Asianet News MalayalamAsianet News Malayalam

കെനിയയിൽ കരിഞ്ചന്തകളിൽ വിൽക്കപ്പെടുന്നത് കുഞ്ഞുങ്ങളും, ഭീതിയുടെ നിഴലിൽ അമ്മമാർ

അതും അവരൊരു അമ്മകൂടിയാണെങ്കിൽ ലൈംഗികമായി പീഡിപ്പിക്കപ്പെടുക മാത്രമല്ല, രാത്രിയിൽ തന്റെ കുട്ടിയെ ആളുകൾ മോഷ്ടിക്കുമോ എന്ന നിരന്തരമായ ഭീതിയുടെ നിഴലിലാണ് അവരുടെ ജീവിതം. 

The black market of  buying and selling babies in Kenya
Author
Kenya, First Published Nov 18, 2020, 10:08 AM IST

കുഞ്ഞുങ്ങളെ തട്ടിയെടുത്ത് വിൽക്കുന്ന സംഘങ്ങൾ ഒരുപക്ഷേ നമ്മുടെ രാജ്യത്തടക്കം എല്ലായിടത്തും കാണും. എന്നാൽ ബിബിസി ആഫ്രിക്ക ഐ നടത്തിയ ഒരുവർഷം നീണ്ടുനിന്ന അന്വേഷണത്തിൽ, കെനിയയിലെ തഴച്ചുവളരുന്ന കുഞ്ഞുങ്ങളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന കരിഞ്ചന്തകളെ കുറിച്ചുള്ള റിപ്പോർട്ട് ആരെയും ഞെട്ടിക്കുന്നതാണ്. വീടില്ലാത്ത സ്ത്രീകൾ, ദരിദ്രർ, അവിവാഹിതരായ അമ്മമാർ എന്നിവരിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുവന്ന് ഇടനിലക്കാർക്ക് വിൽക്കുന്ന ഒരു വലിയ റാക്കറ്റ് കെനിയയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് അവർ കണ്ടെത്തിയത്.  

ഇതിൽ ഏറ്റവും ഞെട്ടിക്കുന്ന കാര്യം ഈ റാക്കറ്റിൽ സമൂഹത്തിലെ വിശ്വസ്തരായ ആളുകൾ വരെ ഉൾപ്പെടുന്നു എന്നതാണ്. ആശുപത്രികളിലെ ജീവനക്കാർ, സാമൂഹ്യപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇതിന്റെ ഭാഗമാണ്. നൂറുകണക്കിന് സ്ത്രീകൾക്കാണ് അവരുടെ കുഞ്ഞുങ്ങളെ ഇങ്ങനെ നഷ്ടമായിട്ടുള്ളത്. കുറച്ചുപേരുടെ പണത്തിനുള്ള ആർത്തിയിൽ പൊലിഞ്ഞുപോകുന്നത് നിരവധി പേരുടെ ജീവിതങ്ങളാണ്. എല്ലാ ദിവസവും നഷ്ടപ്പെട്ട തന്റെ കുഞ്ഞിന്റെ ഓർമ്മകളുമായിട്ടാണ് ആ അമ്മമാർ ഉറക്കമുണരുന്നത്. എന്നെങ്കിലും തനിക്ക് തന്റെ കുഞ്ഞിനെ തിരിച്ചുകിട്ടുമെന്ന ഒറ്റ പ്രതീക്ഷയിൽ ജീവിതം തള്ളിനീക്കുന്നവരാണ് അവർ. ഓരോ കുഞ്ഞുങ്ങളുടെ മുഖവും, നിഷ്കളങ്കമായ ചിരിയും കാണുമ്പോഴും ആ അമ്മമാർ തങ്ങളുടെ മക്കളെ ഓർത്തുപോകുന്നു. ഇതുപോലെ കുഞ്ഞിനെ നഷ്ടമായ ഒരമ്മയാണ് സൂസൻ വഞ്ചികു. അവർ തന്റെ കുട്ടിയെ കണ്ടിട്ട് നാല് വർഷമായി. “അവന്റെ ഛായയുള്ള ഒരു കുഞ്ഞിനെ കണ്ടാൽ ഞാൻ അറിയാതെ പൊട്ടിക്കരഞ്ഞുപോകും” സൂസൻ പറയുന്നു. സൂസനെ സംബന്ധിച്ചിടത്തോളം, നഷ്ടപ്പെട്ട മകനെക്കുറിച്ചുള്ള അനിശ്ചിതത്വമാണ് അവളെ എല്ലാ ദിവസവും കൊല്ലാതെ കൊല്ലുന്നത്. അവന് എന്ത് സംഭവിച്ചുവെന്നറിയാതെ അവൾ കണ്ണീരൊഴുക്കുന്നു.  

ഇതുപോലെ മക്കളെ കുറിച്ചോർത്ത് കരയുന്ന നൂറുകണക്കിന് അമ്മമാരുടെ കണ്ണീരിൽ നിന്നാണ് ഈ ബിസിനസ്സ് പടർന്നു പന്തലിക്കുന്നത്. പാവപ്പെട്ട പെൺകുട്ടികളെയാണ് നെയ്‌റോബിയിൽ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകാനായി റാക്കറ്റ് ചുമതലപ്പെടുത്തുന്നത്. അവർ വീടില്ലാത്ത അമ്മമാരിൽ നിന്ന് കുട്ടികളെ തട്ടിയെടുക്കുകയും നല്ല വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നു. ഈ പെൺകുട്ടികളിൽ കൂടുതലും അമിതമായി മദ്യപിക്കുന്നവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാണ്. മൂന്ന് വയസ്സിന് താഴെയുള്ള ശിശുക്കളെയാണ് കൂടുതലും കടത്തുന്നത്. ചില സമയങ്ങളിൽ അവർ കുഞ്ഞിന്റെ അമ്മയോട് ആദ്യം എന്തെങ്കിലുമൊക്കെ സംസാരിക്കും. എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് അമ്മ മനസ്സിലാക്കിയോ എന്ന് അറിയാനാണ് ഇത്. ചിലപ്പോൾ അമ്മയെ മയക്കുമരുന്ന് നൽകിയോ,  ഉറക്കഗുളികകൾ നൽകിയോ മയക്കിക്കിടത്തും, എന്നിട്ടാണ് കുട്ടിയെ മോഷ്ടിക്കുന്നത്. തെരുവുകളിൽ മാത്രമല്ല ചില ക്ലിനിക്കുകളിലും നിയമവിരുദ്ധമായി കുട്ടികളെ കടത്തുന്നതായി അന്വേഷണ സംഘം കണ്ടെത്തി. 

നഗരത്തിലെ ഒരു മികച്ച ആശുപത്രിയിൽ നഴ്‌സായി ജോലി നോക്കുന്ന ഒരു സ്ത്രീയെ ബിബിസി അന്വേഷണത്തിൽ കണ്ടെത്തുകയുണ്ടായി. അവർ ഈ റാക്കറ്റിന്റെ ഒരു കണ്ണിയാണ്. അവരുടെ ക്ലിനിക്കിനുള്ളിൽ ചെന്നപ്പോൾ എട്ടരമാസം ഗർഭിണിയായ ഒരു സ്ത്രീ അവിടെയുണ്ടായിരുന്നു. ഗർഭിണിയായ സ്ത്രീക്ക് വേണ്ടത് പണമാണെന്നും അത് നൽകിയാൽ കുഞ്ഞിനെ നിങ്ങൾക്ക് കൊണ്ടുപോകാമെന്നും നേഴ്സ് പറഞ്ഞു. അവളുടെ ഭർത്താവ് അവളെ വിട്ടുപോയി എന്നും, അവളുടെ വീട്ടുടമ അവളെ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും നേഴ്സ് കൂട്ടിച്ചേർത്തു. കുഞ്ഞിനെ പ്രസവിച്ചയുടനെ നിങ്ങൾക്ക് എടുക്കാമെന്നും അവർ പറഞ്ഞു.  30,000 രൂപയാണ് കുഞ്ഞിന് അവരിട്ട വില. ഇത് കൂടാതെ ആ ക്ലിനിക്കിൽ വിൽപ്പനാനന്തര സേവനങ്ങളും ലഭ്യമാണ്. അവിടെവച്ച് കുഞ്ഞിന് ഒരു പുതിയ ആശുപത്രി കാർഡും, ജനന സർട്ടിഫിക്കറ്റും ലഭിക്കുന്നു. അതോടെ യഥാർത്ഥ മാതാപിതാക്കളുടെ വിവരങ്ങൾ മായ്ച്ചുകളയുകയും, പുതിയ മാതാപിതാക്കളുടെ വിവരം ചേർക്കുകയും ചെയ്യുന്നു.  

നെയ്‌റോബിയുടെ ഭവനരഹിതരെ സംബന്ധിച്ചിടത്തോളം, ജീവിതം തന്നെ ഒരു നീണ്ട പോരാട്ടമാണ്. തെരുവിൽ കഴിയുന്ന കുടുംബങ്ങളെ ജീവിക്കാൻ വിടാതെ നിരന്തരം ശല്യപ്പെടുത്തുന്ന സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ സുരക്ഷാ ഗാർഡുകളും അവിടെയുണ്ട്. തെരുവിലെ സ്ത്രീകളുടെ കാര്യമാണെങ്കിൽ അതിലും കഷ്ടമാണ്. അതും അവരൊരു അമ്മകൂടിയാണെങ്കിൽ ലൈംഗികമായി പീഡിപ്പിക്കപ്പെടുക മാത്രമല്ല, രാത്രിയിൽ തന്റെ കുട്ടിയെ ആളുകൾ മോഷ്ടിക്കുമോ എന്ന നിരന്തരമായ ഭീതിയുടെ നിഴലിലാണ് അവരുടെ ജീവിതം. അതേസമയം കെനിയയിൽ കുട്ടികളെ കടത്തുന്നതിനുള്ള ശിക്ഷ കഠിനമാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരു വ്യക്തിക്ക് 30 വർഷത്തിൽ കുറയാത്ത തടവോ 20 മില്യൺ ഷില്ലിങ്ങിൽ കുറയാത്ത പിഴയോ അല്ലെങ്കിൽ രണ്ടുമോ, ചിലപ്പോൾ ജീവപര്യന്തം തടവോ ലഭിക്കാവുന്നതാണ്. എന്നിരുന്നാലും, ഇതൊന്നും കടത്തുകാരെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നില്ല. കാരണം എല്ലാവരുടെയും താല്പര്യം ഇതിൽ നിന്ന് ലഭിക്കുന്ന സാമ്പത്തികനേട്ടമാണ്.

​(കടപ്പാട്: ബിബിസി, ചിത്രം പ്രതീകാത്മകം)

Follow Us:
Download App:
  • android
  • ios