ജർമ്മനിയിലെ ഒരു നഗരമായ മ്യൂണിക്കിന്‍റെ ഏറ്റവും വലിയ ആകർഷണമാണ് ചർച്ച് ഓഫ് ഔർ ലേഡി. മ്യൂണിക്കിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ ഇടവക ദേവാലയമാണ് അത്. അവസാന ബവേറിയൻ രാജാവായ ലുഡ്‌വിഗ് മൂന്നാമൻ രാജാവിനെയും വിശുദ്ധ റോമൻ ചക്രവർത്തിയായ ലൂയി ആറാമനെയും അടക്കിയിരിക്കുന്നത് അവിടെയാണ്. 600 വർഷം പഴക്കമുള്ള ഈ പള്ളി ഗോതിക് വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്. എന്നാൽ, ഇതിനെല്ലാം ഉപരി മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ പള്ളിയ്ക്ക്. പള്ളിക്കകത്തെ വിശുദ്ധമായ ഹാളിൽ അസാമാന്യം വലുപ്പമുള്ള ഒരു കാൽപ്പാട് പതിഞ്ഞ ഒരു ടൈൽ കാണാം. അത് പിശാചിന്റെ കാൽപ്പാടുകളാണെന്നാണ് പലരും വിശ്വസിക്കുന്നത്.  

സാത്താന്റെ കാലടിപ്പാടുകൾ ഒരു പള്ളിക്കകത്ത് പതിയുന്നത് തീർത്തും വിചിത്രമായ ഒരു കാര്യമായി തോന്നാം. അതിന്റെ പിന്നിൽ ഒരു കഥയുണ്ട്. പള്ളിയുടെ നിർമ്മാണം ആരംഭിക്കുന്നത് 1468 -ലാണ്. ജോലിയുടെ മേൽനോട്ടത്തിനായി ജോർജ് വോൺ ഹാൾസ്ബാക്ക് എന്നൊരാളെ സഭ നിയമിക്കുകയുണ്ടായി. പരമ്പരാഗത ഗോതിക് പള്ളികളെ പോലെ ഈ പള്ളിയും മനോഹരമായിരിക്കണമെന്ന് സഭ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പണിതു തുടങ്ങിയപ്പോൾ ചെലവുകൾ കൈയിൽ നിൽക്കാതായി. നിർമ്മാണം ആദ്യം പ്രതീക്ഷിച്ചതിലും വളരെ ചെലവേറിയതായി. വോൺ ഹാൾസ്ബാക്കിന് അനുവദിച്ച പണം തീർന്നുതുടങ്ങിയതോടെ ഡിസൈനിൽ മാറ്റങ്ങൾ വരുത്താൻ അദ്ദേഹം തീരുമാനിച്ചു. നിർമ്മാണത്തിൽ പലകാര്യങ്ങളും അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടിവന്നു. അവശേഷിപ്പിച്ച ചെറിയ ഫണ്ടുകളിൽ പദ്ധതി പൂർത്തീകരിക്കാൻ വോൺ ഹാൾസ്ബാക്ക് പെടാപാട് പെട്ടു.    

അപ്പോഴാണ് പിശാചിന്റെ രംഗപ്രവേശമുണ്ടാകുന്നത്. കഥയനുസരിച്ച്, പിശാചും ജോർജ് വോൺ ഹാൾസ്ബാക്കും ഒരു കരാറിലേർപ്പെട്ടു. പള്ളിയിൽ ജനലുകൾ പാടില്ലെന്നും, അങ്ങനെയെങ്കിൽ ഇത് നിർമ്മിക്കാൻ ആവശ്യമായ പണം താൻ നൽകാമെന്നും പിശാച് പറഞ്ഞു. ജാലകങ്ങളില്ലാതെ പള്ളിയിൽ ഇരുട്ട് നിറയുകയും, അങ്ങനെ തനിക്ക് അധിപത്യമുള്ളൊരിടമായി അത് മാറുമെന്നും പിശാച് കരുതി. വോൺ ഹാൾസ്ബാക്ക് ആ വിചിത്രമായ അഭ്യർത്ഥന ശരിവച്ചു. കെട്ടിടം പൂർത്തിയായപ്പോൾ, പരിശോധിക്കാനായി പിശാച് പള്ളിയിൽ വന്നു. എന്നാൽ, പള്ളിയിലേക്ക് കാലെടുത്തുവച്ചപ്പോൾ, താൻ വഞ്ചിതനാണെന്ന് പിശാചിന് മനസ്സിലായി. വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന പള്ളിയാണ് പിശാച് കണ്ടത്. ഉഗ്രകോപത്തിൽ, പിശാച് തന്റെ കാൽ തറയിൽ അമർത്തിച്ചവിട്ടി. തുടർന്ന് സ്വയം ഒരു വലിയ കാറ്റായി പള്ളിയെ ചുറ്റാൻ തുടങ്ങി. ഇപ്പോഴും അതിന്റെ സാന്നിധ്യം പള്ളിഗോപുരത്തിന് ചുറ്റുമുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. 

എന്നാൽ, ഈ കഥയിൽ ചില ചേർച്ചക്കുറവുകളുണ്ട്. അതിലൊന്ന് വലിയ കാൽപ്പാടുകൾ പതിഞ്ഞ ടൈൽ ചുറ്റുമുള്ള തറയുമായി പൊരുത്തപ്പെടാതെ നിൽക്കുന്നു എന്നതാണ്. നൂറ്റാണ്ടുകളായി പള്ളി പലതവണ പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിൽ മേൽക്കൂര തകർന്നതിനെത്തുടർന്ന് നടന്ന പുനർനിർമ്മാണം അവസാനിച്ചത് 1994 -ലാണ്. ഇപ്പോൾ കാണുന്ന കാൽപ്പാടുകൾ പുനർനിർമ്മിച്ചതാണെന്ന് സഭയുടെ വാർഡൻ തന്നെ സമ്മതിക്കുന്നുവെന്ന് എഴുത്തുകാരൻ ജോ നിക്കൽ പറയുന്നു. അതുകൊണ്ട് തന്നെ ഈ കഥയിൽ എത്രത്തോളം വാസ്തവമുണ്ടെന്നോ, ഇത് യഥാർത്ഥത്തിൽ എന്നാണ് നടന്നതെന്നോ ആർക്കുറിയില്ല.