Asianet News MalayalamAsianet News Malayalam

മുതിര്‍ന്ന കുട്ടികളില്‍നിന്നും കൗണ്‍സിലര്‍മാരില്‍നിന്നും പീഡനം; കുഞ്ഞുങ്ങള്‍ക്ക് നരകമായ 'ജൂനിയര്‍ വില്ലേജ്'

“രാത്രി ഉറങ്ങാൻ നേരം ഞാൻ തലയിണയ്ക്കടിയിൽ ഒരു ജോഡി കത്രിക സൂക്ഷിച്ചു വയ്ക്കുമായിരുന്നു. ആരെങ്കിലും എന്നെ ഉപദ്രവിച്ചാൽ എടുക്കാനായി അത് ഞാൻ ആരും കാണാതെ ഭദ്രമായി സൂക്ഷിച്ചു. എന്നെ അവർ ഉപദ്രവിക്കാതിരിക്കാൻ എന്നെ കൊണ്ടാവുന്നതെല്ലാം ഞാൻ ചെയ്‍തു.”

The dark side of a foster house in Washington
Author
Washington D.C., First Published Feb 24, 2020, 12:31 PM IST

മുസഫര്‍പൂരിലെ എന്‍ജിഒ -യുടെ കീഴിലുള്ള ശരണാലയത്തില്‍ നടന്ന കൊടുംപീഡനങ്ങള്‍ ഓര്‍മ്മയില്ലേ? ശരണാലയത്തിന്‍റെ നടത്തിപ്പുകാരുടെയും മറ്റും സഹായത്തോടെ നിരന്തരം അവിടെ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു. അത് പുറംലോകമറിഞ്ഞത് വളരെ വൈകിയായിരുന്നു. പ്രധാനപ്രതിയും നടത്തിപ്പുകാരനുമായ ബ്രജേഷ് പട്ടേലിനെ കേസില്‍ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. ഒപ്പം 32 ലക്ഷം രൂപ പിഴയും വിധിച്ചു. 19 പ്രതികളില്‍ 11 പേര്‍ക്കും കോടതി ജീവപര്യന്തം വിധിച്ചതോടെ ബിഹാറില്‍ ഏറെ കോലാഹലങ്ങള്‍ക്ക് കാരണമായ ഈ കേസില്‍ പൊലീസിനും പ്രോസിക്യൂഷനും  അഭിമാനാര്‍ഹമായ ഒരു നേട്ടമായി ഇത് മാറുകയായിരുന്നു. ഇങ്ങനെ, സംരക്ഷിക്കുമെന്ന് കരുതുന്നവരാല്‍ പീഡിപ്പിക്കപ്പെടുന്ന സംഭവം ഇതാദ്യമല്ല. പലതും പുറംലോകമറിയാതെ പോകാറാണ് പതിവ്. അതുപോലെയൊന്നായിരുന്നു ജൂനിയര്‍ വില്ലേജും. ഇത് ജൂനിയര്‍ വില്ലേജിനെ കുറിച്ചാണ്.

ജൂനിയര്‍ വില്ലേജ്, കുട്ടികള്‍ക്ക് നരകമായതെങ്ങനെ? 

1958 -ൽ വാഷിങ്ടണിൽ ദരിദ്രരായ കുട്ടികൾക്കായി ഒരു അഭയകേന്ദ്രം ആരംഭിയ്ക്കുകയുണ്ടായി. അതായിരുന്നു ജൂനിയര്‍ വില്ലേജ്. എന്നാല്‍, പാവപ്പെട്ട കുട്ടികൾക്ക് അത്താണിയാകേണ്ട 'ജൂനിയർ വില്ലേജ്' എന്ന ഈ സ്ഥാപനം കുട്ടികളുടെ ജീവിക്കുന്ന നരകമായി മാറുകയായിരുന്നു. ശാരീരികവും, മാനസികവുമായ പീഡനം സഹിച്ച് കുട്ടികൾ അവിടെ എല്ലാവരാലും അവഗണിക്കപ്പെട്ട് കഴിഞ്ഞുകൂടി. അന്നത്തെ കാലത്ത് അവർ അനുഭവിച്ച ദുരിതങ്ങൾ ഞെട്ടിക്കുന്നതാണ്. തുടക്കത്തിൽ ചെറിയ രീതിയിൽ ആരംഭിച്ച ഈ സ്ഥാപനം 1965 -ഓടെ അമേരിക്കയിലെ ഏറ്റവും വലിയ സ്ഥാപനമായി മാറുകയായിരുന്നു. മാനസികരോഗികളും വികലാംഗരും ഉൾപ്പെടെ 320 പേരെ ഉൾകൊള്ളിക്കാനായി പണിത ഈ അഭയകേന്ദ്രത്തില്‍ താമസിയാതെ ആറ് മാസം മുതൽ 18 വയസ്സ് വരെ പ്രായമുള്ള 900 ദരിദ്രരായ കുട്ടികൾ താമസിപ്പിച്ചു. 

1960 -കളിൽ, പ്രഥമ വനിത ജാക്വലിൻ കെന്നഡി, പൗരാവകാശ നേതാവ് റവ. മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ, വൈസ് പ്രസിഡന്‍റ് ഹുബർട്ട് ഹംഫ്രി എന്നിവർ വാഷിംഗ്‍ടണിലെ ജൂനിയർ വില്ലേജ് സന്ദർശിയ്ക്കുകയുണ്ടായി. എന്നാൽ, ആ സന്ദർശനങ്ങളുടെയും അവധിക്കാല ആഘോഷങ്ങളുടെയും സന്തോഷകരമായ ഫോട്ടോകൾക്കപ്പുറം അവിടെ ചിലത് ആരുടേയും ശ്രദ്ധയിൽ പെടാതെ നടക്കുകയുണ്ടായി. ഒരു ക്യാമറ കണ്ണുകൾക്കും ഒപ്പി എടുക്കാൻ സാധികാത്ത രീതിയിൽ അതീവ രഹസ്യമായിത്തന്നെ. 

1962 -ലെ ഒരു വസന്തക്കാലത്താണ് എട്ട് വയസ്സുള്ള ജോനാഥൻ ആഡംസ് അവിടെ എത്തിയത്. ഇപ്പോൾ സാൻ ഡീഗോയിൽ താമസിക്കുന്ന ആഡംസ് അന്നത്തെ തന്‍റെ അനുഭവങ്ങളെ കുറിച്ച് പറയുന്നു: “എനിക്ക് ആദ്യമായി പോരാടേണ്ടി വന്നു. ഞാൻ ഒരു കുട്ടിയുമായി ബലപ്രയോഗത്തിൽ ഏർപ്പെട്ടു. ഒടുവിൽ നിവർത്തിയില്ലാതെ ആ കുട്ടിയെ എനിക്ക് ഇടിക്കേണ്ടതായി വന്നു.” അവിടെ ചിലവഴിച്ച ആദ്യത്തെ രാത്രി അദ്ദേഹത്തിന് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു വലിയ മുറിപ്പാടാണ് സമ്മാനിച്ചതെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന് മാത്രമല്ല മറ്റ് കുട്ടികൾക്കും ജൂനിയർ വില്ലേജ് ഒരു പീഡന കേന്ദ്രമായിരുന്നു. 

1965 ൽ ഒമ്പത് വയസ്സുള്ളപ്പോഴാണ് നിക്ക് റോബിൻസൺ അവിടെയെത്തിയത്. ഒരിക്കൽ വരാന്തയിലൂടെ കടന്നുപോകുമ്പോൾ, പ്രായമായ ഒരു ആൺകുട്ടി ഒരു ഇളയ കുട്ടിയെ ഓറൽ സെക്‌സ് ചെയ്യാൻ നിർബന്ധിക്കുന്നത് അദ്ദേഹം കാണുകയുണ്ടായി. “അത് ഭയാനകമായിരുന്നു” ഇപ്പോൾ ക്ലാഫ്‌ലിൻ സർവകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറായ റോബിൻസൺ പറയുന്നു. “രാത്രി ഉറങ്ങാൻ നേരം ഞാൻ തലയിണയ്ക്കടിയിൽ ഒരു ജോഡി കത്രിക സൂക്ഷിച്ചു വയ്ക്കുമായിരുന്നു. ആരെങ്കിലും എന്നെ ഉപദ്രവിച്ചാൽ എടുക്കാനായി അത് ഞാൻ ആരും കാണാതെ ഭദ്രമായി സൂക്ഷിച്ചു. എന്നെ അവർ ഉപദ്രവിക്കാതിരിക്കാൻ എന്നെ കൊണ്ടാവുന്നതെല്ലാം ഞാൻ ചെയ്‍തു.” അദ്ദേഹം പറഞ്ഞു. കൂടെ താമസിക്കുന്ന മുതിർന്ന കുട്ടികൾ മാത്രമല്ല ഇവരെ ഉപയോഗിച്ചിരുന്നത്, ആ സ്ഥാപനത്തിലെ കൗൺസിലർമാരും അവരെ മാറി മാറി പീഡിപ്പിക്കുമായിരുന്നു.

എങ്ങാൻ കുട്ടികൾ അവരുടെ ഇച്ഛയ്ക്ക് വഴങ്ങാതിരുന്നാൽ, കുട്ടികളെ കനത്ത മയക്കുമരുന്ന് നൽകി ഉറക്കിക്കിടത്തുമായിരുന്നു. അതോടെ എതിർക്കാൻ ശേഷിയില്ലാതെ വെറും ശരീരം മാത്രമായിത്തീരും അവർ. അതുമല്ലെങ്കിൽ കുട്ടികൾക്ക് മയക്കുമരുന്നു നൽകി അവരെ അതിന് അടിമകളാക്കും. എന്നിട്ട് മയക്കുമരുന്ന് നൽകാമെന്ന് പറഞ്ഞു മോഹിപ്പിച്ച് ഉദ്യോഗസ്ഥർ അവരുടെ ആഗ്രഹങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കുമായിരുന്നു. തെക്കുപടിഞ്ഞാറൻ വാഷിംഗ്ടണിന്റെ വിജനമായ ഒരു കോണിൽ സ്ഥിതിചെയ്യുന്ന ജൂനിയർ വില്ലേജ്, നഗരത്തിന്റെ മാലിന്യത്താൽ ചുറ്റപ്പെട്ട 13 കുടിലുകളുടെ ഒരു കൂട്ടമായിരുന്നു.  

രാജ്യത്തെ ദാരിദ്ര്യവും, അവഗണനയും, തൊഴിലില്ലായ്മയും കാരണം ജൂനിയർ വില്ലേജിലെ കുട്ടികളുടെ എണ്ണം കൂടി വന്നു. കൊളംബിയ ഡിസ്ട്രിക്റ്റിനായുള്ള സെനറ്റ് അപ്രോപ്രിയേഷൻ സബ് കമ്മിറ്റിയുടെ ചെയർമാൻ സെൻ റോബർട്ട് റോബർട്ട് ബർഡിന്റെ നേതൃത്വത്തിൽ കൂടുതൽ കുട്ടികളെ ഇവിടെ ചേർത്തു. 

'Man in the house' നിയമം പാലിക്കാത്ത ക്ഷേമ സ്വീകർത്താക്കളെക്കുറിച്ച് അദ്ദേഹം ഒരു അന്വേഷണം ആരംഭിച്ചു. ഈ നിയമപ്രകാരം അമ്മയുടെ കൂടെ ഏതെങ്കിലും ഒരു പുരുഷന്‍ താമസിക്കുന്നുണ്ടെങ്കില്‍ കുട്ടികള്‍ക്കും അമ്മയ്ക്കും സർക്കാർ സഹായം ലഭിക്കില്ല. ബൈർഡിന്റെ മേൽനോട്ടത്തിൽ, 1962 -നും 1965 -നും ഇടയിൽ ഇങ്ങനെ 4,000 സ്ത്രീകളെയും കുട്ടികളെയും ക്ഷേമ പട്ടികയിൽനിന്ന് ഒഴിവാക്കി.

അതിന്‍റെ അനന്തരഫലങ്ങൾ‌ കണ്ടതാകട്ടെ ജൂനിയർ‌ വില്ലേജിലും. 1962 മുതൽ 1965 വരെയുള്ള കാലഘട്ടത്തിൽ കുട്ടികളുടെ എണ്ണം 90 ശതമാനം ഉയർന്നു. അതിൽ ബഹുഭൂരിപക്ഷവും, ആഫ്രിക്കൻ അമേരിക്കക്കാരായിരുന്നു. പൊതുക്ഷേമ വകുപ്പിന്റെ താൽക്കാലിക താമസകേന്ദ്രമായിരുന്ന ജൂനിയർ വില്ലേജിൽ, കുട്ടികൾ ചിലപ്പോൾ മാസങ്ങളോളം, അതുമല്ലെങ്കിൽ ചിലപ്പോൾ വർഷങ്ങളോളം താമസിച്ചു. കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ അത് പ്രാദേശിക മാധ്യമങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി.

“വരിയിലെ ആദ്യത്തെ 100 പേർക്കകത്ത് നിങ്ങൾക്ക് കയറിക്കൂടാൻ കഴിഞ്ഞില്ലെങ്കിൽ, നിങ്ങൾക്ക് ഭക്ഷണം ലഭിക്കില്ല” സ്റ്റീവൻ പെൻറോഡ് ആ ദിവസങ്ങളെ കുറിച്ചോര്‍ക്കുന്നു. 1964 -ൽ ജൂനിയർ വില്ലേജിൽ പ്രവേശിക്കുമ്പോൾ പെൻറോഡിന് എട്ട് വയസ്സായിരുന്നു. ജൂനിയർ വില്ലേജിൽ സ്ഥിരമായി മർദ്ദനത്തിന് വിധേയനാകാറുണ്ടായിരുന്നുവെന്ന് പെൻറോഡ് പറയുന്നു. തന്റെ അമ്മ ജോലിയില്ലാത്ത ഒരു മദ്യപാനിയായിരുന്നുവെന്നും, അതിനാൽ തന്നെ പരിപാലിക്കാൻ കഴിയാത്തതിനാൽ പൊതുജനക്ഷേമ വകുപ്പ് തന്നെ ജൂനിയര്‍ വില്ലേജിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. "എന്നാൽ ഞാൻ അവിടെ എത്തിയപ്പോൾ, എനിക്ക് അമ്മയുടെ അടുത്ത് പോയാൽ മതിയെന്നായി” അദ്ദേഹം പറഞ്ഞു.

1964 -ന്റെ തുടക്കത്തിൽ, ഡബ്ല്യുഎം‌എൽ -ടിവിയിൽ ജൂനിയർ വില്ലേജിനെ കുറിച്ച് ഒരു ഡോക്യുമെന്‍ററി ഫിലിം നിർമ്മിക്കപ്പെട്ടു. ഡബ്ല്യുഎം‌എല്ലിന്റെ ഈ ഡോക്യുമെന്ററി സംപ്രേഷണം ചെയ്‍തപ്പോൾ, അവിടത്തെ കുട്ടികളുടെ ബുദ്ധിമുട്ടുകൾ പതിയെ ലോകം കാണാൻ തുടങ്ങി. അതിനുശേഷം കുട്ടികളുടെ എണ്ണം നിയന്ത്രിക്കാൻ ഫെഡറൽ സർക്കാർ ആർമി കൂടാരങ്ങൾ സ്ഥാപിക്കാൻ തുടങ്ങി. അതേസമയം, ഡിസ്ട്രിക്റ്റ് ചർച്ച് ഓഫ് സേവ്യറിൽ നിന്നുള്ള റവ. ഗോർഡൻ കോസ്ബി ജൂനിയർ വില്ലേജ് അടച്ചു പൂട്ടുന്നതിനായുള്ള ശ്രമങ്ങളും ആരംഭിച്ചു. ഫോർസ് ഓഫ് ചിൽഡ്രൻ (FLOC) എന്ന പേരിൽ ഒരു ലാഭരഹിത ഓർഗനൈസേഷൻ രൂപീകരിക്കുന്നതിന് കോസ്ബി നഗരത്തിന് ചുറ്റുമുള്ള പാസ്റ്റർമാരെയും കൂട്ടാളികളെയും ഒരുമിച്ച് കൊണ്ടുവരികയും ചെയ്‍തു. 1965 -നും 1968 -നും ഇടയിൽ, ജൂനിയർ വില്ലേജിലെ ജനസംഖ്യ 900 -ൽ നിന്ന് 600 ആയി കുറയ്ക്കാൻ FLOC യുടെ പ്രവർത്തനങ്ങൾ സഹായിച്ചു. എന്നാൽ, അവശേഷിക്കുന്ന കുട്ടികളുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്നതിന് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടായിരുന്നു.

വാഷിംഗ്ടൺ പ്രദേശത്തെ ഞെട്ടിച്ച പല സംഭവങ്ങളും അവിടെ അരങ്ങേറിയിരുന്നു. 1970 ഒക്ടോബറിൽ നടന്ന ഒരു കൂട്ട ബലാത്സംഗത്തെക്കുറിച്ച് പിന്നീട് പുറം ലോകം അറിയുകയുണ്ടായി. അതിൽ ഒരു ആൺകുട്ടി തന്റെ കാമുകിയെ കുളിമുറിയിലേക്ക് വിളിച്ചു വരുത്തി. അവിടെ മറ്റ് 28 ആൺകുട്ടികൾ ചേർന്ന് അവളെ ദാരുണമായി ആക്രമിച്ചു. പൊലീസ് കേസെടുത്തു. പെൺകുട്ടി അക്രമകാരികളെ തിരിച്ചറിയുകയും ചെയ്‍തു. പക്ഷേ, അതെല്ലാം തേഞ്ഞുമാഞ്ഞു പോയി. സംഭവം പുറംലോകം അറിയാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചു. തീർന്നില്ല, ആൺകുട്ടികൾ മറ്റ് ആൺകുട്ടികളെ ബലാത്സംഗം ചെയ്‍തു. പിന്നീട് വന്ന ഒരു ലേഖനത്തിൽ, അവിടെ താമസിക്കുന്ന ഒരാൺകുട്ടി പറഞ്ഞു, “1965 -ൽ ജൂനിയർ വില്ലേജിൽ വന്നപ്പോൾ ഞാൻ ഒരാൺകുട്ടിയായിരുന്നു. ഞാൻ ഇപ്പോൾ എന്താണെന്ന് അറിയില്ല. . . ആൺകുട്ടിയോ... പെൺകുട്ടിയോ... അല്ലെങ്കിൽ? ചിലപ്പോൾ രാത്രിയിൽ അവർ എന്നെ ഉറങ്ങാൻ അനുവദിക്കില്ല... അവർ പലരും മാറിമാറി പലതവണ വരുമായിരുന്നു.” 

നാളുകളുടെ പീഡനത്തിനൊടുവിൽ 1973 -ൽ, ജൂനിയർ വില്ലേജിന്റെ വാതിലുകൾ അടഞ്ഞു. എല്ലാ കുട്ടികളെയും അടുത്തുള്ള ഫോസ്റ്റർ, ഗ്രൂപ്പ് ഹോമുകളിലേക്ക് അയച്ചു. എന്നാൽ ആഘാതത്തിന്റെ ഓർമ്മകൾ നിലനിന്നു. റോബിൻസൺ Our Family Walks എന്ന ഒരു ഓർമ്മക്കുറിപ്പ് എഴുതുകയുണ്ടായി. അതിൽ 15 -ാമത്തെ വയസ്സിൽ ജൂനിയർ വില്ലേജിൽ നിന്ന് ഓടിപ്പോകുന്നതുവരെയുള്ള ആറുവർഷകാലത്തെ അനുഭവം എഴുതിയിരുന്നു. “കുട്ടിക്കാലത്തെ പിളർപ്പുകൾ ഒരിക്കലും ഇല്ലാതാകുന്നില്ല” റോബിൻസൺ പറഞ്ഞു. “ആ ഓർമ്മകൾ ഒരിക്കലും നശിക്കില്ല. ജീവിതകാലം മുഴുവൻ അത് നമ്മെ വേട്ടയാടിക്കൊണ്ടിരിയ്ക്കുന്നു.” 

Follow Us:
Download App:
  • android
  • ios