പത്തനംതിട്ട: പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ശബരിമല വനത്തില്‍നിന്നും ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്ന ഒരു റിപ്പോര്‍ട്ട് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്തു. കാട്ടില്‍ ഒറ്റപ്പെട്ട മൂന്ന് ആദിവാസിക്കുട്ടികളുടെ റിപ്പോര്‍ട്ടായിരുന്നു അത്. ആരുമില്ലാതെ, കൊടും വനത്തില്‍ ഒറ്റയ്ക്കായിപ്പോയ രണ്ട് കുഞ്ഞനിയന്‍മാരെയും ചേര്‍ത്തു പിടിച്ച് കാക്കുന്ന രാജു എന്ന ബാലന്റെ ദൃശ്യങ്ങള്‍ കണ്ടവരുടെയെല്ലാം മനസ്സലിയിച്ചു. വസ്ത്രങ്ങള്‍ പോലുമില്ലാതെ, ഭക്ഷണമില്ലാതെ, കൊടും കാട്ടില്‍ ഒറ്റയ്ക്കായിപ്പോയ കുട്ടികള്‍ക്ക് സഹായങ്ങള്‍ കിട്ടി. അനിയന്‍മാരെ ചേര്‍ത്ത് പിടിച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന രാജുവെന്ന ഏഴ് വയസ്സുകാരന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് അറിയണോ?
2006 ല്‍ ഈ വിവരം ഏഷ്യാനെറ്റ് ന്യൂസ് പുറം ലോകത്തെ അറിയിച്ചതോടെ കോട്ടയം കലക്ടര്‍ മുന്‍കൈയ്യെടുത്ത് കുട്ടികളെ നാട്ടില്‍ എത്തിച്ചു. പിന്നിട് ആറന്മുള ശബരി ബാലാശ്രമത്തിലെ അന്തേവാസികളായി ഇവര്‍. ഇപ്പോഴും ഇവര്‍ ഇവിടെയാണ്.
രാജു ഇത്തവണ എസഎസ് എല്‍ സി പരിക്ഷ എഴുതി. മികച്ച വിജയം അവനെ തേടിയെത്തി. അനിയന്മാരായ രാജേഷ് മനോജും ഒപ്പമുണ്ട്. രാജേഷ് ഒന്‍പതാം ക്ലാസ്സിലും മനോജ് ഏഴാം ക്ലാസ്സിലുമാണ്. അവരും പഠിക്കാന്‍ മിടുക്കന്മാര്‍. വനത്തില്‍ നിന്നും നാട്ടിലെത്തിയിട്ടും വനത്തിലെ ഒറ്റപെടലിന്റെ നാളുകള്‍ ഇവര്‍ മറന്നിട്ടില്ല വനംവകുപ്പില്‍ ഉദ്യോഗസ്ഥനായി അനുജന്മാരെ നല്ലനിലയിലെത്തിക്കണമെന്നാണ് രാജുവിന്റെ ആഗ്രഹം.
വല്ലപ്പോഴും ഇവരെ അന്വേഷിച്ച് അച്ഛന്‍ എത്തും. അമ്മയെ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട ഒരു ഓര്‍മ്മമാത്രം. പഠിച്ച് നല്ല മിടുക്കരായി ജോലിനേടണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. കായികരംഗത്തും മിടക്കേരാണ് ഇവര്‍. എല്ലാവരും നന്നായി ഫുട്ബാള്‍ കളിക്കും. ഒഴിവ് കാലം ആരംഭിച്ചതോടെ പത്തനംതിട്ട സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കായിക പരിശിലനത്തിലാണ് ഇവര്‍. കഴിഞ്ഞ പത്ത് വര്‍ഷമായി ആറന്മുള ശബരി ബാലാശ്രമത്തിലെ അന്തേവാസികളാണ് മൂന്ന്‌പേരും.

