Asianet News MalayalamAsianet News Malayalam

വർഷങ്ങളായി ഈ ദമ്പതികൾ താമസിക്കുന്നത് ഉപേക്ഷിക്കപ്പെട്ട ഭൂ​ഗർഭ അഴുക്കുചാലിൽ

നിയമപരമായി, റെസ്ട്രെപോയും ഗാർസിയയും ഭവനരഹിതരാണ്. പൊതുസ്വത്തായ ആ പ്രദേശത്ത് നിന്ന് എപ്പോൾ വേണമെങ്കിലും അവർ പുറത്താക്കപ്പെടാം.

The couple who lives in a sewer tunnel
Author
Medellín, First Published Nov 19, 2020, 11:07 AM IST

വെള്ളമോ, കുളിമുറിയോ ഇല്ലാതെ വെറും 100 ചതുരശ്ര അടിയിൽ താഴെയുമുള്ള ഒരു വീട്ടിൽ താമസിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ സാധിക്കുമോ? അതുംപോരാത്തതിന് അത് ഭൂമിക്കടിയിലും കൂടിയായാലോ? വർഷങ്ങളായി മിഗുവൽ റെസ്ട്രെപ്പോയും ഭാര്യ മരിയ ഗാർസിയയും അങ്ങനെയൊരു സ്ഥലത്താണ് താമസിച്ചിരുന്നത്. മെഡെലിൻ നഗരത്തിൽ ഉപേക്ഷിക്കപ്പെട്ട ഒരു ഭൂ​ഗർഭ അഴുക്കുചാലാണ് ഈ കൊളംബിയൻ ദമ്പതികളുടെ വീട്.   

മെഡെലിൻ തെരുവുകളിൽ ഒന്നിൽ വച്ചാണ് അവർ ആദ്യമായി കണ്ടുമുട്ടിയത്. തീരാദുരിതത്തിന്റെ വക്കിലായിരുന്നു അന്ന് അവരുടെ ജീവിതം. കണ്ടുമുട്ടുമ്പോൾ മരിയയും മിഗുവലും മയക്കുമരുന്നിന് അടിമകളായിരുന്നു. അക്രമത്തിനും മയക്കുമരുന്ന് കടത്തിനും ഈ പ്രദേശം കുപ്രസിദ്ധമാണ്. അവർ തെരുവുകളിൽ താമസിച്ചു, മയക്കുമരുന്ന് അവരുടെ ജീവിതത്തെ കാർന്നുതിന്നുകൊണ്ടിരിക്കയായിരുന്നു. എന്നാൽ, ആ കഷ്ടപ്പാടിലും അവർ പരസ്പരം താങ്ങായിനിന്നു. ഒരുമിച്ചുനിന്ന് മയക്കുമരുന്നിന്നോടുള്ള ആസക്തിയിൽ നിന്ന് പുറത്തുവരാൻ അവർ ശ്രമിച്ചു. അങ്ങനെ ഒരു പുതിയ ജീവിതം ആരംഭിക്കാൻ അവർ തീരുമാനിച്ചു.

അതേസമയം സുഹൃത്തുക്കളോ സ്വന്തമായൊരു കുടുംബമോ ഇല്ലാതിരുന്ന അവർക്ക് അഭയമോ ധനസഹായമോ നൽകാൻ ആരും തന്നെയുണ്ടായിരുന്നില്ല. ഒടുവിൽ ഉപേക്ഷിക്കപ്പെട്ട ഒരു ടണൽ അവർ അവരുടെ വീടാക്കി മാറ്റി. കൈയിലുള്ളതെല്ലാം വിറ്റുപെറുക്കി അവർ അവിടെ ഒരു ചെറിയ അടുക്കള, ഒരു കിടക്ക, കസേര, വൈദ്യുതി എന്നിവയുണ്ടാക്കി. കൂടാതെ, ഒരു ചെറിയ അലമാരയും ഒരു ചെറിയ ബർണർ സ്റ്റൗവും അവർ അവിടെ സ്ഥാപിച്ചു. യാതൊരു പരാതികളും പരിഭവങ്ങളും ഇല്ലാതെ പരസ്‍പരം സ്നേഹിച്ച് അവർ അവിടെ കഴിയുന്നു. എല്ലാവരേയും പോലെ, ഉത്സവങ്ങളിലും അവധി ദിവസങ്ങളിലും അവരുടെ വീട് അലങ്കരിക്കാൻ അവർ ഇഷ്ടപ്പെടുന്നു. അവർക്കൊരു വളർത്തുനായയുമുണ്ട്, ബ്ലാക്കി. അവർ ഇല്ലാത്തപ്പോൾ ആ വീടിന് കാവൽ അവനാണ്. ഈ വീടുപേക്ഷിച്ച് പോകാൻ അവർ ആഗ്രഹിക്കുന്നില്ല.

നിയമപരമായി, റെസ്ട്രെപോയും ഗാർസിയയും ഭവനരഹിതരാണ്. പൊതുസ്വത്തായ ആ പ്രദേശത്ത് നിന്ന് എപ്പോൾ വേണമെങ്കിലും അവർ പുറത്താക്കപ്പെടാം. എന്നിരുന്നാലും അവർ ഈ എളിയ ജീവിതത്തിൽ പൂർണതൃപ്തരാണ്. ഏകദേശം 3.5 ദശലക്ഷം ജനങ്ങളുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമാണ് മെഡെലിൻ. നഗരത്തിൽ താമസിക്കുന്ന ഓരോ മൂന്ന് മുതൽ നാലുപേർക്കിടയിലും ഭവനരഹിതരായ ഒരു കുട്ടി വീതമുണ്ട് എന്നാണ് ഭവനരഹിതർക്കായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ ഷൈൻ-എ-ലൈറ്റ് പറയുന്നത്.   

Follow Us:
Download App:
  • android
  • ios