1958ല്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തുറക്കലില്‍ ജനിച്ച റസാഖ് ചെറുപ്പം മുതലേ നാടകത്തിന്റെ ലോകത്തായിരുന്നു. കൊണ്ടോട്ടി ഗവ ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ നാടകങ്ങളെഴുതി സംവിധാനം ചെയ്തു. കെ.എസ്.ആര്‍.ടി.സിയില്‍ ഉദ്യോഗസ്ഥനായപ്പോഴും സമാന്തര സാഹിത്യ മാസികളിലൂടെ സര്‍ഗപ്രവൃത്തിയില്‍ സജീവമായി. ധ്വനി എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് സിനിമയിലേക്കുള്ള റസാഖിന്റെ രംഗപ്രവേശനം. ഘോഷയാത്ര എന്ന ചിത്രത്തിനാണ് ആദ്യമായി തിരക്കഥ എഴുതിയത്. 1991ല്‍ വിഷ്ണുലോകമാണ് റസാഖിന്റെ തിരക്കഥയില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം. അനശ്വരം നാടോടി, ഗസല്‍, എന്നിങ്ങനെയുള്ള ഒരുപിടി ചിത്രങ്ങളിലൂടെ റസാഖിന്റെ തൂലിക ശ്രദ്ധിക്കപ്പെടുകയായിരുന്നു.
1996ലെ കാണാക്കിനാവിലൂടെ മികച്ച കഥയ്‌ക്കും തിരക്കഥയ്‌ക്കുമുള്ള സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. ഭൂമി ഗീതം, സ്നേഹം, താലോലം, സാഫല്യം തുടങ്ങി മുപ്പതോളം സിനിമകള്‍ക്കായി റസാഖ് പേന ചലിപ്പിച്ചു. നിളയുടെ വള്ളുവനാടന്‍ തീരത്ത് മാത്രമല്ല അങ്ങ് വടക്ക് മലബാറില്‍ മനുഷ്യ ജീവിതങ്ങള്‍ തളിര്‍ക്കുന്നുണ്ടെന്നും അതില്‍ മതത്തിനും ജാതിക്കും അപ്പുറമുള്ള സ്നേഹബന്ധങ്ങള്‍ ഇഴ ചേരുന്നുണ്ടെന്നും സ്വന്തം കഥകളിലൂടെ എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. 2016ല്‍ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനാണ് അവസാനമായി തിരക്കഥ എഴുതിയത്. 2012ല്‍ അന്തരിച്ച തിരക്കഥാകൃത്ത് ടി.എ ഷാഹിദ് സഹോദരനാണ്. സിനമയില്‍ ഒരുപാട് മോഹങ്ങള്‍ ബാക്കിയാക്കിയാണ് റസാഖ് വിടപറഞ്ഞ് പോയത്.
