എന്താണ് പ്രചരിച്ച കഥ
രജനീകാന്തിന്‍റെ കബാലി ഇറങ്ങിയ ദിവസമാണ് സംഭവത്തിന്‍റെ ആദ്യ എപ്പിസോഡ്. ജൂലൈ 22ന് വസന്ത് പോള്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു, പോസ്റ്റില്‍ പറയുന്ന സംഭവം ഇങ്ങനെ,
സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു വസന്ത് കബാലിക്ക് പോയത്. സുഹൃത്തുക്കളുമൊത്ത് ആഘോഷിച്ച് സിനിമ കണ്ടു. സുഹൃത്തുക്കളെ പറഞ്ഞു വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ അലന്തൂര്‍ ഭാഗത്ത് നിര്‍ത്തി ഒരു സിഗരറ്റിന് തീ കൊളുത്തിയതായിരുന്നു വസന്ത്. അപ്പോള്‍ പ്രദേശത്തു നിന്നും ഒരു അപരിചിതമായ ശബ്ദം കേട്ടു. ആദ്യം ഏതെങ്കിലും മൃഗത്തിന്റെ കരച്ചിലാണെന്നു കരുതി. സൂക്ഷിച്ചു നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്.
ഒരു പെണ്‍കുട്ടിയെ മൂന്നു പേര്‍ ചേര്‍ന്ന് വലിച്ചിഴയ്ക്കുന്ന ദൃശ്യമായിരുന്നു അത്. ആലോചിച്ച് നില്‍ക്കാതെ വസന്ത് അവിടേയ്ക്ക് ഓടിയെത്തി. യുവാക്കളെ നേരിടാന്‍ തന്നെ തീരുമാനിച്ചു. മൂന്നു പേരും നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് അവരുടെ സംഭാഷണങ്ങളില്‍ നിന്നും വസന്തിന് മനസിലായി.
തന്‍റെ ശക്തി മുഴുവനെടുത്ത് വസന്ത് യുവാക്കളെ നേരിട്ടു മൂന്ന് യുവാക്കളെ ഒരുമിച്ച് നേരിടുന്നതിനിടെ വസന്ത് ചെറിയ രീതിയില്‍ തളര്‍ന്നിരുന്നു. ഈ സമയത്ത് പ്രദേശത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല. അടിപിടി മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും അവിടേക്ക് ഒരു ഓട്ടോറിക്ഷ എത്തി. ഇത് കണ്ടതോടെ നോര്‍ത്ത് ഇന്ത്യന്‍സ് ഓടി രക്ഷപ്പെട്ടു. വസന്തിന്‍റെ കഴുത്തിലും മറ്റും സാരമായി പരിക്കേറ്റിരുന്നു. ഈ പരിക്കിന്‍റെ ഫോട്ടോകള്‍ അടക്കമാണ് വസന്ത് പോസ്റ്റിട്ടത്.
പിന്നീട് പോസ്റ്റ് വൈറലായി, ആയിരക്കണക്കിന് പേര്‍ ഷെയര്‍ ചെയ്തു ഇതില്‍ പലരും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു വസന്തിനെ പുകഴ്ത്തി പലരും പോസ്റ്റിട്ടു.
എന്നാല്‍ പിന്നീട് ട്വിസ്റ്റ്
എന്നാൽ വാർത്ത അടിസ്ഥാനരഹിതവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്നാണ് പുതിയ ആരോപണം. സംഭവം വൈറലായതോടെ പോലീസ് സംഭവം അന്വേഷിക്കാന്‍ വസന്തുമായി ബന്ധപ്പെട്ടു. എന്നാൽ സംഭവം നടന്ന സ്ഥലം കൃത്യമായി ഓർക്കാൻ കഴിയുന്നില്ലെന്നാണ് ഇപ്പോള്‍ ഇയാള്‍ പോലീസിനോട് പറയുന്നത്. കൈയിൽ തെളിവുകളുമില്ല, മാത്രമല്ല ഈ സംഭവം നടന്ന സമയത്ത് പൊലീസ് സ്റ്റേഷനിലെത്തി കാര്യം പറയത്തത് മദ്യപിച്ചതു കൊണ്ടാണെന്നാണ് വസന്ത് പറയുന്നതെന്നും അഡീഷണൽ കമ്മീഷണർ കെ ശങ്കർ പറയുന്നു.
വസന്ത് രക്ഷിച്ചെന്ന് പറയുന്ന യുവതിയെയും ഇരുവരെയും സഹായിച്ച ഓട്ടോ ഡ്രൈവറെയും പൊലീസിന് കണ്ടെത്താനായിട്ടില്ല. മദ്യപിച്ച ഒരാൾ പറയുന്ന കാര്യത്തിൽ എത്രത്തോളം വാസ്തവം ഉണ്ടെന്ന് അറിയില്ലെന്നും കേസിൽ തുടരന്വേഷണം നടത്താൻ ആകില്ലെന്നുമാണ് പൊലീസ് പറയുന്നത്.
പൊലീസിന്റെ ഈ ഭാഷ്യത്തോടെ വസന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. സമൂഹത്തിൽ എളുപ്പത്തിൽ പബ്ലിസിറ്റി നേടാനുള്ള വസന്തിന്‍റെ തന്ത്രമാണെന്നും ചിലർ പറയുന്നു. വസന്തിന്‍റെ ലക്ഷക്കണക്കിന് ലൈക്ക് കിട്ടിയ പോസ്റ്റിന് അടിയില്‍ തന്നെ ആളുകള്‍ ചോദ്യം ഉന്നയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വസന്ത് ഒന്നിനും മറുപടി നല്‍കുന്നില്ല.
വിമര്‍ശനങ്ങള്‍ക്ക് മറുപടി
എന്നാല്‍ അടിസ്ഥാനചോദ്യങ്ങള്‍ക്ക് ഒന്നും മറുപടി ഇല്ലെങ്കിലും വസന്ത് വീണ്ടും ഒരു പോസ്റ്റുമായി ഫേസ്ബുക്കില്‍ എത്തിയിട്ടുണ്ട്. ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമങ്ങളോടും മറ്റും അകലം പാലിക്കുന്നത് ഉത്തരം ഇല്ലാഞ്ഞിട്ടല്ല, എന്നാല്‍ ഈ സംഭവം കൂടൂതൽ ആഘോഷിക്കപ്പെടേണ്ടെന്ന് വിചാരിച്ച് തന്നെയാണ്. ഓരോരുത്തര്‍ക്കും അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ എനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെയും അധിക്ഷേപങ്ങളെയും കണ്ടില്ലെന്നും നടിക്കാനാവില്ല. എന്റെ ഫെയ്സ്ബുക്ക് വൈറലാകണമെന്നോ ഇന്റർനെറ്റിൽ വലിയ ചർച്ച ആകണമെന്നോ ഒരു ആഗ്രഹവും എനിക്കില്ലായിരുന്നു. ഇങ്ങനെയൊരു ചീപ് പബ്ലിസ്റ്റി ആഗ്രഹിക്കുന്നുവെങ്കിൽ അതിന് വേറെ എത്ര വഴികൾ ഉണ്ടെന്ന് വസന്ത് ചോദിക്കുന്നു.
ഞാൻ ആ സമയത്ത് മദ്യപിച്ചിരുന്നു എന്നത് സത്യമാണ്. സുഹൃത്തുക്കൾക്കൊപ്പം കുറച്ച് ബിയർ കഴിച്ചിരുന്നു. അതുകൊണ്ടാണ് പൊലീസ് ചോദിച്ചപ്പോൾ കൃത്യമായ സ്ഥലം കാണിച്ച് കൊടുക്കാന്‍ സാധിക്കാത്തത്. രാജ്യത്തിന് വേണ്ടി നല്ലതു ചെയ്യുന്നവർക്ക് ഇങ്ങനെയാണ് സംഭവിക്കുന്നതെങ്കിൽ ഈ ലോകം ഇതെങ്ങോട്ടാണ് പോകുന്നത്. മരണത്തിൽ നിന്നും തലനാരിഴയ്ക്കാണ് ഞാൻ രക്ഷപ്പെട്ടത്. എനിക്ക് ആ പെൺകുട്ടിയെ എത്രയും പെട്ടന്ന് രക്ഷിക്കണെന്ന് മാത്രമായിരുന്നു ചിന്ത. ഒരിക്കലും ഒരു പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഞാൻ ഇത് ചെയ്തത്. ലോകം എന്നെക്കുറിച്ച് എന്തും പറഞ്ഞു കൊള്ളട്ടെയെന്ന് വസന്ത് പറയുന്നു.
