Asianet News MalayalamAsianet News Malayalam

എന്തുകൊണ്ട് നാം രാജാ റാം മോഹന്‍ റോയ് -യെ മറന്നുകൂടാ?

സതിക്കെതിരെ നടത്തിയ വിജയകരമായ പ്രചാരണത്തിനുശേഷം, രാജാ റാം മോഹൻ റോയ് ബാലവിവാഹം, പർദ്ദ സമ്പ്രദായം, സ്ത്രീധന സമ്പ്രദായം, ബഹുഭാര്യത്വം എന്നിവയ്‌ക്കെതിരെയും സമാനമായ പ്രചാരണ പരിപാടികൾ ആരംഭിച്ചു.

The daring voice of Renaissance period, Raja Rammohan Roy
Author
India, First Published May 23, 2020, 10:35 AM IST

ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് രാജാ റാംമോഹൻ റോയിയുടെ ജനിച്ചത് 1772 മേയ് 22 -നായിരുന്നു. സമൂഹത്തിലെ അനീതികൾക്കെതിരെ പൊരുതിയ അദ്ദേഹം ഇന്ത്യയ്ക്ക് നൽകിയ സംഭാവനകൾ വളരെ വലുതാണ്. കാലത്തിന് മുന്നേ സഞ്ചരിച്ച ആ ബഹുമുഖപ്രതിഭ സതി, ബാലവിവാഹം തുടങ്ങിയ സമ്പ്രദായങ്ങളെ എതിർത്തിരുന്നു. ഒരു ബ്രാഹ്മണനായി  ജനിച്ച അദ്ദേഹം ജാതിവ്യവസ്ഥിതിക്കെതിരെ പോരാടി എന്നത് സഹജീവികളോട് അദ്ദേഹത്തിനുണ്ടായിരുന്ന നിസ്സീമമായ കരുണയുടെ തെളിവാണ്. മനുഷ്യരെല്ലാം ഒന്നാണെന്നുള്ള മഹത്തായ ദർശനം അദ്ദേഹം തന്റെ ജീവിതത്തിലൂടെ ഉയർത്തി കാട്ടി. 1831 -ൽ മുഗൾ ചക്രവർത്തി അക്ബർ രണ്ടാമനാണ് അദ്ദേഹത്തിന് ബഹുമാനാർത്ഥം ‘രാജ’ എന്ന പദവി നൽകിയത്.

1772 മെയ് 22 -ന് ബംഗാളിലെ ഹൂഗ്ലിയിലെ ഹിന്ദു ബ്രാഹ്മണ കുടുംബത്തിലാണ് രാം മോഹൻ റോയ് ജനിച്ചത്. സംസ്കൃതം, പേർഷ്യൻ, അറബിക്, ഇംഗ്ലീഷ് എന്നിവ കൂടാതെ ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹത്തിന് അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ലെങ്കിലും, അദ്ദേഹം ധാരാളം യാത്ര ചെയ്‍തിരുന്ന, ഭാഷകളെ സ്നേഹിക്കുന്ന ഒരാളായിരുന്നു എന്നതിൽ സംശയമില്ല.  അദ്ദേഹം വേദവും, ബൈബിളും, ഖുർആനും ഒരുപോലെ വായിച്ചിരുന്നു. ഇത് അദ്ദേഹത്തിന് ജീവിതത്തെ കുറിച്ചും, ലോകത്തെ കുറിച്ചും വിശാലമായ ഒരു കാഴ്‍ച്ചപ്പാടുണ്ടാക്കാൻ സഹായിച്ചു. 

രാജാ റാം മോഹൻ റോയ് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ ഒരു പരിധിവരെ അനുകൂലിച്ചിരുന്നു. സാമൂഹ്യ പരിഷ്കരണവും, ആധുനിക വിദ്യാഭ്യാസ രീതിയും അദ്ദേഹത്തെ സ്വാധീനിച്ചു.  ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ഒരു ജോലി കണ്ടെത്തിയ റോയ്, പിന്നീട് മുർഷിദാബാദിലെ അപ്പലേറ്റ് കോടതിയിലെ രജിസ്ട്രാറുടെ കൂടെ വർഷങ്ങളോളം സേവനമനുഷ്ഠിച്ചു.

ഉപനിഷത്തുകൾ വിവർത്തനം ചെയ്യുന്നതിനും ചർച്ച ചെയ്യുന്നതിനും രാം മോഹൻ റോയ് ആത്മസഭ എന്ന പേരിൽ ഒരു അസോസിയേഷൻ രൂപീകരിച്ചു. ദൈവശാസ്ത്രത്തെക്കുറിച്ചുള്ള ചർച്ചകൾ 1828 -ൽ ദേബേന്ദ്രനാഥ ടാഗോറുമായി ബ്രഹ്മ സമാജം സ്ഥാപിക്കാൻ പ്രചോദനമായി. 
രാജാ റാം മോഹൻ റോയ് 1816 -ൽ ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‍കൂൾ ആരംഭിച്ചു. ഇന്ത്യൻ ഭാഷയിലെ ആദ്യത്തെ പത്രവും, ബംഗാളി ഭാഷാ വാരികയും അദ്ദേഹം ആരംഭിച്ചു. അദ്ദേഹം ഒരു ഹിന്ദുവായിരുന്നുവെങ്കിലും, തന്‍റെ മതത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെ കുറിച്ചും, അനാചാരങ്ങളെ കുറിച്ചും അദ്ദേഹം ബോധവാനായിരുന്നു. 

റോയിയും കുട്ടിക്കാലത്ത് തന്നെ വിവാഹിതനായി. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചപ്പോൾ, അദ്ദേഹം വീണ്ടും വിവാഹിതനായി. കുട്ടിയായിരുന്ന അദ്ദേഹവും, ഭാര്യയും വിവാഹാബന്ധത്തിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ അദ്ദേഹത്തെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കാം. ഇതായിരിക്കാം അദ്ദേഹം ശൈശവ വിവാഹം എതിർക്കാനുള്ള കാരണവും. റോയിയുടെ ജ്യേഷ്ഠൻ ജഗ്മോഹന്റെ സംസ്‍കാരച്ചടങ്ങിൽ ജ്യേഷ്ഠന്റെ ഭാര്യയെ തീയിലേക്ക് തള്ളിയിട്ട സതിയെന്ന പ്രാകൃത ആചാരത്തിന് അദ്ദേഹം സാക്ഷിയായി. ഈ സംഭവം അദ്ദേഹത്തിന്റെ മനസ്സിനെ ആഴത്തിൽ സ്വാധീനിച്ചു. ഭർത്താവിന്റെ ശവസംസ്‍കാര വേളയിൽ സ്ത്രീകളെ സതി അനുഷ്‍ഠിക്കാന്‍ നിർബന്ധിക്കുന്നുണ്ടോ എന്നറിയാൻ റോയ് ശ്‍മശാനങ്ങൾ സന്ദർശിച്ചു. പല സ്ത്രീകളും സ്വന്തം ഇഷ്‍ടത്തോടെയല്ല സതിക്ക് ഒരുങ്ങുന്നത് എന്നറിഞ്ഞ അദ്ദേഹം അതിനെതിരെ പോരാടാൻ തീരുമാനിച്ചു. 

അദ്ദേഹത്തിന്റെ പോരാട്ടത്തിനൊടുവിൽ, ബംഗാൾ പ്രസിഡൻസി ഗവർണർ വില്യം ബെന്റിങ്ക് പ്രഭു 1829 ഡിസംബർ 4 -ന് സതി നിരോധിച്ചു. സതിക്കെതിരെ നടത്തിയ വിജയകരമായ പ്രചാരണത്തിനുശേഷം, രാജാ റാം മോഹൻ റോയ് ബാലവിവാഹം, പർദ്ദ സമ്പ്രദായം, സ്ത്രീധന സമ്പ്രദായം, ബഹുഭാര്യത്വം എന്നിവയ്‌ക്കെതിരെയും സമാനമായ പ്രചാരണ പരിപാടികൾ ആരംഭിച്ചു. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി സ്ത്രീകൾ പോലും സംസാരിക്കാൻ മടിച്ചിരുന്ന ഒരു കാലഘട്ടത്തിൽ, അദ്ദേഹം അതിന് മുതിർന്നു എന്നത് അദ്ദേഹത്തിന്റെ പുരോഗമന ചിന്താഗതിയുടെ തെളിവാണ്. 

ഇന്ത്യൻ നവോത്ഥാന കാലഘട്ടത്തിൽ വിദേശ രാജ്യത്ത് സംസ്‌കരിച്ച ഒരേയൊരു സാംസ്‍കാരിക നേതാവായിരിക്കും അദ്ദേഹം. 1833 സെപ്റ്റംബർ 27 -ന് ഇംഗ്ലണ്ടിൽ മെനിഞ്ചൈറ്റിസ് ബാധിച്ച് അദ്ദേഹം മരിച്ചു. സ്റ്റാപ്ലെട്ടൺ ഗ്രോവിന്റെ മൈതാനത്താണ് അദ്ദേഹത്തെ ആദ്യം സംസ്‍കരിച്ചത്. ഏകദേശം ഒരു പതിറ്റാണ്ടിനുശേഷം അദ്ദേഹത്തെ അടുത്തുള്ള അർനോസ് വേൽ സെമിത്തേരിയിൽ പുനർസംസ്‍കരിച്ചു. അവിടെ അദ്ദേഹത്തിന്റെ ശവകുടീരം ഇപ്പോഴും നിലനിൽക്കുന്നു. 

സാമൂഹ്യ പരിഷ്‍കാരങ്ങൾ, സതി, ബാലവിവാഹം എന്നിവ നിർത്തലാക്കാൻ പോരാടിയ റോയ്, 2004 -ലെ എക്കാലത്തെയും മികച്ച ബംഗാളിയായി ബിബിസി തെരഞ്ഞെടുത്തിരുന്നു. സത്യജിത് റേ, അമർത്യ സെൻ എന്നിവരെയെല്ലാം പിന്നിലാക്കിയാണ് അദ്ദേഹം ആ സ്ഥാനം നേടിയത്. നിരവധി ചരിത്രകാരന്മാർ അദ്ദേഹത്തെ ഇന്ത്യൻ നവോത്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളായിട്ടാണ് കാണുന്നത്. ഗോപാൽ കൃഷ്‍ണ ഗോഖലെ സ്നേഹത്തോടെ അദ്ദേഹത്തെ ‘ആധുനിക ഇന്ത്യയുടെ പിതാവ്’ എന്ന് വിളിക്കുകയുണ്ടായി. പിന്തിരിപ്പൻ പാരമ്പര്യങ്ങളോട് യോജിക്കാത്ത, അതിനെതിരെ ശബ്‌ദമുയർത്താൻ ധൈര്യപ്പെട്ട ഒരു നവോത്ഥന നായകനായിരുന്നു അദ്ദേഹം.    

Follow Us:
Download App:
  • android
  • ios