ഗ്രേറ്റ് ബ്ലാസ്‌ക്കറ്റ് ദ്വീപിലെ കുന്നിൻ മുകളിൽ നിന്ന് നോക്കിയാൽ വിശാലമായ ആകാശവും, നീലനിറമാർന്ന കടലും, ചക്രവാളത്തിന്റെ ചുവപ്പും കാണാം. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഇതെന്ന് അവിടം സന്ദർശിക്കുന്ന ആർക്കും തോന്നാം. വൈറ്റ് സ്ട്രാന്റ് എന്നറിയപ്പെടുന്ന കടൽത്തീരത്ത് നൂറുകണക്കിന് സീലുകൾ ആരുടേയും ഇടപെടലില്ലാതെ സ്വതന്ത്രമായി കളിക്കുന്നത് കാണാം. എന്നാൽ, ഈ മനോഹരമായ ദ്വീപ് അരനൂറ്റാണ്ടിലേറെയായി ജനവാസമില്ലാതെ കിടക്കുകയാണ്. ഇതിനെ തുടർന്ന് അയർലണ്ടിലെ ഗ്രേറ്റ് ബ്ലാസ്‌ക്കറ്റ് ദ്വീപിന്റെ അവകാശികൾ ദ്വീപിനെ പരിപാലിക്കാനായി ഒരു കെയർടേക്കറെ വേണമെന്ന് പരസ്യം നൽകുകയുണ്ടായി. അങ്ങനെ 45,000 -ത്തിലധികം അപേക്ഷകരെ പിന്തള്ളി ഒരു ഡബ്ലിൻ ദമ്പതികൾ വിദൂര ഗ്രേറ്റ് ബ്ലാസ്‌ക്കറ്റ് ദ്വീപിന്റെ പുതിയ പരിപാലകരായി മാറി.  

ജൂൺ 24 -ന് ഡൺ ലൊഗൈറിൽ നിന്നുള്ള ആനി ബിർണിയും ഇയോൺ ബോയലും കെൻ തീരത്തെ ഒറ്റപ്പെട്ട ദ്വീപിലേക്ക് യാത്രയായി. ദമ്പതികൾ ദ്വീപിൽ താമസിക്കുകയും ദ്വീപിലെത്തുന്ന സന്ദർശകർക്കായി ദ്വീപിന്റെ കോഫി ഷോപ്പും സ്വകാര്യ കോട്ടേജുകളും തുറന്ന് കൊടുക്കുകയും ചെയ്യുന്നു. വൈദ്യുതിയോ ചൂടുവെള്ളമോ ഒന്നുമില്ലെങ്കിലും ഈ അതിമനോഹരമായ തീരത്ത് തങ്ങാൻ വന്നവർ കുറവല്ല. കഴിഞ്ഞ വേനൽക്കാലത്ത്  ഗ്രേറ്റ് ബ്ലാസ്‌ക്കറ്റ് ദ്വീപ് ഒരു ദിവസം 400 പേർ വരെ സന്ദർശിച്ചിരുന്നു. ചൂടുവെള്ളം ലഭിക്കില്ലെങ്കിലും, ദ്വീപിലെ നീരുറവകളിൽ നിന്ന് ശുദ്ധമായ തെളിനീര് ലഭ്യമാണ്. ശുദ്ധമായ വെള്ളവും, ശുദ്ധവായുവും ഈ ദ്വീപിനെ കൂടുതൽ പ്രിയപ്പെട്ടതാക്കുന്നു. അതുപോലെ തന്നെ ദ്വീപിൽ വൈദ്യുതിയോ വൈഫൈയോ ഇല്ല എന്നോർത്തു വിഷമിക്കേണ്ട. മൊബൈൽ ഇന്റർനെറ്റ് ലഭ്യമാണ് അവിടെ.  

ഇവിടത്തെ താമസം ഒരു പുതിയ അനുഭവമായിരുന്നു എന്ന് ഡബ്ലിൻ ദമ്പതികൾ പറഞ്ഞു. യാതൊരുവിധ സാങ്കേതികവിദ്യയുടെയും സഹായമില്ലാതെയാണ് അവർ ഇവിടെ ജീവിക്കുന്നത്. കാലത്ത് നല്ല തണുത്ത വെള്ളത്തിൽ കുളി. ഇരുട്ടുമ്പോൾ മെഴുകുതിരി വെട്ടത്തിൽ ഭക്ഷണം. ഇതെല്ലാം ഒരു പുതിയ അനുഭവമായിരുന്നു അവർക്ക്. "നമ്മൾ ശരിക്കും പഴമയിലേക്ക് തിരിച്ചുപോകുന്ന പോലെയുള്ള ഒരു അനുഭവമായിരുന്നു. ഇതുവരെ ശീലിക്കാത്ത ഒരു പുതിയ ജീവിതം. കാലത്ത് എഴുന്നേറ്റ് നോക്കുമ്പോൾ തിരയുടെ നിലക്കാത്ത ഒച്ചയിൽ കടപ്പുറത്ത് സീലുകൾ കളിക്കുന്നത് കാണാം. കിളികളുടെ ചിലപ്പുകളും, എപ്പോഴും വീശിക്കൊണ്ടിരിക്കുന്ന കാറ്റും എല്ലാം പ്രകൃതിയുടെ വശ്യതയും, സ്വച്ഛതയും വേണ്ടുവോളം പകർന്ന് നൽകുന്നു.''

അയർലന്‍ഡിന്റെ പടിഞ്ഞാറൻ അറ്റത്താണ് ഗ്രേറ്റ് ബ്ലാസ്‌ക്കറ്റ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ദ്വീപിന്റെ ഒറ്റപ്പെടലും അസ്ഥിരമായ കാലാവസ്ഥയും കാരണം നിവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ 1953 മുതൽ സർക്കാർ അത് ഒഴിപ്പിച്ചു. 160 -ഓളം ആളുകളാണ് ദ്വീപിൽ താമസിച്ചിരുന്നത്. കുടിയൊഴിപ്പിക്കലിനുശേഷം, നിവാസികളുടെ വീടുകൾ ഭൂരിഭാഗവും തുരുമ്പെടുത്ത് കിടന്നു. ഇപ്പോൾ അങ്ങോട്ടുള്ള ഏകമാർഗ്ഗം മെയിൻ ലാന്റ് ഡിംഗിളിൽ നിന്നുള്ള കടത്തുവള്ളത്തിലൂടെയാണ്. വിനോദസഞ്ചാരികൾ എത്തുന്നതും ഇത് വഴിയാണ്. എന്നാൽ കൊടുങ്കാറ്റ് വീശിത്തുടങ്ങുമ്പോൾ അത് അടക്കും. ദ്വീപിൽ മരങ്ങൾ കുറവാണെങ്കിലും ഇടയ്ക്കിടെ പെയ്യുന്ന മഴയിൽ അവിടം നിറയെ പച്ചപ്പാണ്. ഗ്രേ സീലുകൾ, വൈൽഡ്‌ഫ്ലവർ, പക്ഷികൾ എന്നിവ കൊണ്ട് സമൃദ്ധമാണ് ദ്വീപ്. വസന്തകാലത്തും വേനൽക്കാലത്തും ചിത്രശലഭങ്ങൾ പാറിപ്പറന്നു കളിക്കുന്നത് ഒരു ഹൃദ്യമായ കാഴ്ചയാണ്. ഭൂമിയിൽ അവശേഷിക്കുന്ന ഏറ്റവും ശാന്തമായ സ്ഥലങ്ങളിൽ ഒന്നാണ് ഇത്.