1978 സെപ്റ്റംബർ 13 എല്ലാവർക്കും ഒരു സാധാരണ ദിവസമായിരുന്നു. എന്നാൽ, ടിവിയിലെ ഒരു മാച്ച് മേക്കിംഗ് ഷോയായ ഡേറ്റിംഗ് ഗെയിമിലെ അവിവാഹിതയായ സുന്ദരി ചെറിൾ ബ്രാഡ്‌ഷായെ സംബന്ധിച്ചിടത്തോളം അവളുടെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു ദിവസമായിരുന്നു അത്. ഷോയിലെ യോഗ്യതയുള്ള മത്സരാർഥികളിൽ നിന്ന് അവൾ സുന്ദരനായ ഒരു അവിവാഹിതനെ തെരഞ്ഞെടുത്തു. റോഡ്‌നി അൽകാല. എന്നാൽ, അവൾ അപ്പോൾ അറിഞ്ഞില്ല താൻ ഡേറ്റിംഗിനായി തെരഞ്ഞെടുത്തത് ചോരയുടെ മണം മാറാത്ത ഒരു സീരിയൽ കില്ലറെയാണെന്ന്.

അന്ന്, ഷോ അവസാനിച്ചശേഷം, അവർ ഇരുവരും സ്റ്റേജിന് പുറകിൽ ഇരുന്ന് ഒത്തിരിനേരം സംസാരിച്ചു. കണ്ടാൽ വളരെ മാന്യനും സുമുഖനുമായിരുന്ന റോഡ്‌നിയെ ആദ്യനോട്ടത്തിൽ തന്നെ ചെറിളിന് ഇഷ്ടമായി. അയാൾ അവളെ കാപ്പികുടിക്കാനായി ക്ഷണിച്ചു. പക്ഷേ, അയാളിൽ എന്തോ ഒന്ന് അവളെ അസ്വസ്ഥമാക്കി. അയാളോട് സംസാരിക്കുന്തോറും ചെറിളിന് വല്ലാത്ത ഒരു അസ്വസ്ഥത തോന്നി. “അയാളുടെ കാര്യത്തിൽ എനിക്ക് എന്തോ ഒരു വല്ലായ്മ തോന്നി. അദ്ദേഹം വിചിത്രമായ രീതിയിൽ എന്നോട് പെരുമാറാൻ തുടങ്ങി. ഞാൻ അയാളുടെ ഓഫർ നിരസിച്ചു. അയാളെ വീണ്ടും കാണാൻ ഞാൻ ആഗ്രഹിച്ചില്ല” ചെറിൾ 2012 -ൽ ടെലഗ്രാഫിനോട് പറഞ്ഞു.  

എപ്പിസോഡിലെ മറ്റൊരു മത്സരാർത്ഥിയായിരുന്ന നടൻ ജെഡ് മിൽസ് റോഡ്നിയെ ഓർത്തു: “റോഡ്‌നി ശാന്തനായിരുന്നു. ഞാൻ അയാളെ ഓർക്കുന്നു. കാരണം ഞാൻ എന്റെ സഹോദരനോട് അയാളെ കുറിച്ച് പറയുകയുണ്ടായി. അയാൾ എല്ലായ്പ്പോഴും താഴേക്ക് നോക്കി ഇരിക്കുകയായിരുന്നു. ഒരിക്കലും ഞങ്ങളുടെ കണ്ണുകളിലേയ്ക്ക് അയാൾ നോക്കിയില്ല.” എന്നാൽ, ജനപ്രിയ ഡേറ്റിംഗ് ഷോയിൽ എത്തുന്നതിന് മുൻപ് ആ സുന്ദരൻ ഒരു എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്തതിന് മൂന്ന് വർഷം തടവ് അനുഭവിച്ചിരുന്നുവെന്ന് ആരും അറിഞ്ഞിരുന്നില്ല. ഒരു 13 വയസുകാരിയെയും ഇതുപോലെ ക്രൂരമായി പീഡിപ്പിച്ച അയാൾ അതിനോടകം എഫ്ബിഐയുടെ ഒളിച്ചോടിയ പത്ത് 'മോസ്റ്റ് വാണ്ടഡ്' കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇതെല്ലാം സമർത്ഥമായി മറച്ച് വച്ചാണ് അയാൾ ഈ പരിപാടിയിൽ പങ്കെടുത്തതും, ചെറിളുമായി അടുക്കാൻ ശ്രമിച്ചതും.

റോഡ്‌നി ബുദ്ധിമാനും, ഉത്സാഹിയും, സന്തോഷവാനുമായിരുന്നു. സ്ത്രീകളും കുട്ടികളും അയാളിലേക്ക് എളുപ്പത്തിൽ ആകർഷിക്കപ്പട്ടു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധരായ സീരിയൽ കില്ലർമാരിൽ ഒരാളാണ് അയാൾ. ഡേറ്റിംഗ് ഗെയിം കില്ലർ എന്നറിയപ്പെട്ടിരുന്ന അയാൾ 130 കൊലപാതകങ്ങൾ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ സീരിയൽ കില്ലർമാർക്കും കൊലപ്പെടുത്തുന്നതിൽ അവരുടേതായ ഒരു രീതി ഉണ്ടാകും. താൻ തേടിപ്പിടിച്ച് കൊണ്ട് വരുന്ന പെൺകുട്ടികളെ അടിക്കുകയും, ബലാത്സംഗം ചെയ്യുകയും ഒടുവിൽ പിച്ചിച്ചീന്തിയ ആ ശരീരങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു അയാളുടെ രീതി. ഓരോ അടിയിലും അവരുടെ ശരീരത്തിൽ നിന്ന് ചോര പൊടിയുന്നത് അയാൾ ആനന്ദത്തോടെ കണ്ട് നിന്നു. അയാളുടെ ക്രൂരത അവിടം കൊണ്ട് തീർന്നില്ല, കൊന്നശേഷം ആ ശവശരീരത്തിന്റെ വിവിധ രീതിയിലുള്ള ചിത്രങ്ങൾ അയാൾ എടുക്കുമായിരുന്നു.

അയാളുടെ ആദ്യത്തെ ഇര വെറും എട്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയായിരുന്നു. 1968 -ൽ താലി ഷാപ്പിറോ എന്ന പേരുള്ള അവളെ തന്റെ താമസസ്ഥലത്തേക്ക് കൊണ്ടുവന്ന് അയാൾ ക്രൂരമായി പീഡിപ്പിച്ചു. റോഡ്‌നി അവളെ തട്ടിക്കൊണ്ടുപോകുന്നത് കണ്ട ഒരു വഴിയാത്രക്കാരൻ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോഴേക്കും അയാൾ ഓടി രക്ഷപ്പെട്ടു. ബലാത്സംഗത്തിനും മർദ്ദനത്തിനും ഒടുവിൽ അവൾ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. റോഡ്‌നി ഒരു സ്റ്റീൽ ബാർ ഉപയോഗിച്ച് അവളുടെ തലയ്ക്ക് അടിക്കുകയും, അവളുടെ തലയിൽ 27 തുന്നലുകൾ ആവശ്യമായി വരികയും ചെയ്തു. പിന്നീട് വർഷങ്ങളോളം റോഡ്‌നി ഒളിവിൽ കഴിഞ്ഞു. ന്യൂയോർക്കിലേക്ക് പോയ അയാൾ ജോൺ ബെർഗർ എന്ന അപരനാമം ഉപയോഗിച്ച് ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ ഫിലിം സ്‌കൂളിൽ പഠിക്കാൻ ചേർന്നു. അപ്പോഴും അയാൾ തന്റെ രഹസ്യവിനോദം തുടർന്ന് കൊണ്ടിരുന്നു. 1978 -ൽ ലോസ് ഏഞ്ചൽസ് ടൈംസിൽ ഒരു ടൈപ്പിസ്റ്റായി അയാൾ ജോലിക്ക് കയറി. പകൽ ഒരു ടൈപ്പിസ്റ്റ്, രാത്രിയിൽ ഇര തേടി നടക്കുന്ന ഒരു ചെന്നായയും. ഇരുട്ടിൻ്റെ മറവിൽ സ്ത്രീകളെ തിരഞ്ഞു പിടിച്ച് അയാൾ പീഡിപ്പിച്ച് കൊന്നുകൊണ്ടിരുന്നു. അയാളുടെ ഏറ്റവും രസിപ്പിക്കുന്ന, മികച്ച സമയം രാത്രിയായിരുന്നു. എന്നാൽ, അയാളുടെ ഇരകൾ സ്ത്രീകൾ മാത്രമായിരുന്നില്ല. കൗമാരക്കാരായ ആൺകുട്ടികളും അയാളുടെ കാമവെറിക്ക് ഇരകളായി.  

അയാളുടെ അറസ്റ്റിന് കാരണമായ കൊലപാതകം നടക്കുന്നത് 1979 -ലാണ്. 12 വയസ്സുള്ള റോബിൻ സാംസോ ബെല്ലെറ്റ് ക്ലാസിലേക്കുള്ള യാത്രാമധ്യേ കാലിഫോർണിയയിലെ ഹണ്ടിംഗ്ടൺ ബീച്ചിൽ നിന്ന് അപ്രത്യക്ഷയാവുകയായിരുന്നു. കടൽത്തീരവും ക്ലാസും തമ്മിലുള്ള ഇടവേളയിൽ സാംസോ അപ്രത്യക്ഷയായി. ഏകദേശം 12 ദിവസത്തിനുശേഷം, സിയറ മാഡ്രെയിലെ താഴ്‌വാരത്തിനടുത്തുള്ള വനപ്രദേശത്ത് മൃഗങ്ങൾ കടിച്ച് വലിക്കുന്ന അവളുടെ അസ്ഥികൾ പൊലീസ് കണ്ടെത്തി. അന്വേഷണം ഒടുവിൽ റോഡ്‌നിയിൽ വന്നെത്തി. അയാളുടെ ക്രിമിനൽ ഭൂതകാലവും, അയാളുടെ പക്കൽ നിന്ന് സാംസോയുടെ കമ്മലുകൾ കണ്ടെത്തിയതും പൊലീസിന് അയാളെ അറസ്റ്റ് ചെയ്യാൻ സാഹചര്യമൊരുക്കി. 1980 -ൽ വിചാരണ ആരംഭിച്ചു. 2001 വരെ അത് നീണ്ട് പോയി. വിചാരണക്കിടയിൽ അയാൾക്ക് വേണ്ടി അയാൾ തന്നെയാണ് വാദിച്ചത്. വിചാരണ വേളയിൽ, ജൂറിമാർ വിചിത്രമായ ഒരു കാര്യത്തിന് സാക്ഷിയായി. സ്വന്തം അഭിഭാഷകനായി മാറിയ റോഡ്‌നി സ്വയം ചോദ്യങ്ങൾ ചോദിച്ചു, അതിനുശേഷം സ്വയം ഉത്തരങ്ങൾ നൽകാൻ തുടങ്ങി. വിചിത്രമായ ഈ ചോദ്യോത്തര സെഷൻ അഞ്ച് മണിക്കൂർ വരെ തുടർന്നു. ഒടുവിൽ കോടതി അയാളെ കുറ്റക്കാരാണെന്ന് കണ്ടു ശിക്ഷ വിധിച്ചു.
 
അതിൽ അത്ഭുതമുളവാക്കുന്ന ഒരു കാര്യം, അയാൾക്ക് എതിരെയുള്ള സാക്ഷിപ്പട്ടികയിലെ ഒരു സാക്ഷി താലി ഷാപ്പിറോ എന്ന പെൺകുട്ടിയാണ്. 40 വർഷങ്ങൾക്ക് മുമ്പ് അയാൾ പിച്ചിച്ചീന്തി കൊല്ലാറാക്കിയ ആ എട്ട് വയസ്സുകാരി. സാംസോയ്ക്ക് നീതിലഭിക്കുന്നത് കാണാനായി ഷാപ്പിറോ കോടതിയിൽ അയാൾക്കെതിരെ സാക്ഷി പറയാൻ വന്നു. കോടതി റോഡ്നിയെ വധശിക്ഷയ്ക്ക് വിധിച്ചു.