. അതോടൊപ്പം, കലാകാരന്‍ അടിസ്ഥാനപരമായി ഒരു സാമൂഹ്യ ജീവിയാണെന്ന വിശ്വാസം സ്ഫുരിക്കുന്ന എഴുത്തടയാളങ്ങളും പോസ്റ്റുകളായി പിറന്നു.  സാമൂഹ്യ, രാഷ്ട്രീയ അവസ്ഥകളോടുള്ള തന്റെ പ്രതികരണങ്ങള്‍ സത്യസന്ധമായി പകര്‍ത്തിയ റസാഖിനെയും നമുക്കിവിടെ കാണാം. 

മതം മനുഷ്യര്‍ക്കിടയില്‍ തീര്‍ക്കുന്ന മതിലുകളെക്കുറിച്ച് അങ്ങേയറ്റം ഉല്‍ക്കണ്ഠാകുലനായിരുന്നു ഈ മനുഷ്യന്‍. റസാഖ് എഴുതിയ തിരക്കഥകളിലും സിനിമാ ഇടപെടലുകളിലുമെല്ലാം അതുണ്ട്. ആദ്യമായി, സംവിധാനം ചെയ്ത 'മൂന്നാം നാള്‍ ഞായറാഴ്ച' എന്ന സിനിമ മതം മറ്റൊന്നായി മാറുന്ന സമകാലിക അവസ്ഥകളോടുള്ള പച്ചയായ പ്രതികരണം തന്നെയായിരുന്നു. മതത്തിനും മതപരിവര്‍ത്തനത്തിനും ഇടയില്‍ ഊയലാടുന്ന ദലിത് ജീവിതമായിരുന്നു സിനിമയുടെ പ്രമേയം. 

എന്തു കൊണ്ട് അത്തരമൊരു സിനിമ എന്ന ചോദ്യത്തിന് റസാഖ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ കുറിപ്പില്‍, ഇക്കാര്യം സുവ്യക്തം. 

'ഇതെന്റെ സ്വപ്‌ന സിനിമയല്ല. മതത്തെയും ദൈവത്തെയും കുറിച്ചുള്ള എന്റെ പേക്കിനാവാണിത്. '

മതപരമായ അനുഷ്ഠാനങ്ങളെ അംഗീകരിക്കുമ്പോഴും, വെറുപ്പിന്റെ ദര്‍ശനങ്ങള്‍ക്ക് തല വെച്ചു കൊടുക്കാന്‍ റസാഖ് തയ്യാറായിരുന്നില്ല. മനുഷ്യരെക്കുറിച്ചും മാനവികതയെക്കുറിച്ചും ഉദാത്തമായ സങ്കല്‍പ്പങ്ങളായിരുന്നു റസാഖിന്റെ മതപരമായ പ്രതികരണങ്ങളുടെയെല്ലാം കാതല്‍. 

'ഇവിടെ മനുഷ്യന്‍ ജീവിച്ചിരുന്നതായി ഇതിഹാസങ്ങള്‍ നുണ പറഞ്ഞു. ഹിന്ദുവിനെ കണ്ടു ,ഇസ്ലാമിനെ കണ്ടു, ഇതുവരെ മനുഷ്യനെ കണ്ടില്ല ....'

മറ്റൊരിടത്ത്, ഇസ്‌ലാം മതത്തിനെ ചോരയിലും ആയുധങ്ങളിലും വെറുപ്പിലും മുക്കി അടയാളപ്പെടുത്താന്‍ ശ്രമിക്കുന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) എന്ന മഹാവിഷത്തിന് എതിരെ റസാഖ് തീക്ഷ്ണമായി പ്രതികരിക്കുന്നു.

'മുന്‍പൊക്കെ ചെറുപ്പക്കാര്‍ക്ക് ഐ എ എസ്. ഇപ്പോള്‍ ഐ എസ് .ഒരക്ഷരം കുറവ് ..(എ). അമ്മ ,അറിവ് ,അച്ഛന്‍ ,അലിവ് ....എല്ലാം ആ 'എ' യില്‍ ഒലിച്ചു പോയി ...ഇനി നമ്മുടെ ഒക്കെ രക്തവും ആ 'എ'യില്‍ ഒലിച്ചുപോകില്ലെന്ന് എന്തുറപ്പ് ???.

പിഞ്ചു കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാര്‍ത്തയെ റസാഖ് ഫേസ്ബുക്കില്‍ സമീപിക്കുന്നതും അങ്ങേയറ്റം ഉല്‍ക്കണ്ഠകളോടെയാണ്. മൂന്ന് പോസ്റ്റുകളാണ് ഈ വിഷയത്തിലുള്ളത്. അതിലൊന്നില്‍ ഇങ്ങനെ പറയുന്നു: 

'ഇസ്ലാം അറിയാം നരകം അറിയാം. എന്നിട്ടും മുസ്ലിയാര്‍ പിഞ്ചു മക്കളെ അപമാനിച്ചു.ദൈവവും നരകവും ഒന്നും ഇല്ലെന്നാണോ മുസ്‌ലിയാര്‍ പഠി
പ്പിക്കുന്നത് ?'

പെരുന്നാള്‍ ദിവസവും റംസാന്‍ വ്രതാരംഭ ദിവസവുമെല്ലാം റസാഖ് ഓര്‍ക്കുന്നതും സഹജീവികളുമായി പങ്കുവെയ്ക്കുന്നതും ഇതേ നിലപാടുകള്‍ തന്നെയാണ്. മനുഷ്യ നന്‍മയെയും മാനവികതയെയും കുറിച്ചുള്ള ചിന്തകള്‍. ഈ മഹാ പ്രപഞ്ചത്തിലെ മഹാവേദന വിശപ്പാണെന്ന് ഒരു ഈദ് ദിനത്തില്‍ റസാഖ് എഴുതിയ ഈ കുറിപ്പ് ഓര്‍മ്മിപ്പിക്കുന്നു: 

'ദരിദ്ര മാതാപിതാക്കള്‍ പാവം മനുഷ്യര്‍; തങ്ങള്‍ ദരിദ്രരാണല്ലോ എന്ന് ഒരിക്കല്‍ക്കൂടി തിരിച്ചറിയുന്ന വേദനയുടെ ദിനം കൂടിയാണ് എല്ലാ ആഘോഷ നാളുകളും . ദാരിദ്ര്യ നിര്‍മാര്‍ജനം. അതിനായി സംഘം ചേരുക...ആരാധനആലയങ്ങള്‍ , അതിന്റെ പേരിലുള്ള കലഹങ്ങള്‍ മതം, ദൈവം അപ്പേരിലുള്ള കഴുത്തറുക്കലുകള്‍ .ആധുനികന്‍ എന്നവകാശപ്പെടുന്ന മനുഷ്യ രൂപത്തിലുള്ള ചെകുത്താന്‍മാര്‍ ഒന്നു ഓര്‍ത്താല്‍ കൊള്ളാം ഈ മഹാ പ്രപഞ്ചത്തിലെ മഹാവേദന വിശപ്പാണ് ...മനുഷ്യ മഹത്വം സ്‌നേഹിക്കാനുള്ള മനസ്സും. നാളെ ഈദുല്‍ഫിത്തര്‍... നിങ്ങള്‍ക്കിടയില്‍ ഒരു കുപ്പായമില്ലാത്ത,നല്ല ആഹാരമില്ലാത്ത മനുഷ്യന്‍, ഹിന്ദുവോ മുസല്‍മാനോ ജൂതനോ ക്രിസ്ത്യനോ ആരോ, ഉണ്ടാവാതെ ഇരിക്കുമ്പോള്‍ നമ്മള്‍ മനുഷ്യരാവും. വിശുദ്ധം എന്ന് അവകാശപ്പെട്ടവര്‍ തന്നെ ഇന്നലെയും മിനിയാന്നും ഒക്കെ മനുഷ്യരെ, മനുഷ്യത്വത്തെ, ദൈവത്തെ വെടിവെച്ചും കഴുത്തറുത്തും കൊന്നു. അവര്‍ നമ്മെളെയൊക്കെ കൊല്ലും ലോകം നശിപ്പിക്കും. അതിനു മുന്‍പ് അവരും അവരുടെ പരമ്പരയും നശിപ്പിക്കപ്പെടണം . സംഘം ചേരുക ശക്തരാവുക. എല്ലാവര്‍ക്കും ഈദ് ആശംസകള്‍'

തീവ്രവാദത്തിലേക്കും ഐസിസ് പോലുള്ള സംഘടനകളിലേക്കും ആകര്‍ഷിക്കപ്പെടുന്ന പുതുതലമുറയെ കുറിച്ച് ആകുലതകള്‍ ഏറെയുണ്ടായിരുന്നു റസാഖിന്.  കലയിലൂടെ, ഈ അവസ്ഥയെ മറികടക്കാമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ടായിരുന്നു. ഈ പോസ്റ്റ് കാണുക:
'നിങ്ങളുടെ കുട്ടികളിലെ കലയെ വളര്‍ത്തുക. അവര്‍ ഭീകരന്മാരാകില്ല'

കലാകാരന്‍മാരുടെ രാഷ്ട്രീയം വ്യക്തമായി തിരിച്ചറിയാത്ത നടപ്പുരാഷ്ട്രീയ ദീനത്തെക്കുറിച്ചും അദ്ദേഹം എഴുതി. കെ പി എ സി ലളിതയ്ക്ക് തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കുന്നതിന് എതിരെ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ കുറിപ്പ്.: 

'കെ പി എ സി ലളിതയെ വേണ്ടെന്നു പറയുന്ന കമ്യൂണിസ്റ്റുകള്‍ പുതുമയല്ല. അവര്‍ ചരിത്രം മറന്ന രാഷ്ട്രീയക്കാരാണ്. പുരോഗമന പ്രസ്ഥാനം വളര്‍ത്താന്‍ കലാകാരന്‍മാര്‍ ജീവന്‍ സമര്‍പ്പിച്ചതിന്റെ കണ്ണീര്‍ കഥകള്‍ അവര്‍ക്കറിയില്ല. അവര്‍ കച്ചവടക്കാര്‍'

'മുന്‍പൊക്കെ ചെറുപ്പക്കാര്‍ക്ക് ഐ എ എസ്. ഇപ്പോള്‍ ഐ എസ് .ഒരക്ഷരം കുറവ് ..(എ). അമ്മ ,അറിവ് ,അച്ഛന്‍ ,അലിവ് ....എല്ലാം ആ 'എ' യില്‍ ഒലിച്ചു പോയി ...ഇനി നമ്മുടെ ഒക്കെ രക്തവും ആ 'എ'യില്‍ ഒലിച്ചുപോകില്ലെന്ന് എന്തുറപ്പ് ???.

ഹേ പ്രാകൃതനായ ജന്മമേ നിന്റെ പേരോ മനുഷ്യന്‍ ...?
സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ക്കെതിരെയും റസാഖ് തീവ്രമായി പ്രതികരിക്കുന്നുണ്ട് ഫേസ്ബുക്കില്‍. ജിഷയുടെ അരുംകൊലയെക്കുറിച്ചുള്ള പോസ്റ്റും ബലാല്‍സംഗത്താല്‍ ഇല്ലാതാക്കപ്പെടുന്ന പെണ്‍കുട്ടികളുടെ ജീവിതത്തെക്കുറിച്ചുള്ള കുറിപ്പുമെല്ലാം അതിനു സാക്ഷികള്‍. 

മങ്കടയിലെ സദാചാര കൊലയുടെ വേളയില്‍, സദാചാരത്തിന്റെ പേരിലുള്ള അരുംകൊലകളെയും അതിക്രമങ്ങളെയും കുറിച്ച് റസാഖ് ഇങ്ങനെ എഴുതി: 

"സദാചാരം. സ്ത്രീ പുരുഷ ബന്ധങ്ങള്‍ എല്ലാം ലൈംഗികതയുടെ കണ്ണിലൂടെ കാണുന്നത് മനോ വൈകൃതമാണ്. അതിനും മറയാവുന്നത് മതങ്ങളും. ഇന്നലെ സദാചാര ഗുണ്ടകള്‍ ഒരു മനുഷ്യനെ കൊന്നു. കൊലയാളികള്‍ ജീവിതത്തില്‍ ഒരിക്കലും ഒരു തെറ്റും ചെയ്യാത്തവരായിരിക്കും. അതിനാല്‍ സദാചാരം  പഠിക്കാന്‍ മങ്കടക്ക് പോവുക . ഹേ പ്രാകൃതനായ ജന്മമേ നിന്റെ പേരോ മനുഷ്യന്‍ ...?'

സോഷ്യല്‍ മീഡിയയെ അഭിപ്രായപ്രകടന ഇടമായി തിരിച്ചറിയുമ്പോഴും അതിലെ പുഴുക്കുത്തുകളെ രൂക്ഷമായി സമീപിച്ചിരുന്നു റസാഖ്. വാട്സ് ആപ്പിലൂടെയുള്ള നുണപ്രചാരണങ്ങളെ കുറിച്ചുള്ള ഈ കുറിപ്പ് കാണുക: 

"സഹോദരങ്ങളെ , ഇരുമ്പ് കണ്ടുപിടിച്ചത് കത്തി ഉണ്ടാക്കാനല്ല. അഥവാ കത്തിയുണ്ടാക്കിയത് സഹോദരങ്ങളെ കുത്തിക്കൊല്ലാനുമല്ല. ആറ്റത്തെ വിഘടിച്ചതു ബോംബുണ്ടാക്കാനായിരുന്നില്ല. ഇതുപോലെ വാട്‌സ് ആപ് കണ്ടുപിടിച്ചത് ഇടക്കിടെ ഇന്നസെന്റിനെ, സലിംകുമാറിനെ,മാമുക്കോയയെ കൊല്ലാനല്ല. കൊടിയ പാതകമാണ് ആ ചെയ്യുന്നതെന്ന് മനസിലാക്കാനുള്ള സാമാന്യബുദ്ധി ഇല്ലാഞ്ഞിട്ടോ അതോ അതിക്രൂരമായ നീചമായ മാനോവൈകൃതമോ എന്തായാലും ഈ നീചന്മാര്‍ മനസിലാക്കുക, നിങ്ങള്‍ ഈ കൊല്ലാതെ കൊല്ലുന്നവര്‍ക്കൊക്കെ കുടുംബം, സ്‌നേഹിക്കുന്നവര്‍ ഒക്കെയുണ്ട്. അവരുടെയൊക്കെ ഭാര്യ, മക്കള്‍, അച്ഛനമ്മമാര്‍ എല്ലാം തകര്‍ന്നു കരയുന്നതു ചിന്തിച്ചു നോക്കുക. ഇനി ഇത്തരം വ്യാജ വാര്‍ത്തയുണ്ടാക്കുന്നവരുടെ മരണ വാര്‍ത്തയാണ് അവരുടെ വീട്ടിലറിയുന്നതെങ്കില്‍ അവിടെയുണ്ടാകുന്ന വേദന ഒന്നോര്‍ക്കുന്നതു നല്ലതാണ്. തന്നെയുമല്ല ഇന്നത്തെ കാലത്തു വേണമെന്ന് വെച്ചാല്‍ ഇതിന്റെ ഒക്കെ ഉത്ഭവകേന്ദ്രം കണ്ടുപിടിക്കുകയും ചെയ്യാം. ദയവുണ്ടായിട്ടു ഈ നീച പ്രവൃത്തി അവസാനിപ്പിക്കുക. കൊല്ലാന്‍ നടക്കുന്നവന് മരിക്കാന്‍ എളുപ്പമുണ്ട്. "

Follow Us:
Download App:
  • android
  • ios